ഇത്തിരിയെന്തിലും കൊതിച്ചവര്‍ക്ക് ഒത്തിരി ഒത്തിരി നല്‍കി ലോക കേരള സഭ പിറന്നു.

0

ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യം കേരളത്തിന്‍റെ രാഷ്ട്രീയ മുന്നേറ്റത്തിലെ തിളക്കമാര്‍ന്ന ഒരേടായി മാറിയിരിക്കുകയാണ്. പ്രവാസികള്‍ക്കു വേണ്ടിയും വേണം ഒരു കാതും ഒരു നാവും എന്ന് കേരളത്തിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി ആവര്‍ത്തിച്ചപ്പോള്‍ അതിത്ര വേഗത്തില്‍ ഇത്ര ഫലപ്രദമായി മാറും എന്ന് പ്രവാസം പ്രതീക്ഷിച്ചിരുന്നില്ല. നാടിന്‍റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. നാടിന്‍റെ പച്ചപ്പിനു പ്രവാസികള്‍ നല്‍കുന്ന പിന്തുണയ്ക്ക്‌, അവരുടെ സങ്കല്‍പ്പങ്ങളെ ഒരു നാടിന്‍റെ നേരായും ഉയര്‍ച്ചയായും മാറ്റുന്നതില്‍ ഈ സര്‍ക്കാര്‍ മുന്‍പില്‍ തന്നെയുണ്ട് എന്ന ആമുഖത്തോടെയാണ് രണ്ടു ദിവസം നീണ്ടു കേരള ലോകസഭയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തത്.പ്രവാസികളെ വികസന പ്രവര്‍ത്തനവുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതു പോലെ തന്നെ, ഒരു പക്ഷെ അതിനെക്കാളുപരി, പ്രാധാന്യമുള്ളതാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്നുള്ളത്. പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക്‌ ഉറപ്പ്നല്‍കുക മാത്രമല്ല അവ നടപ്പിലാക്കിക്കൊണ്ട് മാതൃക കാണിക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്‍റെ കര്‍ത്തവ്യം. ആ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പടിപടിയായി വിജയിച്ചുകൊണ്ടിരിക്കുകയാണ്. 

പ്രവാസി സംഘടനകളുടെ മേഖലാതല സമ്മേളനങ്ങളും ആശയ വിനിമയവും നടത്തുക എന്ന ചിന്തയില്‍ നിന്നാണ് ലോക കേരളസഭയുടെ പിറവി തുടങ്ങുന്നത്.2016 ജനുവരിയില്‍ നടന്ന നാലാമത് അന്താരാഷ്ട്ര അന്താരാഷ്ട്ര പഠന കൊണ്ഗ്രസ്സിലാണ് ഈ ആശയത്തിന് ഒരു മൂര്‍ത്തരൂപം ലഭിക്കുന്നത്. പിന്നീട് വിദേശ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഒരു സമിതി ഇതിനായി രൂപീകരിക്കുകയും, അതില്‍ വെച്ച് ഇതിന് അന്തിമരൂപം നല്‍കുകയുമാണ് ഉണ്ടായത്. ഇന്ന് ലോക കേരള സഭകഴിഞ്ഞ് പ്രതിനിധികള്‍ പിരിഞ്ഞു പോകുമ്പോള്‍ ഏവരും ആഹ്ലാദത്തിലാണ്. കക്ഷിഭേദമേന്യേ ഇതില്‍ എല്ലാവരും സംതൃപ്തരാണ്. കാലങ്ങളായി വിമാനയാത്രക്കൂലിയും, വോട്ടവകാശവും മാത്രം ചര്‍ച്ച ചെയ്തിരുന്ന പ്രവാസികള്‍ ആ പതിവില്‍ നിന്ന് മാറി അവരുടെ നാടിന്‍റെ മിടിപ്പുകളെക്കുറിച്ച് ആവേശത്തില്‍ സംസാരിക്കുന്നു. ഇതൊരു വെറും മാറ്റമല്ല. വലിയ മാറ്റമാണ്.തങ്ങള്‍ നാടിന്‍റെ വികസനത്തില്‍, വളര്‍ച്ചയില്‍ പങ്കാളികളാകുന്നു എന്ന ഉറപ്പിലാണ് ഓരോ പ്രതിനിധിയും നിയമസഭാ ഹാള്‍ വിട്ടു പുറത്തിറങ്ങിയത് അവരുടെ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത നന്ദി. 

നരകതുല്യമായ ജീവിതം നയിച്ച്‌ ദുര്‍ഘടസന്ധികളിലൂടെ ഇഴഞ്ഞു സഞ്ചരിച്ച വ്യക്തിയാണ് ആടുജീവിതത്തിലെ കഥാപാത്രം നജീബ്.
ആ നജീബ് മുതല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന എം. എ യൂസഫലി വരെ, പുതുതലമുറ എഴുത്തുകാരായ ബെന്യാമിന്‍ മുതല്‍ സാഹിത്യത്തിന്‍റെ കുലപതി സച്ചിദാനന്ദന്‍ മാഷ് വരെ, സംഗീതത്തിന്‍റെ മാന്ത്രികന്‍ റസൂല്‍പൂക്കുട്ടി മുതല്‍ മലയാളത്തിന്‍റെ വാനമ്പാടി ചിത്ര വരെ… അങ്ങിനെ തുടങ്ങി കവികള്‍, ബുദ്ധിജീവികള്‍, ടെക്നോക്രാറ്റുകള്‍, പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വ്യവസായ പ്രമുഖര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സാധാരണ പ്രവാസികള്‍ എല്ലാവരും ഒരേ വേദിയില്‍ വലിപ്പചെറുപ്പമില്ലാതെ ഭാരതം വിഭാവനം ചെയ്ത സമത്വവും, സഹോദര്യവും, നെഞ്ചിലേറ്റി ജനാധിപത്യത്തിന്‍റെ ശ്രീകോവിലില്‍ ഒന്നിച്ചിരുന്നു സംവദിച്ചത് ചരിത്രത്തിന്‍റെ അസാധാരണമായ ഒരധ്യായമാണ്. ആ അദ്ധ്യായത്തിനു നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭക്ക് അഭിനന്ദനത്തിന്റെ ഒരായിരം പൂക്കള്‍ അര്‍പ്പിക്കുന്നു.കേരളത്തിന്‍റെ ജനാധിപത്യ ചരിത്രത്തിലെ വേറിട്ട ഒരേടായി കേരള ലോകസഭ മാറിയത് ഇപ്പോഴും വിശ്വസിക്കാന്‍ തന്നെ പ്രയാസം.

   കേരളത്തിന്റെ വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയതിനതീതമായ യോജിപ്പ് അനിവാര്യമാണ്. സങ്കുചിതതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി വലിയ അവസരങ്ങളെ നഷ്ടപ്പെടുത്തി കേരളത്തിന്‌ മുന്നോട്ടുപോകാനാവില്ല എന്ന സുവ്യക്തമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ് വികസന കാര്യത്തെ മുന്‍നിര്‍ത്തി സഭയെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി സംസാരിച്ചത്. കക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം നാടിന്‍റെ വികസനത്തെ ബാധിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ആ ഉത്തരവാദിത്വം നമ്മില്‍ നിന്നും നഷ്ടപ്പെടുമ്പോള്‍ നമുക്ക് സഹജീവിയെക്കുറിച്ച് വ്യസനിക്കാന്‍ കഴിയില്ല.അവന്‍റെ കണ്ണീരിന്‍റെ വിലയറിയാനും ആവില്ല. ആയതിനാല്‍ നാം കൂട്ടായി നേടിയെടുത്ത ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് മാതൃകയാക്കണം. ജനകീയാസൂത്രണം പോലെയുള്ളവയുടെ വിജയം ഈ കാഴ്ച്ചപ്പാടിന്റെ ഭാഗമാണ് എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ലോകകേരള സഭയുടെ ആശയവും പ്രവര്‍ത്തനവും, ലക്ഷ്യങ്ങളും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.  പ്രതിപക്ഷ കക്ഷികള്‍ പൂര്‍ണപിന്തുണ നല്‍കിയാണ്‌ ഇതിനെ സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയുണ്ടായി.സഭയിലെ എല്ലാവരും പ്രതിപക്ഷത്തിന്‍റെ ഈ പിന്തുണയെ ആത്മാര്‍ഥമായാണ് ശ്ലാഘിച്ചത്. അകലെ നിന്ന് നമ്മെ നോക്കികാണുന്ന സഹോദരങ്ങളില്‍ ഈ ഒത്തൊരുമയും ആശയവും എത്രമാത്രം ഉത്തേജനമാണ് ഉണ്ടാക്കിയെതെന്നു ഇവിടത്തെ ചര്‍ച്ചയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി എടുത്തുപറയുക കൂടി ചെയ്തു. കേരളത്തിന്‍റെ വികസനത്തില്‍ ഉണ്ടായ ഈ പുതിയ അനുഭവത്തെ നമുക്ക് ഒരുമിച്ചു മുന്നോട്ടു കൊണ്ട്പോകാന്‍ സാധിക്കണം. കരടു രേഖയില്‍ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി കാര്യങ്ങള്‍ വിശദമാക്കിയിരുന്നു. ഇതില്‍ വിശദമാക്കിയതും, ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്നതുമായ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിനു ചില സംവിധാനങ്ങള്‍ ആഗോളതലത്തില്‍ തന്നെ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞു സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി സഭയില്‍ വിശദാംശങ്ങളിലേക്ക് കടന്നത്.

വിദേശത്തുള്ള പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനു വേണ്ടി പ്രവാസി വാണിജ്യ ചേമ്പറുകള്‍ക്ക് രൂപം നല്‍കുന്നതോടൊപ്പം ഓരോ വിദേശ രാജ്യത്തും അതിന്‍റെ പ്രത്യേക ചേമ്പറുകള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങിയത്. ഇവയും, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചേമ്പറുകളും തമ്മില്‍ സൌഹൃദ ബന്ധം ഉണ്ടാക്കിയെടുത്ത് ആഗോളതലത്തില്‍ സംരംഭകരായിട്ടുള്ളവരുടെ വ്യവസായ, വാണിജ്യ കൂട്ടുകെട്ട് ഉണ്ടാക്കി കൂടുതല്‍ മലയാളി നിക്ഷേപകരെ കണ്ടെത്താനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എല്ലാ രാജ്യത്തും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിച്ചുകൊണ്ട് പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, അതുപോലെ മറ്റു മേഖലകളിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇത് വഴി കേരളത്തിന്‍റെ ശാസ്ത്രസാങ്കേതിക മേഖലകളടക്കമുള്ള നാനാമേഖലകളില്‍  വികസനം സാധ്യമാക്കുവാന്‍ സാധിക്കും.

കേരളത്തിന്‌ പുറത്തും, മറ്റു വിദേശരാജ്യങ്ങളിലും ഉള്ള മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി നോര്‍ക്കയുടെ പ്രത്യേകം വിഭാഗങ്ങളും, മേഖലാ ഉപവകുപ്പുകളും ഉണ്ടാക്കുന്നതിനുള്ള തീരുമാനത്തിലൂടെ പ്രവാസിപ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ സംബോധന ചെയ്യാന്‍ കഴിയും എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഇവയുടെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കാനുള്ള തീരുമാനവും പ്രധാനപ്പെട്ട ഒന്നാണ്. പ്രവാസികള്‍ കാലങ്ങളായി ഉന്നയിച്ചു വരുന്ന ഒരു ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരം ഉണ്ടാകുന്നത്.   

  കേരള വികസനനിധി എന്ന നൂതന ആശയത്തിലൂടെ നിശ്ചിതതുകക്കുള്ള ഡിപ്പോസിറ്റുകള്‍ പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കുകയാണ്.ഇതുവഴി പ്രവാസം മതിയാക്കി നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള ജോലി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴില്‍ നഷ്ട്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വരുംകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ ഗ്യാരണ്ടി പ്രവാസികള്‍ക്ക് തണല്‍ നല്‍കുന്ന ഒരു വലിയ പദ്ധതിയാണ്. മടങ്ങിയെത്തിയാലും തങ്ങളെ സ്വീകരിക്കാന്‍ ഒരു നാടുണ്ടല്ലോ എന്ന അഭിമാനബോധമാണ് ഇതിലൂടെ പ്രവാസിക്കുണ്ടാകുന്നത്.

ചെറിയചെറിയ നിക്ഷേപങ്ങള്‍ ഒരുക്കൂട്ടി വലിയ പദ്ധതികള്‍ നടപ്പിലാക്കുക, പുതിയ സംരംഭങ്ങള്‍ക്ക് പ്രത്യേക വായ്പാ സൌകര്യം ഏര്‍പ്പെടുത്തുക, ഏകജാലകം വഴി സംരംഭങ്ങള്‍ക്കുള്ള അനുമതി വേഗത്തിലാക്കുക, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു എജന്‍സി സംവിധാനമൊരുക്കുക, പ്രവാസി സംഘടനകളെ സംയോജിപ്പിച്ചുകൊണ്ട് രോഗം ബാധിച്ചവര്‍ക്കും, അവശതയനുഭവിക്കുന്നവര്‍ക്കും സഹായമൊരുക്കുക എന്നിങ്ങനെ നിരവധി പദ്ധതികള്‍ ഇവിടെ വിഭാവനം ചെയ്യപ്പെട്ടു. കാർഷിക ഉത്പന്നങ്ങളുടെ വിപണനം,ആൾട്ടർനേറ്റീവ് എനർജി, പശു വളർത്തൽ എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ ചെറുകിട നിക്ഷേപം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ സർവ്വതോമുഖമായ വികസനത്തിന്  സർക്കാർ പരിപാടികൾ തയ്യാറാക്കുന്നുണ്ട്. ഇതിനു പുറമേ നിക്ഷേപങ്ങള്‍ക്ക് മാത്രമായി ഒരു ഏകജാലക സംവിധാനം കൊണ്ടുവരുക എന്ന ആലോചനയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിനായി സർക്കാർ സാധ്യതാ പഠനത്തിന് ഒരുങ്ങുകയാണ്.പ്രവാസികളുടെ നാട്ടിലെ നിക്ഷേപങ്ങൾ  വേഗത്തിലാക്കാൻ ഏകജാലക സംവിധാനത്തിലൂടെ നടപടി ആരംഭിക്കും എന്നാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്. സിയാല്‍ മാതൃകയില്‍ ഇനിയും കൂടുതല്‍ സംരംഭങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് കൂടാതെകാർഷികരംഗത്ത് വിപണനവും വിതരണവും സാധ്യമാക്കുന്നതിന് പ്രവാസി നിക്ഷേപം കൊണ്ടുവരുന്നതിന് സാധിക്കും എന്ന നിർദ്ദേശത്തെ വളരെ ഗൗരവമായാണ് സർക്കാർ പരിഗണിച്ചത്.കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാനും ശേഖരിക്കാനും പര്യാപ്തമായ വിധത്തിൽ കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കല്‍ മുതല്‍ പശു വളർത്തൽ, പഴം പച്ചക്കറി സംസ്കരണം എന്നിങ്ങനെ എല്ലാ മേഖലയിലും പ്രവാസി നിക്ഷേപത്തിന്റെ സാധ്യതകൾ വിപുലമായി തുറന്നിടുകയാണ് സര്‍ക്കാര്‍. കാര്‍ഷികരംഗത്ത് പ്രവാസി നിക്ഷേപം കൊണ്ടുവന്ന്, ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത മെച്ചപ്പെടുത്തുന്നതടക്കമുള്ള നാനാവിധ ആലോചനകളാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്.വിദ്യാഭ്യാസം, കൃഷി, അനുബന്ധ വ്യവസായം,  നൂതന സാങ്കേതികവിദ്യ ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രവാസികളുടെ അറിവും കഴിവും പരിജ്ഞാനവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ വിവിധ തരത്തിലുള്ള നിര്‍ദേശങ്ങളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നത്.

സാംസ്കാരികരംഗത്ത് ബിനാലെ രീതിയിലുള്ള അന്താരാഷ്ട്ര സാംസ്കാരികോത്സവങ്ങൾ, വ്യാപകമാക്കുന്നതിന് പ്രവാസികളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം  ഉപയോഗിക്കണം എന്ന നിർദ്ദേശം ഗൗരവമായിട്ടാണ് സർക്കാർ പരിശോധിക്കുന്നത് എന്നാണ്  മുഖ്യമന്ത്രി പറഞ്ഞത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മികച്ച സാംസ്കാരിക വിനിമയമാണ് ഇതിലൂടെ സാധ്യമാകുന്നത്. മലയാളികൾ താമസിക്കുന്ന സംസ്ഥാന തലസ്ഥാനങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ വേണമെന്ന അംഗങ്ങളുടെ നിർദ്ദേശം ഓരോ പ്രദേശത്തുമുള്ള മലയാളി സംഘടനകളുടെ നിർദ്ദേശത്തോടെ, ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു എങ്ങനെ നടപ്പിലാക്കാൻ സാധിക്കുമെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. 

   സാമൂഹ്യരംഗത്തെ ഇടപെടല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യമേഖലയിലെ പഠനം, രോഗീപരിചരണം,  വൃദ്ധജന പരിപാലനം ഇത്തരം മേഖലകളില്‍ പ്രവാസി നിക്ഷേപം വഴി ലഭിക്കുന്ന വരുമാനത്തിലൂടെ സര്‍ക്കാര്‍ ഈ രംഗത്ത് സാമൂഹ്യ ഇടപെടലുകൾ നടത്തിയാൽ ഇത് നമ്മുടെ സമൂഹത്തിന് കരുത്തുപകരുന്ന ഒന്നായി മാറും.

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് വരുന്ന കുട്ടികൾക്ക് ഇവിടെ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമായാണ് അംഗങ്ങള്‍ സ്വീകരിച്ചത്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു അഭിപ്രായമായിരുന്നു അപകടത്തില്‍ മരണപ്പെടുന്ന പ്രവാസികളില്‍ സാമ്പത്തിക സഹായത്തിനു അര്‍ഹതയുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും എന്ന പ്രഖ്യാപനം. വിദേശരാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ  ഇത് പ്രവാസി കുടുംബങ്ങൾക്ക് വലിയ ഒരു ആശ്വാസമായി മാറും എന്ന കാര്യം പറയാതെ വയ്യ. വലിയ ആവേശത്തോടെയാണ് പ്രവാസികൾ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങളെ എതിരേറ്റത്.

പ്രവാസത്തിന്റെ രീതികൾ മാറിക്കൊണ്ടിരിക്കുന്നു എന്നതിനാൽ പ്രവാസ പൂർവ്വഘട്ടത്തില്‍ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഉയർന്നുവരികയുണ്ടായി. ഇവ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ എടുക്കും എന്നാണ് മുഖ്യമന്ത്രി  സഭയിൽ പറഞ്ഞത്. സ്ത്രീകളുടെ തൊഴിലിടത്തെ സുരക്ഷയെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ്. ഈ കാര്യത്തിൽ ആവശ്യമായ മുൻകരുതലുകള്‍ എടുക്കുന്നതിനും, ഇടപെടുന്നതിനും,  കേന്ദ്രസർക്കാരില്‍ സമ്മര്‍ദം ചെലുത്തും എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നഴ്സിംഗ് മേഖലയിലെ റിക്രൂട്ടുമായി ബന്ധപ്പെട്ട  വിഷയങ്ങൾ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സര്‍ക്കാര്‍ സഭയില്‍ ഉറപ്പു നല്‍കി.

കേരളലോകസഭയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സ്ഥിരം സെക്രട്ടറിയേറ്റ് സംവിധാനം, നിയമ സഭയിലെ സബ്ജക്റ്റ് കമ്മറ്റികള്‍ പോലെ വിവിധ കമ്മറ്റികള്‍, എന്നിങ്ങനെയുള്ള ഘടനകളിലൂടെയും സംവിധാനങ്ങളിലൂടെയും കേരള ലോക സഭ വിദേശത്തും, സ്വദേശത്തും ഉള്ള മലയാളികളുടെ ഒരു രക്ഷിതാവായി മാറും. ചുരുക്കത്തില്‍ ഒന്നും നടക്കില്ല എന്ന് കരുതി വിമാനം കയറിയവര്‍ ഇങ്ങനെയൊക്കെ കഴിയുമോ എന്ന ആത്മഗതത്തോടെയാണ് മടങ്ങിവരുന്നത്. കേരളവും വിദേശരാജ്യങ്ങളും തമ്മിലുള്ള ഒരു പാലമാണ് ലോകകേരളസഭയിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. അത് ദൃഡമായ ഒരു ചങ്ങലയാണ്. ആഴക്കയങ്ങളില്‍ മുങ്ങുന്നവരെ രക്ഷിക്കുന്ന ചങ്ങല. അതിന്‍റെ വഴികളില്‍ നട്ട പൂക്കളില്‍ വെള്ളവും വളവും നല്‍കി സുഗന്ധം പരത്തുന്ന പൂക്കള്‍ തീര്‍ക്കുക എന്നതാണ് ഒത്തൊരുമിച്ചു ഇനി ചെയ്യേണ്ട കാര്യങ്ങള്‍. ഒരു കീശയില്‍ ഇത്തിരി എന്തെങ്കിലും മാത്രം പ്രതീക്ഷിച്ചു സഭയിലെത്തിയവര്‍ ഒരു ചാക്ക് നിറയെ സാധനങ്ങളുമായാണ് തിരിച്ചു വരുന്നത്.

പുഞ്ചിരിച്ചു നില്‍ക്കുന്ന പ്രവാസികളെ യാത്രയാക്കിക്കൊണ്ട് മന്ത്രിമാരും, മറ്റു ജനപ്രതിനിധികളും ശനിയാഴ്ച രാത്രിയോടെ പിരിഞ്ഞുപോയി. ആരവമൊഴിഞ്ഞു തലസ്ഥാനനഗരം ഞായറാഴ്ച മയക്കത്തില്‍ നില്‍ക്കുമ്പോള്‍ പതിവുപോലെ മുഖ്യമന്ത്രി തിരക്കിലാണ് എല്ലാവരുടേയും വാക്കുകള്‍ക്ക് ചെവികൊടുത്തുകൊണ്ട് 
തഴക്കം വന്ന അമരക്കാരന്റെ മികവോടെ 
ശുഭാപ്തിവിശ്വാസത്തോടെ
ജനങ്ങളുടെ ഇടയില്‍ ഒരാളായി,
എന്നാല്‍ അവരുടെ എല്ലാമെല്ലാമായി.   —

No comments

Explore More

നമ്മുടെ പ്രവാസ സാഹിത്യം

നമ്മുടെ പ്രവാസ സാഹിത്യത്തെ കുറുച്ച്‌ ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലൊ. പ്രവാസം എന്ന വാക്കിന്റെ പ്രയോഗത്തെ പറ്റി പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌ . പ്രവാസ സാഹിത്യം എന്നാൽ literature in exile ആണെന്നാണ്‌ പ്രശസ്ത സാഹിത്യ ...