വിൻസെന്റ്‌ വാൻഗോഗ്‌, വർണ്ണത്തിന്റെ ഉഴവുചാലുതീർത്തവൻ

0

വിൻസെന്റ്‌ വാൻഗോഗ്‌
വർണ്ണത്തിന്റെ ഉഴവുചാലുതീർത്തവൻ
ജനനം 1853 നെതർലാൻഡ്‌ . മരണം 1890
സ്ഥലകാലങ്ങൾ ഒരു ചിത്രകാരനെ സംബന്തിച്ച്‌ ഏറെ നിർണ്ണായകമാണ് കാലത്തെ സത്യന്ധമായി രേഖപ്പെടുത്തുകയാണ് ചരിത്രം. വാൻഗോഗ്‌ ഒരു തരത്തിൽ ചരിത്രം എഴുതുകയായിരുന്നു.

തീവ്രമായ മാനസിക വിക്ഷോഭങ്ങൾ ശക്തമായ വർണ്ണത്തോപ്പുകളിലൂടെ ചരിത്രതലത്തിൽ പ്രവഹിപ്പിച്ച ചിത്രകാരനാണ് വിൻസെന്റ്‌ വാൻഗോഗ്‌. ആദ്യകാഴ്ച്ചയിലൂടെ തന്നെ ആ പ്രവാഹം കാഴ്‌ചക്കാരന്റെ അന്തരംഗത്തെ ഉണർത്തുകയും ആ വർണ്ണ അടരുകളിലൂടെ സചേതനമായ ഒരു യാത്ര സാധ്യമാക്കുകയും ചെയുന്ന മാന്ത്രികത വാൻഗോഗ്‌ ചിത്രങ്ങൾക്കുണ്ട്‌. ഭാവപൂർത്തീകരണത്തിന് ആവേശപൂർവം നിറങ്ങൾ വാരിവയ്‌കുകയും അതുവഴി അനിയന്ത്രിതമായ ഒരു ഹൃദയവികാരം പ്രസരിപ്പിക്കുകയുമാണ് വാൻഗോഗ്‌ ചെയ്തത്‌. രൂപങ്ങളിൽ മാത്രമല്ല പരിസരങ്ങളിലും ഇതിന്റെ തുടർച്ച നമുക്ക്‌ ദർശിക്കുവാനാകുന്നു. ഭാവവും ഭാവനയും നിറഞ്ഞ ഈ ചിത്രങ്ങൾ കാഴ്ചയുടെയും ചിന്തയുടെയും തലത്തെ വിപുലമാക്കുവാൻ പോന്നവയാണ് . കാറ്റിൽ ഇളകുന്ന ഗോതംബ്‌ പാടങ്ങളും പറന്നകലുന്ന പക്ഷികളും മേഘവും,നക്ഷത്രങ്ങളും,സൂര്യകാന്തിപൂക്കളും ഒക്കെ ഉഴവുചാലുകൾ പോലെ ശക്തമായ ബ്രഷ്‌ പാടുകളാൽ തീർത്ത വാൻഗോഗ്‌ ആധുനിക ചിത്രകലാ ചരിത്രത്തിലെ വ്യക്തിപ്രഭാവമാർന്ന ചിത്രകാരനും ജ്വലിച്ചമർന്ന മിന്നൽ പിണറുമായിരുന്നു. സ്വയം തീർത്തവഴികളിലൂടെ സഞ്ചരിച്ച്‌ സ്വയം അവസാനിപ്പിച്ച ഒരു യാത്ര. ജീവിച്ചിരുന്ന കാലത്ത്‌ വേണ്ടത്ര അംഗീകരിക്കപ്പെടാതെ ദേശാടകനായി ലണ്ടനിലും,പാരീസിലും,വിടുപണി ചെയ്തു ജീവിക്കാനായിരുന്നു നിയോഗം. ചൂഷണത്തിനടിപ്പെട്ട മനുഷ്യരെയും കൽക്കരിഖനികളിൽ അപകടത്തിൽപ്പെട്ട്‌ ചതഞ്ഞരഞ്ഞ്‌ മരിച്ചവരെയും വാൻഗോഗ്‌ സ്നേഹിച്ചു. ഉരുളക്കിഴങ്ങ്‌ മാത്രം തിന്ന് ജീവിക്കുന്നവരെ വാൻഗോഗ്‌ കണ്ടു. ഹോളണ്ടിലെ നിത്യജീവിതരംഗങ്ങൾ ആവിഷ്ക്കരിച്ചിരുന്നു; രണ്ട്‌ നൂറ്റാണ്ട്‌ മുംബുള്ള ചിത്രകാരന്മാരുടെ ഡച്ചുകലാ പൈതൃകമായിരുന്നു വാൻഗോഗുംഉൾകൊണ്ടിരുന്നതെങ്കിലും വ്യക്തികളെ ദൃശ്യവൽക്കരിക്കുന്നതിനെക്കാൾ അവരുടെ ജീവിത യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുവാനാണ് വാൻഗോഗ്‌ ശ്രമിച്ചത്‌. പിൽകാലത്ത്‌ ഇരുളടഞ്ഞ ഡച്ച്‌ വർണ്ണപ്രതിപാദനരീതികളെ തള്ളികളഞ്ഞുകൊണ്ട്‌ ബൂർഷ്വാസിയുടെ മിനുസമാർന്നതും ഇക്കിളിപ്പെടുത്തുന്നതുമായ രചനാരീതികളോട്‌ കലഹിച്ച്‌ പരുക്കൻ യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കാൻ, പരുക്കൻ ചിത്രീകരണശെയിലി തന്നെ സ്വീകരിച്ചു. ക്രമേണ ചുവപ്പ്‌ നിറമുള്ള വാതിലുക്കളും, നീലവർണ്ണ മേൽക്കൂരകളും മഞ്ഞ നിറമാർന്ന കെട്ടിടങ്ങളും ചാര-ഹരിത ആകാശതലവർണ്ണങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി ‘സൂററ്റിന്റെ’ ‘പോയന്റലിസ’ത്തോട്‌ വല്ലാത്തൊരാഭിമുഖ്യം തോനുകയും ആ സ്വാധീനത്തിലൂടെ സ്വന്തമായൊരു ശൈലി തുറന്ന് വരുന്നതുമാണ് പിന്നെ നാം കാണുന്നത്‌.

സൂര്യകാന്തിപ്പൂവുകളുടെ പ്രണയം മനസ്സിലൊളിപിച്ച വാൻഗോഗ്‌ സൈപ്രസ്‌ മരങ്ങളിലൂടെ പടർന്നകയറുന്ന അഗ്നിനാളത്തെയാണ് കണ്ടത്‌. ബ്രഷുകളിലൂടെ നിറങ്ങളുടെ ഉഴവു ചാലുകൾ തീർത്തു. സൂര്യനെയും ചന്ദ്രനെയും ചിത്രതലത്തിലേക്കിറക്കി കൊണ്ടുവന്നു. മറ്റാരും കാണാത്തവിധം പ്രകൃതിയെ കണ്ടു വാൻഗോഗ്‌.

അസ്സ്വസ്ഥമനസ്സുമായി വാൻഗോഗ്‌ നിറങ്ങളിലൂടെ അന്വേഷിച്ച്കൊണ്ടിരുന്നു. പ്രതികരിച്ചുകൊണ്ടിരുന്നു. തുരുത്തിയും ആവർത്തിച്ചും സ്പുടം ചെയ്തുകൊണ്ടിരുന്നു.അന്നുവരെ ആരും ദർശിക്കാത്ത ഒരു കലാനുഭവത്തെ ആസ്വാദകനിലേക്ക്‌ പ്രവഹിപ്പിക്കുവാൻ കഴിഞ്ഞു വാൻഗോഗിനു. കലാചരിത്രത്തിൽ സ്വന്തമായിരിടം കണ്ടെത്തുകയല്ല . സ്വന്തമായൊരിടം വാൻഗോഗിനെ തേടി എത്തുകയായിരുന്നു.

വെറും സാധാരണക്കാരനായിരുന്നു വാൻഗോഗ്‌. ദാരിദ്ര്യവും അവഹേളനങ്ങളും വേണ്ടുവോളം അനുഭവിച്ച്‌ പിന്നാലെ വന്ന ചിത്രകാരന്മാരെയും കലാപ്രസ്ഥാനങ്ങളെയും വ്യതിരിക്തമായ രചനാവൈഭവത്താൽ അഗാഥമായി സ്വാധീനിച്ച്‌ മാന്ത്രിക വലയത്തിൽ നിർത്തിയ പ്രതിഭാശാലി. മരണശേഷം ചിത്രങ്ങൾ അമൂല്യങ്ങളായിരുന്നു എന്ന് കാലം അടയാളപ്പെടുത്തി.

സവിശേഷമായ സ്പഷ്ടതയും കുർമ്മബുദ്ധിയും ചിത്രങ്ങളിൽ നിലനിത്തുംബോഴും വാൻഗോഗ്‌ സുദ്യഢതയില്ലാത്ത മനസ്സുമായി ചപലതകളുമായി അശാന്തമായി അകലുകയായിരുന്നു. ഒരു പക്ഷേ ഈ പൊരുത്തക്കേടുകളിലെ പൊരുത്തമാകാം അവശ്വസനീയമായ മഹത്വമുള്ള ചിത്രങ്ങൾ രചിക്കാൻ വാൻഗോഗിനെ പ്രാപ്തമാക്കിയത്‌.

കഥയ്ക്കും കവിതയ്ക്കും നോവലിനും, നാടകങ്ങൾക്കും ചലച്ചിത്രത്തിനും വിഷമമായിട്ടുണ്ട്‌ വാൻഗോഗിന്റെ ജീവിതം.

ചിത്രകല പടിക്കുന്ന കാലം മുതൽ എന്നെ വല്ലാതെ ആകർഷിച്ച ചിത്രകാരനാണ് വാൻഗോഗ്‌.ചിത്രങ്ങളിലോരോന്നിന്റെയും സവിശേഷമായ രചനാ രീതിയും പ്രകാശ സൗഷ്ടവും എത്രയോ സമയം നോക്കിയിരുന്നിട്ടുണ്ട്‌. നിറങ്ങളുടെ ശാന്തതയും ക്രൗര്യവും തൂലികാചലനത്തിന്റെ ലാളിത്യവും കാർക്കശ്യവും സാന്ദ്രമായ ഒഴുക്കും കടുപ്പവും വാൻഗോഗിനു മാത്രം അവകാശപ്പെട്ടതാണെന്ന് തോനിയിട്ടുണ്ട്‌. കൂടുതൽ നോക്കുംതോറും ആ ചിത്രങ്ങൾ വ്യക്തമായ വൈകാരിക സംഘർഷങ്ങളും ശാന്തതയും നമ്മിലേക്ക്‌ ഒഴുകിയണിഞ്ഞുകൊണ്ടിരുന്നു. കണ്ടതിലും കൂടുതൽ അനുഭവിച്ചതിലും കൂടുതൽകാര്യങ്ങൾ ഒരോ ചിത്രവും ഒളിപ്പിച്ചുവെച്ചിട്ടുള്ളതായിതോനിയിട്ടുണ്ട്‌.

വാൻഗോഗിനെ അറിയാൻ മറ്റൊരു വാതായനം കൂടി തുറന്ന് കിടക്കുന്നുണ്ട്‌. അത്‌ വാൻഗോഗിന്റെ അനുജൻ തിയോക്കെഴുതിയ കത്തുകൾ വായിക്കുക എന്നതാണ്. ഇർവിങ്‌സ്റ്റോൺ ശേഖരിച്ച ‘ഡിയർ തിയോ’ എന്ന പുസ്തകവും മൂന്ന് വാള്യങ്ങളുള്ള കത്തുകളുടെ സംബൂർണ്ണ സമാഹാരവും എന്താണ് വാൻഗോഗ്‌ എന്ന് വ്യക്തമാക്കുന്നുണ്ട്‌ താൻ കാണുന്നതും തിയോകൂടി അനുഭവിക്കണമെന്ന് വാൻഗോഗ്‌ ആഗ്രഹിച്ചിരുന്നു. എത്രമാത്രം ആത്മാർഥതയോടെ അനുജനെ മനസ്സിൽ കൊണ്ടുനടന്നിരുന്നു എന്ന് ഈ കത്തുകൾ വ്യക്തമാക്കുന്നു.

വാൻഗോഗ്‌ വെറുമൊരു ദുഃഖിതനായ ഏകാകിയായിരുന്നില്ല. ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത്‌ മണിമുതൽ വൈകീട്ട്‌ ആറുമണിവരെ പെയിന്റിംഗിൽ മുഴുകിയിരുന്നു എന്ന് തിയോവിനെഴുതിയ കത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്‌. കണ്ട കാഴ്ചകളിലെ സംബന്നമായ മാതൃകകൾ എപ്പോഴും മനസ്സിൽ നിറച്ചുവച്ചിരുന്നു. ഒരു ദ്യശ്യത്തിന്റെ തന്നെ അനേകം ചിത്രങ്ങളും രേഖാചിത്രങ്ങളും വരച്ചിരുന്നു. മറ്റ്‌ ചിത്രകാരന്മാരായ ടെർണർ, കോൺസ്റ്റബിൾ,ബൗട്ടൺ,റെംബ്രാന്റ്‌, മിലെയിസ്‌, റെയിനോൾഡ്‌,ഗെയിൻസ്ബെറോ എന്നിവരുടെ രചനകൾ സന്തോഷത്തോടെയാണ് നോക്കി കണ്ടിരുന്നത്‌. ചില ചിത്രകാരന്മാരുടെ രചനകളെ വാൻഗോഗിന്റെ രീതിയിൽ മാറ്റി വരയ്ക്കാനും ശ്രമിച്ചിട്ടുണ്ട്‌.

ഉരുളക്കിഴങ്ങ്‌ കഴിക്കുന്നവർ എന്ന ചിത്രത്തിൽ അറിഞ്ഞോ അറിയാതേയോ വെളിച്ചവും നിഴലും കൂടിച്ചേരുന്നതിൽ റംബ്രാഡിന്റെ ചിത്രങ്ങളോടുള്ള…….

വാൻഗോഗിനു മുന്നിൽ കാണപ്പെട്ട വീടുകളും റോഡുകളും സൂര്യ പ്രകാശവും നിഴലുകളും എല്ലാം ചിത്രരൂപങ്ങളായിരുന്നു. 37 വർഷത്തെ ജീവിതത്തിനിടയിൽ വരച്ചുതീർത്ത ചിത്രങ്ങളിൽ തിരിച്ചറിഞ്ഞ 2160 ചിത്രങ്ങളിൽ 860-ലധികം ചിത്രങ്ങളും ക്യാൻവാസിൽ വരച്ച എണ്ണച്ചായചിത്രങ്ങളായിരുന്നു. ഡ്രോയിംഗുകളും സ്കെച്ചുകളും ജലച്ചായാചിത്രങ്ങളുമായി 1300-ലധികവും അറിയപ്പെടാത്തതും നഷ്ടപെട്ടതുമായ ചിത്രങ്ങൾ വേറേയും .

16ആം വയസ്സിൽ (1869) ഗുപ്പിൽ സി കംബനിയുടെ ആർട്ട്‌ ഗ്യാലറിയിൽ ജോലിക്കാരനായി പ്രവേശിച്ചതോടെയാണ് ചിത്രങ്ങളുടെ വഴിയേ മനസ്സ്‌ സഞ്ചരിക്കാൻ തുടങ്ങുന്നത്‌. 20ആം വയസ്സിൽ (1873) വാൻഗോഗ്‌ പൂർണ്ണമായും ചിത്രരചനയിലേക്കു തിരിഞ്ഞ്‌ കഴിഞ്ഞിരുന്നു. ശേഷിച്ച 17 വർഷങ്ങളിൽ അവസാന പത്ത്‌ വർഷമാണ് ചിത്രകലയിൽ അതിമാനുഷിക പരിവേഷത്തോടെ വിസ്മയം എഴുതിച്ചേർത്തത്‌.

1890 ജുലൈ 27-നു സൂര്യജ്വാലകളേറ്റ്‌ സ്വർണ്ണനിറം ചൂടിയ ഗോതംബ്‌ വയലുകൾക്ക്‌മുകളിൽ ആകാശനീലിമ കൂടുതൽ സാന്ദ്രമായപ്പോൾ സ്വയം ഉതിർത്ത വെടിയുണ്ടയിൽ. ഒരുതോക്കിന്റെ തീപാറുന്ന വേഗതയിൽ കാക്കകളുടെ ഒച്ചയ്ക്കൊപ്പം വിൻസെന്റ്‌ വാൻഗോഗിന്റെ ജീവിതവും പറന്ന് പോവുകയായിരുന്നു.

നേമം പുഷ്പരാജ്‌

No comments

Explore More

പ്രവാസ സ്വപ്നങ്ങൾക്ക് നിറം ചാർത്തി കേരളം

കേരളത്തിന്റെ 14-ആം മന്ത്രിസഭയിൽ മുഖ്യമന്ത്രി ആരായിരിക്കും? പ്രബുദ്ധരായ മലയാളികൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കുറെ നാളായി ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യം ആയിരുന്നു അത് .രണ്ടു വർഷം വിദ്യുച്ഛക്തി മന്ത്രിയായ വളരെ കുറച്ചു സമയം ...