മരണമില്ലാത്ത വയലാറിന്റെ ഗര്‍ജ്ജനം

0

വയലാർ വിപ്ലവത്തിന്റെ മണ്ണാണ്. അവിടെ പൂക്കുന്നതും, കായ്ക്കുന്നതും വിപ്ലവമാണ്. ജ്വലിക്കുന്ന വിപ്ലവസ്മരണകളില്‍ മാറ്റൊലികൊള്ളുന്ന ആ മനോഹരഭൂവില്‍ ഒരു ജന്മം തന്നതിന് നന്ദി അറിയിച്ചുകൊണ്ടാണ് വയലാര്‍ രാമവര്‍മ എന്ന കവി ഈ ലോകത്തോട്‌ സംവദിച്ചത്. കണ്ണിലും, ചങ്കിലും തീയാളുന്ന പതിനായിരങ്ങളുടെ പടപ്പാട്ടുകളെ ഹൃദയത്തില്‍ ആവാഹിച്ച് അദ്ദേഹം വിളിച്ചറിയിച്ച സന്ദേശങ്ങള്‍ മലയാളമണ്ണ്‍ എക്കാലവും നെഞ്ചിലേറ്റി.

വയലാര്‍ ഒരു മാറ്റൊലിക്കവിയാണ് എന്ന് ആദ്യനാളുകളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനോട് സൌമ്യമായി വയലാര്‍ ഇങ്ങനെ പ്രതികരിച്ചു. …..
“എന്‍റെ കവിത എന്‍റെ കരളിന്‍ കൊട്ടാരത്തിലെ പ്രപഞ്ചമാണ്‌. ഋതുഭേദങ്ങളുടെ താളവും, കാലചക്രങ്ങളുടെ കുളമ്പൊച്ചയും, പ്രകൃതിയുടെ പ്രതിഭാവിലാസങ്ങളും അതിലുണ്ട്. കടലിന്‍റെ പ്രകമ്പനവും, കാറ്റിന്റെ ഇരമ്പലും, കാട്ടരുവിയുടെ സാന്ദ്രസംഗീതവും, കിളിയുടെ കൊഞ്ചലും, പൂവിന്‍റെ പരിമളവും, പച്ചപ്പിന്‍റെ സൌന്ദര്യവും, നിലാവിന്‍റെ കുളിരും, വെയിലിന്‍റെ ഉണര്‍വും, തീയിന്റെ ചൂടും അതിലുണ്ട്. അത് മാറ്റൊലിയാണെങ്കില്‍ ഞാന്‍ മാറ്റൊലിക്കവി തന്നെ.. എനിക്കിത്രമാത്രമാണ് പറയാനുള്ളത്. മനുഷ്യന്‍റെ സുഖദുഖങ്ങളും, നൈതികതയും അന്യം നിന്നു പോകാന്‍ ഞാന്‍ സമ്മതിക്കില്ല. വയലാറിന്റെ ഇരമ്പുന്ന മണ്ണില്‍ മനുഷ്യന്‍റെ കെടുതിയെ സ്വീകരിക്കുന്ന ഒരു അസ്തിത്വവും എനിക്കില്ല.”. ഈ ആര്‍ജവമാണ് വയലാറിന്റെ പ്രതിബദ്ധത……

1946 ഒക്ടോബര്‍ അവസാന നാളുകളില്‍ പുന്നപ്രയിലും, കാട്ടൂരിലും, മാരാരിക്കുളത്തും, മേനാശ്ശേരിയിലും, ഒളതലയിലും, വയലാറിലും യന്ത്രത്തോക്കുകള്‍ കവര്‍ന്നെടുത്ത ജീവനുകള്‍… സ്വാതന്ത്രത്തിന്റെ കാത്തുസൂക്ഷിപ്പുകാരെ മെതിച്ചിട്ട ഭരണകൂട ഭീകരത…. ആ ശ്മശാനമൂകതയിലേക്ക് പി.കെ. വാസുദേവന്‍‌ നായരോടോത്തു വഴികാട്ടിയായി വന്ന കുട്ടന്‍ എന്ന പതിനെട്ടുകാരന്‍ മനുഷ്യമാംസത്തിന്റെ കരിഞ്ഞ ഗന്ധത്തിനു കാരണക്കാരായവര്‍ക്കെതിരെ ഉള്ളില്‍ നിറച്ച വിങ്ങല്‍ പലപ്പോഴും പൊള്ളുന്ന വാക്കുകളില്‍ പുറത്തുവന്നു. പഴശ്ശിരാജക്ക് വേണ്ടി എഴുതിയ വരികളില്‍ അത്രയും ഈ ശൌര്യമാണ് നിറഞ്ഞു നിന്നത്.

“ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി,
ദുഃഖത്തിൻ തണ്ണീർപ്പന്തലിൽ നിൽക്കുന്നവരേ…
ഈ രാത്രി ഇരുണ്ടു വെളുത്തു കിഴക്കുണരുമ്പോൾ
ഈ നാട്ടിയ കഴുകുമരങ്ങൾ കാണും നിങ്ങള്‍…”

പിറന്നനാടിനു വേണ്ടി പൊരുതി മരിച്ചവരിവിടെ
സ്വന്തം ചോരയിലെഴുതിയ ജീവിതമന്ത്രം കേൾക്കൂ നിങ്ങൾ സ്വർഗ്ഗത്തേക്കാൾ വലുതാണീ ജന്മഭൂമി….

ഊഷ്മളമായ സ്നേഹവും, മാനവികതയും നിറച്ച് മലയാള സാഹിത്യത്തെ ദീപ്തമാക്കിയ വയലാര്‍ കണക്കറ്റ് എതിരാളികളാല്‍ ആക്രമിക്കപ്പെട്ടിരുന്നു. വാള് വിറ്റ് വീണ വാങ്ങി കവി വിപ്ലവപ്രസ്ഥാനത്തോട് വിട പറഞ്ഞെന്നും കോടമ്പാക്കം കവിയായി അധ:പതിച്ചു എന്നും ആക്ഷേപം ഉയര്‍ന്നു. അതിനോട് ആദ്യം സൌമ്യമായ മറുപടിയില്‍ വയലാര്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.

മൂടിക്കെട്ടിയ മൌനമല്ല
നിഴലിന്‍ നീലത്തടാകങ്ങളില്‍
വാടിക്കൂമ്പിയ മോഹഭംഗമലരിന്‍-
മൊട്ടല്ല മുത്തല്ല ഞാന്‍
കാടിനുള്ളിലരിച്ചുവീണ വെയിലല്ല-
ന്തര്‍മുഖധ്യാനമാം കൂടിനുള്ളിലെ നിദ്രയല്ല
പുലര്‍കാലത്തിന്‍ ചുവപ്പാണ് ഞാന്‍…!!!

എന്നാല്‍ വിമര്‍ശനം തുടര്‍ന്നപ്പോള്‍ വയലാര്‍ അതിശക്തമായി തിരിച്ചടിച്ചു. ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത് എന്ന കവിതയില്‍…..

“ഞാനെന്‍റെ വല്മീകത്തില്‍,
ഇത്തിരി നേരം ധ്യാനലീനനായിരുന്നത്,
മൌനിയായ്‌ മാറാനല്ല.. മൌനത്തെ മഹാശക്തിയാക്കുവാന്‍”

എന്നെഴുതിയത് മനുഷ്യന്‍റെ ദൌത്യം എന്തെന്ന് മനസ്സിലാക്കാത്തവരെ അഭിസംബോധന ചെയ്യാനായിരുന്നു.

മറ്റൊലിക്കവി എന്ന വിമര്‍ശനത്തിനുള്ള മറുപടി ഒരു മാറ്റൊലിക്കവി എന്ന മുഖവുരയോടെ പുറത്തുവന്നു.

ഒരു മാറ്റൊലിക്കവി വന്നുനില്‍ക്കുന്നു മുന്നില്‍,
കരളിന്‍ കൈക്കുമ്പിളിലീപ്രപഞ്ചവുമായി
ഈ വിശ്വപ്രകൃതിയിലെങ്ങാനുമൊരു മുല്ല-
പ്പൂവിതല്‍ വിരിഞ്ഞാലതെന്നിലും വിരിയുന്നു.
കാട്ടിലെ കതിര്‍കാണാക്കിളി പാടിയാല്‍,
മുളം- കൂട്ടിലെ തത്തമ്മക്കു നൊമ്പരം വിതുമ്പിയാല്‍
വന്നലച്ചിടും, പിന്നെ മറ്റൊന്നായ് രൂപംകൊള്ളു- മെന്നന്തര്‍ലോകത്തിലാഗാനവും വിതുമ്പലും,
മാണിക്യ മണിവീണ മീട്ടിയ മനുഷ്യനെ
മാറ്റൊലിക്കവിയെന്നു വിളിച്ചൂ പൂജാരികള്‍..

കവിതയെ സവര്‍ണവല്‍ക്കരിച്ച സിംഹാസനങ്ങള്‍ക്കു നേരെയുള്ള കനത്ത ഗര്‍ജനമായിരുന്നു അത്. തനിക്കെതിരെ ഉയര്‍ത്തിയ എല്ലാ നിന്ദയേയും കൂസലില്ലാതെ നേരിട്ടുകൊണ്ട് നിസ്വവര്‍ഗത്തിനു വേണ്ടിയുള്ള പോരാട്ടം വയലാര്‍ ധീരമായി തുടരുക തന്നെ ചെയ്തു.

സ്നേഹിക്കയില്ല ഞാന്‍,
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും..

എന്ന് വയലാര്‍ പാടിയത് മാനവികതയുടെ സമാനതകളില്ലാത്ത, സന്ധിയില്ലാത്ത വിളംബരം ഈ ലോകത്തെ അറിയിക്കാനാണ്.

1961 ലാണ് സര്‍ഗസംഗീതത്തിന് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്.

“ആരന്തര്‍മുഖമിപ്രപഞ്ചപരിണാമോത്ഭിന്ന-
സര്‍ഗക്രിയാ സാരക്രിയാസാരം തേടിയലഞ്ഞു പണ്ട്
അവരിലെ ചൈതന്യമെന്‍ ദര്‍ശനം”

എന്ന്‍ കുറിച്ചിട്ടു കൊണ്ട് ഈ ലോകത്തോട്‌ അദ്ദേഹം പറഞ്ഞ ഒരു സത്യമുണ്ട്. അനന്തമായ കാലത്തിലെ അവിരാമമായ സഞ്ചാരമാണ് കവിയും കവിതയും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കവിതയുടെ ആദിമുതല്‍ അന്ത്യംവരെയുള്ള ഒടുക്കമില്ലാത്ത ചങ്ങലയിലെ ഒരു കണ്ണിയാണ് താന്‍. വറ്റാത്ത ഉറവ പോലെ സ്നേഹത്തിന്‍റെയും, നന്മയുടെയും തെളിനീര്‍ തടാകത്തിനരികില്‍ ദാഹിച്ചുവലഞ്ഞ യാത്രക്കാരനാണ് താന്‍. ഓരോ കവിള്‍ വെള്ളത്തിനും ഈ ഭൂമിയോട് കടപ്പെട്ടവനാണ് താന്‍. ആ കടപ്പാടാണ് തന്‍റെ എഴുത്ത്. ഈ ഭൂമിയെ ഉള്ളുതൊട്ടറിഞ്ഞ ആ എഴുത്തിന്‍റെ പൊരുളും അതുതന്നെയാണ്. പുന്നപ്രയില്‍ തോക്കിന്‍റെ കാഞ്ചിവലിച്ച് സഹജീവികളെ ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കുന്ന പട്ടാളക്കാരോട് സ്നേഹപൂര്‍വ്വം നടത്തിയ അഭ്യര്‍ത്ഥന ഇങ്ങനെ ആയിരുന്നു.

അരുതു സഖാക്കളെ,
നിങ്ങള്‍ക്കും നിങ്ങള്‍ തന്‍ ധരണിക്കും
വേണ്ടിയാണീ സമരം..!

എന്ന വരികള്‍ സഹജീവിയുടെ കണ്ണീരുകണ്ട ഒരു സമരഭടന്റെ ആത്മാര്‍ഥമായ അഭ്യര്‍ത്ഥനയാണ്.

ഉടവാളുരുക്കി ഞാന്‍ വീണ തീര്‍ത്തതു നാവി-
ലുറക്കുപാട്ടും പാടി സഞ്ചരിക്കുവാനല്ല..
കാറ്റടിച്ചിളകുന്ന കാലത്തിന്‍ ധീരസ്വരം
മാറ്റത്തിന്‍ രാഗം താനം പല്ലവിയാക്കാനല്ലോ
പടവാളിനേക്കാളും വീണയ്ക്കേ
വൈകാരിക പരിവര്‍ത്തനങ്ങളെ മനസ്സില്‍ തീര്‍ക്കാനാവൂ. നാലുകെട്ടുകള്‍ക്കുള്ളില്‍ പൂര്‍വികരുടെ പട-
വാളിനു പൂവര്‍പ്പിച്ച പൂണൂലിന്‍ പാരമ്പര്യം
അവയോടൊപ്പം വലിച്ചെറിഞ്ഞു
മനുഷ്യന്‍റെ കവിയായ്‌ ദശാബ്ദങ്ങള്‍ പിന്നിട്ടു വരുന്നൂ ഞാന്‍.

കല്ലെറിഞ്ഞുടക്കുവാന്‍ വന്നു നില്‍ക്കുന്നൂ
ശൈലീ വല്ലഭന്‍മാരാം നിങ്ങള്‍ പൊയ്മുഖങ്ങളുമായി എറിഞ്ഞാലുടയില്ല മന്ത്രാസ്ത്രനിരവാരിച്ചൊരിഞ്ഞാല്‍
മുറിയില്ലീ മൺപുറ്റിന്‍ രോമം പോലും.
അറിയില്ലെങ്കില്‍ ചെന്നുചോദിക്കൂ മനസ്സിലെ
മറവിയുറക്കിയ മൌനത്തോടെന്നെപ്പറ്റി……
നാളത്തെ പ്രഭാതത്തിന്‍ സിന്ധൂരാരുണജ്വാലാ-
നാളങ്ങള്‍ പറയുമീത്തീയിന്റെയിതിഹാസം!
വിരിയും വൈശാഖത്തിന്‍ പത്മരാഗങ്ങള്‍ നാളെ-
പ്പറയും ചോദിച്ചാലീപ്പൂവിന്‍റെയിതിഹാസം!

ഒരേ സമയം തീയിന്റെയും പൂവിന്റെയും ഇതിഹാസമാകുക എന്നതിനര്‍ത്ഥം ഒരേ സമയം തന്നെ പോരാട്ടവും, ഹൃദയത്തിന്‍റെ നൈര്‍മല്യവും ഒത്തുചേര്‍ത്ത് പോകുക എന്നതാണ്. ഈ വൈരുധ്യാമകതയാണ് വയലാറിന്റെ ഗര്‍ജനം. മരണമില്ലാത്ത വയലാറിന്റെ ഗര്‍ജനം.

1975 ഒക്ടോബര്‍ 27ന് രക്തം ഗ്രൂപ്പ്മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണകാരണം എന്ന് പറയപ്പെടുന്നു. എത്രമാത്രം നിശ്ശബ്ദതയിലേക്ക് മറഞ്ഞാലും കാലത്തെ അടയാളപ്പെടുത്താന്‍ മനുഷ്യമനസ്സിലേക്ക് കവിതയുടെ തീ കോരിയിട്ട ആ മഹാകവി ഹൃദയത്തില്‍ നിന്ന് ഒരിക്കലും യാത്രയാകുന്നില്ല. 48ന്‍റെ ചെറുപ്പത്തില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞ വയലാര്‍ പെയ്തുതീരാത്ത നൊമ്പരമായി പാടിക്കൊണ്ടേ ഇരിക്കുകയാണ്.
മരണമില്ലാതെ…..
വിശ്രമമില്ലാതെ……
ഈ ഭൂമിയിലെ സഹജീവികള്‍ക്ക് വേണ്ടി…

No comments

Explore More

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും

വര്‍ഷങ്ങള്‍ ഒടുങ്ങുന്നതും പിറക്കുന്നതും ചില കരുതലോടുകളോടു കൂടിയാണ്………….. ചില ഓര്‍മപ്പെടുത്തലോടുകൂടിയാണ്……………. ചില തിരിച്ചറിവുകളോടു കൂടിയാണ്…………. കനിവുകള്‍ കുറ്റിയറ്റു പോകുന്ന ഒരു കാലത്തെ അതിജീവനമാണ്‌ നമുക്ക് ചിന്തിക്കാനുള്ളത്. കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലല്ല ഒന്നും.. എല്ലാം നമ്മില്‍ നിന്നും ...