തോക്കും സിറിഞ്ചും

0

1.      അക്കോബോയിലെ കൊളോസ്റ്റമിയും, വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങളും

അക്കോബോ ലോകത്തിന്‍റെ അങ്ങേ അറ്റത്താണ്. ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡാനിന്‍റേയും എത്തിയോപ്പിയയുടേയും  മായുന്ന അതിരുകളിൽ എവിടെയോ തളച്ചിടപ്പെട്ട ഒരു അജ്ഞാതഭൂമി. ഇവിടേയ്ക്ക് റോഡുകളോ നടപ്പാതകളോ പോലും ഇല്ല. ഉറവ വറ്റാതെ ഒഴുകുന്ന അക്കോബോ നദി മാത്രമാണ് ജീവന്‍റെ കച്ചിത്തുരുമ്പ്. പട്ടിണിയും യുദ്ധവും ഇവിടുത്തെ മുഖമുദ്രയാണ്. എവിടെ തിരിഞ്ഞാലും എ കെ 47 ഉം കൊക്കോകോളയും സുലഭം.

2013 ലെ രൂക്ഷമായ ആഭ്യന്തിര കലാഹം നടക്കുമ്പോൾ ആൻറണി വില്ല്യംസിന് 18  വയസ്സ്. എ കെ 47ഉം പിടിച്ചു കൊണ്ട് അവൻ പോച്ചാലയിലെ വിപ്ലവഭൂമിയിൽ വിമത രോട് പടപൊരുതുമ്പോഴാണ്, അവന്‍റെ ഭാഗദേയം ഉറപ്പിച്ച  വെടിയുണ്ട അവനിലൂടെ കയറി ഇറങ്ങിയത്. ഏതോ വിമിത പോരാളിയുടെ മറ്റൊരു എ കെ 47നിൽനിന്ന് അലക്ഷ്യമായി പറന്നുയർന്ന്, പെട്ടെന്ന് അതിന്‍റെ സഞ്ചാരപഥത്തിലെത്തിയ ആൻറണി വില്ല്യംസിന്‍റെ ചന്തിയും തുളച്ച്, വൻകുടലിന്‍റെ ഒരു ഭാഗവും, ഗുദദ്വാര പേശികളും, ഒരു വൃഷണവും പറിച്ചെടു ത്താണ് അതെങ്ങോ പോയ്മറഞ്ഞത്.

പേച്ചാലയിൽനിന്ന് തലച്ചുമടായി ആൻറണിയെ അക്കോബോ യിലെ ആശുപത്രിയിലെത്തിച്ചു. റെഡ് ക്രോസിന്‍റെ ജനറൽ സർജൻ മുറിവു പരിശോധിക്കുമ്പോഴേക്കും, രക്തവും മലവും തളം കെട്ടി നിന്ന് മാരകമായ അണുബാധ തുടങ്ങിയിരുന്നു. വൻകുടലും, ഗുദദ്വാരത്തിന്‍റെ മസ്സിലുകളും ഇല്ലാത്തതുകൊണ്ട് കൊളോസ്റ്റമി മാത്രമാണ് വഴിയെന്ന്  സർജൻ ആൻറണിയുടെ  ബന്ധുക്കളോട് പറഞ്ഞു. അവരത് സമ്മതിക്കുകയും, സമ്മത പത്രത്തിൽ ഒപ്പിട്ട് കൊടുക്കുകയും ചെയ്തു. (മുറിഞ്ഞുപോയ വൻകുടലിന്‍റെ ഭാഗം വയറ്റിലൂടെ പുറത്തെടുത്ത്, അതുവഴി മല വിസ്സർജ്ജനം  നടത്തിക്കുന്ന പ്രക്രിയയാണ് കൊളോസ്റ്റമി). അങ്ങനെ ആൻറണി വില്ല്യംസ് മരിച്ചില്ല.  ഒരു ജീവന് സാധ്യമായ എല്ലാ നൂലിഴത്തുമ്പിലൂടെയും തൂങ്ങി അനിർ വചനീയമായ പ്രത്യാശയോടെ  നിലനിൽക്കുന്ന ജീവന്‍റെ അപൂർവ്വമായ നേർകാഴ്ച. മാസങ്ങളുടെ ചികിൽസ കൊണ്ട് അണുബാധ കുറഞ്ഞു.

ചന്തിയിലെ വെടിയുണ്ട പാടുകൾ പതുക്കെ ഉണങ്ങി തുടങ്ങി. താൽക്കാലികമായി ഡിസ്ചാർജ്ജ് മേടിച്ച്  നാട്ടിലെത്തിയ പ്പോഴാണ് ആൻറണി ഞെട്ടിയത്. വയറ്റിലൂടെ മല വിസർ ജ്ജനം നടത്തുന്ന കാമുകനെ കണ്ട് കുഴഞ്ഞു വീണ്, പ്രണയം അവസാനിപ്പിച്ച കാമുകിയെയാണ്  ആദ്യം ഞെട്ടിച്ചത്. പിന്നെ അത്ഭുതജീവിയെപ്പോലെ  തന്നെ നോക്കുന്ന നാട്ടുകാർ, എനി ക്കൊരു കുഴപ്പവുമില്ല  എന്ന് പറയുമ്പോഴും  എന്തോ കുഴപ്പ മുണ്ടെന്ന  മട്ടിൽ തന്നെ നോക്കുന്ന  കൂട്ടുകാർ, എത്ര പശു ക്കളെ കൊടുത്താലും കല്യാണം കഴിക്കാൻ തയ്യാറാകാത്ത പെൺകുട്ടികൾ. അങ്ങനെ ആൻറണി വില്ല്യംസ് അക്കോബോ യുടെ  തീരാവേദനയായി മാറുകയായിരുന്നു.

അക്കോബോയിൽ വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങൾ മരണ ത്തിലോ, നഷ്ടപ്പെടുന്ന കൈകാലുകളിലോ, ജീവച്ഛവങ്ങളിലോ മാത്രമേ  അവസാനിച്ചിരുന്നുള്ളൂ. വയറ്റിലൂടെ കൊളോസ്റ്റമി ബാഗിലേക്ക് മലവിസർജ്ജനം നടത്തുന്ന 18 വയസുകാരനായ രാജ്യസ്നേഹിയെ അവർക്ക് താങ്ങാനാവുന്നതിനപ്പുറമായി രുന്നു. ആശുപത്രിയിൽ വന്ന ഓരോ സർജനോടും അവർ പലവുരു ആവശ്യപ്പെട്ടു. മലദ്വാരം പഴയ സ്ഥാനത്ത് വച്ചു പിടിപ്പിക്കാൻ. അത് നടക്കുന്ന സംഗതിയല്ലെന്ന് എല്ലാ സർജൻ മാരും പറഞ്ഞു.

ഉഗാണ്ടയിൽ നിന്നു വന്ന ഡോ ജോൺസൺ, ആൻറണിയുടെ പഴയ കേസ് ഷീറ്റുകളൊന്നും നോക്കിയില്ല. സാധാരണ ഒരു കൊളോസ്റ്റമി ആകുമെന്നു കരുതി, താൻ അതൊക്കെ തിരികെ യഥാസ്ഥാനത്ത് വച്ചുപിടിപ്പിക്കാമെന്ന്  ബന്ധുക്കളോട് പറഞ്ഞു. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി പരിശോധിപ്പിച്ച പ്പോഴാണ് സംഗതി കുഴപ്പമാണെന്ന്  മനസ്സിലായത്. വയറ്റിലൂടെ തന്നെ കൊളോസ്റ്റമി വച്ചുപിടിപ്പിച്ച് അദ്ദേഹം പുറത്ത് വന്നു. എന്നിട്ടദ്ദേഹം  ബന്ധുക്കളെ വിളിച്ചൊരു കാര്യവും പറഞ്ഞു. ഇത് കുറച്ച് കോംബ്ളിക്കേറ്റഡ് ആയ കേസാണ്. നാളെ ഇന്ത്യയിൽനിന്ന് ഒരു പ്രാഫസ്സർ വരുന്നുണ്ട്. അദ്ദേഹം ഈ സർജറി ആൻറണിക്കുവേണ്ടി ചെയ്തു തരും.

ഖാർത്തൂമിൽനിന്ന് ചരക്ക് കൊണ്ടുപോരുന്ന ഹെലികോ പ്ടറിൽ  ആറ് മണിക്കൂർ തുടർച്ചയായി സഞ്ചരിച്ച് ജോൺ സൺ കാത്തുനിൽപ്പുണ്ടായിരുന്നു. ആശുപത്രിയിൽ അത്യാ വശ്യം ചില കാര്യങ്ങൾ പറഞ്ഞു തീർത്ത് ഞാൻ വന്ന ഹെലി കോപ്ടറിൽ തന്നെ അദ്ദേഹം ഖാർത്തൂമിലേക്ക് തിരികെ പോയി. ആൻറണി വില്ല്യമിനെ  കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

അടുത്ത ദിവസം റൗണ്ട്സ് എടുക്കാനായി ഞാൻ ഇൻറർ നാഷണൽ മെഡിക്കൽ കോർപ്സ് നടത്തുന്ന  അക്കോബോ കൗണ്ടി ആശുപത്രിയിലെത്തി. സർജിക്കൽ വാർഡ് നിറഞ്ഞ് കവിഞ്ഞിരുന്നു. മിക്കവരും മാസങ്ങളായി അവിടെ ചികിൽ സയിൽ ഉണ്ടായിരുന്നവരായിരുന്നു. വാർഡിൽ എന്നിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന ആൻറണിയെ കണ്ടെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. എല്ലുകൾ നന്നാക്കുന്ന ഓർത്തോപീഡിക് സർജന് കൊളോസ്റ്റമിയിലെന്ത് കാര്യം  കൊളോസ്റ്റമി കെയർ നൽകാൻ പറഞ്ഞിട്ട് ഞാൻ എല്ലൊടിഞ്ഞവരുടെ  കാര്യം നോക്കി.  ഓരോ ദിവസവും ഓരോ ആൾ ആൻറണിയെ കുറിച്ച് എന്നോട് അന്വേഷിക്കാൻ തുടങ്ങി. ആശുപത്രി സൂപ്രണ്ട് മുതൽ ഞങ്ങളുടെ  ടീം മാനേജർ വരെ ചോദിച്ച പ്പോഴാണ്  ഇതിലെന്തോ പന്തികേടുണ്ടെന്ന്  എനിക്ക്  തോന്നിത്തുടങ്ങിയത്. പഴയ കേസ് ഷീറ്റുകൾ പരിശോധിച്ച പ്പോൾ  കാര്യം പിടികിട്ടി. പക്ഷേ അപ്പോഴും ഡോ ജോൺ സൺ വച്ചിട്ടു പോയ പാര എനിക്ക് മനസ്സിലായില്ല. ഉണ ങ്ങാത്ത വെടിയുണ്ട പാടുകളിൽ തൊലിവച്ച് പിടിപ്പിക്കാൻ ആൻറണിയെ ഓപ്പറേഷൻ  തിയേറ്ററിലേക്ക് കൊണ്ടുപോയി. സമ്മതപത്രം ഒപ്പിടാൻ വന്ന ആൻറണിയുടെ സഹോദരൻ  വളരെ ഗൗരവത്തിലായിരുന്നു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിച്ചു. തൊലി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ  ആണെന്നറിഞ്ഞപ്പോൾ  അദ്ദേഹം ക്രുദ്ധനായി.

നോക്കൂ ഡോക്ടർ നിങ്ങൾ ആൻറണിയുടെ മലദ്വാരം യഥാസ്ഥാനത്ത് മാറ്റി സ്ഥാപിക്കുമെന്ന് ഡോ ജോൺസൺ  പറഞ്ഞിരുന്നല്ലോ, എന്നിട്ട് നിങ്ങളെന്താണ് അത് ചെയ്യാത്തത്.  ആൻറണിക്ക് ആ ശസ്ത്രക്രിയ അല്ലാതെ വേറെ ഒന്നും വേണ്ട.

കൊളോസ്റ്റമി പഴയ രീതിയിലെത്തിക്കാൻ കഴിയില്ലെന്ന്  ഞാൻ വളരെ കാര്യകാരണസഹിതം പറയാൻ തുടങ്ങി.

എനിക്കിതൊന്നും കേൾക്കണ്ടാ എന്നു പറഞ്ഞ് ആൻറണിയുടെ ചേട്ടൻ വളരെ ക്രുദ്ധനായി നിലത്ത് ആഞ്ഞ് ചവിട്ടി ഇറങ്ങി പ്പോയി. തൊലിവച്ച് പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ  ചെയ്യാ തെ ഞാൻ ആൻറണിയെ  വാർഡിലേക്കയച്ചു. അന്ന് വൈകു ന്നേരം ആശുപത്രിയില നിന്ന് താമസസ്ഥലത്തേക്ക് പോകാനൊ രുങ്ങിയ  ഞങ്ങളെ പത്ത് പതിനഞ്ച് തോക്കുധാരികൾ വളഞ്ഞു. അവർ തോക്ക് ചൂണ്ടി പറഞ്ഞു.

ഡോക്ടർ….. ആൻറണിയുടെ മലദ്വാരം യഥാസ്ഥാനത്ത് താങ്കൾ തിരിച്ച് വെച്ചുപിടിപ്പിക്കുമെന്ന്  ജോൺസൺ ഡോക്ടർ പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്ന് വരുന്ന താങ്കൾക്ക് അതു ചെയ്യാനറിയാമെന്ന്  ഞങ്ങൾക്കറിയാം.  താങ്കൾ അത് എത്രയും  പെട്ടെന്ന് ചെയ്യണം.  അതു ചെയ്യാതെ താങ്കൾ ഇവിടുന്ന്  ഇന്ത്യയിലേക്ക് പോകില്ല. അവർ വളരെ ശാന്തരാ യിട്ടായിരുന്നു അത് പറഞ്ഞതെങ്കിലും അതിന്‍റെ പൊരുൾ ചാട്ടുള്ളിപോലെ എന്‍റെ നെഞ്ചിലേക്ക് കയറി. ഞാനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലായി.

എന്തു ചെയ്യണമെന്ന് ആലോചിക്കാൻ  ഞങ്ങൾ ഒരു ടീം മീറ്റിംഗ്  നടത്തി. അവിടേക്ക് അക്കോബോയിലെ  ആരോഗ്യ വകുപ്പ് മന്ത്രിയും,  സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയും കടന്നു വന്നു. അവരും വളരെ ഗൗരവമായി പറഞ്ഞു. ഡോക്ടർ… നാടാകെ ആൻറണി വില്ല്യംസ് ആളിപ്പടർന്നിരിക്കയാണ്. എല്ലാവരും ചർച്ച ചെയ്യുന്നത് ആൻറണിയുടെ കൊളോസ്റ്റമി യെക്കുറിച്ചും  സ്ഥാനം തെറ്റിയ  മലദ്വാരത്തെക്കുറിച്ചും മാത്രം.  പള്ളികളിൽ ആൻറണിയുടെ ശസ്ത്രക്രിയ  വിജയി ക്കാൻ വേണ്ടിയുള്ള പ്രത്യേക  പ്രാർത്ഥനകളും കുർബാന കളും  നടക്കുന്നു. നിങ്ങൾക്ക് തിരിച്ച് പോകണമെങ്കിൽ  എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തി ആൻറണിയുടെ  മലദ്വാരം യഥാസ്ഥാനത്ത്  ഫിറ്റ് ചെയ്യണം. നിങ്ങൾക്ക് മുൻപിൽ വേറെ വഴികളൊന്നുമില്ല.

ഞാനൊരു എല്ലു രോഗ വിദഗ്ധനാണെന്നും, കൊളോസ്റ്റമിയെ ക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്നും അവരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകില്ലെന്ന്  മാത്രമല്ല,  അപ്പോൾ തന്നെ തോക്കെടുത്ത് ഞങ്ങളെയെല്ലാവരേയും തട്ടി കളയാനും മതി! ഇനി ഇതു വൈദ്യശാസ്ത്രത്തിന് സാധ്യമല്ലാത്ത  കാര്യ മാണെന്ന് വാദിച്ച് നോക്കിയിട്ടും  കാര്യമില്ല. ഡോ ജോൺ സൺ ആ വഴിയും അടിച്ചിട്ടാണ് പോയിരിക്കുന്നത്. അവ സാനം ഇതെല്ലാം ഞങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിൽ അറിയിച്ചു.  അക്കോബോയിലെ പരമോന്നത ഗവർണറെ കാണാൻ തീരുമാനിച്ചു. രാജ്യത്തെ ഐക്യരാഷ്ട്രസഭയുടെ  ഉന്നത ഉദ്യോഗസ്ഥൻമാർ ഇടപ്പെട്ടതുമൂലം ഗവർണർ ഒരു മീറ്റിങ്ങിന് സമ്മതിച്ചു. ഗവർണ്ണറുടെ ആപ്പീസിലെത്തി അദ്ദേഹത്തെ കണ്ട പ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അദ്ദേഹത്തിനും കാര്യങ്ങൾ വ്യക്തമായി അറിയാം. ഐക്യരാഷ്ട്രസഭയിലെ  ഉദ്യോഗസ്ഥർ ഇടപെട്ടതു കൊണ്ടുമാത്രം ഞാൻ ഒരു വിപുലമായ മീറ്റിങ്ങ് വിളിക്കാം. അവിടെ നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു.

അങ്ങനെ ഒരു തിങ്കളാഴ്ച  ദിവസം, ആശുപത്രിയിൽ വന്ന രോഗികളെയെല്ലാം കാത്തു നിർത്തിയിട്ട്, ഞങ്ങളെല്ലാവരും  ഗവർണറുടെ ആപ്പീസിലേക്ക് തിരിച്ചു. രണ്ടു മുറികളുള്ള ഓല മേഞ്ഞ ഒരു വീടായിരുന്നു അത്. അതിന്‍റെ മുറ്റത്തെ മരത്തണലിൽ എല്ലാവരുമുണ്ട്. പട്ടാളമേധാവികൾ, വിവിധ മന്ത്രിമാർ, ആൻറണിയുടെ കുടുംബം, സാമൂഹിക പ്രവർത്തകർ തുടങ്ങി അക്കോബോയിലെ എല്ലാവരും തന്നെ എത്തിയിട്ടുണ്ട്. ചർച്ച വീക്ഷിക്കാനുമുണ്ട് ഏറെ ജനങ്ങൾ. ഗവർണർ യോഗം തുടങ്ങി. ഇന്ത്യയില നിന്നെത്തിയ പ്രൊഫസ്സറുടെ അഭിപ്രായം കേൾക്കാനാണ് എല്ലാവർക്കും താൽപര്യം. എല്ലാവരും പ്രസംഗത്തില അത് ഊന്നി ഊന്നി പറഞ്ഞു. എല്ലാവരും ഒരു വട്ടം സംസാരിച്ച് എന്‍റെ ഊഴമെത്തി. ഞാൻ രണ്ടും കൽപ്പിച്ച് ജീവൻ മരണ പോരാട്ടത്തിന് ഒരുങ്ങി. അവിടെ ഇരുന്ന ബ്ലാക്ക് ബോർഡിൽ ഗുദദ്വാരത്തിന്‍റെയും അതിലെ പേശികളുടേയും പടം വരച്ചു, പിന്നെ അതിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സിരാബന്ധങ്ങളും മറ്റും പ്രതിപാദിച്ചുകൊണ്ട് നടന്ന ഒരു മണിക്കൂർ നീണ്ട ക്ളാസ്സിനൊടുവിൽ ഞാൻ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ലഭിക്കണമെന്നില്ല. മനുഷ്യശരീരത്തിൽ വളരെ പ്രധാനപ്പെട്ടതും, സങ്കീർണ്ണമായതുമായ ഒരു ഭാഗമാണ് ഗുദദ്വാരവും അതിനു ചുറ്റുമുള്ള വിവിധ തരം പേശികളും. അതൊക്കെ മാറ്റിവയ്ക്കാൻ വേണ്ടി മാത്രം ആധുനികശാസ്ത്രം വളർന്നിട്ടില്ല. വൻകുടലിൽ ക്യാൻസർ ബാധിച്ച ലക്ഷോപക്ഷം ജനങ്ങൾ ലോകമെമ്പാടും കൊളോസ്റ്റമി ബാഗുമായി ശിഷ്ടജീവിതം ജീവിക്കുന്നുണ്ടെന്നും പറഞ്ഞു.

എന്‍റെ പ്രസംഗമൊന്നും ഏറ്റില്ല. ആരോഗ്യമന്ത്രി എണീറ്റ് നിന്ന് ഡോ ജോൺസൺ നടത്തിയ വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞതോടെ ഞങ്ങളുടെ സ്ഥിതി വഷളായി. അന്തരീക്ഷം കലുഷിതമാവുകയാണ്. കേണൽ ജോഷുവ മൊറീറ്റാ എണീറ്റ് നിന്നും 15 വയസ്സ് മുതൽ  പല യുദ്ധങ്ങളിൽ പങ്കെടുത്ത് എഴുപത്തിനാലാം വയസ്സിലും യുദ്ധം തുടരുന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ ശാന്തവും, ഗാംഭീര്യം നിറഞ്ഞതുമായിരുന്നു.

പ്രിയപ്പെട്ട സുഹൃത്തുക്കളേ, എനിക്ക് പറയാനുള്ളത് ഏഴ് വർഷം മുമ്പുള്ള ഒരു കഥയാണ്. അന്ന് ഞങ്ങൾ ഖാർത്തൂമിൽ യുദ്ധത്തിലേർപ്പെട്ടിരുന്നപ്പോൾ നമ്മുടെ ജനറൽ റെയ്നോൾട്ടിന് വെടിയേറ്റു. അദ്ദേഹത്തിന്‍റെ വലതു കയ്യുടെ മുട്ടിന് മുകളിലൂടെ വളരെ ചെറിയ മുറിവുണ്ടാക്കി ആ വെടിയുണ്ട അവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഖാർത്തൂമിലെ സർജൻമാർ പറഞ്ഞത് കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചുകളയണമെന്നാണ്. ചെറുപ്പക്കാരനായ ജനറലിന്‍റെ കൈ മുറിക്കാൻ ഞങ്ങളാരും തയ്യാറായിരുന്നില്ല. പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് ഞങ്ങൾ അദ്ദേഹത്തെ ലണ്ടലിലെത്തിച്ചു. അവിടെ അവർ നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും, രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരും പറഞ്ഞു കൈ മുറിച്ച് കളയണമെന്ന്. വളരെ ചിലവേറിയ ലണ്ടനിലെ ചികിൽസ ഞങ്ങൾക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു.  കയ്യിൽ പണമില്ലാത്തതുകൊണ്ട് ഞങ്ങൾക്ക് ജനറലിനെ വീണ്ടു ഖാർത്തൂമിലേക്ക്  കൊണ്ടുവരേണ്ടിവന്നു. അവിടെ കൈ മുറിച്ച് കളയണമെന്ന് പറഞ്ഞ സർജൻമാർ തന്നെ അത് ചെയ്തു തന്നു.

കേണൽ ജോഷുവ മൊറീറ്റൊ തന്‍റെ പ്രസംഗം ഇങ്ങനെയാണ് അവസാനിപ്പിച്ചത്.

വെടിയുണ്ടകളുടെ സഞ്ചാരപഥത്തിൽ നമുക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. ചിലപ്പോൾ അത് ഒരു ജീവിതം കൊണ്ട് പറക്കും. മറ്റ് ചിലപ്പോൾ ആ സഞ്ചാരപഥങ്ങളുടെ നേരിയ വ്യതിയാനം അത്ഭുതകരമായി ജീവിതം അവശേഷിപ്പിക്കുകയും ചെയ്യും. ഇതിനിടയിൽ ചില ജീവിതങ്ങളെ ജീവച്ഛവങ്ങളാക്കി മാറ്റുവാനും അവയ്ക്ക് കഴിയും. ഏതായാലും വെടിയുണ്ടകൾ മനുഷ്യ ജീവിതത്തിൽ മായാത്ത മുറിപ്പാടുകൾ സൃഷ്ടിക്കും. ആ മുറിപ്പാടുകളോട് സമരസപ്പെടാനല്ലാതെ  കലഹിച്ചിട്ട് കാര്യമില്ല.

അപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത്. 

ഡോ സന്തോഷ്കുമാർ എസ് എസ്

No comments

Explore More

മുടിയിൽ എന്തിരിക്കുന്നു ?

കാൻസർ എന്ന മഹാ വ്യാധിയെ കുറിച്ച്  കേൾക്കുന്നത് മുത്തശ്ശിയിൽ നിന്നാണ്. ” ന്റെ നാരായണൻകുട്ടി – ഓൻ ഒരാളേം ഇന്ന് വരെ ദ്രോഹിച്ചിട്ടില്ല. എല്ലാരേം സഹായിച്ചിട്ടല്ലേ ള്ളൂ . ന്നട്ടും പാവം ഓനീ ഗതി വന്നൂലോ ഈശ്വരാ. രാജമ്മക്ക് ...