അദ്വൈതത്തിന്റെ ആകാശങ്ങൾ

0

സർഗ്ഗഭാവനകളുടെ തിരയിളക്കങ്ങൾ, ദർശനങ്ങൾ  സൂക്ഷ്മതകൾ , വൈവിധ്യങ്ങൾ എല്ലാം ഏറ്റവും ലാവണ്യാത്മകമായി പകർത്തുന്ന സാഹിത്യ രൂപമാണ് നോവൽ .പുതുകാലവും സംസ്കാരവും സൃഷ്ടിക്കുന്ന ലോകക്രമം ,സൗന്ദര്യശാസ്ത്രപരവും സാമൂഹികവുമായ സാധ്യതകൾ, സങ്കീർണതകൾ ,പ്രത്യയശാസ്ത്ര വിവക്ഷകൾ ,ദാർശനിക ബോധം ഇവയെയെല്ലാം സഫലമായി പിന്തുടരുന്നതും നോവലുകളാണ് .അത്യന്ത ഭിന്നങ്ങളും മൗലികവുമായ പ്രമേയങ്ങളിലൂടെ മലയാളവായ നയെയും ഭാവുകത്വത്തെയും നവീകരിച്ച എഴുത്തുകാരനായ രാജീവ് ശിവശങ്കറിന്റെ ‘മറ പൊരുൾ’ എന്ന നോവൽ ഭാരതീയ മനസിനെ എന്നും വിസ്മയിപ്പിച്ച അപൂർവ്വപ്രതിഭയായ ശങ്കരാചാര്യരുടെ ജീവിതമാണന്വേഷിക്കുന്നത്.നിശിതമായ ചരിത്രപരമായ ജാഗ്രത നിലനിർത്തിക്കൊണ്ട് ശങ്കരാചാര്യരുടെ ബാഹ്യവും ആന്തരികവുമായ ജീവിതത്തെ നിരീക്ഷിക്കുകയും വിമർശന വിധേയമാക്കുകയും ചെയ്യുന്ന ഈ നോവലിന് അതുകൊണ്ടുതന്നെ സമകാല വായനയിലും പ്രസക്തിയേറെയാണ്. ഇന്ത്യൻ തത്വചിന്തയെക്കുറിച്ചുള്ള തെളിഞ്ഞ ബോധ്യവും കവിതയായി പരിണമിക്കുന്ന ഭാഷയും മറപൊരുളിനെ അസാധാരണമായൊരനുഭൂതിയാക്കി മാറ്റുന്നുണ്ട്.ശങ്കര ജീവിതത്തെ പിൻപറ്റുന്ന മറ്റൊരു രചന ഇത്തരത്തിൽ ഇല്ലാത്തതും ഇതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ധൈഷണികമായ ഉന്നതികളിലേക്കുള്ള അനുഭൂതി സാന്ദ്രമായ യാത്രയാണ് മറ പൊരുൾ . . ഭാരതീയ തത്വചിന്തയുടെ അവസാന വാക്കായി കരുതുന്ന അദ്വൈത സിദ്ധാന്തത്തെ അനുഭൂതി

യാഥാർത്ഥ്യമായി അവതരിപ്പിക്കുന്നുവെന്നതാണ് മ റ പൊരുളിന്റെ സവിശേഷതകളിലൊന്ന്.”തത്വം അറിഞ്ഞു കഴിഞ്ഞാൽ രണ്ടെന്ന ഭാവം നിലനിൽക്കില്ല ” എന്ന

മാണ്ഡൂക്യോപനിഷത്തിലെ വാക്യത്തെ  ആ ബോധം ഉദിച്ചു കഴിഞ്ഞാൽ ഗുരുശിഷ്യ ഭേദമടക്കംഎല്ലാ ഭേദവും അസ്തമിക്കുന്നുവെന്ന് ശങ്കരാചാര്യർ വിശദീകരിക്കുന്നുണ്ട്. ചിന്തയിലും പ്രവൃത്തിയിലുമുള്ള ഈ വൈരുദ്ധ്യത്തെയാണ് നോവലിലുടനീളം വിമർശന വിധേയമാക്കുന്നത്.ഭക്തി മുക്തി സാധകമാണ് എന്നു വിശ്വസിക്കാത്ത ആചാര്യർ പക്ഷേ സ്തോത്രങ്ങളെഴുതുന്നു ,ക്ഷേത്രങ്ങൾപുനരുദ്ധരിക്കുന്നു ,വീണ്ടെടുക്കുന്നു ,വിഗ്രഹപ്രതിഷ്ഠ നടത്തുന്നു. അദ്ദേഹത്തിന്റേതെന്നു വിശ്വസിക്കപ്പെടുന്ന പുസ്തകങ്ങളിലും ഇത്തരം

പരസ്പര വിരുദ്ധമായ ആശയങ്ങൾ ധാരാളമുണ്ട്. ഇവയുടെ യാഥാർത്ഥ്യമന്വേഷിക്കാനുള്ള ഉത്സുകത മറ പൊരുളിനെ കേവലമായ ശങ്കരസ്തുതിയെന്ന അപകടത്തിൽ നിന്നു രക്ഷിക്കുന്നു. അതേ സമയം ചരിത്രകാരന്റെയോ ദാർശനികന്റെയോ ഗവേഷണ പാടവത്തോടെ അവയെ

പകർത്തുകയല്ല ,അതിലെ നാടകീയവും സംഘർഷഭരിതവുമായ കഥന സാധ്യതകളിലേക്കാണ് നോവലിന്റെ യാത്ര.

ശങ്കരാചാര്യരുടെ ജീവിതത്തെപ്പറ്റി ലഭ്യമായ പരിമിതമായ അറിവുകൾക്കുള്ളിൽത്തന്നെയാണ് മറ പൊരുളിന്റെയും  വ്യവഹാരം .പക്ഷേജീവിതത്തെയും അനുഭവങ്ങളെയും ബന്ധങ്ങളെയും സവിശേഷമായി ക്രമീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ ജീവിതരേഖ വിടവുകളേതുമില്ലാതെ വിദഗ്ദ്ധമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരിക്കുന്നു.

ആത്മസുഹൃത്തും ശിഷ്യനുമായ വിഷ്ണുശർമ്മയെന്ന ചിൽസുഖനാണ് ശങ്കരന്റെ ജീവിതം നോക്കിക്കാണുന്നതും ആഖ്യാനം ചെയ്യുന്നതും .പ്രാചീന കേരളത്തിലെ ജാതിമത ബോധം ,സാമൂഹിക ശ്രേണി ,രാഷ്ട്രീയാധികാരം ഇവയെക്കുറിച്ചാക്കെ കൃത്യമായ ധാരണ പകരുന്നു

മറ പൊരുൾ .ജാതി ചിന്തയെ മറികടക്കുന്ന ,അനാചാരങ്ങളെ വെല്ലുവിളിക്കുന്ന സത്താ ബോധം കുഞ്ഞായിരിക്കുമ്പോഴേ ശങ്കരനിൽ പ്രബലമായിരുന്നു. ശോഭായമാനമായ എല്ലാറ്റിനെക്കാളുമേറെ ശോഭയാർന്നതാണ് അറിവ് എന്ന ഉപനിഷദ് വാക്യമായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രേരണ.

ഭാഷ്യരചനയുടെയും വേദാന്ത പ്രചരണത്തിന്റെയും ഏക രൂപാത്മകമായ ജീവിത ശൈലി ആയിരുന്നില്ല ശങ്കരാചാര്യരുടേത്. ഭാരതത്തിന്റെ ബഹുലവും അതിനാൽത്തന്നെ ശിഥിലവുമായ ചിന്താധാരകളെ ക്രോഡീകരിച്ച് ഏകമാക്കുകയെന്ന വിശാലമായ ലക്ഷ്യത്തോടെ

നടത്തിയ അനേകം പദയാത്രകൾ. കാലടിയിലെ പൂർണാ നദിക്കരയിൽ നിന്നാരംഭിച്ച് കേദാരം വരെ നീണ്ട യാത്രകളാണ് അദ്ദേഹത്തിന്റെ ജീവിതത്തെയും ദർശനത്തെയും തെളിയിച്ചെടുക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങൾ ,തലങ്ങൾ ,പലതരം ആളുകൾ  …, ഭക്തരായ കുലശേഖര ആഴ്വാരെയും രാജശേഖരനെയും പോലുള്ള രാജാക്കന്മാരെ

മാത്രമല്ല,ശൃംഗാര ശതകമെഴുതിയ അമരുകനെപ്പോലുള്ള രാജാക്കന്മാരെയും ശങ്കരാചാര്യർ

ബൗദ്ധികമായി നേരിടേണ്ടി വരുന്നുണ്ട്. ജാതി ചിന്ത കലശലായ ,സാമ്പ്രദായികമായ ആചാരങ്ങളിൽ കടിച്ചു തൂങ്ങുന്ന ബ്രാഹ്മണാധികാരികളുടെ നീരസം പല തവണ അദ്ദേഹത്തിനു

സമ്പാദിക്കേണ്ടി വരുന്നു. സാധാരണക്കാരും അധസ്ഥിതരും അദ്ദേഹത്തെ സമീപിക്കുന്നുണ്ട്.

ശിഷ്യഗണത്തിലും ഇത്തരം ഭേദങ്ങളുണ്ട്. ബ്രാഹ്മണരും അബ്രാഹ്മണരും ,പ്രതിഭാശാലികളും ,സാധാരണക്കാരും ,പണ്ഡിതരും പാമരരും  ,ഇത്തരമൊരു ബൃഹദ് സഞ്ചയത്തോടു സംവദിക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനുമുള്ള അനന്യമായ വാക്

വൈഭവം ശങ്കരാചാര്യർക്കുണ്ടായിരുന്നുവെന്ന് വ്യത്യസ്ത സന്ദർഭങ്ങളിലൂടെ നോവൽ വ്യക്തമാക്കുന്നു..

അദ്വൈതത്തെ പരിഹസിച്ച കുഷ്ഠരോഗി ,എന്ത് എന്തിൽ നിന്നു മാറിപ്പോവണമെന്നു ചോദിച്ച ചണ്ഡാലൻ ,സ്വന്തം പാണ്ഡിത്യത്തിലഭിരമിക്കുന്ന വൈയ്യാ കരണൻ ,കൂടുതൽ മയക്കം തരുന്ന ലഹരിമരുന്നു മാത്രമാണ് അദ്വൈതമെന്നാരോപിച്ച ബുദ്ധഭിഷു പ്രാണഭയമില്ലാതെ ആചാര്യ വാക്കു മാത്രം വിശ്വസിച്ച്  അളകനന്ദയുടെ കുത്തൊഴുക്കിലേക്കിറങ്ങിച്ചെല്ലുന്ന സനന്ദനൻ ,എല്ലാറ്റിനെയും സൂക്ഷ്മമായി വിമർശിക്കുന്ന ,ചോദ്യം ചെയ്യുന്ന ഭാനുമരീചി.. ഇങ്ങനെ വ്യത്യസ്ത മനോനിലയുള്ള എത്രയോ

മനുഷ്യർ , വിചിത്രവും വിവിധങ്ങളുമായ അനുഭവങ്ങൾ .സദാ ചലനാത്മകവും സംഘർഷഭരിതവുമാണ് നോവലിന്റെ പ്രമേയ സ്ഥലി.

ഭക്തിമാർഗ്ഗത്തെ തന്റെ ഭാഷ്യങ്ങളിലൊരിടത്തും അംഗീകരിക്കാത്ത ശങ്കരാചാര്യർക്ക്

പ്രായോഗിക ജീവിതത്തിൽ ഭക്തി പ്രചാരകമായ പ്രവൃത്തികൾ ചെയ്യേണ്ടി വരുന്നു.

തപവും ധ്യാനവുമായി ജീവിതം നിർവ്വഹിക്കേണ്ട സന്യാസി ജനക്കൂട്ടത്തിനിടയിൽ വാദപ്രതിവാദങ്ങൾക്കിടയിൽ കുടുങ്ങുന്നത് അദ്ദേഹത്തെ മടുപ്പിക്കുന്നുണ്ട്.

രാജാവിന്റെ സാമ്പത്തിക സഹായത്തോടെ ,സൈനിക ശക്തിയുടെ പിൻബലത്തിൽ മോക്ഷ മാർഗ്ഗമായ അദ്വൈതം പ്രചരിപ്പിക്കുന്നതിലെ നിരർത്ഥകത ചിലപ്പോഴെങ്കിലും ആചാര്യർ

തിരിച്ചറിയുന്നുമുണ്ട്. എല്ലാ മുപേക്ഷിച്ച് എല്ലാറ്റിൽനിന്നു മകന്ന് ഏകാന്തതയിൽ ധ്യാനസ്ഥിതനാവാൻ അപ്പോഴൊക്കെ അദ്ദേഹം ഉൽക്കടമായഭിലഷിക്കുന്നു.

ബന്ധത്തിന്റെ ചരടുകൾ പൊട്ടിക്കുമ്പോൾ സന്യാസി കാണാത്ത അറ്റത്ത് ചോരയൊലിക്കുന്ന

ജീവിതങ്ങളുണ്ടെന്നോർത്ത് സദാ വേദനിക്കുന്ന ചിൽസുഖനാണ് അത്തരം സമയങ്ങളിൽ ശങ്കരനു സാന്ത്വനവും കൂട്ടുമാവുന്നത്.

മറ പൊരുളിന്റെ  ആന്തരഘടനയെ അസ്വസ്ഥമാക്കുന്ന സാന്നിധ്യമാണ് ഉഭയഭാരതിയുടേത്.

ഒരു പക്ഷേ  ആര്യാംബയുടെയും വിഷ്ണുവിന്റെ അമ്മയുടെയും തുടർച്ചയായ സ്ത്രീ കഥാപാത്രം. ഇന്ദ്രിയനിഗ്രഹം ചെയ്ത ബാലസന്യാസിയോട് വൻ ജനക്കൂട്ടത്തിനു മുമ്പിൽ

വെച്ച് രതി ലഹരിയുടെ രഹസ്യമാരാഞ്ഞ് അദ്ദേഹത്തെ ധാർമ്മിക പ്രതിസന്ധിയിലാക്കിയ വിദുഷി .ക്ഷിപ്ര സംവേദനക്ഷമമാണ് അവളുടെ ധർമ്മസങ്കടം. എല്ലാ വേദാന്തവും സന്യാസവും ഇത്തരം വേദനകളുടെ ,ഉറഞ്ഞു പോയ കണ്ണീരിന്റെ ഭാരം കൂടി നിഗൂഡമായി ചുമക്കുന്നുമുണ്ട്.ഭർത്താവു ജീവിച്ചിരിക്കേ വിധവയെപ്പോലെ കഴിയേണ്ടി വരുന്നവളുടെ കണ്ണീരിനു വേദാന്തം കൊണ്ടു മറുപടി പറയരുതെന്ന അവളുടെ ശാസന പിന്നെയും പിന്നെയും നിശ്ശബ്ദമായി ആവർത്തിക്കപ്പെടുന്നുമുണ്ട് നോവലിൽ . ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവും വൈയക്തികവുമായ അനുഭൂതികളെ അദ്വൈതത്തിന്റെ ഭൂമികയിൽ സമന്വയിപ്പിക്കുകയാണ് മ റ പൊരുൾ ചെയ്യുന്നത്.

ശങ്കരാചാര്യരുടെ ജീവിതത്തെയും ദർശനത്തെയും കാവ്യാത്മകമായി പുനർവായിക്കാനുള്ള സഫലമായ ശ്രമം.വേദാന്തത്തിന്റെ വിരസതയോ ദുർഗ്രഹതയോ അല്ല  നിഗൂഡമായൊരു ജീവിതവും

കാലവും  അതിന്റെ സമസ്ത ചാരുത കളോടും കൂടി തെളിയുന്ന രചനയാണ് മറ പൊരുൾ.

 

No comments

Explore More

മലയാളത്തിൽ നാലായിരത്തിലേറെ അറബി പദങ്ങൾ !!!

അറബികളും കേരളവുമായുള്ള ബന്ധത്തിന് ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവാചകൻ സുലൈമാന്റെ (സോളമൻ രാജാവ്) കാലത്തു തന്നെ കച്ചവടക്കാരായ അറബികൾ കോഴിക്കോട്ടെ ബേപ്പൂർ തുറമുഖത്ത് കപ്പലിറങ്ങിയിരുന്നുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. അക്കാലത്തു ചൈനയടക്കമുള്ള ദൂര ...