മുടിയിൽ എന്തിരിക്കുന്നു ?

0
കാൻസർ എന്ന മഹാ വ്യാധിയെ കുറിച്ച്  കേൾക്കുന്നത് മുത്തശ്ശിയിൽ നിന്നാണ്. ” ന്റെ നാരായണൻകുട്ടി – ഓൻ ഒരാളേം ഇന്ന് വരെ ദ്രോഹിച്ചിട്ടില്ല. എല്ലാരേം സഹായിച്ചിട്ടല്ലേ ള്ളൂ . ന്നട്ടും പാവം ഓനീ ഗതി വന്നൂലോ ഈശ്വരാ. രാജമ്മക്ക് എന്തെങ്കിലും പറ്റിയാൽ ആ രണ്ടു പെൺ കുട്ടിയോളേം കൊണ്ട് ഓൻ ന്താ ചീയ്യാ ദൈവമേ… ” ഇടയ്ക്കിടെ കണ്ണ് നിറച്ചു മുത്തശ്ശി ആത്മഗതം ചെയ്യുന്നതും അത് കേൾക്കുമ്പോൾ ‘അമ്മ നിശ്ശബ്ദയായി നിസ്സഹായയായി നിൽക്കുന്നതും വളരെ ചെറുപ്പത്തിലെ  ഒരോർമ്മ ആണ്.
നാരായണൻ കുട്ടി മുത്തശ്ശിയുടെ അനിയൻ ആണ്.  ചെറുപ്പത്തിലേ നാട് വിട്ട് അമേരിക്കയിലും കാനഡയിലും ജീവിതം കരുപ്പിടിപ്പിച്ച പൂർവ കാല പ്രവാസികളിൽ ഒരാൾ. ഞങ്ങൾ കുട്ടികൾക്ക് വലിയ ഉണ്ണിമാമ. ഉണ്ണിമാമയും രാജമ്മായിയും അവരുടെ മക്കൾ അനിയും വിനിയും വരുന്നത് അഞ്ചോ ആറോ വര്ഷം കൂടുമ്പോൾ ആണ്. അന്നു പുത്തൂർകുന്നത് വീടു ആഘോഷം ആകും .പല  നിറവും രൂപവും മണവുമുള്ള റബ്ബറുകളും അത് വരെ കണ്ടിട്ടില്ലാത്ത മധുരിക്കുന്നതും പുളിപ്പുള്ളതും വായിൽ ഒട്ടി പിടിക്കുന്നതും അലിഞ്ഞു പോകുന്നതും ഒക്കെ ആയ പല തരം മിട്ടായികളും പല തരം കളിപ്പാട്ടങ്ങളും സായിപ്പിന്റെ നാട്ടിലെ ഏറ്റവും പുത്തൻ ഫാഷൻ വസ്ത്രങ്ങളും സോപ്പ്‌കളും spray കളും മുടിയിൽ കുത്തുന്ന മനോഹരമായ ഹെയർ പിന്നുകളും എഴുതാൻ പ്ലാസ്റ്റിക് കോൽ പോലെയുള്ള പേന, എഴുത്തു മായ്ക്കാൻ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് നീക്കുന്ന ഗിയർ ഉള്ള സ്ലേറ്റ് … അങ്ങനെ ജീവിതത്തിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ ആണ് ഉണ്ണിമാമയുടെയും കുടുംബത്തിന്റെയും ഓരോ വരവുകളും സമ്മാനിച്ചത്. ഓരോ അമേരിക്കൻ പെട്ടിയും സുഗന്ധം നിറഞ്ഞ, നിറങ്ങൾ നിറഞ്ഞ, കൗതുകങ്ങൾ നിറഞ്ഞ മാന്ത്രിക പെട്ടികൾ ആയിരുന്നു. അത് കൊണ്ട് തന്നെയാണ് നാരായണൻ കുട്ടിയുടെ ദുര്യോഗത്തെ കുറിച്ച് മുത്തശ്ശി മനസ്സ് തപിക്കുന്നത് കണ്ടപ്പോൾ അതെന്തിനാണെന്നറിയാൻ മനസ്സ് തുടിച്ചതും.
ആദ്യമൊക്കെ മുത്തശ്ശിയും അമ്മയും ചെറിയമ്മയും ഒക്കെ ഒഴിഞ്ഞു മാറി. പിന്നീടെപ്പോഴോ അച്ഛൻ ആണ് പറഞ്ഞു തന്നത്. രാജമ്മായി ഒരു മാറാ രോഗത്തിന് ഉടമയാണ്. ബ്ലഡ് കാൻസർ എന്ന അസുഖം കേട്ടറിവ് പോലും ഇല്ലാത്ത കാലം. രക്തത്തിലെ വൈറ്റ് ബ്ലഡ് കോർപസില്സ് ന്റെ അളവ് കൂടുകയും RBC കൌണ്ട് കുറയുകയും ചെയ്യുന്നു. ഒരേ ഒരു പരിഹാരം മരുന്നുകളും കൃത്യമായ ഇടവേളകളിൽ  രക്തം മാറ്റുകയും മാത്രം ആണ്. ജീവിതം നീട്ടി വാങ്ങിക്കാം എന്നാലും അധികം താമസിയാതെ മരണത്തിനു കീഴടങ്ങിയെ പറ്റൂ. കാനഡയിൽ  ഒരു പ്രശസ്ത ഹോസ്പിറ്റലിൽ നേഴ്സ് ആയതു കൊണ്ട്  രാജമ്മായിയുടെ അസുഖം നേരത്തെ കണ്ടെത്താൻ കഴിഞ്ഞു.വ്യക്തിയെ state ന്റെ സ്വത്തായി കാണുന്ന രാജ്യത്ത് എല്ലാ ചികിത്സകളും പൂർണ്ണമായി സൗജന്യമായി ലഭിക്കുന്നത് കൊണ്ട് അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ഇത്തിരി കറുത്ത നിറവും ലേശം തടിച്ച ദേഹ പ്രകൃതിയും തോളൊപ്പം വെട്ടിയിട്ട മുടിയും തിളങ്ങുന്ന നിരയൊത്ത പല്ലുകളുമായി എപ്പോഴും ചിരിക്കുന്ന മുഖവും …രാജമ്മായിക്ക് ഒരു hero പരിവേഷം ആയിരുന്നു പിന്നീട്. (മാറാരോഗത്തിന് ‘ഉടമ’ എന്നതും  ‘ഹീറോ’ എന്ന വാക്കും ഉപയോഗിച്ചത് മനഃപൂർവം ആണ്. മരണം തൊട്ടു പിന്നിൽ ഉണ്ടെന്നറിഞ്ഞിട്ടും അമ്മായിയുടെ ആ ചിരി ഒരിക്കലും മാഞ്ഞിരുന്നില്ല. സ്വന്തം അവസ്ഥയെ കുറിച്ച് പറഞ്ഞു ആരുടെയെങ്കിലും സഹതാപം നേടാൻ അവർ ഒരിക്കലും ശ്രമിച്ചതും ഇല്ല. അടിമ എന്ന വാക്കും ഹീറോയിൻ എന്ന വാക്കും അവർക്ക് ചേരില്ല ) രണ്ടാമത്തെ മകൾ വിനീതയുടെ ജനനത്തോടെ കണ്ടെത്തിയ രോഗം അവരെ 17 വര്ഷം പിന്തുടർന്നു. ഒരു തരത്തിലുള്ള കലഹങ്ങളും ഇല്ലാതെ നല്ല സുഹൃത്തുക്കൾ ആയി അമ്മായിയും അവരുടെ അസുഖവും പിന്നീടും ഞങ്ങൾക്കിടയിൽ വന്നു പോയി.
ഒടുവിൽ ഒരു നാൾ  ഒരു നീല envelop ഇൽ ഏഴു കടലുകൾക്ക് അപ്പുറത്തു നിന്ന് ഉണ്ണിമാമയുടെ കത്ത് ഞങ്ങളെ തേടി എത്തി – “പ്രിയപ്പെട്ട ഗോപിയേട്ടനും സീതക്കും, ഒടുവിൽ അവൾ പോയി. രണ്ടു മക്കളെ എന്നെ ഏൽപ്പിച്ചു വേദനയുടെ ലോകത്തു നിന്ന് എന്നെന്നേക്കുമായി. അവസാന കാലത്തു അവളെ നോക്കാൻ കഴിഞ്ഞു എന്നതും അവസാന നാളിൽ ഓഫീസിൽ നിന്ന് വന്ന നാൻ  സ്വന്തം കൈ കൊണ്ടുണ്ടാക്കിയ കഞ്ഞി ഇത്തിരി കുടിച്ചാണ് അവൾ യാത്രയായത് എന്നും മാത്രമാണ് സമാധാനം. മക്കളെ കൊണ്ട് കർമ്മങ്ങൾ ചെയ്യിച്ചു.” കൂടെ, മുടി പൊക്കി കെട്ടിവെച്ചു വെള്ള ടോപ്പും കറുത്ത ചെക്‌സ് ഉള്ള മിഡിയും ധരിച്ചു നിലത്തു മുട്ട് കുത്തിയിരുന്ന് അമ്മക്കായി കർമ്മങ്ങൾ ചെയ്യുന്ന അനിയുടെയും വിനിയുടെയും ചിത്രങ്ങളും അമ്മായിയുടെ അവസാന കാലത്തേ ഒന്ന് രണ്ടു ഫോട്ടോകളും . ആ ഫോട്ടോ ഞങ്ങൾക്ക് അറിയാമായിരുന്ന അമ്മായിയുടെ പ്രേതത്തിന്റെതു ആയിരുന്നു. കറുത്ത് മെല്ലിച്ചു തൊലി ചുക്കി ചുളിഞ്ഞ ഒരു ആൾ രൂപം. മുടി മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും മുഖത്തു വെളുത്ത നിരയൊത്ത പല്ലുകളുടെ, മരണത്തെ തോൽപ്പിച്ച ആ ചിരി മാത്രം ബാക്കി നിന്നിരുന്നു…
പിന്നീട് ഇങ്ങോട്ട് ഏറെ പേർ…   പ്രിയപ്പെട്ട ഏട്ടന്മാമ,  KT മാഷ്, അയൽവാസി സൂരജിന്റെ ‘അമ്മ,ഭർതൃ സഹോദരി ബേബി ചേച്ചി …. അങ്ങനെ മരണത്തിലേക്ക് നടന്നു പോയവർ നേരിട്ട് അറിയാവുന്നവരും അല്ലാത്തവരുമായ എത്രയോ പേര്.
നടൻ ജിഷ്ണുവിനെ കുറിച്ച് ദീപ നിഷാന്ത് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പും അച്ഛന്റെ സുഹൃത്തിന്റെ മകളെ കുറിച്ച് നടൻ അനൂപ് എഴുതിയ കുറിപ്പും അടുത്ത കാലത്തു കണ്ണ് നിറയിച്ചവ ആയിരുന്നു. അത് പോലെ ഒന്നായിരുന്നു ശ്രീമതി ഉമാ പ്രേമന്റെ ഒരു കാൻസർ രോഗിയെ visit ചെയ്തപ്പോൾ ഉണ്ടായ ഒരു അനുഭവവും . കീമോയിൽ മുടി നഷ്ടപ്പെട്ട അവർ സ്വന്തം രൂപത്തെ കുറിച്ച് ശ്രീമതി ഉമയോട് കണ്ണ് നിറച്ചുവത്രെ. മുടി ഒന്നും വലിയ കാര്യമല്ല അതൊക്കെ ഇനിയും ഉണ്ടാകാമല്ലോ എന്ന് സമാധാനിപ്പിച്ച ഉമയോട് അവർ പറഞ്ഞു “നിങ്ങൾക്ക് അത് മനസ്സിലാകില്ല. മുടി നഷ്ടപ്പെട്ട് സൗന്ദര്യം നഷ്ടപ്പെട്ട് ആളുകളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഞങ്ങളെ പോലുള്ളവരുടെ അവസ്ഥ നിങ്ങളെ പോലെ ഉള്ളവർക്ക് ആലോചിക്കാൻ പോലും കഴിയില്ല.” നീണ്ടു കറുത്ത ഉള്ളുള്ള മുടി മലയാളി സ്ത്രീ സങ്കൽപ്പത്തിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്ന സാമൂഹികാവസ്ഥയിൽ അവർ പറഞ്ഞത് സത്യം മാത്രം ആയിരുന്നു. അത് കേട്ട ഉമാപ്രേമൻ അവരുടെ മുടി പൂർണമായും കളഞ്ഞു കാൻസർ രോഗികളോട്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത് കുറച്ചു നാൾ മുൻപ് ആയിരുന്നു.
മുടി വെട്ടി donate ചെയ്യാൻ ആഗ്രഹിച്ചു തുടങ്ങിയിട്ട് കുറച്ചു നാൾ ആയെങ്കിലും ഉള്ളിന്റെ ഉള്ളിലെ തനി പെണ്ണ് വിലക്കിക്കൊണ്ടേ ഇരുന്നു. ഒടുവിൽ, ഇനിയും വൈകിയാൽ, ക്രുത്രിമ നിറം തേച്ചു തുടങ്ങിയാൽ ഒരു പക്ഷെ ഒരിക്കലും അത് സാധിക്കാതെ വരാം എന്ന തോന്നലിൽ ആണ് അവസാനം  ഫിലിപ്പിനോ ബ്യൂട്ടിഷ്യന്റെ മുൻപിൽ ചെന്നിരുന്നത്. 17 ഇഞ്ച് മുറിച്ചു എന്റെ കയ്യിലേക്ക് തരണം നിലത്തു ഇടരുത് എന്ന് പറഞ്ഞപ്പോൾ കൂടി നിന്ന ഫിലിപ്പിനോ യുവതികൾ എല്ലാം വാ തുറന്നു അതിശയത്തോടെ നോക്കി. വിൽക്കാനല്ല ഇന്ത്യയിലെ ഒരു  ചാരിറ്റി അസോസിയേഷന് അയക്കുവാൻ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവരിൽ ഒരാൾ ചോദിച്ചു ” madam you must be very kind. or how can some one cut & donate such long beautiful hair?” എന്ന്. അതൊക്കെ കേട്ടെങ്കിലും കണ്ണാടിയിൽ എനിക്ക്  കാണത്തക്ക വിധത്തിൽ പൊന്തിച്ചു പിടിച്ചു അവർ മുടി മുറിച്ചപ്പോൾ കണ്ണുകൾ നിറയാതെ ഇരിക്കാൻ നാൻ ബോധപൂർവം ശ്രമിച്ചു. നീളം ഇല്ലാത്ത മുടി കഴുത്തിന് ചുറ്റും കിടന്നു കണ്ണാടിയിൽ എന്നെ നോക്കി പരിഹസിച്ചു ചിരിച്ചപ്പോൾ മുഖത്തെ ചമ്മലും വിമ്മിഷ്ടവും മറക്കാൻ നാൻ മുഖം തിരിച്ചു.
പാരമ്പര്യമായി കിട്ടുന്ന ഈ ഔദാര്യം  പണ്ടൊരിക്കലും എന്നെ വിഭ്രമിച്ചിട്ടില്ല. പക്ഷെ ഇന്ന്, ഓരോ സ്ത്രീ രൂപങ്ങളുടെയും പുറകിൽ എന്തെന്ന് നാൻ സ്വയം അറിയാതെ ശ്രദ്ധിച്ചു പോകുന്നു.പുറം നിറഞ്ഞു കിടക്കുന്ന ഓരോ മുടിച്ചുരുളുകളും എന്നെ അസൂയപ്പെടുത്തുന്നു, എനിക്ക്  നഷ്ടപ്പെട്ടത് എന്താണെന്നു അവ എന്നെ ഓര്മപ്പെടുതുന്നു.  ഇന്ന് എനിക്കും അറിയാം, മുടി എന്ന ആഭരണത്തിന്റെ അലങ്കാരം ഇല്ലെങ്കിൽ എന്റെ രൂപവും എത്രത്തോളം അരസികം ആണെന്ന്. ഇന്നെനിക്കു തൊട്ടറിയാം ഓരോ കാൻസർ രോഗിയുടെയും മനസ്സിന്റെ നിരാശയെക്കുറിച്ച്‌.  ജീവിതത്തിൽ നാം ആരെങ്കിലും ആണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എന്തെങ്കിലും നേടിയെന്ന അഹന്ത ഉണ്ടെങ്കിൽ അവയെല്ലാം തച്ചു തകർക്കാൻ ഒരു കാൻസർ ഹോസ്പിറ്റലിൽ പോയാൽ മതിയെന്ന് പണ്ട് ഒരു കാൻസർ ഹോസ്പിറ്റലിൽ ജോലി ചെയ്‌ത സുഹൃത്ത് ശാന്തിനി യുടെ സാക്ഷ്യപ്പെടുത്തൽ. ഒരു വിനോദ യാത്രയിൽ കൂടെ കണ്ട കൊച്ചു പെൺകുട്ടിക്കായി സ്വന്തം മുടി മുറിക്കാൻ തയ്യാറായ അലീഷയും (Alisha Elizabeth Mathew)  ‘Protect your Mom’ , ‘Hair for Hope’ തുടങ്ങിയവയുടെ UAE അംബാസിഡർ മാളുക്കുട്ടിയും (Bhavana Balakrishnan )  എനിക്കെത്രയോ മുകളിൽ ആണ്. ജീവിതത്തിൽ കാൻസറിനെതിരെ ഇന്നും പൊരുതി നിൽക്കുന്ന, അമ്മായിയെ പോലെ ചിരിച്ചു കൊണ്ട് ജീവിതത്തെ നേരിടുന്ന ഒരു പ്രിയ സുഹൃത്തിനെ കുറിച്ച് കൂടി പറയാതെ ഈ ചിത്രം പൂർണം ആവില്ല. അവൾക്ക് ഉള്ളതാവട്ടെ അവളെ പോലെ അനേകർക്കുള്ളതാവട്ടെ  മാളുവിനെയും അലീഷയെയും പോലെ ചെറുപ്പത്തിലേ തിരിച്ചറിവ് വന്ന നൂറായിരം കൊച്ചു കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ളതാവട്ടെ എന്റെയും  ഈ എളിയ സമർപ്പണം.

ശ്രീകല പി

No comments

Explore More

വിസ്മയമായി അലൈൻ തെരുവു നാടക മത്സരം

അലൈൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ അനുസ്മരണ തെരുവു നാടക മത്സരം Oct.20 ന് വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സോഷ്യൽ സെന്ററിൽ അരങ്ങേറി. യു. എ. ഇയിലെ വിവിധ സാംസ്കാരിക സംഘടനകൾ അവതരിപ്പിച്ച 6 ...