പട്ടിണിയിൽ 100 സ്ഥാനം, ചർച്ച ചെയ്യാതെ മാധ്യമങ്ങൾ

0

മൂഡീസ്, മോദിയുടെ റേറ്റിംഗ് ഒരു പടി ഉയർത്തിയതിന്റെ ഉന്മാദത്തിൽ ആറാടിയ മാധ്യമങ്ങൾ പക്ഷേ, കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ‘ഗ്ലോബൽ ഹംഗർ റിപ്പോർട്ടി’ നെ കണ്ട മട്ടില്ല. 119 രാജ്യങ്ങളിലെ പട്ടിണിയുടെ കാര്യം വിലയിരുത്തിയ റിപ്പോർട്ടിൽ ഇന്ത്യ അപമാനവും സങ്കടവും നിറഞ്ഞ 100-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കാര്യം അവർ ഏതാണ്ട് രഹസ്യമാക്കി വെച്ചു.
2014ൽ, കൊട്ടും കുരവുമായി നരേന്ദ്ര മോദി അധികാരത്തിലേറുന്ന സമയത്ത് 55-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പിന്നീട് പടിപടിയായി വളർന്ന് 2015ൽ 80-ാം സ്ഥാനത്തും 2016ൽ 97-ാം സ്ഥാനത്തും ഈ വർഷം നൂറാം സ്ഥാനത്തുമായി.
നമ്മുടെ അയൽക്കാരായ ചൈന 29-ാം സ്ഥാനത്തും മ്യാൻമർ 77-ാം സ്ഥാനത്തും ശ്രീലങ്ക 84-ാം സ്ഥാനത്തും ബംഗ്ലാദേശ് 88-ാം സ്ഥാനത്തുമാണ് ഈ വർഷം. എന്നാലും ദേശസ്നേഹം കൊണ്ട് പൊറുതിമുട്ടി, ഇരിക്കാനും നിൽക്കാനും വയ്യാതായവർക്ക് റിപ്പോർട്ട് വായിച്ചാൽ സന്തോഷിക്കാനും വകയുണ്ട്. നമ്മുടെ മറ്റ് രണ്ട് അയൽക്കാർ – പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും -യഥാക്രമം 106 ഉം 107 ഉം സ്ഥാനത്താണ്. ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങുന്ന ഇന്ത്യ നൂറാമതാണെങ്കിലും നമ്മുടെ എല്ലാ ദുരിതങ്ങളുടേയും കാരണക്കാരായ ശത്രുവിനെ, അതും ഒരു ഇസ്ലാമിക രാഷ്ട്രത്തെ മറികടന്ന് ഏഴ് പോയിന്റ് മുൻപിലെത്തിച്ചില്ലേ നരേന്ദ്ര മോദി.ആനന്ദിക്കാൻ ഇനിയെന്തു വേണം..?
2006 മുതലാണ് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ‘ വർഷം തോറും Global Hunger Index പ്രസിദ്ധീകരിച്ചു വരുന്നത്.നാല് സൂചകങ്ങളാണ് അവർ ഉപയോഗിക്കുന്നത്. എത്ര ശതമാനം ജനങ്ങൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ എത്ര മാത്രം തൂക്കക്കുറവ് ഉള്ളവരുണ്ട്, പോഷകാഹാരക്കുറവ് കാരം എത്രമാത്രം കുട്ടികൾക്ക് വളർച്ച കുറഞ്ഞു പോകുന്നു, ജനനസമയത്തെ ശിശു മരണനിരക്ക് എന്നിവയാണ് പരിഗണിക്കപ്പെടുന്ന സൂചകങ്ങൾ.
ഈ സൂചകങ്ങൾ പ്രകാരം ഇന്ത്യക്ക് ലഭിച്ച സ്കോർ 31.4 ആണ്. പൂജ്യം മുതൽ 10 വരെ സ്കോർ ലഭിച്ചാൽ ആ രാജ്യം താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണ്. 10 മുതൽ 20 വരെ സ്കോർ ചെയ്യുന്ന രാജ്യങ്ങളിൽ പട്ടിണിയുണ്ട്. 20 മുതൽ 35 വരെ ലഭിച്ച രാജ്യങ്ങൾ ഗുരുതരമായ ദാരിദ്യാവസ്ഥയിലും ജനങ്ങൾ പട്ടിണിയിലുമാണ്.35 മുതൽ 50 വരെയുള്ള വർ അതീവ ഗുരുതരാവസ്ഥയിലാണ്. അതിനും മുകളിൽ പിന്നെ ഒന്നും പറയാനുമില്ല…
ഇന്ത്യയിൽ 19.07 കോടി പേർ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ് എന്ന് റിപ്പോർട്ട് പറയുന്നു.15 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള 51.4% സ്ത്രീകളും രക്തക്കുറവ് മൂലം വിളർച്ചയുള്ളവരാണ്.
രാജ്യത്തെ കുഞ്ഞുങ്ങളുടെ കാര്യമാണ് ഏറെ ദയനീയം .5 വയസ്സിന് താഴെയുള്ള 38.4% കുട്ടികളും തൂക്കക്കുറവ് ഉള്ളവരാണ്. അവരുടെ എണ്ണം ഏതാണ്ട് 10 കോടിക്ക് അടുത്ത് വരും. 24% കുട്ടികൾ പോഷകാഹാരക്കുറവ് മൂലം 5 വയസ്സിന് മുൻപായി മരണമടയുന്നു എന്ന ഞെട്ടിക്കുന്ന വിവരം റിപ്പോർട്ട് ചെയ്യാൽ ഗ്രാമീണ ഇന്ത്യയിൽ ഒരു മാധ്യമ പ്രതിനിധി പോലുമില്ല!
ഓരോ ദിവസവും അഞ്ച് വയസ്സിന് താഴെയുള്ള 3000 കുട്ടികളാണ് ഇത്തരത്തിൽ മരണമടയുന്നത്.അതായത് ഓരോ മിനുട്ടിലും രണ്ട് കുഞ്ഞുങ്ങൾ!
സ്ത്രീകളിലെ പോഷകാഹരക്കുറവ് കാരണം മുപ്പത് ശതമാനം കുഞ്ഞുങ്ങളും ജനനസമയത്ത് തന്നെ മരണമടയുന്ന,48% വീടുകളിലും ശുചിമുറികളില്ലാത്ത, അതിലുമെത്രയോ അധികം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത ഇന്ത്യ… incredible അല്ലേ..?
ദേശീയതയും മൂലധന താൽപ്പര്യങ്ങളും സമ്മേളിക്കുന്ന ജനവിരുദ്ധതയാണ് ഹിന്ദുത്വം (ഹിന്ദുയിസമല്ല) എന്ന് ഞങ്ങൾ പറയുമ്പോൾ തെറി വിളിക്കാൻ വരുന്നവർ കണ്ണ് തുറന്ന് ഈ നാടിനെയൊന്ന് കാണുക – ജിയോ ഫോണിൽ 4 G തപ്പിയെടുക്കുന്ന തിരക്കിൽ ഓരോ മിനുട്ടിലും മരണമടയുന്ന ആ രണ്ട് കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാതിരിക്കരുത്. അതിലൊന്ന് തീർച്ചയായും ഹിന്ദുവായിരിക്കും. പേര് വിളിക്കാൻ പ്രായമായിട്ടുട്ടെങ്കിൽ കൃഷ്ണനോ രാധയോ ഒരു ശിവനാരായണനോ ആയിരിക്കും ആ പാവങ്ങൾ.അവർക്ക് വേണ്ടത് മതമല്ല;അന്നമാണ്.
ഈ പാവങ്ങൾക്കുള്ള അന്നം കൂടി അദാനിമാർക്കും അംബാനിമാർക്കും പങ്കുവെച്ച് നൽകുന്നു എന്നതാണ് മോദി ഭരണത്തെ നികൃഷ്ടമാക്കുന്നത്. എന്നാൽ ദുരന്തമെന്താണെന്നു വെച്ചാൽ, അത് തിരിച്ചറിയാതെ അവർ തങ്ങൾക്ക് മാത്രമായി വിളമ്പുന്ന കപട മതത്തെ ഭുജിച്ച് മരണമടഞ്ഞു പോകുന്നു ഈ ഗ്രാമീണ ഇന്ത്യ എന്നതാണ്. ഹിന്ദുത്വം അംബാനിമാർക്ക് വിളമ്പുന്നത് മതമല്ല;അന്നമാണ് എന്നും മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഉൾപ്പെടെയുളള പ്രജകൾക്ക് വിളമ്പുന്നത് അന്നമല്ല; മതമാണ് എന്നും ഉച്ചത്തിൽ വിളിച്ചു പറയുകയാണ് Global Hunger Report ചെയ്യുന്നത്.ദേശസ്നേഹത്തിന്റെ സൂക്കേടില്ലാത്ത എല്ലാ മനുഷ്യസ്നേഹികൾക്കും ഞാനിത് വായിക്കാൻ ശുപാർശ ചെയ്യുന്നു.

No comments

Explore More

നമ്മുടെ പ്രവാസ സാഹിത്യം

നമ്മുടെ പ്രവാസ സാഹിത്യത്തെ കുറുച്ച്‌ ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലൊ. പ്രവാസം എന്ന വാക്കിന്റെ പ്രയോഗത്തെ പറ്റി പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌ . പ്രവാസ സാഹിത്യം എന്നാൽ literature in exile ആണെന്നാണ്‌ പ്രശസ്ത സാഹിത്യ ...