ചരിത്രത്തിന്റെ വക്രീകരണം – വർഗ്ഗീയരാഷ്ട്രീയത്തിന്റെ നിലമൊരുക്കൽ.

0

_ _  പഴയകാല പാരമ്പര്യത്തിൽ ഊറ്റം കൊണ്ട് തങ്ങളുടെ വർഗ്ഗീയ വാദത്തിന് അടിത്തറപാകാൻ ഒരു വിഭാഗം കൊണ്ടു പിടിച്ച ശ്രമം നടത്തുന്ന കാലഘട്ടമാണിന്ന്.തങ്ങളുടെ രാഷ്ട്രീയ അധികാരം മുൻനിർത്തി സ്കൂൾ സിലബസ്സിൽ പോലും കെട്ടുകഥകളെ ചരിത്ര സംഭവമാക്കി അവതരിപ്പിക്കുന്നു. സത്യത്തിൽ ഇത്തരം ചരിത്രരചന നടത്തുന്നത് പോയകാലത്തോടും, വരും തലമുറയോടുമുള്ള നീതി കേടാണ്. ഹിന്ദു ,മുസ്ലീം എന്ന തരംതിരിവ് പോലും ഉണ്ടായത് കൊളോണിയൽ കാലഘട്ടത്തിൽ മാത്രമാണ്. മധ്യകാലഘട്ടത്തിലെ ഒരു രേഖയിൽ പോലും ഇത്തരം പദങ്ങളിൽ ആളുകളെ സൂചിപ്പിച്ചതായി കാണുന്നില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ അഭിനവ ഗീബൽസിയൻമാർ എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് നാം ശരിക്കും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനായി നാം യഥാർത്ഥ ചരിത്രം വളച്ചൊടിക്കാതെ പഠിക്കേണ്ടിയിരിക്കുന്നു

                      വിജയനഗര സാമ്രാജ്യവും, മറാട്ട സാമ്രാജ്യവും ആണ്  ഹിന്ദുത്വത്തിന്റെ ശക്തിയുടേയും ,ഏകീകരണത്തിന്റെയും പുനരുത്ഥാന പ്രതീകമെന്ന് കൊട്ടിഘോഷിക്കുന്ന ഒരു കഥ ഇന്ന്  വ്യാപകമായി പ്രചരിക്കുന്നുണ്ട് . സത്യത്തിൽ വിജയനഗര സാമ്രാജ്യവും ഹിന്ദുത്വവും തമ്മിൽ പുലബന്ധം ഇല്ല എന്നതാണ് വാസ്തവം. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാൻ വിജയനഗര രാജാക്കൻമാർ മറ്റു ഹിന്ദു രാജാക്കാൻമാരുമായി (ഒറീസ്സയിലെ ഗജ പതി പൊരുതിയിരുന്നു. ഇവർക്ക് നെടുംതൂണായി പീരങ്കി പ്രയോഗിച്ച് കൊണ്ട് പൊരുതിയിരുന്നത് ‘തുരുഷ്ക്കർ ‘ (മുസൽമാൻമാർ) ആയിരുന്നു. ഇതെല്ലാം തന്നെ വിജയനഗരരാജാക്കൻ എഴുതി വെച്ച ശിലാലിഖിതങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ബംഗാളി മംഗള കാവ്യങ്ങളിലും, തമിഴൻമാരുടെ ദ്രൗപതി പൂജ സ്ത്രോത്രങ്ങളിലും കാവൽക്കാരയ തുലുക്കന്മാരെ കുറിച്ച് പരമാർശമുണ്ട്.ഇതേപോലെ തന്നെയാണ് ഹിന്ദു സാമാജ്യ പുനസ്ഥാപകനാക്കി പ്രതിഷ്ഠിക്കപ്പെട്ട  മറാട്ട സാമ്രാട്ട് ശിവജിയുടെയും ചരിത്രം. മറാട്ട രേഖകൾ എന്ന പേരിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ രേഖപ്പെട്ട പദങ്ങളെ വെച്ചായിരുന്നു ചരിത്രത്തെ വളച്ചൊടിച്ചിരുന്നത്. ‘ സ്വാരാജ്യം ‘ എന്നാൽ സ്വന്തമെന്നും, ‘ മുഗളായ് ‘ എന്നാൽ അന്യവുമാണ്. മുഗളായ് പ്രദേശമെന്നത് ഒറീസ്സ തൊട്ട് തഞ്ചാവൂർ വരെയുള്ള നാട്ടുരാജ്യങ്ങൾ ആയിരുന്നു. ശിവജിയുടെ പ്രധാനയോദ്ധാക്കൾ തുലുക്കർ ആയിരുന്നു. എന്നാൽ മുഗളർക്ക് വേണ്ടി പോരാടിയവർ രജപുത്രകുലത്തിൽ ഉള്ളവരായിരുന്നു. മുസൽമാൻമാർ അല്ലാത്തവർ ഭരിച്ചിരുന്ന പല രാജ്യങ്ങളിലും നികുതി പിരിക്കാൻ വരുന്ന ഭീകരനായിട്ടാണ് ശിവജി അറിയപ്പെട്ടിരുന്നത്. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട ‘ മഹാരാഷ്ട്രപുരാണം’ , ഒറിയയിലെ നാടോടിപ്പാട്ടു എന്നിവയിൽ അത്തരം ഭീകരനായിട്ടാണ് ശിവജിയെ ചിത്രീകരിക്കുന്നത്.  തുലുക്കപ്പടയോടു (മുസ്ലിം)  കൂടി രാജപുത്രർക്ക് എതിരെ പോരാടിയെ ശിവജിയെ ആണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ഇന്ന് ഉപയോഗിക്കുന്നത്. എന്ത് വിരോധാഭാസമാണ് ഈ പ്രവൃത്തിയെന്ന് നോക്കൂ.

                      മദ്ധ്യകാലചരിത്രം പരിശോധിക്കുമ്പോൾ അറബിഗ്രന്ഥങ്ങളിലും, പേർഷ്യൻകൃതികളിലും ‘ അൽ- ഹിന്ദ്’ എന്ന പദം ഉപയോഗിച്ച് കാണുന്നുണ്ട്. അത് സിന്ധുവിന്റെ തീരത്തെ ജനങ്ങളെ കുറിക്കുന്ന ഭൂമിശാസ്ത്ര പ്രയോഗമായിരുന്നു. അത് തന്നെ കച്ചവടക്കാരെ മാത്രം ഉദ്ദേശിച്ചായിരുന്നു അന്ന് ഹിന്ദു എന്ന പദം ഉപയോഗിച്ചിരുന്നത്. അതേ പോലെ തന്നെ ആയിരുന്നു ‘ മുസ്ലിം ‘ എന്ന പദവും. മതപര മായ ഒരേകീകൃത ജനതാ എന്ന രീതിയിൽ ആ കാലത്തെ ഇന്ത്യയിലെ ഇസ്ലാംമതവിശ്വാസികളെ അത്തരത്തിൽ എവിടെയും വിശേഷിപ്പിച്ച് കാണാൻ കഴിയുന്നില്ല. യവനർ, മ്ലേച്ഛർ,തുരുഷ്കർ (തുലുക്കർ) എന്നീ രീതിയിൽ ഇസ്ലാം മതവിശ്വാസികളെ വിശേഷിപ്പിച്ചതായി കാണാൻ കഴിയും.  അന്നത്തെ രാജാക്കൻമാരുടെതായി പറയപ്പെടുന്ന ശിലാലിഖിതങ്ങളിൽ ഇത്തരത്തിൽ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.  ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് സുൽത്താൻ എന്ന് പറയുന്ന രാജാക്കൻമാർ ഇസ്ലാം എന്ന മതത്തിന്റെ വ്യക്താക്കൾ ആയിരുന്നു എന്നത്.  അന്ന് സുൽത്താൻമാരും, മുഗളൻമാരും തമ്മിൽ വരെ സ്വരചേർച്ചയില്ലായിരുന്നു. അവരുടെയെല്ലാം ഒരേ ലക്ഷ്യം രാഷ്ടീയ അധികാരം സ്ഥാപിക്കുക എന്നത് മാത്രമായിരുന്നു. വംശീയ വിദ്വോഷത്തിന് അവർ യാതൊരു സ്ഥാനവും നൽകിയിരുന്നില്ല. മംഗോളിയക്കാരായ പൊതു ശത്രുവിനെ നേരിടാനായി സുൽത്താൻമാർ സവർണ്ണ പ്രഭുക്കളെയും, ബ്രഹ്മണശ്രേഷ്ഠരേയും തങ്ങളുടെ കൂടെ നിർത്തിയിരുന്നു അന്ന്. ഒപ്പം നിൽക്കുന്നവർക്ക് മണി മന്ദിരങ്ങളും, പ്രഭു പദവിയും നൽകി. ഈ സമ്മാനങ്ങൾ കൈനീട്ടി വാങ്ങി നല്ല സംസ്കൃതത്തിൽ സുൽത്താൻമാരെ പുകഴ്ത്തി കാവ്യങ്ങൾ വരെ അന്നത്തെ ബ്രാഹ്മണ ശ്രേഷ്ഠൻമാർ രചിച്ചു. ഒരേ സമയം അടിമകളെ ഉണ്ടാക്കി തങ്ങൾക്ക് സേവ ചെയ്യിപ്പിക്കുകയും, മറുവശത്ത് പ്രഭുക്കൻമാരെയും അവരുടെ സേനകളെയും ശക്തരാക്കി തങ്ങളുടെ ഭരണാധികാരം കെട്ടുറപ്പുള്ളതാക്കി മാറ്റുക എന്ന രാഷ്ട്രീയതന്ത്രമായിരുന്നു സുൽത്താൻമാർ അന്ന് ഇന്ത്യയിൽ ചെയ്തിരുന്നത്. അല്ലാതെ ഇതിലൊന്നും മതേതരത്വമോ, മതസഹിഷ്ണുതയോ ഒന്നും ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഇതിലൊന്നും തന്നെ സാമുദായികതയും, മതവിദ്വോഷവും ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. അത്തരം ആരോപണം ഇന്നത്തെ കാലത്ത് ഉന്നയിക്കുന്നവർ വിദ്വേഷരാഷ്ട്രീയം പ്രയോഗിച്ച് രാഷ്ട്രീയാധികാരം നേടാൻ നടക്കുന്നവർ മാത്രമാണ്.

                        മദ്ധ്യകാലത്തെ രാഷ്ട്രതന്ത്രജ്ഞരുടെ രേഖകളിൽ കാണാൻ കഴിയുന്നത് ഉയർന്നവർ, താഴ്ന്നവർ എന്ന വ്യാത്യാസത്തിൽ ജനങ്ങളെ തരം തിരിച്ചിരിക്കുന്നതാണ്. മുസ്ലിം ആയാലും താണ ജാതിക്കാരായ ലുഹാറുകളും, ചമാറുകളും അടുപ്പിക്കാൻ കൊള്ളാത്തവരായിട്ടാണ് മുസ്ലീം രാജക്കൻമാർ അന്ന് കണക്കാക്കിയിരുന്നത്. ബ്രാഹ്മണരും, റാണകളും, റാവുമാരും, ജമീന്ദരമാരും ദരിദ്രരും താണ ജാതിക്കാരുമായ മുസൽമാൻമാരേക്കാളും സ്വന്തക്കാരായാണ് അവർ കണ്ടിരുന്നത്.   അത് കൊണ്ട് തന്നെ അന്നത്തെ സുൽത്താൻമാരും ,മുഗളൻമാരും മതസാമുദായികത ബാധിച്ചവർ ആയിരുന്നില്ല എന്നതാണ് സത്യം. ഹിന്ദു, മുസ്ലിം എന്ന വിഭാഗീതയയോ സംഘർഷമോ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല.

                     അധികാരസുരക്ഷിതത്വം എന്നതിൽ കവിഞ്ഞൊന്നും തന്നെ ആ കാലഘട്ടത്തിലെ ഭരണാധികാരികളെ ബാധിച്ചിരുന്നില്ല.  അക്ബർ ചക്രവർത്തി ഗോവധം നിരോധനം നടത്തിയതും,ജസിയ എന്ന നികുതി പിൻവലിച്ചതും രജപുത്രരെ പ്രീണിപ്പിക്കാനായിരുന്നു. മധുര ക്ഷേത്രം തകർത്ത ഔറംഗസേബ് 33 രജപുത്ര ക്ഷേത്രങ്ങൾക്ക് മാസം തോറും ഇനാം നൽകിയിരുന്നു. അധികാര സംരക്ഷണം എന്നതിനപ്പുറം മതപരമായ യാതൊന്നും ഈ രാജാക്കന്മാരെ ബാധിച്ചിരുന്നില്ല. മുഗൾ രാജഭരണത്തിന്റെ പല നിയമങ്ങളും ഇസ്ലാമിക വിരുദ്ധമായിരുന്നു.  മതത്തേക്കാൾ രാജകീയതക്ക് അവർ പ്രാധാന്യം കൊടുത്തിരുന്നു എന്നത് അറിയാൻ അവർ പണി കഴിപ്പിച്ച കൊട്ടാരങ്ങളും, കോട്ടകളും ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

                 ഇത്തരത്തിലുണ്ടായിരുന്ന മദ്ധ്യകാലഘട്ടത്തെയാണ് ഇന്നത്തെ കാലത്തിരുന്ന് കള്ളകഥകളുണ്ടാക്കി വംശീയത പരത്താനായി ഉപയോഗിക്കുന്നത്. ചരിത്രത്തെ വികൃതവൽകരിക്കുക എന്ന പ്രക്രിയയാണ് അതിലൂടെ സംഭവിക്കുന്നത്. അന്നത്തെ കാലത്തെ സാധാരണ ഗ്രാമീണർക്ക് രാമനും, റഹീമും ഒന്നായിരുന്നു. അന്നത്തെ ഭക്തി പ്രസ്ഥാനം തന്നെ മതങ്ങളെ ജനകീയവൽകരിച്ചു കൊണ്ടുള്ളതായിരുന്നു. ബ്രാഹ്മണാധിപത്യത്തിനും, ഉലേമാധിപത്യത്തിനും അതീതമായ ഭക്തിയെ അന്വേഷിച്ച അന്നത്തെ ഭക്തകവികൾ മതാതീതമായ ജനകീയ മതം ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. കൊട്ടും, പാട്ടും, നൃത്തവും അവരുടെ ലളിതമായ ആത്മസക്ഷാത്കാര മാർഗ്ഗമായിരുന്നു അന്ന്.  അന്നത്തെ ബാബമാർ ഹിന്ദുവാണോ, മുസ്ലിമാണോ എന്ന് ആരും അന്യോഷിച്ചിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഇന്ത്യയിലെ പല ഗ്രന്ഥങ്ങളും പേർഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റപ്പെട്ടത്. പേർഷ്യയിലെ നിരവധി അറിവുകൾ നമ്മുടെ നാടിനും ലഭിച്ചു. പതിനാറാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ നമ്മുടെ നാട്ടിലെ ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. രാമായണത്തിനും, മഹാഭാഗവതത്തിനും നിരവധി പഠനങ്ങൾ വരെ പേർഷ്യൻ ഭാഷയിൽ ഉണ്ടായിട്ടുണ്ട്. ഭാഗവതത്തിന്റെ ഏറ്റവും പഴക്കമുള്ള കയ്യെഴുത്ത് പ്രതിപോലും പേർഷ്യൻ ഭാഷയിലാണ്. ശിവപാർവ്വതി സംവാദ രൂപത്തിൽ പ്രപഞ്ച സിദ്ധാന്തത്തെ കുറിച്ച് അബ്ദുറഹ്മാൻ ചസ്തി രചിച്ച ‘ മിറാത്ത് – അൽമഖ് ലൂഖാത്ത്’ , വിഗ്രഹാരാധനയെപ്പറ്റി ഒരു കൊക്കും തത്തയും തമ്മിലുള്ള ചർച്ച രൂപത്തിൽ റായ് കിരൺ രചിച്ച  ‘ ഹിജ്ജത്ത് – അൽ- മഠാഹീബ്’ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

             കോളനി ഭരണത്തിലാണ് ഇന്ത്യയിലെ  ജനങ്ങളെ മതപരമായി വേർതിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ചതിന്റെ വീരകഥകൾ പാടി നടക്കുമ്പോഴും അവർ ബാക്കി വെച്ച വിഴുപ്പുകൾ നാം ഇന്നും തോളിലേറ്റി നടക്കുകയാണ്. ആ വിഴുപ്പ് വലിയ വൃണമായി അതിൽ നിന്ന് ചലവും ,ചോരയും ഒലിച്ചു കൊണ്ടിരിക്കുന്നു. അറിവും ,സംസ്കാരവും കൂടിയവരാണെന്ന് സ്വയം അഭിമാനിക്കുമ്പോഴും നമ്മുടെ സമൂഹത്തിൽ മാരകമായി പടർന്നു പിടിക്കുകയാണ് മതവിദ്വേഷവും വംശീയ വെറികളും. അതിന് തീ പടർത്താനായി മദ്ധ്യകാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ച് വികലമാക്കി സാധാരണക്കാരിലേക്ക് എത്തിക്കാൻ വംശീയവാദക്കാർ കൊണ്ടു പിടിച്ച ശ്രമം നടത്തുന്നു. മതപരമായ ഒരു ചെറിയ ചിന്ത പോലും ഇല്ലാതിരുന്ന രാജാക്കൻമാരെ തങ്ങളുടെ പൂർവ്വിക മഹാൻമാരാക്കി രണ്ടു കൂട്ടരും ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അവരുടെ വീരഗാഥകൾ ചമച്ച് സ്വ സഹോദരങ്ങൾങ്ങ് നേരെ യുദ്ധത്തിന് ആഹ്വാനം നൽകുന്നു. മനവികത പുലരാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണം. ഇവരെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്തണം. അതിനായി നമുക്ക് യഥാർത്ഥ ചരിത്ര പാoങ്ങൾ പഠികേണ്ടിയിരിക്കുന്നു. നമ്മുടെ വരും തലമുറയേ ഇത്തരം ഗീബൽസുമാരുടെ കയ്യിലെ പാവയാകാൻ നാം ഒരിക്കലും അനുവദിച്ചു കൂടാ.ശ്രീനാരായണ ഗുരുവിന്റെ ‘ ആത്മാേപദേശ ശതകത്തിലെ ഈ വരികൾ എന്നും ഓർമ്മയിലിരിക്കട്ടെ!!!

“അവനിവനെന്നറിയുന്നതൊക്കെയോർത്താ
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

:- ഉണ്ണി കുലുക്കല്ലൂർ

 

No comments

Explore More

സ്നേഹപൂര്‍വ്വം…… ഇത്രമാത്രം

ഡിസംബർ 23 ന് ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നല്‍കിയ പൗര സ്വീകരണം അഭിമാനകരവും അത്യന്തം ആവേശകരവുമായ അനുഭവമായിരുന്നു. മുഖ്യമന്ത്രിയായ ശേഷം നടത്തുന്ന ആദ്യ ...