കേരളത്തിന് അറുപതാം പിറന്നാൾ

0

_ _ നവംബർ ഒന്നിനാണ് കേരളത്തിൻറെ പിറന്നാൾ.കേരളം പിറന്ന നാൾ.തിരുവിതാംകൂർ,കൊച്ചി,മദിരാശി പ്രസിഡൻസിയിൽപ്പെട്ടിരുന്ന മലബാർ എന്നിങ്ങനെ മൂന്നു കഷണങ്ങളായി കിടന്നിരുന്ന പ്രദേശങ്ങളെ ഒന്നാക്കി ഒരു സംസ്ഥാനമാക്കിയ നാൾ.സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഏകീകരിക്കാനുള്ള ഭാരതസർക്കാരിൻറെ തീരുമാനത്തിൻറെ ഫലമായിരുന്നു 1956ലെ പിറന്നാൾപ്പിറവി.

ഭാരതസർക്കാർ തീരുമാനമെടുക്കുന്നതിനുമുമ്പുതന്നെ മലയാളികളുടെ സ്വപ്നമായിരുന്നു ഐക്യകേരളം. സ്വാതന്ത്ര്യസമരകാലത്ത് ആ ആഗ്രഹത്തിനു ശക്തി കൂടി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം ഒന്നാകുമെന്നും തിരുവനന്തപുരം അതിൻറെ തലസ്ഥാനമാകുമെന്നും ആദ്യം പ്രവചിച്ച ആള്‍ “സ്വദേശാഭിമാനി” രാമകൃഷ്ണപിള്ളയായിരുന്നു.തിരുവിതാംകൂർ രാജഭരണകൂടം നാടുകടത്തിയപ്പോൾ അദ്ദേഹത്തിന് അഭയം കിട്ടിയത് മലബാറിലായിരുന്നു.പാലക്കാടും കണ്ണൂരുമായി ജീവിക്കുന്നതിനിടയിൽ മാർക്സിനെയും ഗാന്ധിയെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. 1916ഇൽ കണ്ണൂരിൽവച്ച് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.മലയാളികളുടെ ഐക്യകേരളസ്വപ്നം പക്ഷേ,കാലത്തോടൊപ്പം മുന്നോട്ടു കുതിച്ചു.1921 മുതല്‍ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരുന്നു.1928ല്‍ എറണാകുളത്തു കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം “ഐക്യകേരളം” ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു.1946ല്‍ കൊച്ചിയിലെ കേരളവർമ്മ മഹാരാജാവ് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു.അതേ വർഷം കെ.പി. കേശവമേനോൻറെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ ചേർന്ന യോഗം “ഐക്യകേരള”സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു.1947 ഏപ്രിലില്‍ കെ. കേളപ്പൻറെ അധ്യക്ഷതയില്‍ തൃശൂരിൽവച്ചു കൂടിയ ഐക്യകേരളസമ്മേളനം ഉദ്ഘാടനം ചെയ്തത്‌ കൊച്ചി മഹാരാജാവായിരുന്നു.1949 ഫെബ്രുവരിയിൽ ആലുവയിലും നവംബറിൽ പാലക്കാട്ടും ഇതിൻറെ തുടർസമ്മേളനങ്ങൾ നടന്നു.

അപ്പോഴും തിരുവിതാംകൂർ സർ സി പി രാമസ്വാമി അയ്യരുടെ മർക്കടമുഷ്ടിയിൽ തിരുവിതാംകൂർ എന്ന സ്വതന്ത്രരാജ്യത്തിനുവേണ്ടി മുറവിളി കൂട്ടുകയായിരുന്നു.ജനങ്ങൾ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. 1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു നേരെ ആക്രമണമുണ്ടായി.ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തന്റെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു.ആഗസ്റ്റ് 19ന് സര്‍. സി.പി.യും അവസാന ബ്രിട്ടീഷ് റസിഡന്റും തിരുവിതാംകൂര്‍ വിട്ടു.അതോടെ തിരുവിതാംകൂറിനെയും കൊച്ചിയെയും ഒന്നിപ്പിച്ച് ഒരു സംസ്ഥാനമാക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. 1949 ജൂലൈ ഒന്നാം തീയതിയാണ് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം നിലവിൽ വന്നത്.അന്ന് തിരു-കൊച്ചി എന്നായിരുന്നു പേര്.പട്ടം താണുപ്പിളള തിരു-കൊച്ചി സംസ്ഥാനത്തിൻറെ ആദ്യമുഖ്യമന്ത്രിയായി 1954 മാർച്ച് 16നു തിരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് ഇന്ത്യയുടെ ദക്ഷിണസംസ്ഥാനമായിരുന്നു മദിരാശി പ്രസിഡൻസി.തമിഴ്‌നാട്,ആന്ധ്രയുടെ ഇപ്പോഴത്തെ സീമാന്ധ്രാപ്രദേശം,പഴയ ഹൈദരാബാദ് രാജ്യത്തിലെ വടക്കൻ ആന്ധ്ര,കർണാടകത്തിൻറെ ഭാഗങ്ങൾ,കേരളത്തിലെ മലബാർ പ്രദേശങ്ങൾ എന്നിവ ചേർന്നതായിരുന്നു മദിരാശി പ്രസിഡൻസി. കോഴിക്കോട്‌ നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ കേരള സംസ്ഥാനത്തിലെ കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ ലക്ഷദ്വീപും ബ്രിട്ടീഷ്‌ കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു. 1956 നവംബർ ഒന്നിന് കേരളത്തിലെ മലബാർ പ്രദേശങ്ങൾ കൂടി ചേർത്താണ് കേരളസംസ്ഥാനം പിറന്നത്.

മലബാർ ഭൂമിശാസ്ത്രപരമായി വടക്കേ മലബാർ,തെക്കേ മലബാർ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി അറിയപ്പെടുന്നു.വടക്കേ മലബാർ തെക്ക് കോരപ്പുഴയിൽനിന്ന് ആരംഭിച്ച് വടക്ക് മഞ്ചേശ്വരത്ത് അവസാനിക്കുന്നു. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളും കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും പോണ്ടിച്ചേരിയിലെ മാഹി ജില്ലയും ചേർന്നതാണ് വടക്കേ മലബാർ. പഴയ രാജഭരണകാലത്ത് കോലത്തുനാടും കടത്തനാടും തുളുനാടിൻറെ ഭാഗങ്ങളും ചേർന്നതായിരുന്നു ഈ പ്രദേശം.കേരളം രൂപീകരിച്ചപ്പോഴും മാഹി ഫ്രഞ്ച് അധീനത്തിൽത്തന്നെ തുടർന്നു.അവർ പൂർണ്ണമായി വിട്ടുപോയപ്പോൾ പോണ്ടിച്ചേരിയുടെ ഭാഗമായിത്തീരുകയും ചെയ്തു.എങ്കിലും സാംസ്കാരികമായി കേരളത്തോടാണ് മാഹിക്ക് അടുപ്പം.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും മലപ്പുറം ജില്ലയും പാലക്കാട് ജില്ലയുടെ ഭൂരിഭാഗവും തൃശ്ശൂർ ജില്ലയുടെ ചിലഭാഗങ്ങളും ചേർന്ന മേഖലയാണ് തെക്കേ മലബാർ.

കേരളസംസ്ഥാനം രൂപീകരിക്കുന്നതിൻറെ ഭാഗമായി 1953ഇൽ ഫസൽ അലി തലവനും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാകമ്മീഷൻ രൂപവൽക്കരിച്ചു.1955 സെപ്റ്റംബറിൽ സംസ്‌ഥാന രൂപവൽക്കരണ ശിപാർശയോടെ ആദ്യറിപ്പോർട്ടു സമർപ്പിച്ചു.13 മാസം കഴിഞ്ഞ് തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിൻറെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരു-കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു.5 ജില്ലകളിൽ തുടങ്ങിയ കേരളത്തിൽ ഇന്ന് 14 ജില്ലകൾ ഉണ്ട്.കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയാണവ.

സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ.ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ.ഇ.എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

കേരളം ഇപ്പോൾ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണെന്നു സൂചിപ്പിച്ചു.ഈ അവസരത്തിൽ കേരളത്തിന് ഇതുവരെ ഉണ്ടായിട്ടുള്ള വളർച്ചതളർച്ചകളുടെ ഒരു കണക്കെടുപ്പ് വളരെ നല്ലതായിരിക്കും.അങ്ങിനെയുള്ള ഒരു ചർച്ചദുബായിൽ കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്നു എന്നത് പ്രവാസികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. ഈ അവസരം നമ്മുടെ കുട്ടികൾക്കും വലിയൊരു പ്രചോദനമായിത്തീരും എന്ന കാര്യത്തിൽ സംശയമില്ല.അപൂർവ്വമായി കിട്ടുന്ന ഈ അവസരം ഓരോ പ്രവാസിയും ഹൃദയംകൊണ്ട് ഏറ്റെടുത്ത് വിജയിപ്പിക്കണം.
എല്ലാവർക്കും ഹൃദയഭാഷയിൽ കേരളപ്പിറവി ദിനാശംസകൾ!

മംഗലത്ത് മുരളി

No comments

Explore More

വിസ്മയമായി അലൈൻ തെരുവു നാടക മത്സരം

അലൈൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ അനുസ്മരണ തെരുവു നാടക മത്സരം Oct.20 ന് വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സോഷ്യൽ സെന്ററിൽ അരങ്ങേറി. യു. എ. ഇയിലെ വിവിധ സാംസ്കാരിക സംഘടനകൾ അവതരിപ്പിച്ച 6 ...