ഫിദല്‍ നീ തന്നെയാണ് ഇപ്പോഴും അജയ്യന്‍.

0

ഒരു വലിയ മനുഷ്യന്‍റെ ഭൌതിക സാന്നിധ്യം നഷ്ടപ്പെട്ട ദുഖത്തിലാണ് ലോകമിന്ന്. ഇത്രമേല്‍ ധന്യമായ ഒരു ജീവിതത്തിന്‍റെ ചരിത്രം ഇനി ആര്‍ക്കും പങ്കുവയ്ക്കാന്‍ ആവില്ല. കോടി കോടി ജനങ്ങളുടെ ആവേശം മാത്രമല്ല. ആശ്രയവും, അത്താണിയുമാണ് ഇന്ന് ലോകത്തിന് നഷ്ടമായത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചരിത്രത്തിന്‍റെയും, ഐതിഹ്യത്തിന്റെയും താളുകളില്‍ മുദ്രപതിപ്പിക്കാന്‍ വളരെകുറച്ച് പേര്‍ക്ക് മാത്രമേ കഴിയൂ. അവരില്‍ ഒരാളാണ് ഫിദല്‍.

എങ്ങുമനുഷ്യന് ചങ്ങല കൈകളിലെങ്ങന്‍ കയ്യുകള്‍ നൊന്തീടുകയാണെങ്ങോ മര്‍ദന, മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു. എന്ന എന്‍ വി യുടെ വരികള്‍ തീര്‍ത്തും യോജിക്കുന്ന വ്യക്തിത്വമാണ് ഫിദല്‍ കാസ്ട്രോ.

വിപ്ലവകാരികളുടെ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഓരോ വാക്കും സൂക്ഷ്മവും, വിശാലവുമായ അര്‍ത്ഥത്തില്‍ പ്രയോഗിച്ചു കൊണ്ടാണ് ഫിദല്‍ ഈ ലോകത്തിലെ ഓരോ മനുഷ്യരോടും സംസാരിച്ചത്. ഗ്രീക്ക്‌ പുരാണത്തിന്റെ സംഗീത ദേവനായ ഓർഫ്യൂസിന്റെ കൈയിൽ വിശിഷ്ടമായ ഒരു തന്ത്രിവാദ്യമുണ്ട്. അതില്‍ നിന്നും ഉതിരുന്ന നാദബ്രഹ്മത്തിന്റെ ലഹരിയില്‍ വൃക്ഷലതാദികള്‍ തലകുനിച്ചുനില്‍ക്കുകയും പക്ഷിമൃഗാദികള്‍ ഓര്‍ഫ്യൂസിനെ അനുഗമിക്കുകയും ചെയ്യും. ഫിദലിന്റെ വാക്കുകള്‍ക്ക് ആ ലഹരി ആയിരുന്നു. വ്യക്തമായ ധാരണയോടെയാണ് ഓരോ വാക്കും അദ്ദേഹം പ്രയോഗിച്ചത്. ആ പ്രയോഗങ്ങള്‍ ജീവിതത്തിന്റെ നാഭീ-നാള ബന്ധങ്ങളെ സ്പര്‍ശിക്കുന്നവയായിരുന്നു. അദ്ധേഹത്തിന്റെ സംഭാഷണം ആശയങ്ങളുടെ അനുസ്യൂതമായ പ്രവാഹമാണ്. കണിശമായ, സന്ദേഹമില്ലാത്ത, സ്പുടം ചെയ്ത, ഉലയിലിട്ട് കാച്ചിയെടുത്ത തെളിമയാണ് അദ്ദേഹത്തിന്റെ ചിന്തക്ക്. അതാണ്‌ അദ്ധേഹത്തിന്റെ എതിരാളികള്‍ ഭയപ്പെട്ടത്. ആശയപരമായി അവരൊക്കെ അദ്ധേഹത്തോട് തോറ്റ് തുന്നംപാടി. അതുകൊണ്ട് അവര്‍ സംസാരിച്ചത് ചതിയുടെയും വഞ്ചനയുടെയും അകമ്പടിയോടെയാണ്. 634 തവണയാണ് ഫിദലിനെ കൊല്ലാന്‍ അമേരിക്ക തുനിഞ്ഞത്.

കേവലം 144 കിലോമീറ്റര്‍ അകലെയുള്ള, ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സാമ്രാജ്യത്വശക്തിക്കെതിരെ ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ത്ത് ക്യൂബന്‍ ജനത രചിച്ച ഇതിഹാസം ഹെര്‍ക്കുലീസിന്റെ ധീരതയും, ധിക്കാരവും കൈമുതലാക്കിയ ഫിദലിന്റെ അസാമാന്യ നേതൃത്വം കൊണ്ടായിരുന്നു.

1953 ല്‍ ക്യൂബയിലെ മൊങ്കാദാ സൈനികത്താവളത്തെ ആക്രമിച്ചുകൊണ്ടാണ് കാസ്ട്രോ പൊതുജീവിതം ആരംഭിക്കുന്നത്. പിന്നീട് 1959ല്‍ ക്യൂബയിലെ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിച്ചു ഫിദല്‍ കാസ്ട്രോ ക്യൂബയുടെ ഭരണമേറ്റെടുത്തു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പലതും സ്വതന്ത്രമായിരുന്നു എങ്കിലും അവയില്‍ പലതിലും സമ്പന്നവര്‍ഗത്തിന്റെ കൊടിയ ചൂഷണം നടന്നപ്പോള്‍ അതിനു ഉദാത്തമായ പരിഹാരം തേടിയാണ് ഫിദല്‍ ചിന്തിച്ചു തുടങ്ങിയത്. അദ്ധേഹത്തിന്റെ ചിന്ത ക്യൂബക്ക് വേണ്ടി മാത്രമായിരുന്നില്ല എന്നതാണ് അതിന്‍റെ ത്രസിപ്പിക്കുന്ന വസ്തുത.

10 അമേരിക്കന്‍ പ്രസിഡണ്ടുമാര്‍, നെഹ്‌റു മുതല്‍ നെല്‍സന്‍ മണ്ടേല വരെയുള്ള ചരിത്ര പുരുഷന്മാര്‍, ഷാങ്ങ്‌ പോള്‍ സാര്‍ത്ര്, ഹെമിംഗ് വെ, നെരൂദ, ഗബ്രിയേല്‍ ഗാര്‍സെ മാര്‍ക്കിസ്, സീമെയര്‍, സരമാഗോ എന്നീ യുഗപ്രഭാവന്മാര്‍, അങ്ങിനെ ചരിത്രത്തിലെ ഒട്ടുമിക്ക വ്യക്തിത്വങ്ങളുമായും നേരിട്ടു സംവദിച്ച മഹാപുരുഷനായിരുന്നു കാസ്ട്രോ. ഒരു ഭരണാധികാരിയും ഇത്ര വിപുലമായി ചരിത്രവീഥിയില്‍ സഞ്ചരിചിട്ടുണ്ടാകില്ല.

ഒരു ചെറിയ രാജ്യം അതും നാല്‍പതിനായിരം ചതുരശ്ര അടി മാത്രം വിസ്തീര്‍ണവും, വെറും ഒന്നരക്കോടി ജനങ്ങളും ഉള്ള ഒരു രാജ്യം , ദൂരവ്യാപക ഫലം ഉളവാക്കുന്ന വിദേശനയം സ്വീകരിച്ചുകൊണ്ട്, ഒരു ലോകാധിപത്യ ശക്തിയെ മുട്ടുവിറപ്പിക്കുകയും, അമേരിക്കക്കെതിരെ ബദലുകള്‍ തീര്‍ത്ത് സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്തു എന്നത് അവിശ്വസനീയമായ സത്യമാണ്. ആ സത്യത്തിന്‍റെ കാവല്‍ഭടനായിരുന്നു ഫിദല്‍. അമേരിക്കന്‍ നേതാക്കള്‍ക്ക് അദ്ധേഹത്തെ വധിക്കാനോ, സ്ഥാനഭ്രഷ്ടനാക്കാനോ കഴിഞ്ഞില്ല. വിപ്ലവത്തെ വഴിതെറ്റിക്കാനും കഴിഞ്ഞില്ല.

1960 മുതലാണ്‌ അമേരിക്ക ക്യൂബയോട്‌ യുദ്ധം പ്രഖ്യാപിച്ചത്. ക്യൂബയെ ശിഥിലീകരിക്കുന്നതിന്റെ ഭാഗമായി ക്യൂബക്കെതിരെ പ്രചാരണം നടത്താന്‍ ഹവാനയില്‍ അമേരിക്ക രണ്ടു റേഡിയോ നിലയങ്ങള്‍ സ്ഥാപിച്ചു. 1983 ല്‍ റൊണാള്‍ഡ് റെയ്ഗന്‍ നാഷണല്‍ എന്‍ഡോവ്മെന്‍റ് ഫോര്‍ ഡെമോക്രസി എന്ന എന്‍. ജി. ഒ രൂപീകരിച്ച് ക്യൂബക്കെതിരെ ലോക രാജ്യങ്ങളില്‍ പ്രചരണം നടത്തി. ക്യൂബയില്‍ ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്പില്‍ നടത്തിയ പ്രക്ഷോഭത്തിനു 24 ലക്ഷം ഡോളറാണ് അമേരിക്ക ചിലവാക്കിയത്. അസോസിയേറ്റ് പ്രസ്‌ ആണ് ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത്. ഫ്ലോറിഡയില്‍ പ്രവര്‍ത്തിക്കുന്ന കാസ്ട്രോ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് 65 മില്യണ്‍ ഡോളറാണ് അക്കാലത്ത് അമേരിക്ക വീതിച്ചു കൊടുത്തത്. അതേ സംഘത്തിനു തന്നെ ബുഷ്‌ ഭരണകൂടം 2004 ല്‍ എട്ടു കോടി ഡോളര്‍ നല്‍കി. ക്യൂബക്കെതിരെ നുണപ്രചാരണം നടത്താന്‍ എല്ലാ രാജ്യങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് ധനസഹായം നല്‍കിയാണ് അമേരിക്ക ക്യൂബയെ തകര്‍ക്കാന്‍ നോക്കിയത്. ഇതിനു പുറമേ Alpha 66, ഒമേഗ 7 എന്നീ ഭീകര സംഘങ്ങളെ ക്യൂബക്കെതിരെ പണം കൊടുത്ത് അമേരിക്ക പരിശീലിപ്പിച്ചെടുത്തു. ക്യൂബയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അമേരിക്കയില്‍ ആണ് ഇത്തരം സംഘങ്ങളുടെ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഒരു ചെറിയ രാജ്യത്തിനെതിരെ ഇത്രയും വിപുലമായ സന്നാഹങ്ങള്‍ അമേരിക്ക നടത്തിയതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാവുന്ന പ്രധാന കാര്യം ക്യൂബ പ്രതിനിധാനം ചെയ്യുന്ന ആശയം അമേരിക്കയുടെ ഉറക്കം കെടുത്തി എന്നതാണ്.

2016 ഒക്ടോബര്‍ 28ന് ആണ് അമേരിക്കന്‍ ഉപരോധം ക്യൂബയില്‍ അവസാനിച്ചത്. 22 തവണ ഇസ്രയേലും, അമേരിക്കയും എതിര്‍ത്തതിനാല്‍ ക്യൂബക്കെതിരെ ഉള്ള ഉപരോധം പിന്‍വലിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര തള്ളി. “ക്യൂബയ്ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക, വാണിജ്യ, ധനകാര്യ ഉപരോധങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത’യെപ്പറ്റിയുള്ള പ്രമേയം 193 അംഗങ്ങളുള്ള സഭയില്‍ 188 അംഗരാഷ്ട്രങ്ങളുടെ പിന്തുണയോടെ അവസാനം പാസ്സായി.

2014 Dec 17ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ക്യൂബയുമായുള്ള പൂര്‍ണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചു. ഇതിന്റെ പിന്നിലെ രഹസ്യ കൂടിയാലോചനകളില്‍ മധ്യസ്ഥത വഹിച്ചത് ക്യാനഡയും ഫ്രാന്‍സിസ് മാര്‍പാപ്പയുമാണ്.

ഇന്ന് ഇടതുപക്ഷ പരീക്ഷണങ്ങള്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാതൃകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനു ഫലമെന്നോണം ഇന്ന് ലോകം ലാറ്റിനമേരിക്കന്‍ ബദലുകളെയാണ് ഉറ്റുനോക്കുന്നത്. അതിന്‍റെ ശില്‍പിയായ കാസ്ട്രോ എന്ന ദിവ്യപുരുഷനെ ലോകം വലിയതോതിലാണ് നെഞ്ചിലേറ്റുന്നത്.

അവശതയനുഭവിക്കുന്നവന്‍റെ വാക്കായി………
അശരണരുടെ വാക്കായി ……….
ചരിത്രത്തില്‍ ഒരു കാസ്ട്രോ മാത്രമേ ഉണ്ടായിട്ടുള്ളൂ……… ഒരേയൊരു കാസ്ട്രോ…..
ആ തേജസ്സിന് കോടി കോടി പ്രണാമങ്ങള്‍ …………

No comments

Explore More

സംസ്ഥാന ബജറ്റ് : പ്രവാസികള്‍ക്ക് കേരളത്തിന്‍റെ പ്രത്യൂപകാരം.

_ രോഗിയുടെ ഇശ്ചയും വൈദ്യരുടെ കല്‍പ്പനയും തമ്മിലുള്ള ആ ഇഴപിരിയാത്ത പൊരുത്തമുണ്ടല്ലോ , അതിനെ അനുസ്മരിപ്പിക്കുന്ന പ്രഖ്യാപനമാണ് സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി തോമസ്സ്ഐസക് നടത്തിയിരിക്കുന്നത്. ലോക മലയാളിസമൂഹം ആഹ്ളാദം പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ നിത്യേന മാധ്യമങ്ങള്‍  ...