നമ്മുടെ പ്രവാസ സാഹിത്യം

0

നമ്മുടെ പ്രവാസ സാഹിത്യത്തെ കുറുച്ച്‌ ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലൊ. പ്രവാസം എന്ന വാക്കിന്റെ പ്രയോഗത്തെ പറ്റി പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌ . പ്രവാസ സാഹിത്യം എന്നാൽ literature in exile ആണെന്നാണ്‌ പ്രശസ്ത സാഹിത്യ വിമർശകൻ ഡോ: രാജകൃഷ്ണൻ അഭിപ്രായപ്പെടുന്നത്‌ . ലിറ്ററേച്ചർ ഇൻ എക് സൈൽ രാഷ്ട്രയ രചനകളാണ്‌. രാഷ്ട്രീയ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവരോ ജന്മനാട്‌ ഉപേക്ഷിച്ച്‌ അന്യ രാജ്യങ്ങളിൽ അഭയം തേടിയവരോ എഴുതുന്ന സാഹിത്യമാണ്‌. ഏകാന്തതയുടെയും ഭീതിയുടെയും സാഹിത്യാനുഭവം നമുക്കുനൽകിയ സോൾഷനിത്സൻ തന്നെയാണ്‌ അവരിൽ പ്രമുഖൻ . ഇപ്പോൾ മതതീവ്രവാദമാണ്‌ അതുപോലുള്ള അനുഭവങ്ങൾ എഴുത്തുകാർക്ക്‌ നൽകുന്നത്‌. സൽമാൻ റുഷ്ദിയും,തസ്ലീമ നസ്രീനും ഉദാഹരണം . എഴുത്തുകാരനല്ലെങ്കിലും ചരിത്രകാരനായ എം എഫ്‌ ഹുസൈനേയും കൂട്ടിവായിക്കാവുന്നതാണ്‌ .
പലരും പറയുന്നത്‌ നമ്മുടെ പ്രവാസ സാഹിത്യം ലിറ്ററേച്ചർ ഇൻ എക്‌സൈൽ അല്ല എന്നതാണ്‌. അത്‌ ശരിയത്രെ . സോൾഷനിത്സനോ, റുഷ്ദിക്കോ ഉണ്ടായതരത്തിലുള്ള പീഡനാനുഭവങ്ങൾ ഒരു മലയാളി എഴുത്തുകാരനും ഇന്നുവരെ ഉണ്ടായിട്ടില്ല.തീവ്രരാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ പേരിൽ കൊലപാതകങ്ങളും കൈവെട്ടലുകളും മറ്റും കേരളത്തിൽ ധാരാളമായി നടക്കുന്നുണ്ട്‌ . എന്നാൽ ആ കാരണത്താൽ ഒരു മലയാളിയും ജന്മനാടു വിട്ട്‌ അന്യ നാടുകളിലേക്കൊ അന്യ സംസ്ഥാനങ്ങളിലേക്കോ പാലായനം ചെയ്യുകയോ അവിടെയിരുന്നു എഴുതുകയോ ചെയ്യുന്നില്ല. അത്‌ കൊണ്ട്‌ ലിറ്ററേച്ചർ ഇൻ എക്‌സൈൽ അഥവാ പ്രവാസ സാഹിത്യം നമ്മുടെ ഭാഷയിൽ ഇല്ല എന്ന നിലപാടിനോട്‌ നമുക്ക്‌ യോജിക്കാതിരിക്കാൻ കഴിയില്ല . പക്ഷേ നമ്മൾ മലയാളികൾ എഴുതുന്ന പ്രവാസ രചനകൾ നിർവഹിച്ച എഴുത്തുകാരാരും പറഞ്ഞിട്ടില്ലല്ലോ . അന്യരാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളുടെ കഥ പറയുന്ന നോവലാണ്‌ ” പ്രവാസം ” ഈ പ്രവാസം exile അല്ല . അങ്ങനെ ഞാൻ അവകാശപ്പെട്ടിട്ടില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലം തൊട്ട്‌ മലയാളികൾ ഉപജീവനമാർഗം തേടി ജന്മനാടു വിട്ട്‌ അറിയപ്പെടാത്ത വിദൂരങ്ങളായ രാജ്യങ്ങളിൽ ചെന്നു താമസമുറപ്പിച്ചിട്ടുണ്ട്‌ . ആദ്യം സിലോണും ബർമ്മയും സിങ്കപ്പൂരും തുടർന്ന് ഗൾഫ്‌ നാടുകളുമായിരുന്നു അവരുടെ ലക്ഷ്യം . ഇപ്പോൾ അമേരിക്കയും . ഇവരെ എന്തു പേരിട്ടാണ്‌ നാം വിളിക്കുക ? പ്രവാസം എന്ന നോവൽ എഴുതാൻ തുടങ്ങിയപ്പോൾ എന്നെ ഏറെ അലട്ടിയ ഒരു ചോദ്യമായിരുന്നു ഇത്‌ . കുടിയേറ്റക്കാർ എന്ന് അവരെ വിളിക്കാൻ കഴിയില്ല . കാരണം കുടിയേറ്റക്കാർ ജന്മനാട്ടിലേയ്ക്കു തിരിച്ചുവരാത്തവരാണ്‌ . മറിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിലേയ്ക്കു പോയവർ അനിവാര്യമായും തിരിച്ചു വരുന്നവരാണ്‌ ജോലിയുടെ കാലാവധി കഴിഞ്ഞാൽ അവരുടെ വിസ റദ്ദാക്കപ്പെടും അവർക്ക്‌ തിരിച്ചു വരേണ്ടി വരും.

ഗൾഫ്‌ മേഘലയിൽ മാത്രം ഇന്ന് ഇരുപത്തിയഞ്ച്‌ ലക്ഷത്തിലേറെ മലയാളികൾ ജോലി ചെയ്ത്‌ ജീവിക്കുന്നു. അവർ കുടിയേറ്റക്കാരല്ല . അപ്പോൾ അവരെ എന്ത്‌ പേരിട്ട്‌ വിളിക്കും? അവരെ പ്രവാസികൾ എന്ന് വിളിക്കുന്നതു തന്നേയാണ്‌ ഉചിതമെന്ന് തോന്നി .

പ്രവാസം എന്ന പദപ്രയോഗത്തെ നാമെന്തിന്‌ ഇംഗ്ലീഷിലെ exile എന്ന പ്രയോഗവുമായി താരതമ്യം ചെയ്യണം ? ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മലയാള പദത്തിന്റെ അർതഥം തിരിച്ചറിയാൻ ഇംഗ്ലീഷ്‌ ഭാഷാ നിഘണ്ടുവിന്റെ ആവശ്യമില്ല. മത്ര്ഭാഷയായ മലയാളം മനസ്സിലാക്കാൻ കോളോണിയൽ ഭാഷയായ ഇംഗ്ലീഷിനെ ആശ്രയിക്കേണ്ടതുണ്ടോ ? ഇന്ന് പ്രവാസം ഒരു മലയാള സംഞജയാണ്‌ . അന്യരാജ്യങ്ങളിൽ ജോലി ചെയ്യാൻ പോയി അവിടെ ജീവിക്കുന്ന മലയാളികളാണ്‌ നമുക്ക്‌ പ്രവാസികൾ. ജീവിതസാഹചര്യങ്ങളാണ്‌ അവരെ അറിയപ്പെടാത്ത ഭൂമികകളിലേയ്ക്കു ആട്ടിയോടിച്ചത്‌ ഈ നിർവചനം അംഗീകരിച്ചാൽ മാത്രമേ പ്രവാസ സാഹിത്യത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ സാധ്യമാകുകയുള്ളു.

മലയാളികളുടെ പ്രവാസ ജീവിതത്തിന്‌ ഒരു നൂറ്റാണ്ടു കാലത്തെ പഴക്കമുണ്ട്‌ . പക്ഷേ സിലോണിലേയോ ബർമ്മയിലേയോ സിങ്കപ്പൂരിലേയോ ആദ്യകാല പ്രവാസികളാരും തന്നെ സാഹിത്യം എഴുതിയിരുന്നില്ല ജന്മനാട്ടിൽ ജീവിക്കുന്ന മലയാളികളായ സാഹിത്യകാരന്മാരും അവരുടെ കഥയെഴുതിയില്ല . ആദ്യകാലത്ത്‌ ഉണ്ടായിരുന്നത്‌ യാത്രാവിവരണങ്ങൾ മാത്രമായിരുന്നു . എസ്‌ കെ പൊറ്റക്കാടിന്റെ യാത്രാപ്പുസ്തകങ്ങളിൽ നിന്നായിരുന്നു പ്രാവാസി ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങൾ നമുക്ക്‌ ലഭിച്ചത്‌ . ഇന്നത്തേത്‌ പോലെ വിമാനങ്ങൾ പോലുമില്ലാത്ത പ്രതികൂലസാഹചര്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ ധാരാളം സാഹസിക യാത്രകൾ ചെയ്ത പൊറ്റക്കാട്‌ എന്തുകൊണ്ട്‌ ഒരു പ്രവാസ നോവൽ എഴുതിയില്ല ?
ധാരാളം മലയാളികൾ ജീവിക്കുന്ന ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും ഓസ്റ്റ്രേലിയയിൽ നിന്നും , അമേരിക്കയിൽ നിന്നും ,ഇംഗ്ലണ്ടിൽ നിന്നും, ജർമ്മനിയിൽ നിന്നും മറ്റും പ്രവാസ മലയാള സാഹിത്യം ഉരുത്തിരിഞ്ഞു വരുന്നത്‌ കാത്തിരിക്കുകയാണ്‌ ഭാഷാപ്രേമികൾ . പലയിടങ്ങളിലും എഴുത്തുകാർ ഉണ്ടായിരുന്നു . പ്രത്യേഗിച്ച്‌ ഗൾഫിലും അമേരിക്കയിലും ഓസ്റ്റ്രേലിയയിലും. അവർ ചെറിയ മാസികകാൽക്ക്‌ രൂപം നൽകി . ഇതുപോലുള്ള പ്രസിദ്ധീകരണങ്ങളിൽ പ്രവാസി എഴുത്തുകാരുടെ രചനകൾ പതിവായി വരാറുണ്ട്‌ . എങ്കിലും ഈ എഴുത്തുകാർക്ക്‌ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേയ്ക്കു കടന്നുവരാൻ കഴിഞ്ഞിരുന്നില്ല . ഈ അവസ്ഥ പക്ഷേ ഇപ്പോൾ മാറിവരുന്നതായി കാണുന്നു .
അതേസമയം ഡൽഹി പോലുള്ള ഇന്ത്യൻ നഗരങ്ങളിൽ ജീവിക്കുന്ന മലയാളികൾക്കിടയിൽ നിന്നും ഒട്ടേറെ എഴുത്തുകാർ വളർന്നു വന്നു . അവരിൽ നിന്നും ആഴത്തിലുള്ള സാഹിത്യ രചനകൾ ഉണ്ടായി. പുതിയ ആശയങ്ങളും ഭാഷാശെയിലികളും അവതരിപ്പിച്ച്‌ അവർ മലയാള സാഹിത്യത്തെ നവീകരിക്കുകയും സംബന്നമാക്കുകയും ചെയ്തു . ഡഹിയിൽ ജീവിച്ച്‌ എഴുതിയ ഒ വി വിജയനെയും, വി കെ എന്നിനെയും, കാക്കനാടിനേയും നാം പ്രത്യേകം ഓർക്കുന്നു.അതുവരേ വായനക്കാർക്ക്‌ അപരിചിതമായ അനുഭവങ്ങളുടേയും, അനുഭൂതികളുടേയും മണ്ഡലങ്ങൾ അവരുടെ രചനകൾ അനാവൃതം ചെയ്തു. അങ്ങനെ എഴുപതുകളിൽ മലയാള സാഹിത്യം എന്നത്‌ ഡൽഹിയിലെ മലയാളി എഴുത്തുകാർ എഴുതുന്ന സാഹിത്യമാണെന്നു പോലും പറയപ്പെട്ടിരുന്നു.

ഡൽഹിയിലെ മലയാളീ പ്രവാസി എഴുത്തുകാർ എഴുതിയത്‌ പോലെ മറ്റ്‌ നഗരങ്ങളിലേയും രാജ്യങ്ങളിലേയും മലയാളി എഴുത്തുകാർക്ക്‌ എന്തുകൊണ്ട്‌ എഴുതുവാൻ കഴിയുന്നില്ല എന്നത്‌ ഇപ്പോഴും ചിന്താവിഷയമാണ്‌ . എവിടെ മലയാളികളുണ്ടോ അവിടെയെല്ലാം മലയാള സാഹിത്യവും ഉണ്ടാകേണ്ടതുണ്ടോ എന്ന ചോദ്യമുന്നയിച്ച്‌ ഒഴിഞ്ഞുമാറുവാനാണ്‌ പലരും ശ്രമിക്കുന്നത്‌. ഞാൻ അവരിൽ ഒരാളല്ല . സകറിയ പറഞ്ഞതു പോലെ സാഹിത്യവൽകരിക്കപ്പെട്ട ജീവിതമാണ്‌ മലയാളികളുടേത്‌ . സാഹിത്യം എഴുതാതേയും വായിക്കാതേയും നമ്മൾ മലയാളികക്ക്‌ ജീവിക്കുവാൻ കഴിയുകയില്ല . ടെലിവിഷന്റെയും ഇന്റർനെറ്റിന്റേയും ഈ കാലത്തുപോലും നൂറുക്കണക്കിനു മലയാളികൾ കഥയും കവിതയും മറ്റും എഴുതുന്നു . ആയിരക്കണക്കിനു പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. ഇങ്ങനെ വ്യാപകമായി സാഹിത്യം എഴുതുന്ന ഒരു സമൂഹവും മറ്റുരാജ്യങ്ങളിലുണ്ടാകില്ല . ഇത്‌ നമ്മൾ മലയാളികളുടെ മാത്രം സവിശേഷതയാണ്‌ നമ്മൾ എഴുതുന്നതെല്ലാം മികച്ച രചനകളാണെന്ന് ആർക്കും അവകാശപ്പെടാൻ കഴിയില്ല . സജീവമായി എഴുതുന്ന നൂറുക്കണക്കിനു കവികളിൽ നിന്ന് എത്രപേർ വളർന്ന് ഒരു കട്ടമ്മനിട്ടയോ ബാലചന്ദ്രൻ ചുള്ളിക്കാടോ ആകുമെന്നും നമുക്കറിയില്ല . പക്ഷേ ഒരു വലിയ ആൾക്കൂട്ടം ഇപ്പോഴും എഴുതുന്നുണ്ട്‌ എന്ന വസ്തുത നമുക്ക്‌ ആഹ്ലാദം പകർന്നുതരുന്നു.

സ്വന്തം അനുഭവങ്ങളാണ്‌ എഴുത്തുകാരെ സൃഷ്ടിക്കുന്ന മുഖ്യ ഘടകം . പ്രവാസി മലയാളികൾക്ക്‌ സവിശേഷമായ ജീവിതാനുഭവങ്ങളുണ്ട്‌ . വേരുകൾ അറ്റുപോയവന്റെ ഗൃഹാതുരത്വം മാത്രമല്ല അത്‌ . ജ്ന്മനാടിന്റെ കൊച്ചുവൃത്തത്തെ ഭേദിച്ചു പുറത്തു കടന്നു പോയവരാണ്‌ അവർ. വലിയ ജീവിത യാഥാർത്യങ്ങളുമായി അവർ ഏറ്റുമുട്ടുന്നു . നവോഥാനങ്ങളുടെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും പ്രകാശനമായ ഒരു പൈതൃകം അവർക്കുണ്ട്‌ . കടൽ കടന്നു പോയിട്ടും ഗൾഫ്‌ മലയാളികൾക്ക്‌ അതൊന്നും നഷ്ടമായിട്ടില്ല . അവരുടെയിടയിൽ നിന്നും വലിയ എഴുത്തുകാർ ഉണ്ടാകാതിരിക്കില്ല.

ആ കാത്തിരിപ്പിന്റെ അവസാനം ചക്രപാളത്തിൽ തെളിഞ്ഞുവരുകയാണ്‌ . ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നുമെല്ലാം നല്ല എഴുത്തുകാർ എഴുതി മലയാള മുഖ്യധാരാ സാഹിത്യത്തിലേക്ക്‌ കടന്നുവരുന്നുണ്ട്‌. അതിന്റെ സൂചനയാണ്‌ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ബെന്യാമന്റെ ആടുജീവിതം, ഒരു പ്രവാസി എഴുത്തുകാരൻ കാലത്തിന്റെ ഭാവുകത്വം ഉൾകൊണ്ട്‌ നല്ല കൃതികൾ രചിക്കുംബോൾ വെറും പ്രവാസി എഴുത്തുകാരനല്ലാതാകുകയും ചെയ്യുന്നു. ഗൾഫിലെ ബെന്യാമിൻ അങ്ങിനെയൊരു എഴുത്തുകാരനായി മാറിയിരിക്കുന്നു . സാമൂഹ്യ ജാഗ്രതയിലൂടെയും , സർഗാത്‌മകതയുടെ തീവ്രതയിലൂടെയുമാണ്‌ എഴുത്തുകാർ ജന്മനാടിന്റെയും പ്രവാസത്തിന്റെയും അതിരുകൾ പിളർത്തുന്നത്‌ . അതുപോലുള്ള ധാരാളം എഴുത്തുകാർ ഗൾഫ്‌ മലയാളികൾക്കിടയിൽ നിന്നും ജന്മംകൊള്ളുന്നത്‌ നമ്മൾ കാത്തിരിക്കുന്നു .

No comments

Explore More

കേരള ബജറ്റ് – പ്രവാസികളോടുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിച്ചു.

_ പ്രവാസി പെന്‍ഷനും സഹായ പദ്ധതികളും വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ ആദ്യമേ തന്നെ അഭിനന്ദിക്കുകയാണ്. ഒട്ടേറെ ബജറ്റ് കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്ര ജനകീയമായ, ജനങ്ങളുടെ ഉള്ളു തൊട്ടറിഞ്ഞ ഒരു ബജറ്റ് ഇതിനു മുന്‍പ് ...