സ്നേഹിച്ചവരെ എല്ലാം തനിച്ചാക്കി വി.എം. സതീഷ് യാത്രയായി

0

അവന്‍ ഉറ്റ സുഹൃത്തു തന്നെ ആയിരുന്നു. പക്ഷെ അവന് ഞാന്‍ അങ്ങിനെ ആയിരുന്നില്ല. ഒരു കൂടപ്പിറപ്പിന്റെ സ്നേഹം എന്നും ധാരാളിത്തത്തോടെ നല്‍കിയിരുന്നവനായിരുന്നു അവന്‍. എനിക്ക് അവന്‍ ഉറ്റസുഹൃത്തും, അവന് ഞാന്‍ കൂടപ്പിറപ്പും ആണ്. ഈ വ്യത്യാസമാണ് ഞങ്ങള്‍ തമ്മിലുള്ള കലഹത്തിന്‍റെയും സ്നേഹത്തിന്റെയും കാതല്‍. ആല്‍ബേര്‍ കമ്യൂ പറഞ്ഞത് നമ്മള്‍ ‘Outsider’ മാരല്ല. മറിച്ച് ‘Insiders’ ആണ്. ഉള്ളിലേക്ക് തിരിഞ്ഞ് സ്വയം അറിയുക അപ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവര്‍ വേറിട്ടതല്ലെന്നും പ്രപഞ്ചവും ഞാനും ഭിന്നമല്ല എന്ന അറിവ് അനുഭവമാകുകയുള്ളൂ എന്നുമാണ്. ആ അറിവ് എല്ലായിപ്പോഴും സതീശന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവനു കലഹിക്കാനും സ്നേഹിക്കാനും ഒരേ സമയം കഴിഞ്ഞത്. ഒരു വശത്ത്‌ പരിധിയില്ലാതെ കലഹിക്കുകയും മറുവശത്ത്‌ പരിധിയില്ലാതെ സ്നേഹിക്കുകയും ചെയ്യാന്‍ അവനെന്നും കഴിഞ്ഞിരുന്നു.

ഞങ്ങള്‍ ജോലി നഷ്ടപ്പെട്ടവരായിമാറുന്നത് ഒരേ വേളയിലാണ്. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ അവനു മുന്‍പേ എനിക്ക് ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടാല്‍ പലരും മറ്റുള്ളവരെ മറക്കും.. ബോധപൂര്‍വം….. ചിലര്‍ അങ്ങിനെയാണ്. ചിലര്‍ അങ്ങിനെയല്ല… അവര്‍ ഓര്‍മിച്ചുകൊണ്ടേ ഇരിക്കും. അവര്‍ നമ്മുടെ ശ്വാസത്തില്‍ നിന്ന് നമ്മുടെ വേദനയുടെ തീവ്രത തിരിച്ചറിയും. പറഞ്ഞറിയിക്കേണ്ടതില്ല.. ഒരിക്കല്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു ചായകുടിച്ചുകൊണ്ടിരുന്നപ്പോളാണ് പൈസക്ക് ബുദ്ധിമുട്ടുണ്ടോ എന്തെങ്കിലും വേണോ എന്ന് എന്നോട് അവന്‍ ചോദിച്ചത്. സാമ്പത്തികമായി എനിക്ക് പ്രയാസമുണ്ട് എന്നത് ശരി. പക്ഷെ അവന് എങ്ങിനെ എന്നെ സഹായിക്കാന്‍ ആകും. ഉള്ളതില്‍ പാതി പങ്കുവെക്കാന്‍ അവന് എന്നും ആവേശമായിരുന്നു. ഇതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് അവന്‍ കൂടപ്പിറപ്പും, ഞാന്‍ സുഹൃത്തും ആണെന്ന്. മനുഷ്യരെ ബാധിക്കുന്ന എല്ലാവിഷയങ്ങളിലും ഒന്നാമതായി അവനുണ്ടാകും. നാടുവിട്ടവന്റെ ആവലാതിയില്‍ എപ്പോഴും സതീശന്‍ നിറഞ്ഞുനില്‍ക്കും. അത് സെമിനാറുകളിലാകട്ടെ, ചര്‍ച്ചകളിലാകട്ടെ, എഴുത്തിലാകട്ടെ എല്ലാം. ഞങ്ങള്‍ ഒന്നിച്ചു വിദേശങ്ങളില്‍ പോയിട്ടുണ്ട്. ഒന്നിച്ചിവിടെ പല വിഷയങ്ങളിലും ഇടപെടുകയും ചെയ്തിട്ടുണ്ട്. അന്നെല്ലാം അവന് ആധി സാധാരണക്കാരന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. അതിനായി അവന്‍ ഒരുപാട് കലഹിച്ചിട്ടുണ്ട്. പല സമ്പന്നന്മാരെയും എതിര്‍ത്തിട്ടുണ്ട്. അതിന്‍റെ ഭാഗമായി നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതുകൊണ്ടൊന്നും മാറാന്‍ സതീശന് കഴിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ സതീശന്റെ വ്യതിരിക്തത അവിടെയാണ്.

ഫ്രഞ്ച് ചലച്ചിത്രകാരനായ ഗോദാര്‍ദിന്റെ സിനിമയില്‍ ഒരെഴുത്തുകാരന്‍ അയാളുടെ ജീവിതാഭിലാഷമായി പറയുന്നത് ‘ആദ്യം അനശ്വരനാകുക… എന്നിട്ട് മരിക്കുക’ എന്നതാണ്. ലോകത്തെ വിലകുറഞ്ഞ കണ്ണുകളോടെ കാണുന്നവര്‍ അങ്ങിനെയാണ്. ഞാന്‍ ഈ ലോകത്തിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവിടത്തെ പുല്ലിലും പൂവിലും അലിഞ്ഞുചേര്‍ന്ന് പാടുപെട്ടുകൊണ്ടേയിരിക്കും. അവരാണ് സഖാക്കള്‍… സുഹൃത്തിനും അപ്പുറമെത്തുന്ന ഒരു വാക്കിന്‍റെ അധികാരികള്‍… അവരില്‍ ഒരാളായിരുന്നു ഇവനും. മനുഷ്യനെ സ്നേഹിക്കുന്നവനെ ഇഷ്ടപ്പെടുന്നവന്‍….

മരണം തൊട്ടു മുമ്പില്‍ വന്നുകഴിയുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രതീക്ഷകളും, ആശങ്കകളും എല്ലാം തന്നെ സാംഗത്യമില്ലാത്തതാ യിരുന്നുവെന്ന് നമുക്ക് ബോധ്യം വരിക. നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അയാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ആ ‘യാഥാര്‍ത്ഥ്യങ്ങളെ’യെല്ലാം തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നും നാം ആ നിമിഷം തിരിച്ചറിയുന്നു. ഒരു പക്ഷെ സതീശന്‍ ഇതു തിരിച്ചറിഞ്ഞുകാണണം. ഇന്നലെ കാലത്ത് ചന്ദ്രികയിലെ ജലീലാണ് എന്നോട് പറഞ്ഞത് സതീശന്‍ ആശുപത്രിയിലാണെന്ന്. കൂടെതാമസിക്കുന്ന സുഗതന്റെ നമ്പരും തന്നു. ഞാന്‍ വിളിച്ചപ്പോള്‍ സുഗതന്‍ പറഞ്ഞത് സര്‍ജറി കഴിഞ്ഞതിനാല്‍ ഇന്ന് ആരോടും സംസാരിക്കണ്ട എന്നാണ് ഡോക്ടര്‍ പറഞ്ഞത് അതുകൊണ്ട് നാളെ വന്നാല്‍ മതി എന്നാണ്. ആ നാളേക്ക് വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് രാത്രി പതിനൊന്നരയോടെ ജലീല്‍ വീണ്ടും വിളിച്ചത്. മരണവാര്‍ത്തയുമായി. ഉടനെ ആശുപത്രിയില്‍ എത്തി. അവിടെ എല്ലാ മാധ്യമസുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ടു നാള്‍ മുന്‍പ് വാട്ട്‌സ് അപ്പില്‍ മെസ്സേജ് ഉണ്ടായിരുന്നു. വരുന്നു എയര്‍പോര്‍ട്ടില്‍ വരണം എന്ന്. പിന്നെ വരുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞു. അന്ന് കാണാതായപ്പോള്‍ വീണ്ടും മെസ്സേജ് ഇട്ടു. അപ്പോള്‍ നാളെ എന്ന് പറഞ്ഞു. പക്ഷെ നാളെ കഴിഞ്ഞു. സതീശന്‍ അറിയിപ്പ് തന്നില്ല. യാത്ര മാറ്റിയിരിക്കാം എന്ന് ഞാനും കരുതി. അപ്പോഴാണ്‌ ജലീലിന്റെ ഫോണ്‍ വരുന്നതും, സതീശനെ കാണാന്‍ നാളെ പോകാം എന്ന് തീരുമാനിക്കുന്നതും.

പക്ഷികളും മൃഗങ്ങളും അവരുടെ മരണ സമയം അടുക്കുമ്പോള്‍ അപ്രത്യക്ഷരാകുന്നതായാണ് കാണപ്പെടുന്നത്. മരണസമയം അടുത്താല്‍ അവ കൂട്ടത്തില്‍ നിന്നും അകന്ന് എവിടെയെങ്കിലും പോയി ശാന്തമായി മരണപ്പെടുന്നു. അതുകൊണ്ടുതന്നെ അവയുടെ ശരീരമോ ഭൗതിക അവശിഷ്ടങ്ങളോ കാണപ്പെടുന്നില്ല. പ്രകൃതി ദത്തമായിത്തന്നെ അവ മരണത്തെ സമീപിക്കുന്നു. ഏകാന്തതയില്‍ ജീവന്‍ വെടിയുന്നു. സെന്‍ഗുരുക്കന്മാര്‍ക്ക് അവരുടെ മരണ സമയം മുന്‍കൂട്ടി അറിയാന്‍ സാധിക്കും എന്ന ഒരു വിശ്വാസം ഉണ്ട്. ആശുപത്രിയില്‍ എത്തിയപ്പോളാണ് കൂട്ടത്തില്‍ ആരോ പറഞ്ഞത് വൈകീട്ട് സതീശനെ കണ്ടപ്പോള്‍ അയാള്‍ വല്ലാതെ സങ്കടപ്പെട്ടിരുന്നു എന്ന്. അങ്ങിനെ ഒരു പ്രകൃതമല്ല അവന്‍റെ. ഒരു പക്ഷെ സതീശന്‍ ഇങ്ങനെയൊക്കെ വരുമെന്ന് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നോ. ഒന്നും അറിയില്ല. മരണത്തിനുമുന്‍പ് അതിന്‍റെ ഗന്ധം എല്ലാരും അറിയുന്നു എന്നു കേട്ടിട്ടുണ്ട്. ഒരുപക്ഷെ അവനും അത് അനുഭവിച്ചുകാണണം. അന്നുതന്നെ എല്ലാവരെയും കാത്തിരുന്നിട്ടുണ്ടാകണം.. ആ സങ്കടത്തിന്റെ ആഴം അതായിരിക്കാം. ഒരു ശൂന്യതയില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്താനുള്ള കൊതി. അതോര്‍ത്തിട്ടുണ്ടായിരിക്കണം…….. ആഗ്രഹിച്ചിരിക്കണം. … എങ്കിലും “നാളെ” ഇങ്ങനെ ഒരു വലിയ ശൂന്യതയായി വരും എന്ന് കരുതിയിരുന്നില്ല. എല്ലാവരിലും വലിയ വേദന നിറച്ച് ഇങ്ങനെ ആരോടും പറയാതെ……… വേണ്ടിയിരുന്നില്ല ഇതൊന്നും…..

ഞങ്ങള്‍ അവസാനം കണ്ടത് ലോകകേരളസഭയില്‍ വെച്ച് ആയിരുന്നു. അവിടെ അബ്ബാസും, ബിജു ആബേല്‍ ജേക്കബും ഉണ്ടായിരുന്നു. ഞാന്‍ തിരിച്ചുവരും എന്ന് വീണ്ടും വീണ്ടും പറഞ്ഞിരുന്നു. പക്ഷെ തിരിച്ചുവന്നത് ഈ മണ്ണില്‍ കിടന്ന് മരിക്കാനായിരുന്നു. വിസിറ്റ് വിസയില്‍ എത്തിയ ഉടനെ നെഞ്ചുവേദനയോടെ ആശുപത്രിയില്‍ എത്തിച്ചു സര്‍ജറി കഴിഞ്ഞു അങ്ങിനെ എല്ലാം കഴിഞ്ഞു…

വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്ക് നിന്നോട് ചെയ്യണമെന്നു എഴുതിയത് നെരൂദയാണ്. ഈ ലോകത്തെ ആവോളം സ്നേഹിക്കാനുള്ള കൊതിയായിരുന്നു അതില്‍.
നിങ്ങൾ ചോദിക്കും:
“എന്തു കൊണ്ടാണ് നിങ്ങളുടെ കവിത
സ്വപ്നത്തെക്കുറിച്ച്
ഇലകളെക്കുറിച്ച്
പൂക്കളെക്കുറിച്ച്
നിങ്ങളുടെ നാട്ടിലെ അഗ്നിശൈലങ്ങളെക്കുറിച്ച്
പാടാത്തതെന്ന്?”
വരൂ ഈ തെരുവിലെ ചോര കാണൂ!
വരൂ ഈ തെരുവിലെ ചോര കാണൂ! എന്ന നെരൂദയുടെ കുറിപ്പുകളില്‍ ഒരു മനുഷ്യസ്നേഹിയുടെ വാത്സല്യമാണ് നിറഞ്ഞു നില്‍ക്കുന്നത്. ആ വാത്സല്യം സതീശനിലും ഉണ്ടായിരുന്നു. ഈ ഭൂമിയിലെ എല്ലാ നീതിനിഷേധങ്ങളോടും ആകുലപ്പെട്ടും കലഹിച്ചും ജീവിച്ചുകൊണ്ടാണ് അവന്‍ യാത്രയാകുന്നത്.

ഒറ്റയ്ക്കാവട്ടെ ഞാനിനി,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.
കണ്ണടയ്ക്കാൻ പോകുന്നു ഞാൻ.
എന്ന മുന്നറിയിപ്പുതന്ന് സ്നേഹിച്ചവരെയെല്ലാം തനിച്ചാക്കി അവനും യാത്രയായി………..
എന്‍റെ മാത്രമല്ലാത്ത
എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ സുഹൃത്തേ…
നിനക്കു വിട……….

No comments

Explore More

പ്രവാസ രചനകളുടെ പുതിയ മുഖം

_ _ പ്രശസ്ത  നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദി അടുത്ത കാലത്ത് പറയുകയുണ്ടായിനമ്മള്‍പ്രവാസികളെല്ലാം തന്തയില്ലാത്തവരാണെന്ന്. [We the migrated people are international bastards – By Salman Rushdi] അങ്ങനെ നോക്കുംപോള്‍ തന്തയും തള്ളയുമില്ലാത്ത ...