2017 ലേക്ക് സ്വാഗതം …..

0

കയ്പ്പും, മധുരവും, ദുഖവും, സന്തോഷവും ഒക്കെയായി പതിവുപോലെ 2016 ഉം അകന്നുപോയി. ഇനി നാം 2017 ലേക്കാണ്.

പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും,
ഭാവിയെക്കുറിച്ചുള്ള ആകുലത
മുന്‍പെങ്ങുമില്ലാത്തവിധം കനത്തിരിക്കുകയാണ്.
ഭരണകൂടത്തെയും, നീതിസംവിധാനത്തെയും ഭയക്കുന്ന ഒരു ജനതയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്.

അശാന്തി ഒരിടത്തും ഉണ്ടാകരുതേ
എന്നു പ്രാര്‍ഥിക്കുന്നവരാണ് ലോകത്തിലെ മുഴുവന്‍ ജനതയും

ഇന്ത്യയില്‍, കാവിക്കൊടി സ്വന്തം രാജ്യത്തിലെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പോര്‍വിളിയാണ് മറ്റെല്ലാറ്റിലുമുപരി ഇന്ത്യ നേരിട്ട 2016 ലെ വലിയ ദുഃഖം.

യുദ്ധ കാഹളം മുഴക്കി, രാജ്യസ്നേഹത്തിന്‍റെ പേരില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ദേശദ്രോഹികളാക്കിയ ചരിത്രം കൊണ്ട്,

രാഷ്ട്രീയ അന്ധത മൂലം സഹോദരിമാര്‍ കൂട്ടത്തോടെ തെരുവുകളില്‍ മാനഭംഗപ്പെടുത്തപ്പെടുന്ന ചരിത്രം കൊണ്ട്,

മാട്ടിറച്ചി കഴിച്ചു എന്നതിന്‍റെ പേരില്‍ ഒരു സഹജീവിയെ തല്ലിക്കൊന്ന ചരിത്രം കൊണ്ട്,

സത്യം പറഞ്ഞു എന്നത് കൊണ്ട് സാഹിത്യകാരന്മാരുടെ, ബുദ്ധിജീവികളുടെ, മനുഷ്യസ്നേഹികളുടെ എല്ലാം ജീവനെടുക്കുന്ന കാടത്തരത്തിന്‍റെ ചരിത്രം കൊണ്ട്,

പഠിക്കുന്ന കുട്ടി ചോദിച്ച ചോദ്യത്തിന് രാജ്യദ്രോഹി എന്ന് ആക്രോശിച്ചുകൊണ്ട് സര്‍വകലാശാലക്കുള്ളില്‍ വരെ ഇരച്ചുകയറുന്ന സംഘ പരിവാര്‍ തേര്‍വാഴ്ചകളുടെ ചരിത്രം കൊണ്ട്,

ഭാര്യയുടെ മൃതശരീരം കാതങ്ങളോളം ചുമന്നു കൊണ്ട് പോയിട്ടും വെറുതെ നോക്കി നിന്ന് മനുഷ്യത്വത്തെ അപമാനിച്ചവരുടെ ചരിത്രം കൊണ്ട് ഇന്ത്യയുടെ 2016 കടന്നുപോയി.

ഒടുവില്‍, കുത്തകകളെ രക്ഷിക്കാന്‍ കൊണ്ടുവന്ന നോട്ടുനിരോധനം ഒന്നുകൊണ്ടു മാത്രം തകര്‍ന്നടിഞ്ഞ ഇന്ത്യ.

2016 ഇന്ത്യയില്‍ ഇങ്ങനെ അസാധാരണത്വം കൊണ്ട് നിറഞ്ഞു നിന്നു.

ഇതിനിടയില്‍ കേരളം ഇന്ത്യയെ തിരുത്തിക്കൊണ്ടേയിരുന്നു. പലര്‍ക്കും ആ ശരി പിന്നീടാണ് മനസ്സിലായത്. ഇടതുപക്ഷത്തിന്‍റെ ചിന്തയും, നീതിയും കേട്ടറിഞ്ഞവര്‍ സംഘപരിവാര്‍ കൂടാരം വിട്ട് ഇടതുപക്ഷ പാളയങ്ങളില്‍ അഭയം തേടി.

അഴിമതിക്കെതിരെ താക്കീതായി,
കെടുതികള്‍ക്കെതിരെ വജ്രകവചം തീര്‍ത്ത്…
പ്രതീക്ഷകളെയും, സ്വപ്നങ്ങളെയും പൂവണിയിക്കുന്ന
നല്ലകാലത്തിന്റെ പണിപ്പുരയിലാണ് ഇടതുപക്ഷമിപ്പോള്‍ ……..

നഷ്ടങ്ങള്‍ കാലത്തിലെ അനിവാര്യതയാണ്. ദുഖിക്കുമ്പോഴും ആ സത്യത്തെ നമുക്ക് മറയ്ക്കാനാവില്ല. കഴിഞ്ഞ വര്‍ഷത്തില്‍ നിരവധി പേര്‍ നമുക്ക് നഷ്ടപ്പെട്ടു. ആരുടേയും പേരുകള്‍ ഇവിടെ കുറിക്കുന്നില്ല. എല്ലാ നഷ്ടങ്ങളും വരാതെ ഇരിക്കാനാണ് ഞങ്ങളാശിച്ചത്. പക്ഷെ അനിവാര്യമായതിനെ തടയാന്‍ നമുക്ക് കഴിയില്ലല്ലോ.

ഗുരുസ്മ്രിതി പ്രവാസോല്‍സവം, മുഖ്യമന്ത്രിയുടെ യു എ ഇ ലേക്കുള്ള ആദ്യ വിദേശ സന്ദര്‍ശനം എന്നിങ്ങനെ വലുതും ചെറുതുമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗമായി. ആവേശവും, കരുത്തും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഇതിനിടയില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയവര്‍, നമ്മെ വിട്ടു പിരിഞ്ഞ ആദ്യകാല സുഹൃത്തുക്കള്‍..
2016 ഉം അങ്ങിനെ നമുക്ക് വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു.

അസഹിഷ്ണുതയും, അശാന്തിയും നിറയുന്ന വരും നാളുകളെ കരുത്തോടെ നേരിടാന്‍ നമുക്ക് കഴിയണം. പരസ്പരം സ്നേഹിക്കാന്‍ കഴിയുന്ന ഒരിന്ത്യക്കാരനും, അവരെ ഉള്‍ക്കൊള്ളുന്ന ഒരു ഭരണാധികാരിയും നമ്മുടെ ചുരുങ്ങിയ പ്രതീക്ഷയാണ്.

എങ്കിലോ നമുക്കിനി ശുഭവത്സരം നേര്‍ന്നു
തങ്ങളില്‍ പിരിയുക
സഹജാതര്‍ മൊഴി സംഗീതമായിത്തോന്നും
നാള്‍വരും പ്രാര്‍ഥിക്കുക.
മംഗളവചസ്സെന്നാല്‍
തൊണ്ടയില്‍ കുരുങ്ങുന്നു…’

ഏവര്‍ക്കും പുതുവത്സര ആശംസകള്‍,

ദേശാഭിമാനി കൂട്ടായ്മക്ക് വേണ്ടി,
കെ. എല്‍. ഗോപി

No comments

Explore More

പ്രവാസി പൊതുബോധവും സംഘടനകളും

പ്രവാസ ചരിത്രം ആരംഭിക്കുന്നത് അടിമത്ത കാലത്താണ്. അടിമത്വം നിലനിന്നിരുന്ന കാലത്ത് തോട്ടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിത പ്രവാസം ഉണ്ടായിരുന്നു. അടിമത്വം അവസാനിച്ചപ്പോൾ കരാർ ജോലി എന്ന പേരിൽ അവർ തോട്ടങ്ങളിലെത്തിപ്പെട്ടു. എന്നാൽ മലയാളി പ്രവാസത്തിന്റെ ...