നിങ്ങൾ വിശ്രമിക്കുക ഗൗരി ….നിങ്ങൾക്കു വേണ്ടി ഇനി ഞങ്ങൾ ശബ്ദിക്കും..

0

ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വരുന്നത് കാലഗതി…തികച്ചും അസന്തുഷ്ടയും അതൃപ്തയുമാണ് ഞാൻ … ഞാനും മലയാളികൾ ഓരോരുത്തരും കത്തുന്ന കാലത്തെ കുറിച്ച് എഴുതുന്നത് മതാന്ധത ഇനിയും ബാധിച്ചില്ലാത്ത, സുരക്ഷിതമായ തലങ്ങളിൽ നിന്നാണ്…..

ഓർമ്മയുണ്ടോ ഹിച്ചുംഗി പ്രസാദിനെ? ദളിതൻ കവിത എഴുതി എന്നാരോപിച്ചു അവന്റെ കൈ വെട്ടി മുറിവേല്പിച്ചതോർമ്മയുണ്ടോ? “ഈ കൈ കൊണ്ടു നീ കവിതയെഴുതരുത്” എന്ന ആക്രോശത്തോടെ ഹിന്ദുത്വ ഭീകരർ കവിയുടെ കൈ വെട്ടി മാറ്റാൻ ശ്രെമിച്ചു. അതും കർണാടകത്തിലെ സന്ഘിവിഷഹൃദയങ്ങൾ തന്നെ . അവർ എങ്ങനെ അത് ചെയ്യാതിരിക്കും . അവൻ എഴുതിയ “ഞാൻ എഴുതുന്നത് “എന്ന കവിതയിലെ ചിലവരികൾ വായിക്കു

ദേശീയ പതാക വായിൽ കുത്തിത്തിരുകി
അക്രമം കാട്ടുന്നവരെക്കുറിച്ചു
ഞാൻ എഴുതുന്നു !
കണ്ണീരുണങ്ങാത്ത അമ്മമാരുടെ
ദുരിത ജീവിതത്തെക്കുറിച്ചും
ഭാരത സ്ത്രീയുടെ യുടെ ഉടുതുണി വലിക്കും
സംസ്കാരരക്ഷകരുടെ
അഴിഞ്ഞാട്ടത്തെക്കുറിച്ചും

അതെ കർണാടകത്തിൽ നിന്ന് ഗൗരി ലങ്കേഷും അവരുടെ ചെറുപത്രമായ ലങ്കേഷ് പത്രികെയും ഇന്ത്യൻ രാഷ്ട്രീയത്തെ തലങ്ങും വിലങ്ങും ആക്രമിക്കുന്നതിൽ തെല്ലും കൂസിയില്ല. മനസ്സിൽ ശരി എന്ന് തോന്നുന്നത് തുറന്നു പറയുക എന്നതിൽ അവർ ഉറച്ചു നിന്ന്, വിശ്വസിക്കുന്നത് മാത്രം എഴുതി. ആ 55 കാരി ധീരയും കുശാഗ്രബുദ്ധിയുമായിരുന്നു .

അവരുടെ വീക്ഷണം നേരോട് ചേർന്ന് നിന്ന്,ആയതിനാൽ അവർ ഇടതുപക്ഷക്കാരിയും ഹിന്ദുത്വവിരോധിയുമായി അറിയപ്പെട്ടു . മതനിരപേക്ഷത, ദളിതന്റെ , അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഒക്കെ അവകാശത്തിനായി അവർ തൂലിക പടവാളാക്കി. ഒരു ഫയർ ബ്രാൻഡ് എഴുത്തുകാരിയായ അവരുടെ തുടക്കം ഇംഗ്ലീഷ് പത്ര മാധ്യമങ്ങളായിരുന്നു . അവരുടെ ഫേസ്ബുക്, ട്വിറ്റെർ ഹാൻഡിലുകളിലൂടെ ഒന്ന് കടന്നു പോകൂ, അവരുടെ എഴുത്തിന്റെ മൂർച്ച അറിയാൻ. കനയ്യകുമാറിനെ , കർണാടകയിലേക്ക് ക്ഷണിച്ചു ഇവൻ എന്റെ മകൻ എന്ന് പ്രഖ്യാപിച്ചതും , വാർത്തകളിൽ വായിച്ചത് ഓർക്കുന്നു.

അച്ഛൻ പി ലങ്കേഷിന്റെ നേതൃത്വത്തിലാണ് ലങ്കേശ പത്രികെ എന്ന ടാബ്ലോയിഡ് തുടങ്ങിയത്. പരസ്യമില്ലാതെ വരിസംഖ്യ മാത്രമാണ് ഈ പത്രത്തിന്റെ വരുമാനം.
“ഗൗരി ലങ്കേഷ് പത്രികെ” , അച്ഛനിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടു മകൾ തന്റെ രാഷ്ട്രീയ, സാമൂഹിക ചിന്തകൾ ഉറക്കെ പ്രഖ്യാപിക്കാൻ ആരംഭിച്ചു .

കർണാടക നിയമസഭാ സാമാജികർക്കു പണ്ടേയുള്ള വാസനയാണ് താന്താങ്ങളുടെ പാർലമെന്ററി പ്രിവിലേജുകൾ ലംഘിക്കപ്പെട്ടു എന്നാരോപിച്ചു പത്ര മാധ്യമങ്ങൾക്കു നേരെയുള്ള അതിക്രമവും കടന്നു കയറ്റവും. 2016 നവംബറിൽ ഗൗരിയേയും ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു, ബി ജെ പി നേതാവ് പ്രഹ്ലാദ് ജോഷിയെ അപകീർത്തിപ്പെടുത്തി എന്ന ആരോപണത്തിൽ .

ഹംപിയിലെ കന്നഡ സർവ്വകലാശാലാ വൈസ് ചാൻസിലറും സാഹിത്യ രംഗത്തെ പണ്ഡിതനായിരുന്നു പ്രൊഫ. എം എം കൽബുർഗി. ബിംബാരാധനയ്ക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ഉറച്ച നിലപാടുകളുടെ കാരണത്താൽ 2015 ആഗസ്റ്റ് 30 ന് വീട്ടിനുള്ളിലേയ്ക്ക് അതിക്രമിച്ചു കയറിയ തോക്കുധാരികൾ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കൊലപാതകത്തെ ശക്തിയുക്തം എതിർക്കുകയും അതിനെതിരെ എഴുതുകയും ചെയ്തു ഗൗരി .
ചിഡ്ടു രാജഘട്ട ,( ടൈംസ് ഓഫ് ഇന്ത്യ ബ്ലോഗറും ഫോറിൻ ഒപ്പീനിയൻ കോളമിസ്റ്റും ) സഹപാഠിയും , സഹപ്രവർത്തകനും , അറിയപ്പെടാത്ത കുറച്ചു കാലം ജീവിതപങ്കാളിയും , പിരിഞ്ഞ ശേഷവും ആത്മ മിത്രവും ആയി വർത്തിക്കുന്ന അവരുടെ മരണവാർത്ത അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ കുറച്ചു
grace (സൗകുമാര്യം) integrity (സ്വാഭാവദാര്‍ഢ്യം) Courage (വിപദിധൈര്യം)
Rest in peace , Jana , The work will continue.

അതെ നിങ്ങളുടെ നെഞ്ചിലും കഴുത്തിലുമേറ്റ വെടിയുണ്ടകൾ നിങ്ങളുടെ നാവിനെ നിശബ്ദമാക്കിയെങ്കിൽ ഗൗരി, അനേകായിരം ഗൗരിമാർ ഉയർത്തെഴുന്നേൽക്കും.

തലകൾ കൊയ്താലും പേനകൾ മുനയൊടിച്ചാലും തീവ്ര ഹിന്ദുത്വ വാദികളെ, നിങ്ങളുടെ ആ കൊലപാതക അജണ്ടയിൽ നിന്നു ഇന്ത്യയെ പുറത്തു കടത്തുക തന്നെ ചെയ്യും . പ്രതികരിക്കുന്നവരെ നക്സൽ എന്നും ദേശദ്രോഹിയെന്നും മുദ്രകുത്തി കൊല്ലുന്ന നിങ്ങളുടെ വെടിക്കുഴലുകൾ തിരിച്ചു നിങ്ങളെ എരിക്കുന്ന കാലം വരുന്നു .

അനിഷ്യ ജയദേവ്

No comments

Explore More

പ്രവാസി പൊതുബോധവും സംഘടനകളും

പ്രവാസ ചരിത്രം ആരംഭിക്കുന്നത് അടിമത്ത കാലത്താണ്. അടിമത്വം നിലനിന്നിരുന്ന കാലത്ത് തോട്ടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിത പ്രവാസം ഉണ്ടായിരുന്നു. അടിമത്വം അവസാനിച്ചപ്പോൾ കരാർ ജോലി എന്ന പേരിൽ അവർ തോട്ടങ്ങളിലെത്തിപ്പെട്ടു. എന്നാൽ മലയാളി പ്രവാസത്തിന്റെ ...