സ്നേഹപൂര്‍വ്വം…… ഇത്രമാത്രം

0

ഡിസംബർ 23 ന് ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നല്‍കിയ പൗര സ്വീകരണം അഭിമാനകരവും അത്യന്തം ആവേശകരവുമായ അനുഭവമായിരുന്നു. മുഖ്യമന്ത്രിയായ ശേഷം നടത്തുന്ന ആദ്യ വിദേശ യാത്ര എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രവാസികാര്യവകുപ്പിന്‍റെ കൂടി ചുമതല നിര്‍വഹിക്കുന്ന മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം പ്രവാസികളെയാകെ സ്പര്‍ശിക്കുന്ന നിരവധി വിഷയങ്ങളിലെ സര്‍ക്കാര്‍തല ആലോചനകളുടെ വിളംബരം കൂടിയായി മാറി എന്നത് പ്രത്യേകം പറയേണ്ടതുണ്ട്.

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ കക്ഷി-രാഷ്ട്രീയ ഭേദമെന്യേയാണ് എല്ലാവരും ഒത്തുചേര്‍ന്നത്. അതുകൊണ്ട് തന്നെ ഈ പൌരസ്വീകരണം ഒരു ചരിത്ര സംഭവമായി മാറി. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് യു എ ഇ യിലെ വിവിധ എമിരേറ്റുകളില്‍ നടന്നത്. ഉത്സവപ്രതീതിയോടെ കൈ-മെയ് മറന്ന് നിരവധി പേര്‍ ഈ ഉദ്യമം വിജയിപ്പിക്കാന്‍ പാടുപെട്ടു. സംഘടനകള്‍, പൌരപ്രമുഖര്‍, കൂട്ടായ്മകള്‍ അങ്ങിനെ സമൂഹത്തിന്‍റെ നാനാതുറകളിലും പെട്ടവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തി. ആരുടേയും നിര്‍ദേശം ഇല്ലാതെതന്നെ ഇതെല്ലാം തങ്ങളുടെ ചുമതലയാണ് എന്ന രീതിയില്‍ നടത്തിയ ഇടപെടല്‍ കേരളീയരുടെ ഒത്തൊരുമയുടെയും, സൌഹൃദത്തിന്‍റെയും മഹത്തായ മാതൃകയാണ്. മാധ്യമ സുഹൃത്തുക്കള്‍, നവമാധ്യമ കൂട്ടായ്മകള്‍, എന്നിവരെല്ലാം ഈ സ്വീകരണത്തെ ഉജ്വലമാക്കാന്‍ വലിയ പങ്കു വഹിച്ചു. ഇതിനു വേണ്ട സാമ്പത്തിക സഹായങ്ങളും, മറ്റു സഹായങ്ങളും നല്‍കിയ സുമനസ്സുകളെ ഇവിടെ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. ടീകോം അധികാരികളുടെ വിലപ്പെട്ട സഹായം ഒന്നുകൊണ്ട് മാത്രമാണ് ഈ വരവേല്‍പ്പ് വിജയിപ്പിക്കാന്‍ നമുക്കായത്. അവരോടുള്ള വലിയ കടപ്പാട് പ്രത്യേകമായി ഓര്‍ക്കുന്നു. ദുബായിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രതിഫലം പറ്റാതെ വാഹനസൌകര്യം ഒരുക്കിയ ബെല്‍ഹസ്സ കാര്‍ റെന്റല്‍സ് വലിയ പിന്തുണയാണ് ഇത് വിജയിപ്പിക്കുന്നതില്‍ വഹിച്ചത്.

pravasa-keralam-2

10000 ൽ പരം ആളുകളെ UAE യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുപ്പിക്കുക എന്നതായിരുന്നു സംഘാടക സമിതിയുടെ ലക്‌ഷ്യം. എന്നാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ എത്തിപ്പെട്ടു. പലര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു. സ്വീകരണ യോഗം ആരംഭിക്കുക 6 മണിക്കായിരിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും ഉച്ചമുതൽ തന്നെ ആളുകൾ മീഡിയ സിറ്റിയിലേക്ക് എത്തിച്ചേരാൻ തുടങ്ങിയിരുന്നു . വിവിധ എമിറേറ്റുകളില്‍നിന്ന് വാഹനസൌകര്യങ്ങളൊരുക്കി ആളുകളെ എത്തിക്കാന്‍ കൂട്ടായ്മകളും സംഘടനകളും യത്നിച്ചു.

pravasa-keralam-1

മുഖ്യമന്ത്രിയുടെ വരവ് ആവേശത്തോടെ എതിരേറ്റ പ്രവാസി മലയാളികള്‍ക്ക് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം കഴിഞ്ഞപ്പോള്‍ പുത്തനുണര്‍വും ആവേശവുമാണ് ലഭിച്ചത്. പ്രവാസികള്‍ കേരളത്തിനു നല്‍കിയ നന്മയെക്കുറിച്ചും അവര്‍ക്കായി നടപ്പാക്കാന്‍ പോകുന്ന ക്ഷേമ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചപ്പോള്‍ അഭിമാനബോധത്തോടെ ആളുകള്‍ ആരവമുതിര്‍ത്തു. പ്രവാസികൾക്ക് താങ്ങും തണലുമായി കേരളസർക്കാർ ഉണ്ടാകും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രവാസികളില്‍ ആനന്ദം നിറച്ചു. UAE ഭരണാധികാരികള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണവും പിന്തുണയും മറക്കാതെ ഇവിടുത്തെ മലയാളികളുമായി മുഖ്യമന്ത്രി പങ്കുവെച്ചു. മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ച ഊഷ്മളമായ വരവേൽപ്പ് ഇവിടുത്തെ മലയാളികളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ഉദാഹരണം ആണ് എന്നും അദ്ദേഹം പറഞ്ഞപ്പോൾ കരഘോഷം മുഴക്കിയാണ് സദസ് അതിനെ സ്വീകരിച്ചത്. മലയാളികളോടുള്ള സ്നേഹത്തിനും ആദരവിനും അദ്ദേഹം UAEഭരണാധികാരികളോട് നന്ദി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
.

pinarayi-in-dubai

ജോലി നഷ്ടപ്പെട്ട പ്രവാസി തിരിച്ചെത്തുമ്പോൾ ആത്മാഭിമാനത്തോടെ ജീവിക്കാൻ സാഹചര്യം ഒരുക്കുന്ന പുനരധിവാസ പദ്ധതികൾ, ജോലി നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തു° വരെ 6 മാസത്തേക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന തൊഴിൽ സുരക്ഷാ പദ്ധതി, പ്രവാസി വിദ്യാത്ഥികളുടെ പഠനം മുടങ്ങി പോകാതിരിക്കാനുള്ള ശ്രദ്ധ, വനിതാ ജോലിക്കാരുടെ സുരക്ഷ, UAE യുടെ വിവിധ ഭാഗങ്ങളിൽ കേരളീയര്‍ക്ക് വേണ്ടി പ്രത്യേകം താമസ പദ്ധതികൾ, മരണമടയുന്ന ഹതഭാഗ്യരുടെ മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള ധനസഹായം, മരണമടയുന്നവരുടെ പ്രിയപ്പെട്ടവർക്ക് ധനസഹായം, സൗജന്യ ആംബുലൻസ്, പ്രവാസി നിക്ഷേപകരുടെ മൂലധനത്തിന് ഗവൺമെന്റിന്റെ പരിരക്ഷ ….. അങ്ങനെ ഒട്ടനവധി കാര്യങ്ങൾ നീണ്ട കരഘോഷത്തിനിടയിൽ അദ്ദേഹം പ്രഖ്യാപിച്ചു .

ഇന്നുവരെ ഒരു മലയാളിയായ ഒരു നേതാവിനും കിട്ടാത്ത ജനസമ്മതിയും സ്വീകാര്യതയും ആണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് പ്രവാസി സമൂഹം നൽകിയത്. പുതിയ സർക്കാർ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയായിരുന്നു സ്വീകരണത്തിന് തടിച്ചുകൂടിയ പ്രവാസിസുഹൃത്തുക്കള്‍ .

വര്‍ധിച്ച ആവേശത്തോടെയാണ് ഇതു വിജയിപ്പിക്കാന്‍ ഏവരും യത്നിച്ചത്. അതില്‍ പങ്കാളികളായ ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
സംഘാടകസമിതിക്ക് വേണ്ടി,

കെ. എല്‍. ഗോപി,

No comments

Explore More

മനസ്സു കയറി ഇറങ്ങുന്ന ബുള്‍ഡോസര്‍

ശ്രീ രാജൻ കൈലാസ് ശ്രദ്ധേയനായ കവിയാണ്, പല തവണ പുരസ്‌കൃതമായിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതകൾ. ചിലതൊക്കെ തർജമ ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ ഒരു ആസ്വാദനം  ഇരുപത്തിയൊന്പതു ചെറു നാളങ്ങള്‍ ചേര്ന്ന ഒരു തീപന്തത്തിന്റെ ഉജ്വല പ്രകാശമുണ്ട് ...