മലയാളത്തിൽ നാലായിരത്തിലേറെ അറബി പദങ്ങൾ !!!

0
അറബികളും കേരളവുമായുള്ള ബന്ധത്തിന് ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവാചകൻ സുലൈമാന്റെ (സോളമൻ രാജാവ്) കാലത്തു തന്നെ കച്ചവടക്കാരായ അറബികൾ കോഴിക്കോട്ടെ ബേപ്പൂർ തുറമുഖത്ത് കപ്പലിറങ്ങിയിരുന്നുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. അക്കാലത്തു ചൈനയടക്കമുള്ള ദൂര ദേശങ്ങളിൽ പോയി കച്ചവടം നടത്തിയിരുന്ന അറബികളാണ് ഇന്ന് നമ്മുടെ കേരളത്തിൽ പ്രചാരത്തിലുള്ള പല സാധനങ്ങളും കൊണ്ട് വന്നത്. ചീനച്ചട്ടി, പിഞ്ഞാണം, സാൻ (തളിക), ബസ്സി (പ്ലേറ്റ്) തുടങ്ങിയ പല സാധനങ്ങളും കേരളത്തിൽ ഇറക്കിയത് അറബികളായിരുന്നു. പകരം അവർ കേരളത്തിലെ കുരുമുളകും കറുവപ്പട്ടയും ഗ്രാമ്പൂവും അടക്കമുള്ള സുഗന്ധ ദ്രവ്യങ്ങൾ പുറം നാടുകളിലേക്ക് കൊണ്ട് പോയി. 
 
സഹസ്രാബ്ദങ്ങളായുള്ള ഈ കൊടുക്കൽ വാങ്ങലുകൾക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മറ്റു ചിലതു കൂടി ഉണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് ഭാഷ. ഇന്ന് നമ്മൾ നിത്യവും സംസാരിക്കുന്ന മലയാള ഭാഷയിൽ നാലായിരത്തിൽ അധികം അറബി പദങ്ങൾ ഉണ്ടെന്ന് കേട്ടാൽ ഒരു പക്ഷെ, പലർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല. പലരും അറിയാതെ ഉരുവിടുന്ന പദങ്ങൾ യഥാർത്ഥത്തിൽ അറബി പദങ്ങളാണെന്ന് സ്വപ്നേപി വിചാരിച്ചു കാണില്ല. അത്രയ്ക്കധികം അറബി പദങ്ങൾ നാം നിത്യജീവിതത്തിൽ  നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരുവിടുന്നുണ്ട്. 
 
കോടതിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പദങ്ങളും അറബിയാണ്. വക്കീൽ, വക്കാലത്ത്, അദാലത്ത്, മുൻസിഫ്, ആമീൻ, മുഖ്ത്യാർ, ഹാജർ, താക്കീത്…അങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക. അറബിയിലെ ‘വക്കീലി’ന് ഏജൻറ് എന്നും മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എന്നും ആധുനിക കാലഘട്ടത്തിൽ അർത്ഥമുണ്ടെങ്കിലും അഡ്വക്കേറ്റ് എന്നത് തന്നെ മുഖ്യ അർഥം. നീതി നടപ്പാക്കുന്നയാൾ ‘മുൻസിഫാ’ണ്. വിളിച്ചു പറയുന്നയാൾ ‘ആമീൻ’ ആണ്. പവർ ഓഫ് അറ്റോർണി എഴുതി കൊടുക്കുന്നത് നാം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കായതു കൊണ്ട് ‘ഇഖ്ത്താറ’ (തിരഞ്ഞെടുത്തു എന്നർത്ഥം വരുന്ന ക്രിയ) എന്ന പദത്തിൽ നിന്ന് ‘മുഖ്ത്യാർ’ വന്നു. ‘തഅകീദ്’ എന്ന പദത്തിൽ നിന്ന് താക്കീത് വന്നിരിക്കാനും പേർഷ്യനിലൂടെ കയറി വന്ന ‘ഫര്യാദ്’ പരാതിയായി മാറിയിരിക്കാനുമാണ് സാധ്യത. നീതി നടപ്പാക്കപ്പെടുന്ന കോടതി ‘അദാലത്ത്’ ആണെന്ന് ലോക് അദാലത്തും മറ്റും കേട്ട് പരിചയിച്ച ഓരോ മലയാളിക്കും അറിയാം. കോടതിയിലും ക്ലാസ്സിലും ‘ഹാജർ’ ആയവരും ഹജൂർ കച്ചേരി കണ്ടവരും  നമ്മുടെ നാട്ടിൽ ഏറെയുണ്ടല്ലോ. ‘ഹാളിർ’ എന്ന് പറഞ്ഞാൽ അറബിയിൽ ഹാജരാകൽ തന്നെ.
ഇനി കേട്ടാൽ ഞെട്ടുന്ന മറ്റൊരു കാര്യം പറയാം. മർമ്മം എന്ന ശുദ്ധ മലയാള പദം മറ്റു ഭാഷയ്ക്കു വിട്ടു കൊടുക്കാൻ നമ്മിൽ പലരും തയാറായെന്നു വരില്ല. എന്നാൽ കേട്ടോളൂ. ‘റമാ’ എന്നാൽ എറിഞ്ഞു എന്നാണു അറബിയിൽ അർഥം. അപ്പോൾ ‘മർമ്മാ’ എന്നാൽ എറിഞ്ഞാൽ കൊള്ളുന്ന സ്ഥലം. അപ്പോൾ മർമ്മ സ്ഥാനത്തു കൊള്ളാൻ ഈ വാക്കു മതിയല്ലോ.
ഇനി നിത്യം നമ്മൾ പത്രത്തിൽ വായിക്കുന്ന പല പദങ്ങളും അറബിയാണെന്നറിയുക. ‘ജനത്തിന് ഹാലിളകിയപ്പോൾ പോലീസ്  ലാത്തി വീശി’യെന്ന് എത്ര തവണ നാം വായിച്ചിരിക്കുന്നു. ഈ ‘ഹാൽ’ നമ്മുടെ ‘കൈഫൽ ഹാൽ’ എന്ന അഭിവാദനത്തിൽ ഉള്ള ഹാൽ തന്നെ. “നിന്റെ ഹാലെന്താ മോനേ” എന്ന് മലബാറിലെ പഴയ കാക്കമാർ ചോദിക്കുന്നതും “സുഖം തന്നെ” എന്ന് ചെറുപ്പക്കാർ പറയുന്നതും ഇതേ ‘ഹാല്’ തന്നെ. കേട്ടിട്ട് ബേജാറാകണ്ട, ബേജാറും അറബി തന്നെ.
ഞങ്ങൾ മലബാരികൾ സുപ്ര വിരിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ അറബി ‘സുഫ്‌റ’യിൽ ഞങ്ങൾ വിളമ്പുന്ന വിഭവങ്ങളിൽ പലതും അറബിയാണെന്നു മാത്രമല്ല, വിളമ്പാനുപയോഗിക്കുന്ന പാത്രങ്ങളും വരെ അറബിയാണ്. ബിരിയാണിയും അലീസയും പത്തിരിയും ഞങ്ങൾ കഴിക്കുന്നത് സാനിലും ബസ്സിയിലുമാണ്. തളികയ്ക്കു സാൻ എന്നും പ്ലേറ്റിന് ബസ്സി എന്നും പറയുന്ന മുസ്ലിംകൾ ഇന്നത്തെ കാലത്ത് മലബാറിൽ അധികം കാണില്ലെങ്കിലും എല്ലാ ജാതിക്കാരും ഇപ്പോഴും കൂബ് എന്ന കോപ്പയിൽ കട്ടൻ ചായയെങ്കിലും കുടിക്കാറുണ്ട്. ‘ഫിൻജാൻ’ എന്ന പിഞ്ഞാണത്തിൽ ചിലപ്പോൾ കഞ്ഞി കുടിച്ചെന്നുമിരിക്കും. ‘ഫത്തീറ’ എന്ന പ്രാതൽ മലബാറിൽ ഇപ്പോഴും പല വീടുകളിലും പത്തിരിയായി ചുട്ടെടുക്കുന്നുണ്ട്.
ഗൾഫിൽ താമസിക്കുന്നവർക്കധികവും അറബികളുടെ അരീസ് പരിചയം ഉണ്ടാവുമെന്നത് കൊണ്ട് അലീസ തിരിച്ചറിയാൻ പ്രയാസം കാണില്ല. ബിരിയാണിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. നോമ്പുതുറ സൽക്കാരങ്ങൾ പ്രവാസികൾക്കിടയിൽ മാത്രമല്ല കേരളത്തിൽ രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്കു വരെ വേദിയാകുന്നത് കൊണ്ട് ‘ഇഫ്താർ’ ആരും മറന്നു പോകില്ല.
‘അത്തർ’ പുരട്ടി പുതിയാപ്ലമാർ ഭാര്യവീട്ടിൽ പോകാറുണ്ട്.  ചന്ദനത്തിരിക്ക് ‘ഊദും കൊള്ളി’ എന്ന് പറയുന്നവർ ഇപ്പോഴും മലബാറിലുണ്ട്. ‘ഊദ്  ഇവിടെ അറബികൾ പുകയ്ക്കുന്നത്  നമ്മിൽ പലരും കണ്ടിട്ടുള്ളതാണല്ലോ. അടുത്ത കാലം വരെ സോപ്പിന് ‘സാബൂൻ’ എന്ന്  പറയപ്പെട്ടിരുന്നു. ‘ഫാനൂസ്’ എന്ന പാനീസ് വിളക്കും കാലഹരണപ്പെട്ടു പോയി.
ഉരു വ്യവസായത്തിന് പേര് കേട്ട ബേപ്പൂരിൽ നിന്നുള്ള മാപ്പിള ‘ഖലാസി’കൾ ഇപ്പോഴും കപ്പിയും കയറുമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ അത്യധ്വാനമുള്ള പണി എടുക്കാൻ പോകാറുണ്ട്. പല ബുദ്ധിമുട്ടുള്ള അവസ്ഥകളിൽ നിന്നും നമ്മെ  രക്ഷപ്പെടുത്തുന്നവരാണിവർ. എല്ലാം ‘ഖലാസ്’ ആക്കിയിട്ടേ അവർ തിരിച്ചു പോകാറുള്ളൂ.
ഇൻസ്റ്റാൾമെന്റിൽ ഇപ്പോൾ വാങ്ങിക്കാൻ കിട്ടാത്ത സാധനങ്ങൾ ഒന്നുമില്ല. പലരും ഇങ്ങിനെ ‘കിസ്ത്’ കൊടുത്ത് മുടിഞ്ഞു പോയിട്ടുണ്ട്. മുസീബത്തും മുശ്കിലും ഇസ്സത്തും മലയാളത്തേക്കാളേറെ അറബി പദങ്ങളുള്ള ഹിന്ദിയിൽ ആണെങ്കിലും ഇവയിൽ ചില പദങ്ങളെങ്കിലും മലബാറിലെ മുസ്ലിംകൾക്കിടയിൽ സുപരിചിതമാണ്. ‘മദ്രസ’യിൽ പോകുന്ന കുട്ടികളിൽ വലിയൊരു വിഭാഗം ഇപ്പോഴും ദീൻ (മതം) പഠിക്കുന്നതും ‘ദുന്യാവി’ന്റെ  ഗതിവിഗതികൾ മനസ്സിലാക്കുന്നതും അറബി ലിപികളിൽ എഴുതുന്ന ‘അറബി മലയാളം’ എന്ന പ്രത്യേക ഭാഷയിൽ ആണ്.
‘ഇസ്സത്ത്’ (അന്തസ്സ്) പഴയ തറവാടിയായ കാരണവർ ഇടയ്ക്കിടയ്ക്ക് തലതിരിഞ്ഞ ചെറുപ്പക്കാരെ ഓർമ്മിപ്പിക്കുന്ന പദമാണ്. വർക്കത്തു (ബർക്കത്ത്) കെട്ടവനാകരുതെന്നും ഐശ്വര്യം വരണമെങ്കിൽ ‘ഹലാൽ’ ആയ (നിയമവിധേയമായ) മാർഗ്ഗങ്ങളിലൂടെ അദ്ധ്വാനിച്ചു സമ്പാദിക്കണമെന്നും ‘സക്കാത്ത്’ (ഇത് പിന്നീട് ചിലർക്ക് ചക്കാത്തായി) കൊടുത്ത് ‘ആഖിറം’ (പരലോകം) സുരക്ഷിതമാക്കണമെന്നും ഹറാമായ (നിഷിദ്ധമായ) മാർഗ്ഗങ്ങളിൽ നടന്ന് താന്തോന്നിത്തം കാണിക്കുന്ന ഹറാം പിറന്നവൻ ആകരുതെന്നും നസ്വീഹത്തുക്കൾ (ഉപദേശങ്ങൾ) നീളുന്നു. ദേഷ്യം വന്നാൽ ഹിമാറെ (കഴുതേ) എന്നേ പഴയ  കാരണവന്മാർ വിളിക്കാറുള്ളൂ. ഇക്കണ്ട സ്വത്തൊന്നും അനുഭവിക്കാൻ നിനക്ക് നസീബ് (ഭാഗ്യം) ഇല്ലെടാ എന്നും ചിലർ ആക്രോശിക്കാറുണ്ട്. ബർക്കത്തില്ലാത്തവൻ പിന്നീട് വർക്കത്തില്ലാത്തവനായി മറ്റു സമുദായങ്ങൾക്കിടയിലും കുടിയേറി. ഇപ്പോഴും ഫിത്ന (കുഴപ്പം) ഒപ്പിക്കുന്നവർ  എല്ലായിടത്തും ഉണ്ട്.
ഗവണ്മെന്റ് വീണാൽ ബദൽ (പകരം) സംവിധാനമുണ്ടാക്കാൻ എല്ലാ പാർട്ടികളും ഒരുക്കം നടത്താറുണ്ട്. ‘ഇന്ന് രൊക്കം, നാളെ കടം’ എന്നൊരു ബോർഡ് പണ്ട് കാലത്തു നാട്ടിൻ പുറത്തെ ചായക്കടകളിൽ കാണാറുണ്ടായിരുന്നു. രൊക്കം (രഖം) കാശ് കൊടുത്തിട്ടേ ചായ കുടിക്കാൻ പറ്റൂ. പറ്റിൽ എഴുതാൻ പറ്റില്ല. താലൂക്കും ഫർക്കയും തഹസിൽദാരും മറ്റും ഇപ്പോഴും നമ്മുടെ നാട്ടിൽ നിന്ന് വിട്ടു പോയിട്ടില്ല. ഇവയിൽ ചിലതിനു പേർഷ്യൻ ചുവയുണ്ടെങ്കിലും അറബിയുമായി അഭേദ്യ ബന്ധം തന്നെയുണ്ട്.
ഇങ്ങനെ പറഞ്ഞു പോയാൽ മലയാളത്തിലെ അറബി പദങ്ങളുടെ പട്ടിക അനന്തമായി നീളും. ഇനിയും പലതും ബാക്കിയുണ്ട്. അതെ, ‘ബാഖി’യും അറബി തന്നെ. കാശ് കൊടുത്താൽ ബാക്കി വാങ്ങിക്കാതെ നമ്മളാരും പോകാറില്ലല്ലോ.
ഭാഷയിൽ മാത്രമല്ല അറബി ബന്ധം, വസ്ത്രങ്ങളിലുമുണ്ട്. ഭക്ഷണത്തെപറ്റി നേരത്തെ സൂചിപ്പിച്ചല്ലോ. മുസ്ലിംകൾ മതപരമായി ധരിക്കുന്ന വസ്ത്രങ്ങൾ മാത്രമല്ല, നമ്മുടെ കഥകളിയിലെ സ്ത്രീ വേഷം അറബികളിൽ നിന്ന് കടമെടുത്തതാണെന്നാണ് പ്രശസ്ത ചരിത്രകാരനായ കെ കെ എൻ കുറുപ്പ് പറയുന്നത്.
ഇന്നും ശക്തമായി നിലകൊള്ളുന്ന അറബി-കേരളം ബന്ധം നമ്മുടെ നാട്ടിന്റെ സാമ്പത്തിക അടിത്തറയായി വർത്തിക്കുമ്പോൾ അറബികളിൽ നിന്ന് നമ്മുടെ ഭാഷയ്ക്കു ലഭിച്ച വരദാനങ്ങളായ പദങ്ങളെയും വിസ്മരിക്കാതിരിക്കുക. അപ്പൊ, അറബിയിൽ ഒരു ‘സലാം’ പറഞ്ഞു അവസാനിപ്പിക്കാം.

No comments

Explore More

ഫിദല്‍ നീ തന്നെയാണ് ഇപ്പോഴും അജയ്യന്‍.

ഒരു വലിയ മനുഷ്യന്‍റെ ഭൌതിക സാന്നിധ്യം നഷ്ടപ്പെട്ട ദുഖത്തിലാണ് ലോകമിന്ന്. ഇത്രമേല്‍ ധന്യമായ ഒരു ജീവിതത്തിന്‍റെ ചരിത്രം ഇനി ആര്‍ക്കും പങ്കുവയ്ക്കാന്‍ ആവില്ല. കോടി കോടി ജനങ്ങളുടെ ആവേശം മാത്രമല്ല. ആശ്രയവും, അത്താണിയുമാണ് ഇന്ന് ...