പോരാട്ട വഴികളിൽ നാടകം “നന്മ”

0

വളരെ പഴക്കമുള്ള ഒരു ചോദ്യമുണ്ട്‌ കലയുടെ ദൗത്യം എന്ത്‌ ? ഉത്തരം വിത്യസ്തങ്ങളാണ്‌ സമൂഹത്തെ ആഹ്ലാദിപ്പിക്കുക എന്നതാണ്‌ കലയുടെ ദൗത്യം എന്ന് ഒരു കൂട്ടർ പറയുന്നു. സമൂഹത്തിൽ നന്മ വിതച്ച്‌ സമൂഹത്തെ ശുദ്ധീകരിക്കുക എന്നതാണ്‌ കലയുടെ ദൗത്യം എന്ന് മറ്റൊരുകൂട്ടർ പറയുന്നു. രണ്ടാമത്തേതാണ്‌ ശരിയുത്തരമായി നാം കണ്ടെത്തേണ്ടത്‌. നന്മ നിറഞ്ഞ സമൂഹത്തിൽ,ശുദ്ധീകരിക്കപ്പെട്ട സമൂഹത്തിൽ ആഹ്ലാദം സ്വാഭാവികമായും കടന്നുവരും.

സാമൂഹ്യ അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ കല വഹിച്ച പങ്ക്‌ വളരേ വലുതാണ്‌ കണ്ടെത്താം പ്രത്യേകിച്ച്‌ നാടകങ്ങൾ. നല്ല നാടകങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ പലതിനേയും പോരാട്ടനാടകങ്ങളുടെ പട്ടികയിൽ പെടുത്താനാവില്ല പോരാട്ടവഴികളിലൂടെ സഞ്ചരിച്ച ചില നാടകങ്ങളെക്കുറിച്ച്‌ ചില പരിശോധനകൾ നടത്താം.

1920-ലാണ്‌ വി.ടി ഭട്ടതിരിപ്പാടിന്റെ ‘അടിക്കളയിൽനിന്നും അരങ്ങത്തേക്ക്‌ ‘ എന്ന നാടകം അരങ്ങേറുന്നത്‌. നംബൂതിരിയെ മനുഷ്യനാക്കാൻ വേണ്ടിയായിരുന്നു ആ നാടകത്തിന്റെ ജന്മം നംബുതിരി സ്ത്രീകളെ ‘ അന്തർജ്ജന’ങ്ങളാക്കി അകത്തളങ്ങളിൽ തളച്ചിട്ടിരുന്ന കാലം ആ അനീതിയോടുള്ള രോഷത്തിൽ നിന്നാണ്‌ നംബൂതിരിസമുദായത്തിൽ പിറന്ന വി.ടി ഭട്ടതിരിപ്പാട്‌ നാടകം എഴുതിയതും  ഇ.എം.എസ്‌ നംബൂതിരിപ്പാട്‌ ഉൾപ്പെടെയുള്ള നംബൂതിരിയുവാക്കൾ ചേർന്ന് ആ നാടകം അവതരിപ്പിച്ചതും ബ്രാഹ്മണ്യത്തിന്റെ നീതി കേടുകൾക്കെതിരെയുള്ള ഒരു പോരാട്ടമായിരുന്നു ആ നാടകം നംബൂതിരിസമുദായത്തിൽ മാറ്റത്തിന്റെ തിരികൊളുത്താൻ ആ നാടകം സ്വാധീനം ചെലുത്തി. നിഷേധിക്കപ്പെട്ടിരുന്ന വിധവാ വിവാഹങ്ങൾ ധാരാളമായി നടന്നു. അന്തർജ്ജനങ്ങൾക്ക്‌ പുറത്തേക്കിറങ്ങാൻ പരിമിതമായെങ്കിലും സ്വാതന്ത്യം ലഭിച്ചു.

1937-ലാണ്‌ കെ.ദാമോദരൻ ജന്മിത്വത്തിന്റെ ക്രുരതകൾക്കെതിരെ ‘പാട്ടബാക്കി’ എന്ന നാടകം എഴുതി അവതരിപ്പിക്കുന്നത്‌. ആയിരക്കണക്കിന്‌ പാട്ടക്കാർക്കും കുടിയന്മാർക്കും നാമമാത്ര കർഷകനും ആ നാടകം നൽകിയ ആവേശം വളരേ വലുതായിരുന്നു ഇറശ്ശേരി ഗോവിന്ദൻനായരുടെ ‘കൂട്ടുകൃഷി’ എന്ന നാടകവും ജന്മിമാരുടെ നെറികേടുകളെ വരച്ചു കാണിച്ച ഒരു പോരാട്ടമായിരുന്നു.

കേരളത്തിന്റെ നാടകചരിത്രത്തിൽ എക്കാലത്തും പരാമർശിക്കപ്പെടുന്ന 1952-ൽ കെ.പി.എ.സി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ കേരളമാകെ കൊടുങ്കാറ്റ്‌ വിതച്ച നാടകമായിരുന്നു നിസ്വവർഗ്ഗത്തിന്റെ തലച്ചോറിൽ അടിമത്തത്തിനെതിരായ അഗ്നി ആളിപ്പടർത്താൻ ആ നാടകത്തിന്‌ കഴിഞ്ഞു അതുകൊണ്ട്‌തന്നെ സർക്കാറും ജന്മിമാരും കൈകോർത്തുകൊണ്ട്‌ നാടകത്തിന്‌ എതിരെ കലാപം അഴിച്ചുവിട്ടു. പക്ഷേ ഓരോ അവതരണവേദികളിലും തടിച്ചുകൂടിയ പതിനായിരക്കണക്കിന്‌ ആസ്വാദകരുടെ ആവേശത്തിനുമുംബിൽ സർക്കാറിനും പ്രമാണിമാർക്കും മുട്ടുമടക്കേണ്ടിവന്നു. ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ മന്ത്രിസഭ (1957)യുടെ രൂപീകരണത്തിന്‌ ഇടയാക്കിയ സാഹചര്യം എന്ത്‌ എന്ന അന്നത്തെ അമേരിക്കൻ സാമ്രാജ്യത്തിന്റെ ചോദ്യത്തിന്‌ അവർ തന്നെ നിയോഗിച്ച രണ്ട്‌ പത്രപ്രവർത്തകർ (സി.ഐ.എ ചാരന്മാർ) കേരളത്തിലെത്തി പഠനം നടത്തിയതിനുശേഷം കണ്ടെത്തിയ ഉത്തരങ്ങളിൽ ഒന്ന് ‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ എന്ന നാടകത്തിന്‌ ഇ.എം.എസ്‌ മന്ത്രിസഭയെ അധികാരത്തിൽ ഏറ്റിയതിൽ ഗണ്യമായ പങ്കുണ്ടെന്നാണ്‌ .

തോപ്പിൽ ഭാസിയുടെ അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി, മുടിയനായ പുത്രൻ, സൂക്ഷിക്കരുത്‌, തുലാഭാരം തുടങ്ങിയ നാടകങ്ങൾ സമൂഹമനസ്സിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചവയാണ്‌ .

1953-ൽ പ്രതിഭ തിയ്യറ്റേഴ്സ്‌ അവതരിപ്പിച്ച പി ജെ ആന്റണിയുടെ ‘ഇൻക്വിലാബിന്റെ മക്കൾ’ കാത്തോലിക്കാസഭയിലെ അന്നത്തെ അനാചാരങ്ങൾക്കും അന്ധതക്കും എതിരായ പോരാട്ടമായിരുന്നു ‘ഇൻക്വിലാബ്‌ ‌’ എന്നാൽ ‘ദൈവം’ എന്നാണെന്നും ഇൻക്വിലാബ് സിന്ദാബാദ്‌ എന്നതിന്റെ അർത്ഥം ദൈവം ‘നശിക്കട്ടെ’ എന്നാണെന്നും അതുകൊണ്ട്‌ ആ മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളെ എതിർക്കണമെന്നും വിശ്വാസികളെ സഭ പഠിപ്പിച്ചിരുന്ന കാലത്ത്‌ ‘ഇൻക്വിലാബിന്റെ മക്കൾ’ അവതരിപ്പിച്ചുകൊണ്ട്‌ കാത്തോലിക്കാസഭയും സംബന്നമുതലാളിമാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിനെ ചോദ്യംചെയ്തു. സഭ അടങ്ങിയിരുന്നില്ല. ഗുണ്ടകളുടെ നേതൃത്വത്തിൽ നാടകക്കാരെ ആക്രമിക്കാൻ അരയും തലയും മുറുക്കി രംഗത്തുവന്നു. സർക്കാർ നാടകം നിരോധിച്ചു. പക്ഷെ ജനങ്ങൾ ആ പോരാട്ടനാടകത്തെ ഏറ്റെടുത്തു. പി ജെ ആന്റണിയുടെ സോക്രട്ടീസും സോഷ്യലിസവും കാളരാത്രിയും മണ്ണും രശ്മിയും ഒക്കെ പോരാട്ടവഴികളിലൂടെ സഞ്ചരിച്ച നാടകങ്ങൾതന്നെ മൂഷികസ്ത്രീ, പ്രളയം,അമ്മ, തീ, കാളരാത്രി തുടങ്ങി നൂറ്റിപ്പതിനഞ്ച്‌ നാടകങ്ങളിലൂടെ പി ജെ ആന്റണി ആ പോരാട്ടം തുടർന്നു.

1953-ൽ തന്നെയാണ്‌ കെ ടി മുഹമ്മദ്‌ മലബാറിൽ ‘ ഇത്‌ ഭൂമിയാണ്‌ ‘ എന്ന നാടകം അവതരിപ്പിക്കുന്നത്‌ അന്നത്തെ യാഥാസ്ഥിതിക മുസ്ലിംപ്രമാണിമാരെ ഈ നാടകം വിറളിപിടിപ്പിച്ചു. ഈ നാടകത്തിലെ കഥാപാത്രമായ ഖാലിദ്‌ ആവേശത്തോടെ പറയുന്നു “ഇസ്ലാംമതം അനുസരിക്കാൻ പറയുന്ന കർമ്മങ്ങളായ നോംബ്‌,നിസ്കാരം,ഹജ്ജ്‌ എന്നിവയൊക്കെ മനുഷ്യന്റെ മനസ്സിനേയും ജീവിതത്തേയും നന്നാക്കിത്തീർക്കാനുള്ളതാ. അതിനുള്ള കഴിവും അവയ്ക്കുണ്ട്‌ മതം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കഥ പറയാൻ വേണ്ടി വന്നതല്ല മനുഷ്യനേയും അതു വഴി ഈ ഭൂമിയേയും നന്നാക്കാൻ വേണ്ടിയുള്ളതാണ്‌.നമ്മുടെ മതക്കാനെങ്കിലോ മതത്തിന്റെ പേരിൽ ഭൂമിയെ തന്നെ മറക്കുകയും ചെയ്യുന്നു”

മുസ്ലിംസമുദായത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീത്വത്തെ അടുക്കളയിലും പർദ്ദയിലും തളച്ചിടുന്ന മുസ്ലിംപ്രമാണിമാരുടെ ചിന്തകൾക്കും ചെയ്തികൾക്കുമെതിരെ ‘ഇത്‌ ഭൂമിയാണ്‌ ‘ എന്ന നാടകത്തിലൂടെ കെ ടി മുഹമ്മദ്‌ വിട്ടുവീഴ്ച്ചയില്ലാതെ പോരാടി അതുകൊണ്ടാണ്‌ ഈ നാടകത്തിനും കൈയ്യടികൾക്കൊപ്പം കല്ലേറും കിട്ടിയത്‌.
‘കറവറ്റ പശു’ വിലും ‘കാഫറി’ലും എത്തിയപ്പോൾ കെ ടി ആ പോരാട്ടം ശക്തിപ്പെടുത്തി ‘സൃഷ്ടി’ എന്ന നാടകത്തിലൂടെ വിശപ്പിന്റെ പ്രത്യാശാസ്ത്രത്തെ പ്രേക്ഷകരുടെ തലച്ചോറിലേക്ക്‌ വൈദ്യുതീതരംഗംപോലെ കടത്തിവിട്ടു. 1970-കളിൽ കോഴിക്കോട്‌ സംഗമം തിയ്യറ്റേഴ്സ്‌ അവതരിപ്പിച്ച ഈ നാടകം പോരാട്ടവഴികളിൽ അതീവശ്രദ്ധേയമായ സൃഷ്ടിതെന്നെയായിരുന്നു. ‘സൃഷ്ടി’ക്കുശേഷമുള്ള സ്ഥിതി, സാക്ഷാത്ക്കാരം , സമന്വയം, സനാതനം, സന്നാഹം തുടങ്ങിയ കെ ടി യുടെ വേറിട്ട രചനാസംബ്രദായം സ്വീകരിച്ച നാടകങ്ങളും സമൂഹമനസ്സുകളെ ജ്വലിപ്പിച്ച നാടകങ്ങളായിരുന്നു.

” ഈ ലോകമൊന്ന് തിരിയണം അത്‌ വെറുതെ തിരിയുന്നതല്ല ചവിട്ടിത്തിരിക്കണം ” എന്ന് പ്രക്യാപിച്ച്‌ കൊണ്ട്‌ നാടകരംഗത്ത്‌ കടന്നുവന്ന എൻ എൻ പിള്ള ആക്ഷേപഹാസ്യത്തിന്റെ അകംബടിയോടെ മൂർച്ചയും കരുത്തുമുള്ള ഭാഷയിൽ നാടകങ്ങൾ എഴുതി അവതരിപ്പിച്ചുകൊണ്ട്‌ കപടസദാചാരത്തേയും അഴിമതിക്കാരായ ഭരണവർഗ്ഗത്തേയും അധികാരികളേയും വെല്ലുവിളിച്ചു.

1970-കളിൽ വിശ്വകേരള കലാസമിതി അവതരിപ്പിച്ച എൻ എൻ പിള്ളയുടെ ‘ക്രോസ്ബൽട്ട്‌ ‘ എന്ന നാടകം സത്യസന്ധതയും അഴിമതിയും തമ്മിലുള്ള ഏറ്റുമുട്ടലാണെങ്കിൽ കാപടസദാചാരത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചുചീന്തിക്കൊണ്ട്‌ സമൂഹത്തിൽ സ്ഫോടനം ഉണ്ടാക്കിയ നാടകമാണ്‌ ‘കാപാലിക’

ക്രോസ്ബെൽട്ട്‌ , കാപാലിക , ഈശ്വരൻ അറസ്റ്റിൽ , വിഷമവൃത്തം , പ്രേതലോകം , കണക്കു ചെംബകരാമൻ , സുപ്രീംകോർട്ട്‌ തുടങ്ങി 28 നാടകങ്ങളിലൂടെയും 40 ഏകാങ്കനാടകങ്ങളിലൂടെയും എൻ എൻ പിള്ള എന്ന നാടകകൃത്ത്‌ സമൂഹത്തോട്‌ കലഹിച്ചു .

ഒരാൾകൂടി കള്ളനായി , സത്രം , അഗ്നിപുത്രി , കാക്കപ്പൊന്ന് , കാട്ട്കുതിര , യുദ്ധം , കാലവർഷം , കുരുക്ഷേത്രം , വിലകുറഞ്ഞ മനുഷ്യൻ , സിംഹം ഉറങ്ങുന്ന  കാട്‌ തുടങ്ങിയ 29-ൽപ്പരം നാടകങ്ങളിലൂടെ എസ്‌ എൻ പുരം സദാനന്ദൻ സമൂഹമനസ്സിൽ കുടിയേറുകയും അവരുടെ ചിന്തകളെ ജ്വലിപ്പിക്കുകയും ചെയ്തു.

ഒരു ചെറുകഥ എഴുതിയതിന്റെ പേരിൽ കേരളത്തിൽ ആദ്യമായി ജയിലിൽ കഴിയേണ്ടിവന്ന പൊൻകുന്നം വർക്കി തീഷ്ണമായ സാമൂഹ്യവിമർശനങ്ങളിലൂടെ സമൂഹത്തെ ശുദ്ധീകരിക്കാൻ ശ്രമിച്ച നാടക കൃത്തു കൂടിയാണ്‌ . അദ്ദേഹത്തിന്റെ ‘ ആൾത്താര’ യും ‘ചലന’ വും ‘ വിശറിക്ക്‌ കാറ്റ്‌ വേണ്ട ‘ യും ‘ജേതാക്കളും’ പോരാട്ടങ്ങൾക്ക്‌ ശക്തിപകർന്ന നാടകങ്ങളാണ്‌ .
ശ്രീമൂലനഗരം വിജയൻ രചിച്ച കാളിദാസകലാകേന്ദ്രം അവതരിപ്പിച്ച ‘ യുദ്ധഭൂമി’ യും കണിയാപുരം രാമചന്ദ്രൻ രചിച്ച്‌ കെ.പി.എ.സി അവതരിപ്പിച്ച ‘ ഭഗവാൻ കാലുമാറുന്നു’ വും അന്ധവിശ്വാസങ്ങളേയും ആൾദൈവങ്ങളേയും ചോദ്യംചെയ്യുന്ന നാടകങ്ങളാണ്‌. ഭഗവാൻ കാലുമാറുന്നു കേരളത്തിലുടനീളം അവതരിപ്പിച്ചപ്പോൾ വർഗ്ഗീയവാദികൾ നാടകത്തിന്‌ എതിരായി നടത്തിയ യുദ്ധപ്രഖ്യാപനവും ആക്രമങ്ങളും കേരളം മറന്നുതുടങ്ങിയ ചരിത്രമല്ല, നമ്മുടെ തലമുറയുടെ ഓർമ്മകളിൽനിന്നും മായാതെ നിക്കുന്ന ചിത്രമാണ്‌ .

ചെറുകാടിന്റെ നമ്മളൊന്ന് , ഇ.കെ.അയമുവിന്റെ ജ്ജ്‌ നല്ല മന്‌സനാകാൻ നോക്ക്‌ , കാലടി ഗോപിയുടെ ഏഴുരാത്രികൾ, ഇബ്രാഹിം വെങ്ങരയുടെ ഒടിയൻ, കരിവള്ളൂർ മുരളിയുടെ ചെഗുവേര, പിരപ്പൻകോട്‌ മുരളിയുടെ സഖാവ്‌, ശ്രീമൂലനഗരം മോഹന്റെ അഷ്ടബന്ധം. അമരാവതി സബ്ട്രഷറി, ടി.എം.അബ്രഹാമിന്റെ അൽഭുതാങ്കണം. കെ.എസ്‌.നംബൂതിരിയുടെ സമസ്യ, പി.എം. ആന്റണിയുടെ കൃസ്തുവിന്റെ ആറാംതിരുമുറിവ്‌ തുടങ്ങിയ നാടകങ്ങൾ പോരാട്ടവഴികളിൽ കാലിടറാതെ സഞ്ചരിച്ച നാടകങ്ങളാണ്‌. വർത്തമാനകാലത്ത്‌ ഏറ്റവും കൂടുതൽ നാടകങ്ങൾ എഴുതിയിട്ടുള്ള ഫ്രാൻസീസ്‌ ടി.മാവേലിക്കരയുടെ ഏതാനും ചില നാടകങ്ങളും ചെറുന്നിയൂർ ജയപ്രസാദിന്റേയും ജയൻ തിരുമനയുടേയും ഹേമന്തകുമാറിനേയും മണിലാലിന്റേയും പ്രദീപ്‌ കാവുന്തറയുടേയും ചില നാടകങ്ങളും പോരാട്ടവഴികൾക്ക്‌ ശക്തിപകരുന്നവ തന്നെ. ഈ ലേഖകൻ രചനയും സംവിധാനവും നിർവഹിച്ച്‌ അവതരിപ്പിച്ച അമർഷം,വിഗ്രഹം,യവ്വനങ്ങളുടെ നൊംബരം,ഘോഷയാത്ര, മുന്നറിയിപ്പ്‌,മകരക്കൊയ്ത്ത്‌ നവംബറിന്റെ നൊംബരം, സീത തുടങ്ങിയ 40-ൽപരം നാടകങ്ങളും പോരാട്ടവഴികളിലൂടെ ചങ്കുറപ്പോടെ സഞ്ചരിക്കാൻ ശ്രമിച്ച നാടകങ്ങളാണ്‌ ( 29 നാടകങ്ങൾ ആലുവാ മൈത്രി കലാകേന്ദ്രം അവതരിപ്പിച്ചു).

അമച്വർ നാടകരൊഗത്ത്‌ പോരാട്ടനാടകങ്ങൾക്ക്‌ ശക്തിപകർന്നവരിൽ പ്രമുഖനാണ്‌ പി.എം.താജ്‌. അദ്ദേഹത്തിന്റെ കുടുക്ക തുടങ്ങിയ നാടകങ്ങൾ പ്രേക്ഷകരിൽ ആവേശം വിതച്ച നാടകങ്ങളായിരുന്നു. സുലൈമാൻ കക്കൊടിയുടെ തീൻമേശയിലെ ദുരന്തം പ്രേക്ഷകഹൃദയങ്ങളെ കീറിമുറിച്ചുകൊണ്ട്‌ സമൂഹത്തോട്‌ കലഹിച്ച നാടകമാണ്‌. എ.ആർ രതീശൻ, മാധവൻ കുന്നത്തറ, പുരുഷൻ കടലുണ്ടി, ത്രിവിക്രമൻ പിള്ള, ജോൺ ഫെർണാണ്ടസ്‌ , കെ.പി.എസ്‌ പയ്യനെടം , വൈക്കം ചന്ദ്രശേഖരൻനായർ, പി.ആർ ശിവൻ, അഡ്വ.വി.ഡി പ്രേമപ്രസാദ്‌, കെ.ജെ ബേബി, മധു മാസ്റ്റർ, ജയപ്രകാശ്‌ കുളൂർ, മാലൂർ ശ്രീധരൻ, കെ.എം രാഘവന്നംബ്യാർ, പി.കെ വേണുകുട്ടൻനായർ, പി.വി.കെ പനയാൽ, വാസു ചോറോട്‌, സതീഷ്‌ കെ സതീഷ്‌ , മുഹമ്മദ്‌ പുഴക്കര, സഹീറലി, സുരേഷ്‌ ബാബുശ്രീസ്ഥ, ദിനേശ്‌ പള്ളത്ത്‌ , വാസൻ പുത്തൂർ, സുന്ദരൻ പനങ്ങോട്‌, ചാക്കോ ഡി.അന്തിക്കാട്‌ തുടങ്ങിയവരും പോരാട്ടവഴികളിലൂടെ സഞ്ചരിച്ച നാടകകൃത്തുക്കളും സംവിധായകരുമാണ്‌. നാടുഗദ്ദിക, സ്പാർട്ടക്കസ്‌, അമ്മ, തുടങ്ങിയ നാടകങ്ങൾ പോരാട്ടവഴിയിലെ തീക്കാറ്റുകളായിരുന്നു. സി.എൽ ജോസ്‌ , പറവൂർ ജോർജ്ജ്‌, നെൽസൺ ഫെർണാണ്ടസ്‌, ജി.ശങ്കരപ്പിള്ള, സി.ജെ തോമസ്‌ തുടങ്ങിയവർ വേറിട്ട വഴികളിലൂടെ നാടകസഞ്ചാരം നടത്തി സമൂഹത്തോട്‌ സംവദിച്ചവരാണ്‌ . തനതു  അമരക്കാരൻ എന്നനിലയിൽ കാവാലം നാരായണപണിക്കർ ആ രംഗത്തെ അതീവ ശോഭയുള്ള നക്ഷത്രമാണ്‌.

പോരാട്ടവഴികളിലൂടെ സഞ്ചരിച്ച ഒത്തിരി നാടകങ്ങളും നാടൻ കലാകാരന്മാരും ഇനിയുമുണ്ട്‌. എന്റെ കാഴ്ചയിലൂടെയും വായനയിലൂടെയും പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയവരെ മാത്രമാണ്‌ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളത്‌. ഏറ്റവും പുതിയ തലമുറയിൽപ്പെട്ട അധികം ആരേയും പരാമർശിച്ചിട്ടില്ല. അവർക്കായി കാലം കാതോർത്തിരിക്കുന്നു. പിന്നാലെ അവരേയും നമുക്ക്‌ തേടിപ്പിടിക്കാം. അവരിൽ പലർക്കും കാലം ആവശ്യപ്പെടുന്ന പോരാട്ടവീര്യം നമുക്ക്‌ പ്രതീക്ഷയർപ്പിക്കാവുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടെന്ന് സമാധാനിക്കാം.

പോരാട്ടവഴികളിലൂടെ സഞ്ചരിച്ചിട്ടുള്ള കല നാടകം മാത്രമല്ല കഥാപ്രസംഗം, ഓട്ടൻതുള്ളൽ, സംഗീതം, നൃത്തം, ചിത്രകല എന്നിവയൊക്കെ പോരാട്ടവഴികൾക്ക്‌ കരുത്തുപകർന്ന കലാരൂപങ്ങളാണ്‌ ഈ ലേഖനത്തിലെ പ്രതിപാദ്യം നാടകത്തിൽ ഒതുക്കിയെന്നേയുള്ളു.

ആഗോളവൽക്കരണം അരങ്ങുതകർക്കുന്ന ഈ ആസുരകാലത്ത്‌ ഏതൊന്നും ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എന്ന് കോർപ്പറേറ്റുകൾ സമൂഹത്തെ ഇടതടവില്ലാതെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്‌ ഏതൊരു കലയും കേവലം കച്ചവടം മാത്രമായി മാറുന്നു. ലാഭകരമായ കച്ചവടത്തിൽ സമൂഹനന്മയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്ല. ലാഭത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ മാത്രമേയുള്ളൂ.പോരാട്ടങ്ങളേയും ലാഭകരമായി വിൽക്കാൻ കഴിയുമെങ്കിൽ അവർ അതും ചെയ്യും അതുകൊണ്ട്‌ തന്നെ പോരാട്ടവഴിയിലൂടെ സഞ്ചരിക്കുന്ന നാടക കലാകാരന്മാരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ജീവിക്കുന്ന കലാകാരന്‌ പോരാട്ടവീര്യം കുറയുക തന്നെചെയ്യും എങ്കിലും വിരൽചൂണ്ടി ഗർജ്ജിക്കുന്ന കലാകാന്മാർ കുറച്ചുപേരെങ്കിലും എക്കാലത്തും ബാക്കിയുണ്ടാകും. ഇപ്പോഴുമുണ്ട്‌. നാളെ ഉണ്ടാവുകയും ചെയ്യും.

No comments

Explore More

നോർക്കാ റെജിസ്ട്രേഷൻ ഇനി ഓൺലൈനായി ചെയ്യാം

നോർക്കാ റെജിസ്ട്രേഷൻ ഇനി ഓൺലൈനായി ചെയ്യാം :- നോർക്കാ ഡയറക്ടർ ഒ.വി.മുസ്തഫ. പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കിയ ആളാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ,ഒരു വർഷത്തിനുള്ളിൽ പ്രവാസി പുനരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതിക്ക് ഗവൺമെന്റ് ...