ഇടം തേടുന്നവര്‍

0

എല്ലായിടത്തും എത്തുകയും എന്നാല്‍ ഒന്നുമല്ലാതായിത്തീരുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ കഥകള്‍ വിരസങ്ങളായി തീരുകയാണ് . എന്നാല്‍ ,  ലോകത്തിന്റെ പലകോണിലുമായി നിലകൊള്ളുന്ന പീഡിതവര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി  ശബ്ദിക്കേണ്ടത്  നമ്മുടെ കടമയാണെന്നതിരിച്ചറിവാണ് വീണ്ടുമെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത് . രാപുലരുവോളം പൊതുഇടങ്ങളില്‍ സ്വതന്ത്രമായി, നിര്‍ഭയമായി   ചരിക്കുന്നവരാണ് വലിയൊരുവിഭാഗം പ്രവാസികള്‍ . എന്നാല്‍  നിശയുടെ സൌന്ദര്യവും സൌരഭ്യവും മാത്രമല്ല, വീടിന്‍റെ അകത്തളങ്ങളിലെ സുരക്ഷിതത്വവും കേരളത്തിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്  തെളിയിക്കുകയാണ്അടുത്തിടെ  അരങ്ങേറുന്ന സംഭവങ്ങള്‍  . അരക്ഷിതാവസ്ഥയില്‍ നിന്നുടലെടുക്കുന്ന ഒരു തരo വിഭ്രാന്തിക്ക് കേരളത്തിലെ ഒരു വിഭാഗം സ്ത്രീകള്‍ അടിപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്  പഠനങ്ങള്‍ സൂചിപ്പിക്കുന്നു . വനിതാദിനങ്ങളും മനുഷ്യാവകാശ ദിനങ്ങളും വര്‍ഷാവര്‍ഷങ്ങളില്‍ നാം കൊണ്ടാടുമ്പോഴും , നിര്‍ഭയമായി  ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരായി തന്നെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന  ഒരു വിഭാഗം ഇന്നും കഴിയുന്നു എന്നത് വിരോധാഭാസമായി തോന്നാം . ഒരിക്കല്‍ മാറുമറയ്ക്കാനും വിദ്യ അഭ്യസിക്കുവാനുമൊക്കെയുള്ള അവകാശങ്ങള്‍ക്കായാണ് കേരളത്തില്‍  പോരാട്ടങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാനവും ജീവനും വേണ്ടിയാണ് പടയോട്ടങ്ങള്‍ നടക്കേണ്ടത്‌. .

വിവധ കാലങ്ങളില്‍ വിവിധ ദേശങ്ങളില്‍ അനീതിക്കെതിരായി സ്ത്രീകള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട് . 1929 ല്‍ ഇംഗ്ലീഷ് എഴുത്തുകാരി വെര്‍ജീനിയ വൂള്‍ഫ് അവരുടെ A Room of Once Own എന്ന കൃതിയിലൂടെ പറഞ്ഞത് സ്ത്രീകള്‍ക്കാദ്യം വേണ്ടത് ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നകന്ന് ഒറ്റക്കിരുന്നു ധ്യാനിക്കാന്‍, എഴുതാന്‍, ആത്മവിമര്‍ശനം നടത്താന്‍ ഒരിടം വേണമെന്നായിരുന്നു .  അക്ഷരാര്‍ത്ഥത്തില്‍ എടുത്താലും ആലങ്കാരികമായി എടുത്താലും ഇന്നും സ്ത്രീകള്‍ക്ക് അങ്ങിനെ ഒരിടം ഇല്ലെന്നു കാണാം .  വൂള്‍ഫ് കൂട്ടിച്ചേര്‍ക്കുന്നു  : “………….she is all , but absent from history . She dominates the lives of kings and conquerors in fiction , in fact , she is the slave of everybody ..’’ . ഇതു തന്നെയാണ് ശ്രിമതി ജെ .ദേവിക അവരുടെ ‘കുലസ്ത്രീയും ചന്ത പെണ്ണും ഉണ്ടായതെങ്ങനെ’ എന്ന കൃതിയിലൂടെ നമുക്ക് കാണിച്ചു തരുന്നതും. എഴുതപ്പെടാത്തതോ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതോ ആയ പെണ് ചരിത്രം .  പാരമ്പര്യത്തിന്റെയും കുലമഹിമയുടെയും വിശ്വാസങ്ങളുടെയും മറപിടിച്ച് , പെണ്ണെന്നാല്‍ കേവലം ഉടല്‍ മാത്രമാണെന്നും അവളുടെ  സ്വത്വവും ധിഷണയും നാവും  പുരുഷാധിപത്യതിലധിഷ്ടിതമായ ഈ വ്യവസ്ഥിതിയുടെ കാല്‍ച്ചുവട്ടില്‍ വെയ്ക്കെണ്ടാതാന്നുമുള്ള മത വര്‍ഗ്ഗിയ്യ ഫാസിസ്റ്റ് മനോഗതിയ്ക്കെതിയാണ് ഇവിടെ ശബ്ദമുയരേണ്ടത് .

ഫ്രഞ്ച് ഫെമിനിസ്റ്റ് വ്യക്തിസത്താവാദിയായിരുന്ന സിമന്‍ ദി ബുവെ (Simone De Beauvior) യുടെ 1949 ല്‍ പുറത്തിറങ്ങിയ  The Second Sex എന്ന പുസ്തകം പടിഞ്ഞാറന്‍ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു . അന്ന് സ്ത്രീകള്‍ക്കെതിരെ നടമാടിയിരുന്ന അനീതികള്‍ക്കു പരിഹാരമായി ബുവെ മുന്നോട്ടുവെച്ചത്‌ നിലനിന്നിരുന്ന സാമൂഹ്യഘടനയിലുള്ള  മാറ്റമായിരുന്നു . കേരളത്തില്‍ ജാതി ജന്മി നാടുവാഴിത്തത്തിന്റെ കാലത്ത് വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റമുണ്ടായത് നവോദ്ഥാന കാലഘട്ടതോടുകൂടിയാണ്  .  ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശത്തിനായുള്ള സമരം , പുലയസ്ത്രീകളുടെ കല്ലുമാല സമരം തുടങ്ങിയ അനേകം അവകാശസമരങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതുണ്ട് ; ദളിത്‌ – പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകളുടെതിനേക്കാള്‍ ഒട്ടും തന്നെ മെച്ചമായിരുന്നില്ല ഭരണം കയ്യാളിയിരുന്ന വരേണ്യ വര്‍ഗ്ഗത്തിലെ സ്ത്രീകളുടെ അവസ്ഥയും. ഇതിനെതിരെയായിരുന്നു നമ്പൂതിരി യുവജന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നതും. നവോത്ഥാന കാലത്തെ വിസ്മരിക്കാന്‍  കഴിയാത്ത നാമങ്ങളാണല്ലോ വി ടിയും , എം ആര്‍ ബിയും ,ലളിതാംബിക അന്തര്‍ജ്ജനവും അര്യാപള്ളവും കാളികുട്ടി ആശാട്ടിയും ശാരദാമ്മായുമെല്ലാം  .  വളരെ ചുരുക്കിയെങ്കിലും നവോത്ഥാന ചരിത്രം ഇവിടെ കുറിച്ചത് മറ്റൊന്നിനുമല്ല ; മറിച്ച് , വീണ്ടുമൊരു നവോത്ഥാനത്തിനു കാലമാകുന്നുവോ എന്ന ജാഗ്രതയാണിത്‌ .

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പുരുഷന്മാര്‍ക്കൊപ്പം അനേകം സ്ത്രീകളും പങ്കെടുത്തിരുന്നു എങ്കിലും ഇന്നും ആണ്‍കൊയ്മാ പ്രത്യയശാസ്ത്രങ്ങളുടെ തടവില്‍ സ്ത്രീ ഒരു വസ്തു മാത്രമാവുകയും പുരുഷനും പുരുഷനിര്‍മ്മിത മൂല്യങ്ങളും അതിന്റെ അധിപനാവുകയും ചെയ്യുകയാണ്  . സ്ത്രീ എന്തുടുക്കണമെന്നും എവിടെ പോകണമെന്നും എന്തു പറയണമെന്നും എന്തു വിശ്വസിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നത് പുരുഷാധിപത്യ വ്യവസ്ഥിതിയിലധിഷ്ടിതമായ വിപണിയും മതമൂല്യങ്ങളുമാണ്. സ്ത്രീകളുടെ അടിമത്തം മുതലാളിത്തത്തിന്റെയും മത പൌരോഹിത്യത്തിന്റെയും ആവശ്യമാണ്‌ .കമ്പോള സംസ്കാരത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് മനുഷ്യനിലെ ആര്‍ദ്രതയും പ്രണയത്തിന്‍റെ കുളിരുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വിപണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ശ്വസിക്കാന്‍ പോലും ശീലാമാക്കിയ  നമ്മുടെയെല്ലാം പ്രണയങ്ങളില്‍ നിന്നും കാമത്തെ അടര്‍ത്തിമാറ്റി വില്പനയ്ക്ക് വെയ്ക്കുമ്പോള്‍ രതിയും ഹിംസയും ചേര്‍ന്ന ഒരുതരംമിശ്രിതമായി  അത് മാധ്യമങ്ങളിലൂടെ നമ്മില്‍ തന്നെയെത്തുന്നു . ഇതിന് ഒരിക്കല്‍ ഇരയായി തീരുന്നവരുടെ ജീവിതം പിന്നീട് കൂരിരുട്ടില്‍ തള്ളപ്പെടുന്നു ….! ഉദാര ലൈംഗികതയില്‍ കാഴ്ച നഷ്ടപ്പെട്ട സമൂഹം ലൈംഗിക വസ്തുക്കള്‍ എന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ രീതിയില്‍ പിച്ചിക്കീറുകയും തരo താഴ്ത്തുകയും ചെയ്യുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ നൈര്‍മ്മല്ല്യമാര്‍ന്ന ചിരിയില്‍ പോലും കാമത്തിന്‍റെ വന്യത ദര്‍ശിക്കപ്പെടുമ്പോള്‍ നിസ്സംഗതയോടെയിരിക്കാന്‍ നാം ശീലിച്ചു കഴിഞ്ഞു…..!! അറിയാതെ ഒരു തരം വില്‍ക്കലിനും വാങ്ങലിനുമിടയില്‍  വീണുപോകുന്ന മനുഷ്യനില്‍ നിന്ന്  കുറ്റകൃത്യങ്ങള്‍ അല്ലാതെ , അവയെ കുറിച്ച് നേര്‍ത്തൊരു കുറ്റബോധം പോലും ഉയരാതായി . മാനുഷിക ബന്ധങ്ങളില്‍ ഒരു തരം use  and throw മനോഭാവം വളര്‍ന്നിരിക്കുന്നു .  നമുക്കിന്നു ജീവിതം ഒരാഘോഷമാണ് … ജനനത്തിന്‍റെ- മരണത്തിന്‍റെ-ലൈംഗികതയുടെ – ആഘോഷം .  ഈ ആഘോഷങ്ങള്‍ക്ക് നിറം പകരാനും നമുക്കെന്നും യൌവ്വനമെന്ന മിഥ്യാബോധം അടിച്ചേല്‍ക്കാനും നവ മാധ്യമങ്ങളുമുണ്ട്  . സ്ത്രീ ശരീരം വിപണനം ചെയ്യുന്നതിനും ബന്ധങ്ങള്‍ താറുമാറാക്കുന്നതിനും ഇവ വഹിക്കുന്ന പങ്ക് ഏറെയാണ്‌ . അതായത് , നമ്മുടെ താല്പര്യങ്ങളെയും അഭിരുചികളെയും തീരുമാനിക്കുന്ന വിപണിയും പൌരോഹിത്യവും മറ്റു ഫാസിസ്റ്റ് ശക്തികളും ചേര്‍ന്ന് ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ത്രീ ശരീരങ്ങളുടെ കച്ചവടം  കൃത്യമായി നടത്തുന്നു . പുരുഷാധിപത്യ വ്യവസ്ഥിതിയുമായി സമന്വയം ചെയ്യപ്പെട്ടിട്ടുള്ള ഒരു തരo സൌന്ദര്യ വ്യവസായം പെണ്ണുടലിനെ ഒരു വസ്തുവോ ഉപകരണമോ മാത്രമായി കാണാന്‍ സമൂഹത്തെ പഠിപ്പിക്കുന്നു  . ഒരു വിഭാഗം സ്ത്രീകളാകട്ടെ ഈ മായാകാഴ്ചകളില്‍ പെട്ട് ശരീരത്തെ കുറിച്ചുള്ള അമിത ജാഗ്രതയില്‍  Hypochondriacal Psychosis ന് അടിമപ്പെടുകയും ചെയ്യുന്നു . പണവും സമയവും   ഉര്‍ജ്ജവുമെല്ലാം ഇതിനായി പാഴാക്കുന്നു .  ബ്യുട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടണമെന്നല്ല ,പക്ഷെ  പെണ് ജീവിതങ്ങള്‍ ഇതിനായി ഹോമിക്കേണ്ടതല്ല എന്ന തിരിച്ചറിവുണ്ടാകണമെന്നാണ് പറഞ്ഞു വരുന്നത് .

സിനിമ പോലുള്ള മാധ്യമങ്ങള്‍ പെണ്ണുടലുകളെ പുരുഷന്‍റെ നയനാനുഭൂതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ കുറിച്ച് പ്രശസ്ത   ഫെമിനിസ്റ്റ് ഫിലിം ക്രിട്ടിക് ലോറ മാല്‍വി പറയുന്നുണ്ട് : ‘ Visual pleasure is the ultimatum of male gaze . Here, gaze signifies a psychological relationship of power in which gazer is superior to the object of the gaze’ എന്ന് .  ചുരുക്കത്തില്‍,  പുരുഷന്‍റെ വീക്ഷണകോണിലൂടെ ക്യാമറ ചലിപ്പിക്കപ്പെടുമ്പോള്‍ അവന്‍റെ നയനാനുഭൂതിക്കിരയാകുന്ന സ്ത്രീ ശരീരം ഒരു വസ്തു മാത്രമാവുകയും അവന്‍ അതിന്‍റെ അധിപനാവുകയും ചെയ്യുന്നു എന്ന് . അപ്പോള്‍ സ്വത്വം നഷ്ടപ്പെട്ട ഒരു വസ്തു മാത്രമായി പെണ് ശരീരത്തെ കാണുന്നവരുടെ കുടില തന്ത്രങ്ങളെ നാം തിരിച്ചറിയേണ്ടസമയം അധിക്രമിച്ചിരിക്കുന്നു .

ലിംഗ നീതിയുടെ സങ്കീര്‍ണ്ണതകള്‍ പറഞ്ഞാല്‍ തീരാത്തത്രയുമാണ് .  ദേശവും കാലവും മാറുമ്പോള്‍  അതിന്‍റെ പ്രതിഫലനങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം എന്നു മാത്രം .  ഇതിനേകീകൃതമായ  പരിഹാരം എന്നത് മാര്‍ക്സിയന്‍ ചിന്താ ധാരയിലൂന്നിയ വിശകലന രീതിയാണ്  . വര്‍ഗ്ഗസമരങ്ങളെ സമീപിക്കുന്ന രീതി തന്നെയാണ്ഇ ഇവടെയും അവലംഭിക്കേണ്ടത് . ഇന്തയിലെ  അവസ്ഥയെ എടുത്തു പറയുകയാണെങ്കില്‍ , നമുക്ക് ഉടച്ചു വാര്‍ക്കേണ്ടത്‌ നമ്മുടെ മജ്ജയിലും മാംസത്തിലും ആഴ്ന്നിറങ്ങിക്കഴിഞ്ഞ, നമ്മുടെ അവബോധത്തെ നിര്‍മ്മിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഫ്യുടല്‍ കൊളോണിയല്‍ മനസ്ഥിതി തന്നെയാണ് . ഇന്ത്യന്‍  ദാര്‍ശനീകതയില്‍ നിന്നുടലെടുത്ത  പാരമ്പര്യ മൂല്യങ്ങളില്‍ നിന്നുള്ള ഉര്‍ജ്ജമാണ് നാം ഇതിനായി  ആര്ജ്ജിക്കേണ്ടത് .  ഓര്‍ക്കേണ്ടത് പാരമ്പര്യം ഉര്‍ജ്ജമാണാകേണ്ടത് – മറിച്ച് ഫാസിസ്റ്റുകളെ പോലെ പാരമ്പര്യം എന്നത് ഒരു രോഗമായി മാറരുത് എന്നാണ് . നാം എന്നും ജാഗ്രതയോടെ ഉണര്‍ന്നിരിക്കുക .

നുസൈബ ബായ്

No comments

Explore More

മുടിയിൽ എന്തിരിക്കുന്നു ?

കാൻസർ എന്ന മഹാ വ്യാധിയെ കുറിച്ച്  കേൾക്കുന്നത് മുത്തശ്ശിയിൽ നിന്നാണ്. ” ന്റെ നാരായണൻകുട്ടി – ഓൻ ഒരാളേം ഇന്ന് വരെ ദ്രോഹിച്ചിട്ടില്ല. എല്ലാരേം സഹായിച്ചിട്ടല്ലേ ള്ളൂ . ന്നട്ടും പാവം ഓനീ ഗതി വന്നൂലോ ഈശ്വരാ. രാജമ്മക്ക് ...