എന്റെ കേരളം എന്റെ മലയാളം – സ്മരണയുടെ അറുപതാണ്ട് :- കേരള സാഹിത്യ അക്കാദമിയും, പുറവാസിയുടെ മലയാള രചനയും

0

  _ _ കേരള സംസ്ഥാന രൂപികരണത്തിന്റെ അറുപതാം വാർഷിക ആഘോഷങളുടെ ഭാഗമായികൊണ്ട്  കേരള സാഹിത്യ അക്കാദമി  യു.എ.ഇ യിലെ മലയാളികൾക്ക് വേണ്ടി ‘ എന്റെ കേരളം എന്റെ മലയാളം – സ്മരണയുടെ അറുപതാണ്ട് എന്ന പേരിൽ വിപുലമായ സാഹിത്യോത്സവം നടത്താൻ പോവുകയാണല്ലോ.  യു.എ.ഇ യിലെ  മലയാളികളെ സംബന്ധിച്ചിടത്തോളം  വളരെയധികം സന്തോഷം നൽകുന്ന ഒന്നു തന്നെയാണ് ഇത്. മലയാള ഭാഷയെയും, സാഹിത്യത്തേയും, എഴുത്തുക്കാരേയും ഏറെ സ്നേഹിക്കുന്നവരാണ് യു.എ.ഇ യിൽ ഉള്ളവർ. ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ട് ഇന്നോളം ഉണ്ടായ പുരോഗതയിൽ നിർണ്ണായക പങ്കു വഹിക്കാൻ കേരളത്തിന്പുറത്തുള്ള ഓരോ മലയാളിക്കും കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ അറുപതാണ്ടിന്റെ സ്മരണകൾ പുതുക്കുന്ന ഈ സാഹിത്യോൽസവം നമ്മുടെ ചരിത്രത്തിന്റെയും,സംസ്ക്കാരത്തിന്റെയും, സാഹിത്യത്തിന്റെയും വളർച്ചയുടെ നാൾ വഴികളെ ഓർക്കാൻ ഉള്ളതാണ്.

കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തെ കുറിച്ച് സ്മരിച്ചു കൊണ്ട് തുടങ്ങാം. കേരള രൂപികരണത്തിന്റെ തൊട്ട് മുമ്പ് 1956 ആഗസ്റ്റ് 15 നാണ് തിരുകൊച്ചി സർക്കാർ കേരള സാഹിത്യ അക്കാദമി രൂപികരണത്തെ കുറിച്ച് പ്രഖ്യാപിക്കുന്നത്. ഒക്ടോബർ 15 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരകത്തിൽ നടന്ന ചടങ്ങിൽ ശ്രീ. ചിത്തിര തിരുന്നാൾ ബാലരാമവർമ്മ ഔദ്യോഗികമായി കേരള സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ തലത്തിൽ നിരവധി ഉയർന്ന തസ്കിതകൾ വഹിച്ചിരുന്ന  ചരിത്രകാരനും, എഴുത്തുകാരനുമായ സർദാർ കെ.എം പണിക്കർ ആണ് അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ പ്രഥമ പ്രാദേശിക അക്കാദമി എന്ന സ്ഥാനം കേരള സാഹിത്യ അക്കാദമിക്ക് അവകാശപ്പെട്ടതാണ്. 1958 ലാണ് അക്കാദമി തൃശൂരിലേക്ക് മാറ്റുന്നത്.

സർക്കാർ ധനസാഹായത്തോട് കൂടി എന്നാൽ ഒരു സ്വയംഭരണസ്ഥാപനമായി നിലനിന്നു കൊണ്ടാണ് അക്കാദമിയുടെ പ്രവർത്തനം. മലയാള ഭാഷയും, സാഹിത്യവും അതിന്റെ തനിമയോട് കൂടി വരും തലമുറക്കായി സംരക്ഷിക്കാനും ,മലയാളത്തിലെ എഴുത്തുക്കാർക്ക് പ്രോൽസാഹാനം നൽകാനുമാണ് കേരള സാഹിത്യ അക്കാദമി രൂപികരിച്ചിട്ടുള്ളത്. മലയാളസാഹിത്യത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും മികച്ച ഗ്രന്ഥങ്ങൾ കണ്ടെത്തി അവക്ക് പുരസ്ക്കാരം നൽകുക. സാഹിത്യ ശില്പശാലകൾ നടത്തുക. ഭാഷയുടെയും, സാഹിത്യത്തിന്റെയും മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രോൽസാഹനം നൽകുക. ജനങ്ങളിൽ സാഹിത്യഭിരുചി ഉണ്ടാക്കുന്ന പരിപാടികൾ സംഘടിപ്പിക്കുക. വിവിധഭാഷകളിൽ നിന്ന് മലയാളത്തിലേക്കും, തിരിച്ചും മികച്ച  ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തുക തുടങ്ങി നിരവധി മേഖലകളാണ് സാഹിത്യ അക്കാദമിയുടെ പ്രവർത്തനം നടക്കുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒട്ടുമിക്ക പുസ്തകങ്ങളുടേയും ശേഖരം കേരള സാഹിത്യ അക്കാദമിയിൽ ഉണ്ട്. എകദേശം ഒന്നരലക്ഷം പുസ്തകങ്ങൾ അക്കാദമിയുടെ ഗ്രന്ഥശാലയിൽ ഉണ്ട്. അച്ചടി ആരംഭിച്ച കാലം തൊട്ടുള്ള പുസ്തകങ്ങളുടെ വിവര സൂചികകൾ, 1950 നു മുമ്പ് പ്രസിദ്ധീകൃതമായ സാഹിത്യരചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള മൈക്രോഫിലിം ലൈബ്രററി, താളിയോല ഗ്രന്ഥങ്ങളുടെ അപൂർവ്വ ശേഖരം, കാല പഴക്കത്താൽ നശിച്ചു കൊണ്ടിരിക്കുന്ന സമകാലികങ്ങളുടേയും പുസ്തകങ്ങളുടേയും ഡിജിറ്റൽ രൂപം തുടങ്ങി നിരവധി സവിശേഷതയാർന്ന വിജ്ഞാനഭണ്ഡാരമാണ് അക്കാദമിയുടെ ലൈബ്രററി. മലയാള ഭാഷയിൽ എഴുതിയിരുന്ന ഓരോ സാഹിത്യകാരൻമാരുടെയും പേര് വിവരണങ്ങൾ അടങ്ങിയ പൊർട്രെയിറ്റ് ഗാലറി ,പ്രശസ്തരായവരുടെ സംഭാഷശകലങ്ങളുടെ റെക്കോർഡുകൾ തുടങ്ങിയവ കൊണ്ട് സമ്പന്നമാർന്ന ആ ഗ്രന്ഥശാല കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീശങ്കരാചാര്യ തുടങ്ങിയ സർവ്വകലാശാലകളുടെ പി.എച്ച്.ഡി ഗവേഷണ കേന്ദ്രം കൂടിയാണ്.

 നീണ്ട അറുപത് വർഷങ്ങൾക്കിടയിൽ മലയാള സാഹിത്യത്തിനും, എഴുത്തുകാർക്കും പോൽസാഹനം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ കേരള സാഹിത്യ അക്കാദമി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നിലവിൽ വന്ന പുതിയ ഭരണ സമിതിയുടെ പ്രസിഡണ്ട് ശ്രീ.വൈശാഖൻ മാസ്റ്റർ പദവി ഏറ്റെടുത്ത് പറഞ്ഞ കാര്യങ്ങൾ എല്ലാ സാഹിത്യ പ്രേമികൾക്കും ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. സാഹിത്യ അക്കാദമി എന്നത് ഓരോ മലയാളിയുടേതുമാണ്.സമൂഹത്തിന്റെ സ്വത്താണത്.പുരസ്ക്കാരങ്ങൾ കൊടുക്കാൻ വേണ്ടി മാത്രം ഉള്ളതല്ല അത്. വായനയെ കുട്ടികളിലേക്കും, അതില്ലാത്ത ആളുകളിലേക്കും എത്തിക്കും. സാധരണക്കാരായ ആളുകളുടെ അടുത്തേക്ക് അക്കാദമി ഇറങ്ങി ചെന്ന് അവരെ സാഹിത്യ തൽപരരാക്കുന്ന പദ്ധതികൾ നടപ്പിലാക്കും. ലോകത്തുള്ള എല്ലാ മലയാളി സാമൂഹത്തിലേക്കും അക്കാദമിയുടെ പ്രവർത്തനം വ്യാപകമാക്കും. എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. പറഞ്ഞ ഓരോ കാര്യങ്ങളും ഈ കുറഞ്ഞ കാലയളവിൽ തന്നെ നടപ്പിലാക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അതിന്റെയെല്ലാം ഭാഗമായിട്ടാണ് യു.എ.ഇ.യിൽ സംഘടിപ്പിക്കാൻ പോകുന്ന ” എന്റെ കേരളം എന്റെ മലയാളം – സ്മരണയുടെ അറുപതാണ്ട് എന്ന സഹിത്യോൽസവവും. യു. എ .ഇ യിലെ വിദ്യാർത്ഥികളും, സാധാരണക്കാരുമായ തൊഴിലാളികളും, എഴുത്തുകാരും, വായനക്കാരും, മലയാള ഭാഷാധ്യാപകരും, മാധ്യമപ്രവർത്തകരും തുടങ്ങി മലയാളി സമൂഹത്തിന്റെ സമസ്തമേഖലയിലുമുള്ള ജനങ്ങളുമായി ഈ സാഹിത്യോൽസവത്തിന് അക്കാദമി സംവദിക്കുന്നുണ്ട്.
ഗൾഫ് മേഖലയിലെ മലയാളികളെ പ്രവാസി എന്ന വാക്കിനപ്പുറം പുറവാസി എന്ന് വിളിക്കാനാണ് ഇഷ്ട്ടപ്പെടുന്നത്. വേരുകൾ പൂർണ്ണമായും വിട്ടു കൊണ്ടല്ല ഓരോ മലയാളിയും ഈ മേഖലകളിൽ ജീവിക്കുന്നത്. തിരിച്ച് കേരളത്തിൽ എത്തി സന്തോഷവും,സമാധാനവും നിറഞ്ഞ ജീവിതം തന്നെയാണ് ഓരോരുത്തരുടെയും സ്വപ്നം. അതു കൊണ്ട് തന്നെ മലയാളിയുടെ ഗൾഫ് ജീവിതത്തെ ‘ പുറവാസം’ എന്ന പദത്തോട് ചേർക്കുന്നു. പുറവാസത്തിലെ മലയാള രചനകളെ കുറിച്ച് നാം ചർച്ച ചെയ്യേണ്ട സമയമാണ് ഇന്ന്. കേരളം വിട്ട് പുറവാസം നടത്തുന്നവന് അവന്റേതായ വീക്ഷണവും, മനശാസ്ത്രവുമുണ്ട്.  ആ വീക്ഷണങ്ങൾക്ക് ഒരു വിശ്വമാനവികത എന്ന ബോധം ഉണ്ടാവേണ്ടതില്ലേ ? മറ്റു സംസ്ക്കാരങ്ങളുമായി ഇടപ്പെട്ടതിന്റെ കണ്ടറിഞ്ഞതിന്റെ, അനുഭവിച്ചറിഞ്ഞതിന്റെ രീതികൾ പുറവാസത്തിലിരുന്ന് രചന നടത്തുന്നവന്റെ രചനകളിൽ ഉണ്ടാകുന്നുണ്ടോ എന്ന് നാം ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എവിടെയാണെങ്കിലും ഗൃഹാതുരത്വം മലയാളിക്ക് ഒഴിച്ച് നിർത്താൻ കഴിയില്ല എന്നത് വസ്തുതയാണ്. അതിനപ്പുറം ശ്രദ്ധേയമായ രീതികളിൽ രചന നിർവഹിക്കുന്നവർ ഇവിടെയുണ്ട്. പല കൃതികളും കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. പക്ഷേ എന്തോ ഒരു പൂർണ്ണതയില്ലായിമ ഇവിടുത്തെ ഒരോ എഴുത്തുക്കാരനും അനുഭവപ്പെടുന്നതായി തോന്നുണ്ട്. പുറവാസത്തിലെ മലയാള രചനകളെ എങ്ങിനെയാണ് നമ്മുടെ കേരള സാഹിത്യ അക്കാദമി നോക്കി കാണുന്നത് എന്ന് നമുക്ക് തീർച്ചയായും അറിയേണ്ടിയിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങൾ നമുക്ക് കൊണ്ടു വരാൻ കഴിയും ഈ രംഗത്ത് എന്നും നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ ഭാഗത്ത് നിന്നുള്ള ക്രിയാത്മക ഇടപെടലുകളിലൂടെ  എപ്രകാരം പുറവാസത്തിലെ മലയാള രചനകളെ മികവുറ്റതാക്കാം എന്നതിനെ കുറിച്ചും  നമുക്ക് നിർദ്ദേശങ്ങൾ നൽകാനുണ്ട്. കേരളരൂപികരണത്തിന്റെ സ്മരണ പുതുക്കുന്ന ഈ ആഘോഷ വേളയിൽ നമുക്ക് എഴുത്തിന്റെ രാഷ്ട്രീയത്തെ ഓർമിച്ചും, ഓർമ്മപ്പെടുത്തിയും മുന്നേറാം. മതേതരത്വത്തിന്റെയും ,മാനവികതയുടെയും രാഷ്ട്രീയമാണ് എഴുത്തിന്റെ രാഷ്ട്രീയമെന്നത്. മാനവികതയിലൂന്നി സ്നേഹവും, സമാധാനവും നിറഞ്ഞ നല്ലൊരു നാളെക്കായി ഇന്നലെകളിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ഇന്നലെകളിലെ നല്ല പാഠങ്ങൾ പകർത്താനും, തെറ്റുകളിൽ നിന്ന് പുതിയ പാഠം പഠിക്കാനും അതിലൂടെ നമുക്ക് കഴിയും. സ്വയം നവീകരിച്ചും, നവീകരിപ്പിച്ചും  നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്നതാകട്ടെ നമ്മുടെ ലക്ഷ്യം എന്ന് ആശംസിക്കുന്നു.

No comments

Explore More

‘ Chicken a la Carte ‘ ചിന്നുവിനോട് ചെയ്തത്

സീൻ : ഒന്ന് : അഛൻ ഓഹരി നിലവാരത്തിനും ബിസിനസ് റ്റുഡേയുയ്ക്കും വേണ്ടി മാത്രം ലാപ്പ് റ്റോപ്പ് ഓണാക്കുന്ന അഛൻ പതിവില്ലാത്തവിധം നെടുവീർപ്പോടെ ഒന്നിലധികം സിഗരറ്റുകൾ പുകച്ചു തള്ളിഅസ്വസ്ഥനാകുന്നത് ചിന്നുവിൽ ചെറുതല്ലാത്ത അങ്കലാപ്പുയർത്തി. ഒഴിഞ്ഞ ...