നിശ്ശബ്ദകൊലപാതകങ്ങളെക്കുറിച്ച്…

0

ഇന്നു കണ്ടവരെ നാളെക്കാണാനില്ല എന്ന സ്ഥിതി ഫാഷിസ്റ്റ് ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന സമ്മാനമാണ്. നമുക്കിടയിൽ കാണുന്നവർ ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷമാക്കപ്പെടും. ഒരു മകനുവേണ്ടി ഈച്ചരവാര്യർക്ക് മരണം വരെ കയറിയിറങ്ങി നടക്കാനുള്ള കോടതിവരാന്തകളെങ്കിലും അടിയന്തരാവസ്ഥ ബാക്കിവെച്ചിരുന്നു. ഇന്ത്യൻ ഫാഷിസം അതും ബാക്കിവെക്കില്ല. കാണാതായവരെക്കുറിച്ച് അധികം സംസാരിക്കുന്നവർ കൂടി നാളെയൊരിക്കൽ കാണാതായേക്കുമെന്നല്ലാതെ അവർക്ക് ചെന്നുമുട്ടാൻ ഭരണഘടനയുടെ വാതിൽപ്പുറങ്ങൾ ഇനി അവശേഷിക്കില്ല. നിങ്ങളീ നാട്ടിൽ ജീവശ്ചവമായിട്ടല്ല, മനുഷ്യനായാണ് ജീവിക്കാനാഗ്രഹിക്കുന്നതെങ്കിൽ ഒറ്റവെടിക്കോ ഒറ്റവെട്ടിനോ തീർപ്പുകൽപ്പിക്കപ്പെടുന്ന മനുഷ്യലോകം മുന്നിലെത്തിക്കഴിഞ്ഞു. മരിച്ചവരുടെ മഹാഘോഷയാത്രയിൽ ആൾത്തിരക്കേറുകയാണ്. പൻസാരെയും ദാബോൽക്കറും കിർവാലേയും കൽബുർഗിയും ഇപ്പോൾ ഗൗരി ലങ്കേഷും – ഇനിയും. ഇനിയും.
സനാതൻ സൻസ്ത മുതൽ ആർ എസ് എസ് വരെ, ശിവസേന മുതൽ ഹനുമാൻ സേന വരെ, ഹിന്ദുജാഗരൺ സമിതി മുതൽ ഹിന്ദു ഐക്യവേദി വരെ – പലദേശത്തിൽ പലവേഷത്തിൽ പലപലഭാഷയിൽ ഒരേ വിജബീജത്തിന്റെ വേരുകൾ മണ്ണിലാഴ്ന്നിരിക്കുന്നു. അസഹിഷ്ണുതയുടെ, മുസ്ലീം വിദ്വേഷത്തിന്റെ, ദളിത് വിരുദ്ധതയുടെ, കപടദേശസ്നേഹത്തിന്റെ, സ്ത്രീവിരുദ്ധതയുടെ, ആൾദൈവാഭിനിവേശത്തിന്റെ – ഇങ്ങനെ നൂറുനാവുകളുള്ള വിഷസർപ്പമായി ഇന്ത്യ ഗ്രസിക്കപ്പെടുകയാണ്. ചെയ്തൊരു കുറ്റവും ഫാഷിസം ഏറ്റെടുക്കുകയില്ല. കുട്ടികൾക്ക് പൂക്കൾ നൽകുന്ന സൗമ്യനായ ഹിറ്റ്ലർ ഇന്ന് ഓരോ നാട്ടിലും പിറന്നുകഴിഞ്ഞു. പുറമേയ്ക്ക് വെട്ടിയൊതുക്കപ്പെട്ട ചിരിയും സമസ്തലോകത്തിനും സുഖിനോ ഭവന്തു മന്ത്രവുമായി, ഇടയ്ക്കിടെ ചീറ്റുന്ന വിഷസഞ്ചിയുമായി, ആഞ്ഞുകൊത്താനുള്ള തക്കവും പാർത്ത് നമുക്കിടയിലുണ്ട് അവരെല്ലാവരും.
ഇനിയും നിങ്ങൾ പറയൂ, നിങ്ങൾ വെറുതേ പേടിപ്പിക്കുകയാണെന്ന്. മനുഷ്യരായി ജീവിക്കുന്നവർക്ക് സ്വാഭാവികമരണം അസ്വാഭാവികമായിത്തീർന്ന നാട്ടിൽ ഇരുന്നുതന്നെ പറയൂ.

ശ്രീചിത്രന്‍ എം ജെ

No comments

Explore More

ആത്മഹത്യ സമരായുധമാക്കിയ രോഹിത് വെമൂല

ആത്മഹത്യ ഉജ്വലമായ ഒരു സമരായുധമായി ഉപയോഗിക്കാമെന്ന് രോഹിത് വെമുല ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.അതു് കേവലം സസ്പെൻഷനും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതിനും പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്തിയതിനും എതിരായ സമരമായിരുന്നില്ല.അല്ലെങ്കിൽ, ഹൈദരാബാദ് സെൻട്രൽ യുനിവെഴ്സിറ്റി അടക്കമുള്ള ...