ആത്മഹത്യ സമരായുധമാക്കിയ രോഹിത് വെമൂല

0

ആത്മഹത്യ ഉജ്വലമായ ഒരു സമരായുധമായി ഉപയോഗിക്കാമെന്ന് രോഹിത് വെമുല ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.അതു് കേവലം സസ്പെൻഷനും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതിനും പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്തിയതിനും എതിരായ സമരമായിരുന്നില്ല.അല്ലെങ്കിൽ, ഹൈദരാബാദ് സെൻട്രൽ യുനിവെഴ്സിറ്റി അടക്കമുള്ള ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ കീഴാള വിദ്യാർഥികളെ അവഹേളിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പരിതോവസ്ഥക്കെതിരായ പ്രതിഷേധം എന്നതിൽ ഒതുക്കാവുന്നതുമായിരുന്നില്ല. വർത്തമാന കാലത്തെ ഇത്തരം ദുഷ്ചെയ്തികൾക്കെതിരായ പ്രതിരോധം ആയിരിക്കെത്തന്നെ,ദളിതർ സഹസ്രാബ്ദങ്ങളായി അനുഭവിച്ചു വരുന്ന അവഹേളനങ്ങൾക്കും ജ്ഞാന നിഷേധത്തിനും സവർണ്ണ മേധാവിത്തത്തിന്റെ നിഷ്ടൂരതകൾക്കും എതിരായ രോഷാഗ്നിയായിട്ടു കൂടി ഈ ആത്മഹത്യയെ കാണേണ്ടതുണ്ട്.അതുകൊണ്ടാണ് രോഹിത് തന്റെ ആത്മഹത്യാ കുറിപ്പിൽ :”ജീവിതം തുടങ്ങാനാവാതെ ഞാൻ ഉഴറുകയായിരുന്നു .ചിലർക്ക് അങ്ങനെയാണ്.ജീവിതം തന്നെ ഒരു ശാപമായിരിക്കും.എന്റെ ജനനം തന്നെ മാരകമായ ഒരു അപകടമായിരുന്നു”എന്ന് ലോകത്തോടു പറയുന്നത്.

ശൂദ്രന് അറിവ് നിഷേധിച്ചുകൊണ്ടാണ്, അവരെ അജ്ഞതയുടെ കൂരിരുളിൽ നിർത്തിക്കൊണ്ടാണ്‌, വിജ്ഞാനത്തിന്റെ കുത്തക സ്വയം എറ്റെടുത്ത സവർണ്ണർ കീഴാള വർഗത്തെ മ്ലേച്ചമായ അവസ്ഥയിലേക്ക് ചവിട്ടിത്താഴ്ത്തിയത്. ഈ അവസ്ഥയ്ക്ക് താത്വികാടിത്തറ സൃഷ്ടിക്കാനാണ്

“ശൂദ്രമക്ഷര സംയുക്തം ദൂരതേ പരിവർജ്ജയേ ” എന്നും

‘ ന സ്ത്രീ ശൂദ്രൗ വേദമധീയതാം” എന്നും

സ്മൃതി കളായി പ്രചരിപ്പിച്ചത്.അതിനു വേണ്ടിയാണ് വേദം കേൾക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നും ഉച്ചരിക്കുന്നവനെ ഊമയാക്കണമെന്നും സിദ്ധാന്തിച്ചത്.പട്ടിക്കും പൂച്ചയ്ക്കുമൊക്കെ യഥേഷ്ടം സഞ്ചരിക്കുവാൻ വിരോധമില്ലാത്ത വഴികളിൽ ശൂദ്രന് സഞ്ചാരം നിഷേധിച്ചു.

“തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർ

ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ”

ആയി ആയിരത്താണ്ടുകൾ അവർ കഴിച്ചു കൂട്ടേണ്ടി വന്നു.

ചാതുർവർണ്യത്തിലതിഷ്ടിതമായ ഈ ദുരവസ്ഥയ്ക്ക് രാഷ്ട്രീയമായ പ്രത്യയ ശാസ്ത്രാടിത്തറ രൂപം കൊള്ളുന്നത് 1920 കളിലാണ്.

ഈ സവർണ്ണ-മനുവാദ പ്രത്യയ ശാസ്ത്രത്തിനു രൂപം നൽകിയ ഹിന്ദു മഹാസഭാ നേതാവ് V .D സവർക്കർ ആണ് ‘ഹിന്ദുത്വ ‘എന്നപ്രയോഗം കൊണ്ടുവരുന്നത്. വേദേതി ഹാസങ്ങളിലോ ഉപനിഷത്തുകളിലോ ശ്രുതി -സ്മൃതികളിലോ കാണാത്ത ഈ ‘ഹിന്ദുത്വം’ ,യഥാർത്ഥ ഹിന്ദുയിസത്തിൽ നിന്നും വ്യത്യസ്ഥമാണെന്ന് സവർക്കർ തന്നെ പറയുന്നുണ്ട്. ഭാരതത്തിലെ സവർണ്ണ ഫാസിസത്തിന്റെ പ്രത്യയ ശാസ്ത്ര ഗ്രന്ഥമായറിയപ്പെടുന്ന ‘വിചാരധാരയിൽ’ ഗുരുജി ഗോൾവാൾക്കർ കുറിയ്ക്കുന്നു “ ചിലപ്പോൾ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയുവാൻ നമ്മെ ആര്യന്മാർഎന്നും മറ്റുള്ളവരെ മ്ലേച്ചന്മാർ എന്നും വിളിച്ചിരുന്നു.”(പേജ് 87).ആര്യന്മാർ എന്നതിന്റെ നിർവചനത്തിൽ പിന്നോക്ക ജാതികളും ദളിതരും ആദിവാസികളും ഉൾപ്പെടുന്നില്ല എന്നത് സുവിദിതമാണ്.അപ്പോൾ അവരെല്ലാം സവർണ്ണ ഫാസിസ്റ്റുകളുടെ വീക്ഷണത്തിൽ മ്ലേച്ചന്മാർ തന്നെ. മ്ലെച്ചന്മാരായ ശൂദ്രർ എല്ലാകാലത്തും ആര്യന്മാരുടെ ദാസ്യവേല ചെയ്യുന്നവരായി നിന്നേ പറ്റൂ എന്ന ചിന്തയുടെ ബഹിർപ്രകടനമെന്നോണമാണ് വിവിധ സർവ്വകലാശാലകളിലും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ ദളിതർക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കുന്നത്.ഹിന്ദുത്വ ശക്തികൾ നടത്തിയ മണ്ഡൽ കമ്മീഷനെതിരായ സമരം പോലും ഈ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ദളിതരെ അജ്ഞതയുടെ തമോഗർത്തത്തിൽ തളച്ചിട്ടാലേ ആര്യന്മാരായ സവർണ്ണ മേലാളന്മാർക്ക് ചാതുർവർണ്യ വ്യവസ്ഥ അഭംഗുരം നില നിർത്താനാവൂ.

രോഹിതിന്റെആത്മഹത്യ ABVP യും BJP നേതൃത്വവും കേന്ദ്ര MHRD വകുപ്പും മന്ത്രിമാരുമൊക്കെ ചേർന്ന് നടത്തിയ തെറ്റായ നീക്കങ്ങളുടെ പരിണതിയാണ്.’ മുസഫർ നഗർ ബാക്കിഹെ ‘ എന്ന ഡോക്യു മെന്ററി പ്രദർശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഹിന്ദുത്വ ശക്തികൾ നടത്തിയ അമിത താല്പര്യമാണ് ഈ അവസ്ഥയിലേക്കു എത്തിച്ചത്.ഇടതുപക്ഷ-മതനിരപേക്ഷ ശക്തികളും സാംസ്കാരിക ലോകവും ജനാധിപത്യ വിശ്വാസികളും കീഴാള രാഷ്ട്രീയവും ഒന്നിക്കുന്ന കാഴ്ച,രോഹിതിന്റെ സമരമുറ വ്യഥാവിലായിലെന്നു ഉറക്കെ വിളിച്ചു പറയുന്നു.രോഹിത് അടക്കമുള്ളവരെ ആത്മഹത്യയിലെക്കെത്തിച്ചവർക്കെതിരായ പോരാട്ടം വർണ്ണങ്ങളുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾക്കും സവർണ്ണ ഫാസിസത്തിനുമെതിരായ പ്രചണ്ഡപ്രവാഹമായി രൂപാന്തരപ്പെടേണ്ടതുണ്ട് . എങ്കിൽ മാത്രമേ കാലത്തോടും രോഹിതിന്റെ സ്മരണയോടും നീതി പുലർത്തി എന്ന് നമുക്ക് ആശ്വസിക്കാനാവു .

No comments

Explore More

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും ചില കരുതലോടുകളോടു കൂടിയാണ്………….. ചില ഓര്‍മപ്പെടുത്തലോടുകൂടിയാണ്……………. ചില തിരിച്ചറിവുകളോടു കൂടിയാണ്…………. കനിവുകള്‍ കുറ്റിയറ്റു പോകുന്ന ഒരു കാലത്തെ അതിജീവനമാണ്‌ നമുക്ക് ചിന്തിക്കാനുള്ളത്. കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലല്ല ഒന്നും.. എല്ലാം നമ്മില്‍ നിന്നും ...