രാഷ്ട്രീയത്തിന്റെ വായനയും വായനയുടെ രാഷ്ട്രീയവും

0

പത്രവും വാരികയും പുസ്തകവും വായിക്കുന്നത്‌ മാത്രമല്ല വായന. അക്ഷരങ്ങളിലൂടെ കണ്ണോടിച്ച്‌ ആശയം ഗ്രഹിക്കുന്നതല്ല വായന. വാക്കുകളും വാചകങ്ങളും പ്രയോഗിക്കുന്ന സന്ദർഭം മനസ്സിലാകുന്നതും വായനയാണ്‌ . അത് കൊണ്ടാണ്‌ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ വാചകങ്ങൾക്ക്‌ അർത്ഥലോപം വരുന്നത്‌; ദുരർഥങ്ങളുണ്ടാവുന്നത്‌.
വാക്കുകളും വാചകങ്ങളും വായിക്കുന്നത് പോലെ തന്നെയാണ്‌ ചിത്രങ്ങളും കാർട്ടൂണുകളും വായിക്കപ്പെടുന്നതും. ചിത്രങ്ങൾക്കും കാർട്ടൂണുകൾക്കും സന്ദർഭം അങ്ങേയറ്റം പ്രധാനമാണ്‌. സന്ദർഭമാണ്‌ അവർക്ക്‌ ആശയസംബുഷ്ടത പ്രധാനം ചെയ്യുന്നത്‌. അനേകം വാചകങ്ങൾ കൊണ്ട്‌ മാത്രം വിവരിക്കാൻ കഴിയുന്ന ഒരാശയം ഒരു കാർട്ടൂൺ കൊണ്ട്‌ വ്യക്തമാക്കാൻ കഴിയും. ആശയസന്നിവേശത്തിനുള്ള ഒരു പ്രധാനപ്പെട്ട ഉപകരണമാണ്‌ കാർട്ടൂണുകൾ.
ഒരു വസ്തുവിന്റേയോ, ആശയത്തിന്റേയോ ഹാസ്യാത്മകമായ ചിത്രീകരണമാണ്‌ കാർട്ടൂൺ. അതുമനസ്സിലാക്കാൻ നർമ്മബോധം വേണം. മനുഷ്യത്വമുള്ളിടത്തേ നർമ്മം പുലരുകയുള്ളൂ. അത്‌ കൊണ്ടാണ്‌ മനുഷ്യത്വമുള്ള എല്ലാവരും കാർട്ടൂണുകൾ ആസ്വദിച്ചിരുന്നത്‌. കാർട്ടൂണിസ്റ്റുകളെ ആദരിച്ചിരുന്നത്‌.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിനെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന നിരവധി കാർട്ടൂണുകൾ അക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ കാർട്ടൂണിസ്റ്റ്‌ ശങ്കർ വരച്ചിട്ടുള്ളവയാണ്‌. നെഹ്രുവിന്റെ ആത്മമിത്രമായിരുന്നു ശങ്കർ അദ്ദേഹത്തെ വിമർശിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കിയിട്ടില്ല. നെഹ്രുവും അവയെല്ലാം ആസ്വദിച്ചിട്ടേയുള്ളൂ .അവരുടെ വ്യക്തിബന്ധത്തിന്‌ ഉലച്ചിൽ തട്ടിയിട്ടില്ല. പാർലമന്റിൽ പ്രമേയമവതരിപ്പിച്ച്‌ പ്രതിഷേധം രേഗപ്പെടുത്തിയില്ല. മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്തിട്ടുമില്ല.
നെഹ്രു മാത്രമല്ല അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സമകാലീകരും കാർട്ടൂണുകളോട്‌ അസഹിഷ്ണുത പുലർത്തിയിരുന്നില്ല. കാരണം അവരെല്ലാംതന്നെ കോളനിവിരുദ്ധ സമരത്തിന്റെ ചൂളയിൽ ഉരുകിയുറച്ചവരാണ്‌ വിത്യസ്തമായ രാഷ്ട്രീയാശയങ്ങൾ കൊണ്ടുനടക്കുന്നവരായിരുന്നു അവർ. പക്ഷേ അവർക്കെല്ലാം ഒരു ഗുണമുണ്ടായിരുന്നു വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ. അതായിരുന്നു അന്നത്തെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തെയാണ്‌ കാർട്ടൂണിസ്റ്റുകൾ വായിച്ചത്‌. ചിത്രങ്ങളായി അവതരിപ്പിച്ചത്‌. ആ ചിത്രങ്ങളാണ്‌ വായനക്കാർ ആസ്വദിച്ചത്‌. അവരുടെ വായനയ്ക്‌ രാഷ്ട്രീയം ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഭരണഘടനാ നിർമ്മാണം അനന്തമായി നീണ്ടുപോകുന്നതിലുള്ള പ്രതിഷേധം 1949ൽ ഒരു കാർട്ടൂണായി ശങ്കരൻ തന്റെ വാരികയിൽ അവതരിപ്പിച്ചത്‌.അത്‌ അന്നത്തെ ജനാധിപത്യവിശ്വാസികളുടെ അഭിപ്രായമായിരുന്നു. അതു പ്രകടിപ്പിക്കുകയാണ്‌ ശങ്കർ ചെയ്തത്‌. അതു ശരിയാംവണ്ണം മനസ്സിലായത്‌ കൊണ്ടാണ്‌ നെഹ്‌റുവും അംബേദ്‌കറും പ്രതിഷേധിക്കാതിരുന്നത്‌. എന്നാൽ അറുപത്തിമൂന്നു വർഷങ്ങൾക്കുശേഷം അവരുടെ പിന്മുറക്കാർ എന്നവകാശപ്പെടുന്നവർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. പാർലമെന്റിനെ ഇളക്കിമറിക്കുന്നു. വകുപ്പുമന്ത്രി മാപ്പുപറയുന്നു. അദ്ദേഹം ചെയ്തത്‌ മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കാലം തെളിയിക്കും.
വകുപ്പ്‌ മന്ത്രിയുടെ മാപ്പ്പ്‌ പറച്ചിലിൽ എത്തിച്ച സംഭവമെന്തായിരുന്നു ? സി.ബി.എസ്‌.ഇ യുടെ പതിനൊന്നാം ക്ലാസിലെ രാഷ്ട്രമിമാംസ പാഠപുസ്തകത്തിൽ ചേർത്ത ഒരു കാർട്ടൂൺ ആണ്‌ പ്രതി. ഭരണഘടന എന്നെഴുതിയ ഒച്ചിന്റെ പുറത്ത്‌ ചായയുമായി ഇരിക്കുന്ന അംബേദ്ക്കറും അതിനു പിന്നിൽ നിന്ന് ചാട്ട വീശുന്ന നെഹ്‌റുവുമാണ്‌ കാർട്ടൂണിലുള്ളത്‌.ഇതാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌. പ്രതിഷേധമുന്നയിച്ചവർ പറഞ്ഞത്‌ ഒരു കാരണം. അതിനോട്‌ കൂറു പ്രഖ്യാപിച്ചവർ പറഞ്ഞത്‌ മറ്റൊരു കാരണം. ഈ രണ്ടുകൂട്ടരും രാഷ്ട്രീയ നേതാക്കളാണ്‌. അവരുടെ നിലവാരത്തകർച്ചയിൽ നമുക്ക്‌ ദു:ഖിക്കാതിരിക്കാൻ നിർവാഹമില്ല.
ഭരണഘടനാ നിമ്മാണസമിതിയുടെ അദ്ധ്യക്ഷനായിരുന്ന ഡോ.ബി.ആർ. അംബേദ്‌കറെകളിയാക്കുന്നതാണ്‌ ചിത്രമെന്നും അത്‌ ദളിതരെ ഒന്നടങ്കം കളിയാക്കുന്നതാണെന്നും അതിനാൽ പാഠപുസ്തകത്തിൽ നിന്നും കാർട്ടൂൺ നീക്കം ചെയ്യണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാണ്‌ റിപ്പബ്ലിക്കൻ കക്ഷിയും മായാവതിയുടെ ബി.എസ്‌.പി യും ആവശ്യപ്പെട്ടത്‌.അംബേദ്‌കറെ ദളിതനായി മാത്രം ചുരുക്കിക്കാണുന്ന ഇവരോട്‌ നമുക്ക്‌ സഹതപിക്കാം.
ഇവരുടെ പ്രതിഷേധത്തിൽ അനുഭാവം രേഖപ്പെടുത്തിയ മറ്റു രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ പറഞ്ഞത്‌ രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ചിത്രങ്ങൾ പാഠപുസ്തകത്തിൽ കൊടുത്താൽ കൗമാരപ്രായം തൊട്ട്‌ രാഷ്ട്രീയക്കാരോട്‌ പുച്ഛം പുലർത്തുന്ന ഒരു തലമുറ വളർന്നുവരുമെന്നും അത്‌ അപകടകരമാവുമെന്നുമാണ്‌ രാഷ്ട്രീയക്കാർ സംപൂജ്യരാണെന്ന് ജനം ധരിച്ചിരിക്കുന്നു എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഇക്കൂട്ടർ ഇത്‌ പറയുന്നത്‌ എന്ന് വ്യക്തം. രാഷ്ട്രീയക്കാരെ വിമർശിക്കുന്നതൊന്നും പാഠ്യവിഷയമാക്കാൻ പാടില്ല എന്നാണ്‌ ഇവർ ശഠിക്കുന്നത്‌,
ആദ്യത്തെ പ്രതിഷേധക്കാർക്ക്‌ രാഷ്ട്രീയക്കാർ വിമർശിക്കപ്പെടുന്നതിൽ പരിഭവമില്ല. ദളിതനായ അംബേദ്‌ക്കറെ വിമർശിക്കരുതന്നേയുള്ളൂ. രണ്ടാമത്തെ കൂട്ടർക്ക്‌ അംബേദ്‌ക്കറെ വിമർശിക്കുന്നതിൽ പരിഭവമില്ല. രാഷ്ട്രീയക്കാരെ വിമർശിക്കരുതന്നേയുള്ളൂ. ഇവർ രണ്ടുകൂട്ടരും നെഹ്രുവിനെ ഓർത്തില്ല. നെഹ്രുയിസത്തെ കൊന്നു കുഴിച്ചുമൂടിയതിന്റെ ആഹ്ലാദത്തിമിർപ്പിൽ അവരെങ്ങിനെ നെഹ്രുവിനെ ഓർമ്മിക്കും? ഒരുതലമുറയുടെ ഓർമ്മയിൽ നിന്നും നെഹ്രുവിനെ മായ്ച്ചു കളഞ്ഞിരിക്കുകയല്ലേ. ഇവിടെ പരാമൃഷ്ടമായ കാർട്ടൂണിന്റെ രാഷ്ട്രീയമെന്താണ്‌ ? രണ്ടാം ലോകമഹായുദ്ധാനന്തരകാലത്ത്‌ ഇന്ത്യയിൽ അലയടിച്ചുയുർന്ന പ്രക്ഷോഭകൊടുങ്കാറ്റിനെ നേരിടാനാവാതെ ഇന്ത്യക്കാർക്ക്‌ അധികാരം കൈമാറാൻ ബ്രിൻ നിർബന്തിതമായി.
അതിന്റെ ഭാഗമായി ക്യാബിനറ്റ്‌ മിഷൻ ഇന്ത്യ സന്ദർഷിച്ചു. കക്ഷിനേതാക്കളുമായി ചർച്ചചെയ്തു. ഇടക്കാലമന്ത്രിസഭ രൂപീകരിക്കാമെന്നും ഭരണഘടനാ നിർമ്മാണസഭ വിളിച്ചുചേർക്കാമെന്നും തീരുമാനമായി. നെഹ്രുവിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകൃതമായി.ഭരണഘടന നിർമ്മാണസഭയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നു. 1946 അവസാനത്തോട്‌കൂടി ഡോ:രാജേന്ദ്രപ്രസാദ്‌ അദ്ധ്യക്ഷനായുള്ള സഭ നിലവിൽവന്നു. നിയമപണ്ഡിതനായ ഡോ:ബി.അർ.അംബേദ്കർ അദ്ധ്യക്ഷനായുള്ള ഡ്രാഫ്റ്റിംഗ്‌ കമ്മറ്റിനിലവിൽവന്നു. മൂന്നുവർഷത്തോളം നീണ്ടൂ ഭരണഘടന അംഗീകരിക്കപ്പെടാൻ. അവസാനം 1946 നവംബർ 26ആം തിയതി ഭരണഘടന അംഗീകരിക്കപ്പെട്ടു. സുദീർഗ്ഘമായ ഈ പ്രക്രിയയിൽ നിരവധി കടംബകൾ നടക്കാനുണ്ടായിരുന്നു സമിതിക്ക്‌. പരസ്പരം എതിർദിശയിലേക്ക്‌ വലിച്ച്‌കൊണ്ട് പോകുന്ന വ്യത്യസ്തതാൽപര്യക്കാർ, മതസംഘടനകൾ, ജാതിസംഘടനകൾ, പ്രാദേശികവാദികൾ, ദേശീയവാദികൾ, അങ്ങിനെ പലരും. അങ്ങിനെ പലരും. ഇവരുടെയെല്ലാം സമ്മർദ്ദം രാഷ്ട്രീയകക്ഷികളിലൂടെ സമിതിയിലും,സഭയിലും പ്രതിഫലിച്ചു. വാദപ്രദിവാദങ്ങളുണ്ടായി. ഒരേ പ്രമേയം തന്നെ വാക്കുകളേയും വാചകങ്ങളേയും മാറ്റി പലതവണ വോട്ടിനിട്ടു. വ്യത്യസ്ത താൽപര്യക്കാരെ സാന്ത്വനിപ്പിക്കാനും സമന്വയിപ്പിക്കാനും നേതാക്കൾക്ക്‌ കഠിനാദ്ധ്വാനം ചെയ്യേണ്ടതായിവന്നു. ഇതാണ്‌ ഭരണഘടനാ നിർമ്മാണം അസാധാരണമായി വൈകിപ്പോകാൻ കാരണം. ഇതാണ്‌ കാർട്ടൂണിന്റെ പശ്ചാതലം .
അംബേദ്കർ എത്രശ്രമിച്ചിട്ടും ഭരണഘടനയുടെ കരട്‌ തയ്യാറാവുന്നില്ലെന്നും നെഹ്രു എത്രശ്രമിച്ചിട്ടും ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിക്ക്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്നുമാണ്‌ കാർട്ടൂൺ വ്യക്തമാക്കുന്നത്‌. പ്രഗത്ഭമതികളായ നെഹ്രുവും അംബേദ്കറും നേരിട്ട വെല്ലുവിളികൾ മനസ്സിലാകണമെങ്കിൽ നമ്മൾ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്ക്‌ തിരികെപ്പോകണം. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സികാക്കണം. അതുമനസ്സിലാകണമെങ്കിൽ ചരിത്രം പഠിക്കണം. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായിരിക്കണമെന്നത്‌ നെഹ്രുവിന്റേയും സോഷ്യലിസ്റ്റുകളുടേയും ശാഠ്യമായിരുന്നു. പാകിസ്ഥാൻ രൂപീകൃതമാവുകയും മുസ്ലിംങ്ങൾ ഇന്ത്യ വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയേ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുള്ളതായിരുന്നു ഹിന്ദുമഹാസഭയുടെ ആവശ്യം. മുസ്ലിംങ്ങൾ മുഴുവൻ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നും മറ്റുമതവിശ്വാസികളായ സിക്കുകാർ,പാഴ്സികൾ, ജൈനർ, ബൗദ്ധർ, ക്രൈസ്തവർ, ഗോത്രവർഗാരാധനക്കാർ അങ്ങിനെ പരകോടി മനുഷ്യർ ഇന്ത്യയിൽ വേറെയുമുണ്ടെന്ന് സമർത്ഥിക്കാൻ ചരിത്രവും സാമൂഹികശാസ്ത്രവും കാനേഷുമാരി കണക്കുകളും ഹാജരാക്കേണ്ടിവന്നു മതനിരപേക്ഷവാദികൾക്ക്‌.ഇതുമനസ്സിലാക്കാൻ കഴിയാത്ത ഇന്നത്തെ രാഷ്ട്രീയക്കാർക്ക്‌ ഇന്ത്യയേ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലന്നല്ലെ അർത്ഥം .
ഇതേപോലെതന്നെയാണ്‌ ഭരണഘടനയിലെ മറ്റു ചില പ്രധാനപ്പെട്ട വിഷയങ്ങളെപ്പറ്റിയുള്ള തർക്കവിതർക്കങ്ങളും. മൗലികാവകാശം, മാർഗനിർദ്ദേശകതത്വങ്ങൾ, ഫെഡറൽ സംവിധാനം, പ്രസിഡന്റിന്റെ അധികാരം, നീതിന്യായ വകുപ്പിന്റെ സ്വതന്ത്രപദവി,സംസ്ഥാന ഗവർണ്ണർമ്മാരെ കേന്ദ്രം നിയമിക്കണമോ അതോ തെരെഞ്ഞെടുക്കണമോ എന്നത്‌, കാശ്മീരിന്റെ പ്രത്യേക പദവി തുടങ്ങി ഇന്നും സജീവമായി ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ അന്ന് എത്രമാത്രം തീഷ്ണമായ വികാരപ്രകടനങ്ങൾക്ക്‌ വഴിവെച്ചിട്ടുണ്ടാവുമെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ ഊഹിക്കാവുന്നതേയുള്ളു.
ഇത്തരം കാരണങ്ങളാൽ മുന്നേറാനാവാതെ വിഷമസന്ധിയിലകപ്പെട്ടതാണ്‌ ഒച്ചിന്റെ പുറത്തിരിക്കുന്ന അംബേദ്ക്കറെ ചിത്രീകരിക്കുന്നതിന്റെ സന്ദർഭമെന്ന് തിരിച്ചറിയാൻ ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്ന രണ്ടു ബില്ലുകളുടെ കാര്യം മാത്രം പരിശോധിച്ചാൽ മതിയാകും. വനിതാ സംവരണ ബില്ലും അഴിമതി നിരോധിക്കാനുള്ള ജനലോക്പാൽ ബില്ലുമാണ്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്‌. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരുടെ നിലപാടെന്താണ്‌: എന്തുകൊണ്ടാണ്‌ എള്ളോളം മുംബോട്ട്‌ പോവാനാവാതെ പാർലമന്റ്‌ സ്തംഭിച്ചുനിൽക്കുന്നത്‌ ? വിത്യസ്ത കോണുകളിലേക്ക്‌ പിടിച്ചുവലിക്കുന്ന രാഷ്ട്രീയക്കാരുടെ തനിനിറം വെളിപ്പെടുന്നതല്ലേ ഇതിന്റെ രാഷ്ട്രീയം. കാർട്ടൂണിസ്റ്റ്‌ ശങ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എങ്ങിനെയാവും ചിത്രീകരിക്കുക? വനിത സംവരണം എന്നെഴുതിയ ഒച്ചിന്റെ പുറത്ത്‌ ചാട്ടവാറുമായി ഇരിക്കുന്ന മൻമോഹൻ സിംഗും തൊട്ടുപിന്നിൽ ചാട്ടവാറുമായി നിൽക്കുന്ന സോണിയാഗാന്ധിയുമാവില്ലേ ചിത്രം ? ലോക്പാൽ ബിൽ എന്നെഴുതിയ ഒച്ചിന്റെ പുറത്ത്‌ ചാട്ടവാറുമായി ഇരിക്കുന്ന മാൻമോഹൻ സിംഗും തൊട്ടു പിന്നിൽ ചാട്ടവാറുമായി നിൽക്കുന്ന അണ്ണാഹസ്സാരേയുമാവില്ലേ ചിത്രത്തിൽ? അങ്ങിനെ ചിത്രീകരിച്ചാൽ രാഷ്ട്രീയക്കാർ അതു പ്രസിദ്ധീകരിച്ച വാരികയുടെ ആപ്പീസ്‌ അടിച്ചുതകർക്കുമോ? വർത്തമാനലത്തെ മനസ്സിലാക്കാൻ ഭൂതകാലത്തെ പഠിക്കണമെന്നു പറയുന്നത്‌ ഇതുകൊണ്ടാണ്‌ .
ശങ്കർ തന്റെ കാർട്ടൂണിലൂടെ നെഹ്രുവിനേയും അംബേദ്ക്കറേയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ്‌. ഭരണഘടനാ നിർമ്മാണം വൈകുന്നത്‌ അവരുടെ കുറ്റം കൊണ്ടല്ലായെന്ന് വ്യക്തമാക്കാനാണത്‌ വരച്ചിരിക്കുന്നത്‌. ചാട്ടകൊണ്ടടിയേൽക്കുന്ന കുതിരക്ക്‌ ഗതിവേഗം വർദ്ധിപ്പിക്കുവാൻ കഴിയും. എന്നാൽ ഒച്ചിനത്‌ കഴിയില്ല എന്ന് ഓർമ്മിപ്പിക്കാനാണ്‌ കാർട്ടൂൺ ശ്രമിക്കുന്നത്‌. ഇവിടെ ആ നേതാക്കളെ അപമാനിക്കുകയല്ല . മറിച്ച്‌ അഭിനന്ദിക്കുകയാണ്‌ ശങ്കർ ചെയ്യുന്നത്‌. ഭാവിയിൽ കുറെ മന്ദബിദ്ധികൾ രാഷ്ട്രീയക്കാരായി വരുമെന്ന് പാവം ശങ്കർക്ക്‌ ദീർഘദർശനം ചെയ്യാൻ കഴിയാതെപോയി !
ഭരണഘനാ നിർമ്മാണത്തിന്റെ പ്രക്രിയയും രീതിശാസ്ത്രവും രാഷ്ട്രമീമാംസാവിദ്യാർത്ഥി അറിയേണ്ടതുണ്ട്‌. അതിന്‌ സഹായകരമാവുന്ന നാനാവിധത്തിലുള്ള വിവരങ്ങൾ പഠിതാവ്‌ ശേഖരിക്കേണ്ടതുണ്ട്‌. പാഠപുസ്തകങ്ങൾ പഠിതാവിനെ സഹായിക്കുന്ന പല ഉപകരണങ്ങളിൽ ഒന്ന് മാത്രമാണ്‌ . അദ്ധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും രക്ഷിതാക്കളും കാരണവന്മാരും പഠനത്തിൽ കുട്ടിയേ സഹായിക്കുന്നു. ആ സ്രോതസ്സുകൾ പഠിതാവ്‌ ഉപയോഗപ്പെടുത്തണം . അതാണ്‌ ബോധനരീതിയിൽ സമീപകാലത്തുവന്ന ദിശമാറ്റം. അതുമനസ്സിലാക്കാൻ കഴിയാത്ത രാഷ്ട്രീയക്കാർ തങ്ങൾ പഠിച്ചിരുന്ന കാലത്തെ ശെയിലിയിൽ തന്നെ പാഠപുസ്തകങ്ങൾ ഉണ്ടാകണമെന്ന് ശാഠ്യം പിടിക്കുകയാണ്‌. പാഠപുസ്തകമെന്ന വേദപുസ്തകവും സർവ്വജ്ജനായ ഗുരുനാഥനും അച്ചടക്കത്തിന്റെ പ്രതീകമായ ചൂരലുകളാണ്‌ വിദ്യാഭ്യാസത്തിന്റെ ത്രിമൂർത്തികളെന്ന് പാവം രാഷ്ട്രീയക്കാർ ധരിച്ചിരിക്കുകയാണ്‌. ചൂരലെടുക്കാൻ പാടില്ലെന്ന് സുപ്രിംകോടതി വിധിച്ചകാര്യം അറിയാത്തവരിപ്പോഴും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
പാഠപുസ്തകങ്ങളിലൂടെ വസ്തുതകൾ അവതരിപ്പിക്കുന്നതിന്‌ വിലക്കേർപ്പെടുത്തിയാലും പഠിതാവിന്‌ വിലക്കേർപ്പെടുത്തിയാലും പഠിതാവിന്‌ അറിയാനുള്ള അവസരങ്ങൾ ഇന്നനവധിയാണ്‌. വിവരവിനിമയ സാങ്കേതികവിദ്യ വികസിച്ച ഇക്കാലത്ത്‌ ഒരു വിവരവും മറച്ചുവെക്കാൻ കഴിയില്ല. വിവരങ്ങളും അറിവുകളും പഠിതാവിനെ തേടിയെത്തുകയാണ്‌. അക്കൂട്ടത്തിൽ രാഷ്ട്രീയക്കാരുടെ ബഹുകൃത വേഷവും പഠിതാവിന്‌ ലഭിക്കും. പാഠപുസ്തകത്തിൽ ചേർക്കാത്തതുകൊണ്ട്‌ ടെലികോം അഴിമത്‌ പഠിതാവ്‌ അറിയാതെ പോകുമോ ? മണിയറയിൽ നിന്നിറങ്ങിവരുന്ന പുതുമണവാളന്റെ നിറപുഞ്ചിരിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ തിഹാർ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി പാർലമെന്റിലേക്കു കടന്നുവരുന്ന മുൻ ടെലികോം മന്ത്രി രാജയുടെ ചിത്രം എങ്ങിനെയെല്ലാം വായിക്കാം ? അത്തരം ബഹുമുഖമായ വായനയെ ഭയപ്പെടുന്നവരാണ്‌ പാഠപുസ്തകങ്ങളുടെ ചാരിത്ര്യശുദ്ധിയിൽ ദത്തശ്രദ്ധരാകുന്നത്‌. പാഠപുസ്തകങ്ങളിൽ തളച്ചിട്ടാൽ കിടക്കുന്നവരല്ല ഇന്നത്തെ വിദ്യാർഥിസമൂഹമെന്ന് രാഷ്ട്രീയക്കാർ തിരിച്ചറിയേണ്ടതുണ്ട്‌. രാഷ്ട്രീയത്തെ ശരിയായി വായിക്കാനും അങ്ങനെ വായനക്കാരുടെ രാഷ്ട്രീയം തിരിച്ചറിയാനും വിദ്യാർത്ഥിസമൂഹത്തിനു കഴിഞ്ഞാൽ അത്‌ ജനാധിപത്യത്തിന്‌ ശക്ത്തിപകരുകതന്നെ ചെയ്യും.

No comments

Explore More

കമ്പ്യൂട്ടര്‍വത്കരണം അമേരിക്കയില്‍ ഡ്രൈവിംഗ് തൊഴിലാളി യൂണിയന്‍ റോബൊട്ടിക് വാഹനങ്ങള്‍ക്ക് എതിരെ രംഗത്ത്

_ _ മിന്നസോട്ടയിലെ ജനകീയ വക്കിലന്മാര്‍,കാലിഫോര്‍ണിയയിലെ കൃഷിപണിക്കാര്‍,ന്യൂയോര്‍ക്കിലെ നഗര ശുചീകരണ തൊഴിലാളികള്‍, സെന്റ് ലൂയിസിലെ ബീയര്‍ ഫാക്ടറികളിലെ മദ്യതൊഴിലാളിയെ,ലാസ്‌വെഗാസിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളികളെ, പെന്‍സില്‍‌വേനിയയിലെ കാഴ്ചബംഗ്ലാവ് ജീവനക്കാരെ, റോഡ് ഐലന്‍ഡിലെ ആരോഗ്യപ്രവര്‍ത്തകരെ,മെയിന്‍ലെ ബേക്കറി തൊഴിലാളികളെ,വിമാന പൈലറ്റുമാരെ, സെക്രട്ടറിമാരെയും പോലീസ് ഉദ്യോഗസ്ഥരെയും, യു.പി.എസ് കൊരിയര്‍ ...