ശ്രീനാരായണഗുരു – ഹിന്ദു സന്യാസിയോ, മാനവികതയുടെ ദാർശനീകാചാര്യനോ ?

0
കേരളത്തിൻറെ അസന്തുലിതമായിരുന്ന സാമൂഹിക മണ്ഡലത്തിൽ ശ്രീനാരായണ ഗുരു നടപ്പിലാക്കാൻ ശ്രമിച്ച ദാർശനിക പരീക്ഷണങ്ങൾ ഏതു വിധത്തിലായിരുന്നു ? ഓരോ ഘട്ടത്തിലും അദ്ദേഹത്തിൻറെ ഇടപെടൽ എപ്രകാരമായിരുന്നു ?  അത് ഒരു ഹിന്ദു സന്യാസിയായിട്ടായിരുന്നോ ?
ശ്രീനാരായണഗുരുദർശനങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന വർത്തമാന സാഹചര്യത്തിൽ, നമ്മളോരോരുത്തരെയും പലവിധത്തിൽ കുഴപ്പിക്കുന്ന ചോദ്യമാണിത്.  ഗുരുവിൻറെ പ്രസക്തമായ ‘ജാതിയില്ല വിളംബരം’ നൂറാം വാർഷികത്തെ ഘോഷിക്കുമ്പോൾ തന്നെ, ഗുരുവിനെ പ്രത്യേകമൊരു ജാതിയിലേക്കും മതത്തിലേക്കും തളച്ചിടാനുള്ള ശ്രമങ്ങളാണ് കൊണ്ടുപിടിച്ചു നടക്കുന്നത്.   അതുകൊണ്ടുകൂടിയാണ്,  കേരളത്തിൻറെ നവോഥാന മുന്നേറ്റത്തിൽ ഗുരുവിൻറെ ഇടപെടൽ ഏതുവിധത്തിലായിരുന്നു  എന്ന് കേരളസമൂഹം വിശകലനം ചെയ്യേണ്ടത് ആവശ്യമാണ് മാറുന്നതും.
ജാതീയതയും അതിൻ്റെ തുടർച്ചയായ ഉച്ചനീചത്വങ്ങളും കൊണ്ട് ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച നാടാണ് കേരളം. ഇത്തരം അനാചാരങ്ങളെയും അസമത്വങ്ങളെയും തുടച്ചു മാറ്റി, കേരളത്തെ ഒരു നവസമൂഹമായി ഉയർത്താൻ അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താവ് എന്നാണു ഗുരുവിനെ നമ്മൾ മനസ്സിലാക്കുന്നത്. ജാതിമതഭേദങ്ങളെ വിട്ടൊഴിഞ്ഞ് മനുഷ്യ സാഹോദര്യത്തിൻ മേൽ, വിശ്വ മാനവികതയെ സ്ഥാപിക്കാനാണ് ഓരോ ഘട്ടത്തിലും ഗുരു ശ്രമിച്ചത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അത്തരമൊരു വ്യക്തിയെ വെറും ഒരു ഈഴവഗുരുവായി ഒതുക്കിക്കാണിക്കാൻ നമുക്കിടയിൽ ഒരു സാമുദായിക നേതാവുണ്ടായി. ഒരു പടികൂടികടന്ന്, “നാം ജാതിയെയും മതത്തെയും വിട്ടൊഴിഞ്ഞിട്ട് സംവത്സരങ്ങളായി” എന്ന് പരസ്യമായി പ്രഖ്യാപിച്ച ഗുരുവിനെ ഹിന്ദു സന്യാസി എന്ന് ലേബൽ ചെയ്യാൻ ഒരു വർഗ്ഗീയ സംഘടനയുണ്ടായി. ദുർവ്യാഖ്യാനങ്ങൾക്കു അതീതമായി, തൻ്റെ ജാതിയില്ല വിളംബരത്തെ ചരിത്രപരമായി തന്നെ അടയാളപ്പെടുത്തിയ ഗുരുവിൻറെ വ്യക്തിത്വത്തെ വികലമാക്കിക്കൊണ്ട്, ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഏതൊരു ശ്രമത്തെയും ഒരു വാക്കുകൊണ്ടെങ്കിലും പ്രതിരോധിക്കാൻ, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന നവോഥാന മുന്നേറ്റങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ഓരോ കേരളീയനും ബാധ്യതയുണ്ട്.
ഇതിത്രയേറെ, ചർച്ച ചെയ്യപ്പെടേണ്ടതാണോ എന്നതരം ചില ചോദ്യങ്ങൾ പലഭാഗത്തുനിന്നും ഉയർന്നു കേൾക്കുകയുണ്ടായി. നമുക്കറിയാം, ചരിത്രത്തിൽ ഇതിനുമുൻപും, സമൂഹത്തിൽ ചലനങ്ങളുണ്ടാക്കിയ പലരും ഇത്തരത്തിൽ വളച്ചൊടിക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. “ആദ്യം അവർ കമ്യുണിസ്റ്റുകളെ തേടി വന്നു, ഞാൻ അനങ്ങിയില്ല, കാരണം ഞാനൊരു കമ്യുണിസ്റ്റ് അല്ലായിരുന്നു…” എന്ന നിമോളർ കവിതപോലെ, ആദ്യം അവർ ഗുരുവിനെ ഈഴവ ഗുരുവാക്കി, നമ്മൾ അനങ്ങിയില്ല.., പിന്നെയവർ അദ്ദേഹത്തെ ഹിന്ദു സന്യാസിയാക്കി, ഇപ്പോഴും നമ്മൾ അനങ്ങുന്നില്ല എങ്കിൽ, നാളെയവർ ഗുരുവിനെ ആർ എസ് എസ് /വിശ്വ ഹിന്ദു ആചാര്യൻ ആയി അവതരിപ്പിച്ചേക്കും. അപ്പോഴേക്കും തിരിച്ചു പിടിക്കാൻ കഴിയാത്തവിധം ഗുരുവിൻ്റെ ദർശനങ്ങളും സ്വത്വം തന്നെയും അവർ വികൃതമാക്കിയിരിക്കും.
1916 നാണ് നമുക്ക് ജാതിയില്ല എന്ന വിളംബരം ഗുരു പ്രസിദ്ധീകരിച്ചത്. വിളംബരം ഇങ്ങനെ:
“നാം ജാതി മതഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലിലും ചേര്‍ക്കു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.”
ഇത്രയും ശക്തവും വ്യക്തവുമായ ഭാഷയിൽ, ജാതിയെയും മതത്തെയും തള്ളിയ ഒരാളെ പിന്നെയും, ഏത് അർത്ഥത്തിലാണ് ചിലർ ഹിന്ദു സന്യാസി എന്ന് ഒതുക്കുന്നത് ?
നാരായണഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ തൽപരകക്ഷികൾ നിരത്തുന്ന ചില വാദങ്ങൾ രസകരമാണ്.
ശ്രീനാരായണഗുരു 50 ഓളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു, അവിടെല്ലാം ശിവനും, സുബ്രഹ്മണ്യനും മുതലുള്ള ഹൈന്ദവ ദൈവങ്ങളെ സ്ഥാപിച്ചു എന്നതാണ് പ്രധാനമായി ഉയർന്നു കേൾക്കുന്ന ഒരു വാദം. എന്നാൽ, വിഗ്രഹപ്രതിഷ്ഠയുള്ള അമ്പലങ്ങൾ സ്ഥാപിക്കാൻ ഗുരുവിനെ പ്രേരിപ്പിച്ച ചിന്ത എന്തായിരുന്നു ? ഇതിനുള്ള വിശദീകരണം പിന്നീട്, ആലുവ സർവ്വമത സമ്മേളന വേദിയിൽ വച്ച് ഗുരു തന്നെ നൽകിയിട്ടുണ്ട്. ഗുരുവിൻറെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഏറെ പ്രസകതമായ ആ സന്ദർഭത്തെക്കുറിച്ച് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ് :
1924 ൽ  ഗുരു അധ്യക്ഷനായിരിക്കുന്ന ചടങ്ങിൽ വെച്ച്, ഗുരുവടക്കമുള്ളവർ നടത്തുന്ന വിഗ്രഹപ്രതിഷ്ഠകളെ വാഗ്ഭടാനന്ദൻ നിശിതമായി വിമർശിച്ചു. അനാചാരങ്ങളെ അടർത്തിമാറ്റിയാണ് നവോത്ഥാനകേരളം സൃഷ്ടിക്കേണ്ടതെന്നും വാദിച്ചു. ഇതു കേട്ട് അക്ഷോഭ്യനായി ശ്രീനാരായണഗുരു പറഞ്ഞു : “കുഞ്ഞിക്കണ്ണൻ പറഞ്ഞത് ശരിയാണ്.” കേട്ടവർ അമ്പരന്നു. തുടർന്ന് സംസാരിച്ചത് ഗുരുവിൻ്റെ ശിഷ്യനായ മുനി ശിവപ്രസാദായിരുന്നു. വാഗ്ഭടാനന്ദൻ പറഞ്ഞതെല്ലാം തെറ്റാണെന്നും വിഗ്രഹപ്രതിഷ്ഠകൾ അനിവാര്യമാണെന്നും ശിവപ്രസാദ് വാദിച്ചു.”ശിവപ്രസാദ് പറഞ്ഞതും ശരി തന്നെ!” എന്നായിരുന്നു ഗുരുവിൻറെ പ്രതികരണം. വിരുദ്ധമായ രണ്ടഭിപ്രായങ്ങളെ ശരിവെച്ച ഗുരുവിനോട് സദസ്സ് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ശ്രീനാരായണഗുരു പറഞ്ഞതിങ്ങനെയാണ്:
” കുഞ്ഞിക്കണ്ണൻ പറഞ്ഞത് വിജ്ഞാനികളെ സംബന്ധിച്ചിടത്തോളം ശരിയാണ്.ശിവപ്രസാദ് പറഞ്ഞത് അജ്ഞാനികളെ സംബന്ധിച്ചിടത്തോളം ശരിയാണ്.”
നോക്കൂ.., ഒരു ജ്ഞാനിയെ വെളിപ്പെടുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. ശരികൾ ആപേക്ഷികമാണ്. വിഗ്രഹ പ്രതിഷ്ഠകൾ ആവശ്യമില്ലെന്ന വാക്ഭടാനന്ദൻ്റെ വാദം വിജ്ഞാനികൾക്ക് ശരിയാണ്. വിഗ്രഹ പ്രതിഷ്ഠകൾ ആവശ്യമാണെന്ന ശിവപ്രസാദിൻറെ വാദം അജ്ഞാനികൾക്ക് ശരിയാണ്. ഒരു സമൂഹം വിജ്ഞാനികളായി മാറുമ്പോൾ മാത്രമേ അവർക്കു അന്നുവരെ പിന്തുടർന്നിരുന്ന വിശ്വാസങ്ങളിലെ, ആചാരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയാനാവൂ; വിഗ്രഹങ്ങൾ പോലുള്ള അനാചാരങ്ങളെ ഒഴിവാക്കാനാവൂ എന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. കാരണം, ഗുരു ജ്ഞാനത്തെ സ്പർശിച്ചവനാണ്.  എന്നാൽ, അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന സമൂഹം, അജ്ഞരായിരുന്നു. അന്ന് അവർക്കിടയിൽ ഉണ്ടായിരുന്ന  ജാതീയവും സാമൂഹ്യവുമായ അനേകം ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കും കാരണം ഈ അജ്ഞതയാണ് എന്നും അദ്ദേഹം അറിഞ്ഞു. ഈ അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേക്കു എത്തിച്ചേരുക എന്നത് ശ്രമകരവും സമയബന്ധിതവുമായ ഒരു പ്രക്രിയയാണ്. അതുവരെ പക്ഷെ, അവർക്ക് മുന്നോട്ടു പോകാൻ, മതങ്ങളും ആചാരങ്ങളും പ്രാർത്ഥനയും എല്ലാം ആവശ്യമാണ് എന്ന ജ്ഞാനം ഗുരുവിനുണ്ടായിരുന്നു. വിദ്യാഭ്യാസവും സാമ്പത്തിക ഉന്നമനവും, സാമൂഹിക പുരോഗതിയും കൈവരുന്നതോടെ സമൂഹത്തിൻറെ ചിന്താഗതിയിലും മാറ്റമുണ്ടാവുകയും അവർ തിരിച്ചറിവിൽ എത്തിച്ചേരുമെന്നും, അതുവരെ തുടർന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവർ സ്വയം വിട്ടൊഴിയുമെന്നും ഗുരു കണക്കുകൂട്ടി.
അതുമാത്രമല്ല, അന്ന് സമൂഹത്തെ കാർന്നുതിന്നിരുന്ന ഏറ്റവും വലിയ ദുരവസ്ഥ മതമോ, മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഈശ്വര സങ്കല്പങ്ങളോ ആയിരുന്നില്ല; അതിനേക്കാൾ, ദുഷിച്ചു ജീർണ്ണിച്ച ജാത്യാന്തരമായിരുന്നു. സവര്ണനും അവർണനും തമ്മിലുള്ള അന്തരമായിരുന്നു. ഈ അന്തരമെന്നത് ഒന്ന് കൈയ്യെത്തിച്ചു പിടിച്ചാൽ നികത്താവുന്ന ഒന്നായിരുന്നില്ല. വിദ്യാഭ്യാസം നേടാൻ അവകാശമുള്ളവനും ഇല്ലാത്തവനുമെന്ന്, സമ്പത്തുള്ളവനും ഇല്ലാത്തവനുമെന്ന്, സാമൂഹിക സ്ഥാനമാനങ്ങൾ ഉള്ളവനും ഇല്ലാത്തവനുമെന്ന്, സവർണ ഈശ്വരന്മാരും ആരാധനാലയങ്ങളുമുള്ളവനെന്നും ഇല്ലാത്തവനെന്നുമെല്ലാമായി എണ്ണമറ്റ അന്തരങ്ങളായിരുന്നു. ഇത്രമേൽ ദുഷിച്ച ജാത്യാന്തരം ഇല്ലാതാക്കാൻ ആദ്യം പറിച്ചു കളയേണ്ടിയിരുന്നത് ജാതിചിന്തകളെ തന്നെയായിരുന്നു. ഏതൊരാൾക്കും അയാൾ ആഗ്രഹിക്കുന്ന ഈശ്വരനെ, ആഗ്രഹിക്കുന്ന രീതിയിൽ ആരാധന സാധ്യമാകുന്ന സാഹചര്യം ഉണ്ടാക്കുക എന്നതായിരുന്നു ഒന്നാം ഘട്ടം. അതുകൊണ്ടാണ്, 1888 ൽ അരുവിപ്പുറത്ത് അദ്ദേഹം അമ്പലം സ്ഥാപിച്ച്, ശിവ പ്രതിഷ്ഠ നടത്തിയത്. അദ്ദേഹം അവിടെ സ്ഥാപിച്ചത് കേവലം ഒരു വിഗ്രഹമായിരുന്നില്ല. അതിനേക്കാൾ,
അവർണ്ണന്റെ ആത്മാഭിമാനത്തെയാണ്. കീഴാള ജനതയുടെ സംഘടിത ശക്തിയെയാണ് ഗുരു അന്ന് സ്ഥാപിച്ചത്.
വിഗ്രഹത്തോടൊപ്പം ഗുരു മറ്റൊന്നുകൂടി അവിടെ സ്ഥാപിച്ചിരുന്നു.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’ എന്നാണ് അരുവിപ്പുറം ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് ശേഷം അദ്ദേഹം എഴുതിവച്ചത്. ജാതിമത സങ്കല്പങ്ങളോടുള്ള ഗുരുവിൻറെ നിലപാട് ഈ ആദ്യ പ്രതിഷ്ഠയിൽ തന്നെ, അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു ആരാധനാലയമുണ്ട്; എന്നാൽ, ഇത് എല്ലാവർക്കുമുള്ളതാണ്; ഇവിടെ ജാതിഭേദങ്ങളില്ല; മതഭേദമോ മതദ്വേഷമോ ഇല്ല. എല്ലാ മനുഷ്യരും സോദരരായി കാണപ്പെടുന്ന മാതൃകാസ്ഥാനമാണിത്. ഗുരുവിന്റെ നയം വളരെ വ്യക്തമാണ്. യാതൊരു തരം സംശയങ്ങൾക്കും യാതൊരു തരത്തിലുമുള്ള ദുർവ്യാഖ്യാനങ്ങൾക്കും ഇടകൊടുക്കാതെയാണ് ഗുരു തന്റെ ആശയങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നത്. അജ്ഞരായ സമൂഹം പതുക്കെ വിജ്ഞാനത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയെ മുൻനിറുത്തി ഗുരു വിഭാവനം ചെയ്ത ദാർശനിക പരീക്ഷണങ്ങളുടെ ആദ്യഘട്ടം എന്ന് ഇതിനെ വിളിക്കാം.
വേദധർമ്മത്തിനു വിരുദ്ധമായ വിഗ്രഹ പ്രതിഷ്ഠ.
അരുവിപ്പുറത്ത് സ്ഥാപിക്കപ്പെട്ടത് ഹിന്ദുത്വമല്ല എന്നതിന് മറ്റൊരു സാധൂകരണം കൂടി ചൂണ്ടിക്കാണിക്കാനാവും. ഹിന്ദു ധർമ്മത്തെ നിഷേധിച്ചുകൊണ്ടുള്ള ആ വിഗ്രഹ പ്രതിഷ്ഠ തന്നെയാണ് ആ സാധൂകരണവും. ഹിന്ദു വേദധർമ്മമനുസരിച്ച്, ക്ഷേത്രങ്ങളിൽ, എന്നല്ല, എവിടെയായാലും ദേവ വിഗ്രഹ പ്രതിഷ്ഠകൾ നടത്താൻ അനുശാസിക്കപ്പെട്ടവർ ബ്രാഹ്മണർ മാത്രമായിരുന്നു. ഈ ഹിന്ദു വേദാനുശാസനയെ പിന്തുടർന്നിരുന്ന ഒരു ഹിന്ദു ആയിരുന്നു ഗുരുവെങ്കിൽ ഒരു കാരണവശാലും ഒരു ദേവപ്രതിഷ്ഠ നടത്താൻ അദ്ദേഹം തുനിയില്ലായിരുന്നുവല്ലോ.  അതിനു പകരം, ഈ ഹിന്ദു ധർമ്മത്തെ, വേദ ധർമ്മത്തെ സനാതനധർമ്മത്തെ നേർക്കുനേർ ചോദ്യം ചെയ്തുകൊണ്ടാണ്, ബ്രാഹ്മണ അപ്രമാദിത്തത്തിനു കനത്ത പ്രഹരമേല്പിച്ചുകൊണ്ടാണ് അരുവിപ്പുറത്ത് ആദ്യ പ്രതിഷ്ഠ അദ്ദേഹം നടത്തിയത്.  പിന്നീടങ്ങോട്ട്, ഏതാണ്ട് 50 ഓളം ക്ഷേത്രങ്ങളിൽ പലതിലും,  ശിവലിംഗം മാത്രമല്ല സുബ്രഹ്മണ്യനേയും വിഷ്‌ണുവിനേയും ദേവിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു.
പിന്നീട് കാല്‍നൂറ്റാണ്ടിനുശേഷം കളവങ്കോട് ക്ഷേത്രത്തിൽ വിഗ്രഹത്തിനു പകരം വെറുമൊരു കണ്ണാടി പ്രതിഷ്ഠയെ ഗുരുവിൻറെ നവോഥാന പരീക്ഷണങ്ങളുടെ രണ്ടാംഘട്ടം എന്നു നോക്കിക്കാണാം. അജ്ഞരായിരുന്ന സമൂഹത്തിൽ ചിലരെങ്കിലും വിജ്ഞാനത്തിലേക്കു പ്രവേശിക്കുന്നു എന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെ പുതിയ ചുവടുവയ്പ്പിന് പ്രേരിപ്പിച്ചത് എന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രങ്ങളും പ്രതിഷ്ഠകളും വേണ്ടതുണ്ടോ, ഇല്ലയോ എന്നുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ തർക്കത്തെ തുടർന്നാണ്, കണ്ണാടി പ്രതിഷ്ഠ എന്ന ആശയത്തിലേക്ക് ഗുരു വന്നെത്തിയത്. ഇനി വിഗ്രഹങ്ങൾ ആവശ്യമില്ല. “നീ തന്നെയാണ് നിന്റെ ഈശ്വരന്‍; നിന്നിലാണ് ആത്മാവും ചൈതന്യവും” എന്ന  തിരിച്ചറിവിനെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ ജനസമൂഹത്തിൽ  ഒരു വിഭാഗം അന്ന് അത്രകണ്ട് വളര്‍ന്നിരുന്നു.
‘ഒരുപക്ഷേ നാളേറെ കഴിയുമ്പോള്‍ ആളുകള്‍ക്ക് ക്ഷേത്രങ്ങള്‍ ആവശ്യമില്ലാതെ വരും. അന്ന് നാടൊട്ടുക്കു നടന്ന് ക്ഷേത്രങ്ങള്‍ പണിത ഒരാള്‍ എന്നു പറഞ്ഞ് കേരളീയര്‍ എന്നെ കുറ്റപ്പെടുത്തുമോ?’ എന്ന് ഒരു ഘട്ടത്തില്‍ ഗുരു സന്ദേഹിച്ചിരുന്നതായി പല ചരിത്രാന്വേഷികളും രേഖപ്പെടുത്തുന്നു. എന്നാൽ,  ‘ക്ഷേത്രങ്ങള്‍ എന്ന നിലയില്‍ നാം ഈ പണിയുന്നത് കെട്ടിടങ്ങള്‍ ആണല്ലോ. ഭാവികേരളത്തിന് ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ആതുരാലയങ്ങളോ, വ്യാപാര സ്ഥാപനങ്ങളോ ആക്കി മാറ്റി ഉപയോഗിക്കാമല്ലോ.’ എന്നാണു ഗുരു ഈ സമസ്യയ്ക്ക് പരിഹാരമായി നിർദ്ദേശിക്കുന്നത്.
‘ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്,
ഒരുയോനിയൊരാകാരമൊരു ഭേദവുമില്ലതില്‍’ .
പരിധികളില്ലാതെ വ്യാഖാനിച്ചു വഷളാക്കിയ ഗുരു ദർശനമാണിത്. ഗുരു ജാതിയെ തള്ളിയിട്ടില്ല, മനുഷ്യർക്ക് ഏതെങ്കിലും ഒരു ജാതിയും, ഒരു മതവും ആകാം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നുവരെ ഈ വരികൾ വളച്ചൊടിക്കപ്പെട്ടു.
വേദ ധർമ്മം അനുശാസിക്കുന്ന ചാതുർവർണ്യ സങ്കൽപ്പത്തിനു നേർക്കുള്ള ഗുരുവിന്റെ വിയോജിപ്പുകൂടിയാണിത്.  ചാതുർവർണ്യ സങ്കൽപ്പമനുസരിച്ച്, ബ്രാഹ്മണര്‍ ബ്രഹ്മാവിന്റെ മുഖത്തു നിന്നും, ക്ഷത്രിയര്‍ ബ്രഹ്മാവിന്റെ കൈകളില്‍ നിന്നും,  വൈശ്യര്‍ തുടയില്‍ നിന്നും, അടിമകളുടേയും വേലക്കാരുടേയും ജാതിയായ ശൂദ്രര്‍ ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നും ജനിച്ചവരായാണ് വിശ്വസിക്കുന്നത്. എന്നാൽ ഗുരു ഈ ഭോഷ്കിനെ തിരുത്തുന്നു : ഈ ഭൂമുഖത്തെ മുഴുവൻ മനുഷ്യരും സ്ത്രീയോനിയിൽ നിന്നാണ് ജനിക്കുന്നത്. അല്ലാതെ, ഏതെങ്കിലും ദൈവത്തിൻറെ മുഖത്തുനിന്നോ കയ്യിൽ നിന്നോ തുടയിൽനിന്നോ ഒന്നുമല്ല. അതുകൊണ്ടു തന്നെ, ആ ചിന്തയുടെ അടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥയിലും അർത്ഥമില്ല. മനുഷ്യനായി ജനിക്കുന്ന എല്ലാവര്ക്കും ഒരേ ആകാരവുമാണ്. ഇത്തരത്തിൽ മനുഷ്യർക്ക് മനുഷ്യൻ എന്ന ഒരേജാതിയേയുള്ളൂ.
ലോകത്തുള്ള സമസ്തമനുഷ്യരുടെയും ഉത്പത്തിയും പിറവിയും രൂപഭാവാദികളും ഭേദമില്ലാത്തതാകയാല്‍ മനുഷ്യന്‍ ഒരു ജാതിയാണ്. ‘മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ’ ഈ ലോകത്തുള്ള മുഴുവന്‍ ഗോക്കളുടെയും ഉത്പത്തിയും പിറവിയും ലക്ഷണവും ഒരുപോലെയാകയാല്‍ ഗോവിന്റെ ജാതിയെന്നത് ഗോത്വം ആയിരിക്കുന്നു എന്നതുപോലെ മനുഷ്യന്റെ ജാതിയെന്നത് മനുഷ്യത്വമാകുന്നുവെന്ന് ഗുരു വെളിപ്പെടുത്തുന്നു.
സത്യദർശികളായ മഹത്തുക്കൾക്ക്‌ ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായത്തെയാണ്‌ മതമെന്നു പറയുന്നതെന്ന്‌ മതത്തെ ഗുരു നിർവചിച്ചു.
ലോകത്തുള്ള എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ “ഏകമതം” എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെക്കുറിച്ചുള്ള തൻ്റെ ചിന്തനീയമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
“പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം”
പക്ഷെ,നിർഭാഗ്യകരമെന്നു പറയട്ടെ, ജാതിക്കോ മതത്തിനോ ഗുരു നൽകിയ നിർവ്വചനങ്ങൾ പൂർണമായി ഉൾക്കൊള്ളാനോ പിന്തുടരാനോ അദ്ദേഹത്തിന്റെ അനുയായികൾക്കോ, സഹകാരികൾക്കോ കഴിഞ്ഞില്ല.
ഒടുവിൽ ഒന്നുകൂടി നാം ഓർക്കണം : അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ച്, അദ്ദേഹം ശ്രീനാരായണധര്‍മ്മപരിപാലനയോഗം രൂപീകരിക്കുമ്പോൾ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലെങ്ങും ജാതീയമായ പരിഗണന ഉണ്ടായിരുന്നില്ല. എല്ലാത്തരം ആളുകളെയും, എല്ലാ ജാതിയിലും എല്ലാ മതത്തിലും പെട്ടവരെയും തൻ്റെ ദർശനങ്ങൾക്ക് കീഴിൽ ഒരുമിപ്പിച്ച്, ജാതിമത വ്യത്യാസ ചിന്തകളെ കേരളത്തിൽ നിന്ന് തുടച്ചു നീക്കണം എന്നുതന്നെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അതിനായി അശ്രാന്തം പരിശ്രമിച്ചു. എല്ലാ മതത്തിലുമുള്ളവരെ യോഗത്തിൽ വിളിച്ചുചേർത്തു. എന്നാൽ സമൂഹത്തിൽ നിന്ന്, അജ്ഞാനത്തെ അപ്പാടെ തുടച്ചു നീക്കുക എന്നത് അസാദ്ധ്യമാണല്ലോ. ഗുരു ഉദ്ദേശിക്കാത്ത തലത്തിലേക്കാണ് അദ്ദേഹത്തിൻ്റെ അനുയായികൾ പോലും എത്തിപ്പെട്ടത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി, എന്നുപോലും ഗുരു പറയുകയുണ്ടായി. പക്ഷെ,മനുഷ്യൻ നന്നായില്ല, അതുകൊണ്ടുതന്നെ, ഒരു മതങ്ങളും നന്നായില്ല. നന്നായില്ല എന്ന് മാത്രമല്ല, സാധിക്കാവുന്നിടത്തോളം മോശമാവുകയും ചെയ്തു.
ഒടുവിൽ അദ്ദേഹം സ്ഥാപിച്ചത് നാല് വാക്കുകൾ  മാത്രം. “സത്യം, ധര്‍മം, ദയ, ശാന്തി “
ഗുരു പ്രചരിപ്പിച്ച ആശയങ്ങളിൽ നിന്ന്, അങ്ങേയറ്റം വിരുദ്ധമായി ഒരു സമുദായത്തിന്റെ ആളെന്ന നിലയിൽ  അദ്ദേഹത്തെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ, നടന്നിരുന്നു. ഇതിനെത്തുടർന്നാണ് 1916 മെയ് മാസത്തിൽ, യോഗത്തെ വിട്ടൊഴിഞ്ഞു, എന്ന് കാണിച്ച്, ഡോ പൽപ്പുവിന് കത്തെഴുതാൻ ഗുരു നിർബന്ധിതനായത്.  ആ വര്ഷം തന്നെയാണ് അദ്ദേഹം ജാതിയില്ല വിളംബരം നടത്തിയതും. ഏതെങ്കിലുമൊരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വക്താവായി തന്നെ ചിത്രീകരിക്കാനുള്ള എല്ലാത്തരം ശ്രമങ്ങളെയും ധീരമായി തള്ളിക്കളഞ്ഞ വ്യക്തിയാണ് ശ്രീനാരായണ ഗുരു. ചരിത്രം എപ്പോൾ വേണമെങ്കിലും എങ്ങനെയും വളച്ചൊടിച്ചേക്കും എന്നും ആ ക്രാന്തദർശി തിരിച്ചറിഞ്ഞു. താൻ ജാതിയെ, മതത്തെ വിട്ടൊഴിഞ്ഞരിക്കുന്നു എന്നതിന്‌ എക്കാലത്തേക്കും തെളിവിനായി, പരസ്യമായി പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടും ഇന്നും ഗുരുവിൻറെ ദർശനങ്ങൾ മാത്രമല്ല, ജാതി,മത,വർഗ്ഗ,വർണ്ണ വംശങ്ങൾക്ക് അതീതമായി അദ്ദേഹം സ്വയം തെരെഞ്ഞെടുത്ത വിശ്വ മാനവിക സ്വത്വം പോലും നിരന്തരം ആക്രമിക്കപ്പെടുന്നു എന്നത് തീർത്തും ഖേദകരമാണ്. ഈഴവഗുരു എന്നതിനേക്കാൾ, ഹിന്ദു സന്യാസി എന്നതിനേക്കാൾ, കേരളത്തിൻറെ നവോഥാന മുന്നേറ്റത്തിന് ദിശാബോധം നൽകിയ, ‘മാനവികതയുടെ ദാർശനീകാചാര്യൻ’ എന്ന് തന്നെയാണ് ഗുരു ഏതുകാലത്തും അടയാളപ്പെടേണ്ടത്.

No comments

Explore More

ചരിത്രത്തിന്റെ വക്രീകരണം – വർഗ്ഗീയരാഷ്ട്രീയത്തിന്റെ നിലമൊരുക്കൽ.

_ _  പഴയകാല പാരമ്പര്യത്തിൽ ഊറ്റം കൊണ്ട് തങ്ങളുടെ വർഗ്ഗീയ വാദത്തിന് അടിത്തറപാകാൻ ഒരു വിഭാഗം കൊണ്ടു പിടിച്ച ശ്രമം നടത്തുന്ന കാലഘട്ടമാണിന്ന്.തങ്ങളുടെ രാഷ്ട്രീയ അധികാരം മുൻനിർത്തി സ്കൂൾ സിലബസ്സിൽ പോലും കെട്ടുകഥകളെ ചരിത്ര ...