‘ Chicken a la Carte ‘ ചിന്നുവിനോട് ചെയ്തത്

0

സീൻ : ഒന്ന് : അഛൻ

ഓഹരി നിലവാരത്തിനും ബിസിനസ് റ്റുഡേയുയ്ക്കും വേണ്ടി മാത്രം ലാപ്പ് റ്റോപ്പ് ഓണാക്കുന്ന അഛൻ പതിവില്ലാത്തവിധം നെടുവീർപ്പോടെ ഒന്നിലധികം സിഗരറ്റുകൾ പുകച്ചു തള്ളിഅസ്വസ്ഥനാകുന്നത് ചിന്നുവിൽ ചെറുതല്ലാത്ത അങ്കലാപ്പുയർത്തി. ഒഴിഞ്ഞ കുഷൻമെത്തമേലിരുന്നാണവൾ സ്ക്രീനിലൂടെ പരതി നോക്കിയത്. കൂപ്പുകുത്തിയ ഡോളർ നിരക്കുകളോകമ്പോളത്തിലെ വമ്പൻ ‘ഫ്ളക്ക്ച്ചുവേഷനുകളോ’ കൊമേഴ്സുകാരിയായ ആ പ്ളസ് റ്റു കുട്ടിയുടെ ശ്രദ്ധയിൽ പെട്ടതേയില്ല. പകരം മിനിമൈസ് ചെയ്തിരുന്ന സ്ക്രീകുനളിലൊന്നിൽ നിന്നും യൂറ്റ്യൂബ് വീഡിയോ അതിവേഗം പോപ്പപ്പ് ചെയ്തു . എതോ മാനേജ്മെന്റ് വിദഗ്ദന്റെ മടുപ്പിക്കുന്ന ഭാഷണമെന്ന മുൻധാരണയിൽ, അതിൽനിന്നും അതിവേഗം ഒഴിവാകാൻതുനിഞ്ഞെങ്കിലും അസാധാരണമാംവിധം ആകാംക്ഷ അവളെ അതിലുടക്കി നിർത്തി.

അത്ര സുപരിചിതമല്ലാത്ത ഏതോ സംഗീതോപകരണത്തിൽ നിന്നും പരന്നൊഴുകിയ അനുകമ്പയുണർത്തുന്ന പശ്ചാത്തലസംഗീതമോടെയാണതാരംഭിച്ചത്. പേരറിയാത്ത ഏതോ രാജ്യത്തിലെരാത്രിത്തിരക്കിലൂടെ സൈക്കിൾ റിക്ഷയ്ക്കു സമാനമായ ഒരു തരം വിചിത്ര വാഹനമോടിച്ച് എവിടമോ ലക്ഷ്യമാക്കുന്ന ഒരാൾ. ദൃശ്യം അവസാനിയ്ക്കുന്നത് തനിക്കേറെ പ്രിയങ്കരമായകെന്റിക്കി ചിക്കൻ ഔട്ട്ലെറ്റിലെന്നത് ചിന്നുവിനെ സന്തോഷവതിയാക്കി. എന്നാൽ തീൻമേശയോ വിഭവങ്ങളോ കാട്ടാതെ ക്യാമറ സഞ്ചരിച്ചത് അടുക്കളപ്പുറത്തേയ്ക്കായിരുന്നുവെന്നത്കാഴ്ച്ചയോടുള്ള താത്പ്പര്യം ദുർബലപ്പെടുത്താതിരുന്നില്ല. അയാൾ ചുവന്ന നിറമുള്ള വലിയ പ്ളാസ്റ്റിക്ക് ബക്കറ്റിലേയ്ക്ക് മാംസാവശിഷ്ടങ്ങൾ എടുത്തുവെയ്ക്കുകയാണ്. അത് നിറഞ്ഞു വന്നു;പലതരം ഉമിനീരുകളിൽ കുതിർന്നു കിടന്നത് !

ഈ ഭക്ഷണബാക്കി കഴുകി വൃത്തിയാക്കി വീണ്ടും ഇയാൾ വിൽപ്പനയ്ക്കു വെയ്ക്കുന്നുണ്ടാകും ; കഷ്ടം . .. യാത്രയിൽ ഫ്രെയ്മുകൾ മാറിമാറിവന്നു. പലതരം ഭക്ഷണപ്പുരകൾ കടന്നു പോയി.ബക്കറ്റ് നിറഞ്ഞു നിറഞ്ഞു കവിഞ്ഞു . ഉറപ്പായും ഇതൊരു സ്റ്റിങ്ങ് ഓപ്പറേഷനായിരിയ്ക്കണം. അയാളെ പോലീസ് പിടികൂടുക തന്നെ ചെയ്യും. ഒരു തരം അന്വേഷണാത്മക ക്രൈം ത്രില്ലർലഹരിയിലായ ചിന്നു , ജിജ്ഞാസയുടെ മൊട്ടുസൂചിത്തുമ്പിൽ നൃത്തം ചെയ്യാൻ തുടങ്ങി. അവൾക്കത് അടക്കിവെയ്ക്കാനായില്ല. വാട്ട്സപ്പിലെ ക്ളോസ് ഫ്രാണ്ട്സിന് ലിങ്കു പകർത്തിയയച്ച് , ‘മസ്റ്റ്‌സീ’ സന്ദേശം കുറിച്ച്, കാഴ്ച്ച തുടർന്നു. വിലങ്ങുമായി കാത്തു നിൽക്കുന്ന പോലീസിനെ പ്രതീക്ഷിച്ച ‘ ക്യാമറയിലേക്ക്’ , പച്ചപ്പു നിറഞ്ഞൊരു ഭൂപ്രദേശം നടന്നു കയറി. കീറി മുഷിഞ്ഞവസ്ത്രങ്ങളണിഞ്ഞ ഒരു കൂട്ടം കുട്ടികൾ ആഹ്ളാദാരവങ്ങളോടെ സൈക്കിൾ റിക്ഷയെ വരവേറ്റു. അവരുടെ കണ്ണുകൾ ബക്കറ്റിനുള്ളിലേയ്ക്ക് നൂണ്ടിറങ്ങിക്കൊണ്ടിരുന്നു. അന്തരീക്ഷംആർപ്പുവിളികളാൽ മുഖരിതമായി. അവരിലൊരാൾ അക്ഷരാർത്ഥത്തിൽ ആ തീറ്റക്കോപ്പയ്ക്കുള്ളിലേയ്ക്ക് ചാടിക്കയറുകതന്നെ ചെയ്തു. തന്റെ പാതി മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെകാലുകൾ ആകാശത്തേയ്ക്ക് ഉയർന്നു നിന്നു. ബർഗ്ഗർ കഷ്ണങ്ങളും പീറ്റ്സപ്പീസുകളും പലവിധം തയ്യാർ ചെയ്ത ചിക്കൻ വിഭവങ്ങളുടെ മുറിക്കഷ്ണങ്ങളും കുട്ടികൾ ആർത്തിയോടെകഴിയ്ക്കാനാരംഭിച്ചു. അവർ പാട്ടു പാടുകയും സന്തോഷത്താൽ നൃത്തം ചെയ്യുകയും ചെയ്തു.

ഇപ്പോൾ ക്യാമറ ഒരു വീടിന്റെ ഉള്ളിലേയ്ക്ക് സൂം ചെയ്തിരിയ്ക്കുകയാണ്. തീൻമേശയ്ക്കു ചുറ്റിനും കുട്ടികളടക്കമുള്ള കുടുംമ്പാംഗങ്ങൾ ഇരുന്നു കഴിഞ്ഞു. ആദ്യം കണ്ട മധ്യയസ്ക്കൻപ്ളാസ്റ്റിക്ക് കവറുകളിൽ നിന്നും ശേഖരിയ്ക്കപ്പെട്ട ‘ഉഛിഷ്ടം’ വെള്ളനിറമുള്ള പാത്രങ്ങളിലേയ്ക്ക് എടുത്തു വെച്ചു. ചെറുതാം മെഴുകുതിരിവെട്ടത്തിൽ അയാളുടെ ഇത്തിരിപ്പോന്ന കുട്ടികളുംപങ്കാളിയുമടക്കം ഭക്ഷണത്തെ നമസ്ക്കരിച്ച്, ഇത്തിരിനേരം പ്രാർത്ഥിച്ച് സസന്തോഷം ഭക്ഷണമാരംഭിച്ചു.

” Let me tell their story

That no one else can hear

How can someone’s laughter

Bring me close to tears

And you’ll never know

Cause you’re never there

After what we’ve seen

Can we close our eyes again.

Let me tell their story

You won’t think is true

I have not forgotten

So I’m sharing it with you

For all the things we know

What have we really learned ?

Though I close my eys

The images remain

And their story… Begins again.”

Chicken a la Carte –

മൂന്നു മിനിറ്റു മാത്രം നീണ്ട കാഴ്ച്ചയവസാനിയ്ക്കുമ്പോൾ, പാശ്ചാത്തലം അനുധാവനം ചെയ്ത വരികളിലൂടെ കീപാഡിലേയ്ക്ക് തെറിച്ചു വീണ കണ്ണീർ ചിന്നു വേഗത്തിൽ തുടച്ചു മാറ്റി. അഛൻപുകച്ചു തള്ളിയ സിഗററ്റുകൾ മുറ്റത്ത് അണയാതെ കിടക്കുന്നുണ്ടായിരുന്നു. ..

സീൻ : രണ്ട് : ശംഖുമുഖം

വിശപ്പ് അശേഷമില്ലാതിരുന്നപ്പോഴും ആവശ്യത്തിനോ അതിലധികമോ ആഹാരം ‘ഓർഡർ’ ചെയ്ത് ബാക്കിയാക്കിപ്പോന്ന ‘തീറ്റ’നാളുകളിലേയ്ക്ക് ഓർമ്മകൾ സിഗ് സാഗ് ചെയ്തു. ശീതീകരിച്ച’ആകത്തളത്തിൽ’ നിരത്തിലെ കാഴ്ച്ചകൾ സാധ്യമാക്കുന്ന വിശാലമായ ചില്ലുജാലകത്തിലൂടെ പട്ടിണിക്കാർ ‘ആഹാരത്തിനായി’ കാത്തു നിന്നിരുന്നത് കൃത്യമായ് ഓർക്കുന്നു. അപ്പോഴെല്ലാംകൂട്ടുകാർക്കൊപ്പമുള്ള ഹാങ്ങ് ഔട്ട് പാർട്ടികളുടെ ലഹരികളിലായിരുന്നുവല്ലോ !

വാട്ട്സപ്പ് സന്ദേശം തെളിഞ്ഞു .. സുജിത്ത്, അഞ്ജന, രോഹിത് അനിൽ, ഭാനു, സനോഫർ, ഹസീന, നിസാം, അരുണ്‍ഗോപി, അംശു, അരുണ്‍ സുരേന്ദ്രൻ, അനൂപ്‌, ബീന, ശിൽപ്പ, തുടങ്ങിഎല്ലാവരുമുണ്ട്‌. അഭിജിത്തിന്റെ ബർത്ത് ഡേ പാർട്ടിയാണ്. ……….. പതിവു കോർണറിൽ ഇത്തിരി നേരം മുൻപേ കൂട്ടുകാരെ കാത്തിരിയ്ക്കുമ്പോൾ മണിക്കൂറുകൾക്കു മുൻപേ കണ്ടു’പിരിഞ്ഞ’ മധ്യ വയസ്ക്കനും പട്ടിണിക്കോലങ്ങളായ കുട്ടികളും സ്ത്രീകളുമെല്ലാം തൊട്ടടുത്തിരിയ്ക്കുന്നതുപോലെ തോന്നി. പതിവിനു വിപരീതമായി വിശപ്പിനനുസൃതമായി വിഭവങ്ങൾഓർഡർ ചെയ്യാൻ അവൾ പ്രത്യേകം മുൻകൈ എടുത്തു. ഒരു റൊട്ടിക്കഷ്ണം പോലും അവശേഷിപ്പിയ്ക്കാതെ ആദ്യമായാകുട്ടിക്കൂട്ടത്തിന്റെ തീൻമേശയൊഴിഞ്ഞു. അഭിജിത്തിനോട്ബർഗറടക്കം ഉള്ളടക്കം ചെയ്ത നാലു പൊതികൾ പാഴ്സലായി വാങ്ങാൻ ആവശ്യപ്പെടുമ്പോൾ അവൾക്ക് അശേഷം ലജ്ജ തോന്നിയില്ല. ആഘോഷങ്ങളിൽ നിന്നും റോഡിലേയ്ക്ക് നടന്നു നീങ്ങിയഅവരെ നോക്കി കുട്ടികളടങ്ങുന്ന ഒന്നുമ്മില്ലാപ്പട പുറമേ ഉണ്ടായിരുന്നു. അഭിജിത്തിന്റെ കൈകളിലേൽപ്പിയ്ക്കപ്പെട്ട ഭക്ഷണപ്പൊതികൾ അവരിലേയ്ക്ക് പകരുമ്പോൾ ചിന്നുവിനൊപ്പം കൂട്ടുകാരും ജീവിതത്തിലാദ്യമെന്നോണം പങ്കു വെയ്ക്കലിന്റെ ‘സംതൃപ്തിയറിഞ്ഞു’.. ശംഖുമുഖത്തെ വിശ്രമ വേളയിൽ അവരുടെ വർത്തമാനങ്ങളിലേയ്ക്ക് ആ യൂ റ്റ്യൂബ് ലഘു ചിത്രവും കടന്നു വന്നു. അസ്വസ്ഥതയുടെ പുകച്ചിലെന്തെന്ന് അവരാദ്യമായ് അറിയുകയായിരുന്നു. വീട്ടിൽനിന്നടക്കം സമാഹരിയ്ക്കുന്ന ആഹാരം ഭക്ഷണപ്പൊതികളിലാക്കി ആഴ്ച്ചയവസാനംആഹാരത്തിനു ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി വിതരണം ചെയ്യുവാൻ തീരുമാനമെടുത്ത് പിരിയുമ്പോൾ അവരുടെ കാൽപ്പാദങ്ങളെ തണുത്തൊരു പാൽത്തിര സമൃദ്ധമായ് നനച്ചിരുന്നു.

ദൃശ്യഭാഷയുടെ രസതന്ത്രങ്ങൾ

അവനവനപ്പുറമുള്ള ഏതു കാഴ്ച്ചയും അനുഭവവും അന്യമായ് മാത്രം അനുഭവപ്പെടുന്ന ഉപഭോഗവത്ക്കരണത്തിൻറെതായ സമകാലീനതയിൽ അപരന്റെ ആകുലതകൾ അപ്രസക്തമാകുന്നത്ഒരുനിലയിലും അസ്വഭാവികമാകുന്നില്ല. ആഗോളീകരണത്തിന്റെ സുപ്രധാന സവിശേഷതയായ ധനമൂലധന കേന്ദ്രീകരണത്തിന്റെ ഭാഗമായി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരംഅതിവേഗം വർദ്ധിയ്ക്കുകയാണ്. കണക്കുകൾ പ്രകാരം വികസ്വര രാജ്യങ്ങളിലെ ഭൂരിപക്ഷം വരുന്ന ജനസംഘ്യ കനത്ത പട്ടിണിയിലാണ്. 12.9 ശതമാനം പേരും പോഷകാഹാര ദൗർല്ലഭ്യംനേരിടുന്നു. ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഏഷ്യ അതുകൊണ്ടു തന്നെ സവിശേഷ ശ്രദ്ധ അർഹിയ്ക്കുന്നു. ലക്ഷോപലക്ഷം മനുഷ്യരാണ് ലോകമാസകലം പ്രതിദിനംപട്ടിണികൊണ്ടുമാത്രം മരണപ്പെടുന്നത്. ലാഭം മാത്രം പ്രഥമ മുൻഗണനയാകുന്ന ആഗോള കോർപ്പറേറ്റ് ഭീമന്മാരുടെ മൂലധനത്തോടുള്ള ഒടുങ്ങാത്തതും അടങ്ങാത്തതുമായ ആസക്തികളുടെഭാഗമായി സാമാന്യവത്കൃതമാകുന്ന വിശപ്പിനും പട്ടിണിയ്ക്കും കൃത്യമായൊരു വർഗ്ഗസ്വഭാവമുണ്ട്; വർണ്ണ / വംശ / കാല/ ദേശ/ ലിംഗ ഭേദമെന്യേ ചില പൊതുവായ സവിശേഷതകളും.സാമ്രാജ്യത്വത്തിനും കോർപ്പറേറ്റ് വത്ക്കരണത്തിനുമെതിരായ നിരവധിയായ സമരങ്ങൾ / അതിജീവനങ്ങൾ ലോകമാസകലം ശക്തമാകുകയാണ്. കലയും / സാഹിത്യവും / സിനിമയുമെല്ലാംപോരാട്ടങ്ങളുടെ മാധ്യങ്ങളാകുന്നു. വിശപ്പ് അടിച്ചേൽപ്പിക്കുന്ന ന്യൂനപക്ഷത്തിന്റെ ഇംഗിതമായ ആഗോളീകരണം പ്രമേയമാകുന്ന ലഘു ചിത്രം Ferdinand Dimadura യുടെ Chicken a la Carte 56 ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2006) നിരവധിയായ പുരസ്ക്കാരങ്ങളാണ് വാങ്ങികൂട്ടിയത്. ഫിലിപ്പീൻസിലെ പട്ടിണിപ്പാവങ്ങളുടെ ജീവിതം പച്ചയായി കൊത്തിവെച്ച പ്രസ്തുതചിത്രം K.F.C, Mc Donald’s, Chow king തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകൾ തങ്ങളുടെ രാജ്യത്തെ ബഹുഭൂരിപക്ഷത്തെ നിത്യപട്ടിണിയിലേയ്ക്ക് നയിച്ചതെങ്ങിനെയെന്ന് യഥാതഥമായആവിഷ്ക്കരണത്തിലൂടെ കാഴ്ച്ചയുടെ കണ്ണു നിറച്ച് ദൃശ്യവത്ക്കരിയ്ക്കുന്നു.

വർഷങ്ങൾക്കിപ്പുറം; ദൂരം / ഭൂപ്രകൃതി / ഭാഷ / സംസ്ക്കാരം ; തുടങ്ങി വ്യത്യസ്തതകളുടെ അതിരുകൾ അപ്രസക്തമാക്കി Chicken a la Carte കേരളത്തിലെ പ്ലസ് റ്റൂ വിദ്യാർത്ഥികളായ ഒരുകൂട്ടംഅടിച്ചുപൊളിക്കാരുടെ ജീവിത വീക്ഷണത്തിലും പ്രവൃത്തിയിലും വമ്പൻ സ്വാധീനമാകുന്നത് മാനവികതയിലൂന്നിയ മികച്ച ആശയവിനിമയത്തിന്റെ കരുത്തിലും അശേഷം വിരസമാകാത്തസംവാദനരീതിയുടെ സാധ്യതയൊന്നു കൊണ്ടുമല്ലാതെ മറ്റൊന്നാകുന്നില്ല.

വിവര സാങ്കേതിക വിദ്യയും ദൃശ്യമാധ്യമ സാധ്യതകളും

വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും വികാസവും ഹൃസ്വ ചിത്രങ്ങളുടെ/ ഡോക്യുമെന്ററികളുടെ മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്കാണ് സാധ്യതയൊരുക്കിയത്. ദീർഘ ചിത്രങ്ങളെഅപേക്ഷിച്ച് മുതൽമുടക്ക് / അനുബന്ധ ഒരുക്കങ്ങൾ എന്നിവയുടെ മേഖലയിൽ താരതമ്യേന ചിലവുകുറഞ്ഞ നിർമ്മാണ ഘട്ടങ്ങളെന്നതിനാൽ തന്നെ അഭിരുചിയും സന്നദ്ധതയുമുള്ള സർഗ്ഗാധനർക്ക് തങ്ങളുടെ ആശയവിനിമയ മാധ്യമമായി ഇതു പ്രയോജനപ്പെടുത്തനാകുന്നു. ഹൃസ്വ ചിത്രങ്ങൾ സംജ്ഞ കൊണ്ട് ‘എളുപ്പപ്പണി’ എന്ന തോന്നലുയർത്താമെങ്കിലും ചുരുക്കംസമയത്തിനുള്ളിൽ അതിവിപുലമായ ആശയപ്രപഞ്ചത്തെ തികഞ്ഞ കൈയ്യടക്കത്തോടെ സംവേദിപ്പിയ്ക്കുക എന്നത് അങ്ങേയറ്റം ശ്രമകരമായ ക്രിയാത്മകപ്രവർത്തനമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തോടെ ആരംഭിയ്ക്കുന്ന ലഘു ചിത്രങ്ങളുടെ ചരിത്രം ഉള്ളടക്കം കൊണ്ട് കാർട്ടൂണ്‍ , ന്യൂസ് റീൽ , കോമഡി തുടങ്ങിയ ശ്രേണികളെയാണ് അടയാളപ്പെടുത്തുന്നത് . D.W. Griffith ന്റെ The Birth of a Nation ലഘുചിത്ര മേഖലയിലെ ആദ്യ നിർമ്മാണങ്ങളിൽ ഒന്നാണ്. സിനിമാ സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അനിമേഷൻ സ്വഭാവമുള്ള ഹൃസ്വ ചിത്രങ്ങൾ വ്യാപകമായി നിർമ്മിയ്ക്കപ്പെട്ടു. ദീർഘചിത്രങ്ങൾക്കു സമാനമായി തികഞ്ഞ ഗൗരവത്തോടെ സമീപിപ്പിയ്ക്കപ്പെടുന്ന ലഘുചിത്ര നിർമ്മാണരംഗത്ത് നിരവധിയായ ചലച്ചിത്രമേളകൾസാർവ്വദേശീയമായി സംഘടിപ്പിയ്ക്കപ്പെടുന്നുണ്ട്. പാരീസിലെ The International Festival of Very Shorts ൽ മൂന്നു മിനിറ്റിൽ കുറവ് ദൈർഘ്യമുള്ള ചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിയ്ക്കുന്നത്.വിവിധമാധ്യമങ്ങളിലൂടെ ചിത്രീകരിയ്ക്കുന്ന ഒരുമിനിറ്റിൽ കുറവ് ദൈർഘ്യമുള്ള ചിത്രങ്ങൾ പ്രദർശിപ്പിയ്ക്കുന്ന Filminute ഉം അഞ്ചു മിനിറ്റിനു താഴെയുള്ള ചിത്രങ്ങൾക്കായുള്ള FILMSsshortഫെസ്റ്റിവലും സാർവ്വദേശീയമായ നിലയിൽ ലബ്ധപ്രതിഷ്ഠ നേടിയ ഇടങ്ങളാണ്.

ചില പൊതു സവിശേഷതകൾ

കേരളത്തിലെ ഹൃസ്വ ചിത്ര ഡോക്യുമെന്റി നിർമ്മാണങ്ങൾ ബഹുഭൂരിപക്ഷവും രാഷ്ട്രീയമോ സാമൂഹ്യമോ ആയ മുന്നേറ്റങ്ങളെ പിൻപറ്റി ഉയർന്നു വന്നവയാണ്. തൊഴിലാളി വർഗ്ഗമുന്നേറ്റങ്ങൾ , പാരിസ്ഥിതിക ഇടപെടലുകൾ , ലിംഗനീതിയ്ക്കായുള്ള പോരാട്ടങ്ങൾ തുടങ്ങി തികച്ചും വ്യക്തിഗതമായ കലാപരതയെ തൃപ്തിപ്പെടുത്തുന്നതടക്കമുള്ള നിരവധിയായനിർമ്മാണങ്ങൾ ഉണ്ടാകുന്നു. തികച്ചും ഗൗരവത്തോറ്റെ ലഘു ചിത്ര / ഡോക്യുമെന്ററി രംഗത്തെ സമീപിയ്ക്കുന്നവരുടേയും ബന്ധപ്പെട്ട സ്വഭാവമുള്ള മാധ്യമത്തിൽ ഒരു പ്രത്യേകകാലയളവിനപ്പുറം സുസ്ഥിരമായി ഉറച്ചു നിൽക്കുന്നവരുടേയും എണ്ണം താരതമ്യേന കുറയുന്നതായി കാണാം.

ആനന്ദ് പട് വർദ്ധൻ , അൻവർ ജമാൽ , സി എസ് വെങ്കിടേശ്വരൻ , ഒടേസ സത്യൻ, കെ . പി .ശശി, ശരത്ത് , സിവിക്ക് ചന്ദ്രൻ, സനൽ കുമാർ ശശിധരൻ , സജിൻ ബാബു, ശ്രീബാല കെ മേനോൻ ,ലിജിൻ ജോസ്, വിധു വിൻസന്റ് തുടങ്ങി ബന്ധപ്പെട്ട രംഗത്ത് സംഭാവനകൾ നൽകിയ ദേശീയവും പ്രാദേശികവുമായ ഒട്ടനവധി നിർമ്മാതാക്കളുണ്ട്. International Documentary and Short Film Festival (കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), SiGNS, the pioneering festival in India for digital videos (Federation of Film Societies of India) , VIBGYOR INTERNATIONAL FILM FESTIVAL 2015 ( ViBGYOR Film Collective), NIZHALATTAM – Short Film Fest & Art Exhibition of Kerala ( Nizhalattam Art and Cultural society) തുടങ്ങി അർത്ഥവത്തായ ഉള്ളടക്കം / ശ്രദ്ധേയമായ പങ്കാളിത്തം തുടങ്ങിയവയാൽ സവിശേഷമായഅന്താരാഷ്‌ട്ര / പ്രാദേശിക സ്വഭാവമുള്ള നിരവധിയായ ലഘു ചിത്ര ഡോക്യുമെന്ററി ഫെസ്റ്റിവെലുകൾ കമ്പോളവത്കൃത മുക്തമായ ബദൽ ദൃശ്യ-മാധ്യമ സംസ്ക്കാരത്തിനു രൂപംനൽകുന്നതിൽ മികച്ച പങ്കു വഹിയ്ക്കുന്നു.

നവമാധ്യമങ്ങളും ലഘു ചിത്രങ്ങളും

സാമൂഹ്യ മാധ്യമങ്ങൾ ( social media) , സമാർട്ട് ഫോണ്‍ , വാട്ട് സ് അപ്പ്
തുടങ്ങിയവയുടെ ജനാധിപത്യവത്ക്കരണത്തിലൂടെ ലഘു ചിത്ര ഡോക്യുമെന്ററി രംഗത്ത് പുതിയ പരീക്ഷണങ്ങൾക്കും വിപുല പ്രക്ഷേപണ സാദ്ധ്യതകൾക്കുമാണ് വഴിയൊരുക്കിയത്.ഇന്റർനെറ്റധിഷ്ഠിതമായ പ്രസ്തുത ഡിജിറ്റൽ മുന്നേറ്റത്തിലൂടെ വിതരണം / സംപ്രേക്ഷണം തുടങ്ങിയ മേഖലകളിലെ സാംബ്രദായക രീതികൾ അപ്പാടെ പുനർനിർവ്വചിയ്ക്കപ്പെട്ടു.

2000 നു ശേഷം മലയാളത്തിൽ ഹൃസ്വ ചിത്രങ്ങൾ എന്ന പേരിൽ നിരവധിയായവ നിർമ്മിയ്ക്കപ്പെ ട്ടിട്ടുണ്ട്. രണ്ടു ബൈക്കും ഏതെങ്കിലുമൊരു വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള യാത്രയുംഅതൊപ്പിയെടുക്കാനൊരു ഹാന്റി ക്യാമറയുമുള്ള ഓരോരുത്തരും ഹൃസ്വ ചിത്ര നിർമ്മാതാക്കളായി അവരോധിയ്ക്കപ്പെട്ടു. പലപ്പോഴും വിവാഹ വീഡിയോ സ്വഭാവമുള്ള ‘ ഇനങ്ങൾ’പ്രസ്തുത മേഖലയുടെ ഗൗരവത്തെയോ / കലാമൂല്യത്തെയോ നിശിതം ചോർത്തിയെങ്കിലും മികച്ച നിർമ്മിതികൾ ഉണ്ടാകുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു കൊണ്ടിരുന്നു.

ലിംഗഭേദമെന്യേ യുവതയുടെ വർദ്ധിച്ച ഇടപെടലാണ് ഹൃസ്വ ചിത്ര / ഡോക്യുമെന്ററി മേഖലയുടെ സുപ്പ്രധാനമായ സവിശേഷത. നിലനിന്നിരുന്ന എന്തിനേയും അത് അട്ടിമറിയ്ക്കുകയും പുതിയ തുറസുകളിലേയ്ക്ക് സഞ്ചരിയ്ക്കുകയും ചെയ്യുന്നു. കലാപരതയിലെ മികവ് ബന്ധപ്പെട്ട മേഖലയിലെ പ്രതിഭാധനർക്കു മുന്നിൽ അവതരിപ്പിയ്ക്കാനാകുന്ന നിലയിലെ ഉചിത വേദികൾകാലഘട്ടത്തിന്റെ അനിവാര്യതയാണ്.

K G Suraj,
Chief Editor, www.aksharamonline.com

No comments

Explore More

പുരയ്ക്കു ചായുന്ന മരങ്ങള്‍

പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണം എന്ന ചൊല്ലിനും മരംവെട്ടിയാല്‍ മഴപെയ്യില്ലെങ്കില്‍ കടലില്‍ എങ്ങനെ മഴയുണ്ടാകുമെന്ന സീതിഹാജിയന്‍ തമാശയ്ക്കും ഇടയിലെ ഒരിടമുണ്ട്-അതാണ് നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്. കായ്ക്കുന്നത് പൊന്നാണ് എന്നതുകൊണ്ട് മരം വെട്ടാതെ പുര മറ്റൊരിടത്ത് ...