പ്രവാസി പൊതുബോധവും സംഘടനകളും

0

പ്രവാസ ചരിത്രം ആരംഭിക്കുന്നത് അടിമത്ത കാലത്താണ്. അടിമത്വം നിലനിന്നിരുന്ന കാലത്ത് തോട്ടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിത പ്രവാസം ഉണ്ടായിരുന്നു. അടിമത്വം അവസാനിച്ചപ്പോൾ കരാർ ജോലി എന്ന പേരിൽ അവർ തോട്ടങ്ങളിലെത്തിപ്പെട്ടു. എന്നാൽ മലയാളി പ്രവാസത്തിന്റെ ആധുനിക ഘട്ടം 1960 – കൾ മുതലെങ്കിലും ശക്തിപ്പെടുകയും കഴിഞ്ഞ 50 – ൽ പരം വർഷങ്ങളായി തുടരുന്നതുമായ ഒരു പ്രതിഭാസമാണ്. ഗൾഫിലുള്ള 30 ലക്ഷുൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലും ജീവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളുണ്ട്.

എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും പ്രയാസങ്ങളും പ്രവാസികൾ അനുഭവിക്കുന്നുണ്ട്.എംബസ്സി സഹായം, ഉദ്യോഗസ്ഥ മനോഭാവം, സാമ്പത്തിക സുരക്ഷിതത്വം, നിയമസഹായം വോട്ടവകാശം, പുനരധിവാസം, യാത്രാ ചെലവ് വർധന വിദ്യാഭ്യാസ പ്രശ്നങ്ങൾ, ഭാഷാ സാംസ്ക്കാരിക പ്രശ്നങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നിരവധി പ്രശ്നങ്ങളുണ്ട്. പ്രവാസി ക്ഷേമത്തിനായി പണം മാറ്റി വെക്കാൻ സർക്കാരുകൾ  താല്പര്യപ്പെടുന്നില്ല പ്രവാസികൾക്കായി ആവിഷ്കരിക്കുന്ന പദ്ധതികൾ പ്രയോജനരഹിതങ്ങളായി മാറുന്നു. പ്രാവാസി വിരുദ്ധ ബ്യൂറോകസി സമീപനത്തിൽ ഒരു മാറ്റവും വരുന്നില്ല മറ്റു രാജ്യങ്ങളിലെ പ്രവാസികൾ അനുഭവിക്കുന്ന അവകാശങ്ങൾ പോലും ഇന്ത്യൻ /മലയാളി പ്രവാസികൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കടുത്ത അവഗണനയാണ് പ്രവാസി പ്രശ്നങ്ങളോട് പുലർത്തുന്നത്.എന്നാൽ ഒരു പരിഹാരവും ഉണ്ടാക്കാൻ പതിറ്റാണ്ടുകളായി ശ്രമിച്ചിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന പ്രവാസി പ്രശ്നങ്ങളെ ഒന്നു തൊടാൻ പോലും കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല അടുത്ത കാലത്തൊന്നും എന്തെങ്കിലും പരിഹാരമുണ്ടാവുമെന്ന് പ്രതിക്ഷിക്കാൻ കഴിയുന്ന സാഹചര്യവുമില്ല.

വസ്തു- നിഷ്ഠ സാഹചര്യങ്ങൾ പരിശോധിച്ചാൽ വലിയ സ്വാധീനം ചെലുത്താൻ പ്രവാസികൾക്ക് ഇന്നു കഴിയും അവർ എണ്ണത്തിൽ വളരെ കൂടുതലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതൽ പുറംവരുമാന വിദേശനാണ്യം ലഭിക്കുന്നത് ഇന്ത്യക്കാണ്. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ തന്നെ പ്രവാസി പണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പക്ഷേ പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കഴിയുന്നില്ല. കേരളീയ പൊതുസമൂഹം പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നോട്ടു വരുന്നില്ല എന്തുകൊണ്ടാണീ അവസ്ഥകൾ നിലനിൽക്കുന്നത് എന്നതാണ് പരിശോധിക്കപ്പെടേണ്ട പ്രധാന പ്രശ്നം.

വിവിധ രാജ്യങ്ങളിൽ മലയാളികൾ താമസിക്കുന്ന എല്ലായി ട ത്തും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.ഒരേ പട്ടണത്തിൽ തന്നെ രാഷ്ട്രീയം, മതം, പ്രദേശം ജാതി, ജോലി ‘ തുടങ്ങിയ പല സ്വത്വ- സമാനതകളുടെയും അടിസ്ഥാനത്തിൽ പ്രവാസി കൂട്ടായ്മകളും സംഘടനകളും രൂപപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളും എല്ലാ വർഷവും ആവർത്തിക്കുന്ന സ്ഥിരം ആഘോഷങ്ങളും മത്സരങ്ങളും മാത്രമായി പ്രവാസി സംഘടന പ്രവർത്തനം പരിമിതപ്പെടുന്നതെന്തുകൊണ്ട് എന്ന സ്വയം വിമർശനം നടത്തേണ്ടതുണ്ട്. സംഘടനകൾ വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുകയും എന്നാൽ ഫലത്തിൽ പ്രവർത്തനങ്ങൾ ഉപരി വിപ്ലവ വൈകാരികതയുടേയും കിടമത്സരങ്ങളുടേയും ആവർത്തന ആഘോഷങ്ങളായി മാറിത്തീരുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

സംഘടനകൾ പ്രവർത്തിക്കുന്ന പ്രദേശത്തുള്ള ആകെ മലയാളികളുടെ എണ്ണവും സംഘടനകളിലെല്ലാം കൂടി അണിനിരന്നിട്ടുള്ള പ്രവാസികളുടെ എണ്ണവും തമ്മിലുള്ള അന്തരം കൃത്യമായ സൂചനകളാണ് നമുക്ക് നൽകുന്നത് സാധാരണ ഗതിയിൽ സംഘടനകൾ എല്ലാം കൂടിച്ചേർന്നാൽ പോലും അംഗസംഖ്യ 5-10 ശതമാനത്തിൽ അധികമാവില്ല. അതായത് 90-95 ശതമാനം മലയാളി പ്രവാസികളും സംഘടനകൾക്ക് പുറത്താണ് ജീവിക്കുന്നതെന്നർത്ഥം. മുപ്പത്തി അഞ്ചും നാൽപതും പർഷം പ്രവർത്തന പരിചയമുള്ള പ്രവാസി സംഘടനകൾക്കുപോലും ഈ അവസ്ഥ മറികടക്കാൻ കഴിയാത്ത സാഹചര്യം ഗൗരവമായ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്.

നൂറുകണക്കിനു സംഘടനകളും ആയിരക്കണക്കിനു ആ  ത്മാർത്ഥതയുള്ള സജീവ പ്രവർത്തകരും ഉണ്ടായിട്ടും പ്രവാസികൾ വിഘടിതരും ഫലത്തിൽ അസംഘടിതരുമാണെന്ന സത്യം നാം അഭിമുഖീകരിച്ചേ മതിയാവൂ. പൊതുമുദ്യാവാക്യവും യോജിച്ച പ്രവർത്തനവും മലയാളി പ്രവാസിക്ക് അന്യമായി തുടരുന്ന അവസ്ഥക്ക് എന്ത്ന്യായീകരണമാണുള്ളത്.ആഗ്രഹങ്ങളെല്ലാം മാറ്റി വെച്ചും വിധിയെ പഴിച്ചും അടിമകളെപ്പോലെ പണിയെടുക്കുന്ന പ്രവാസിക്ക് അർഹതപ്പെട്ടതെല്ലാം നേടിയെടുക്കാനുള്ള ആത്മവിശ്വാസവും ദിശാബോധവും നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും സംഘടനകൾ ഒളിച്ചോടുകയാണ് ചെയ്യുന്നത്.

പ്രശ്നപരിഹാരങ്ങൾക്കായി ആത്മാർത്ഥമായി ശ്രമിക്കുക പരാജയപ്പെട്ടാൽ കാരണങ്ങൾ വിലയിരുത്തി പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുക എന്നത് ബുദ്ധിയുള്ള എല്ലാവരും ചെയ്യുന്നതാണ് വിജയം നൽകാൻ പര്യാപ്തമല്ല എന്നു പലതവണ ബോധ്യപ്പെട്ടാലും സംഘടനാ രീതികളിൽ ഒരു മാറ്റവും വരുത്താതെ ഒരനുഷ്ഠാനം പോലെ തുടരുന്നതിനെ എങ്ങനെയാണ് ന്യായികരിക്കാൻ കഴിയുക. പ്രവാസികൾ അങ്ങനെയാണ് അവരെക്കൊണ്ടത്ര യേ കഴിയൂ എന്നു ന്യായീകരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷേ പ്രവാസികൾ എന്തൊകൊണ്ടാണിങ്ങനെയായത് എന്ന ചോദ്യമാണ് പ്രസക്തമായിട്ടുള്ളത്.

കീഴാള ജനത എല്ലാ അവഗണനയും അടിച്ചമർത്തലുകളും, ചൂഷണവും അനുഭവിക്കുന്ന കാലത്തും, തങ്ങൾക്ക് പ്രവേശനമില്ലെങ്കിലും ഉപരിവർഗ്ഗ ദൈവ സങ്കൽപങ്ങളെയാണ് ആശ്രയിച്ചിരുന്നത് അതിന്റെ അപകടം മനസ്സിലാക്കി ശ്രീനാരായണഗുരു അവരുടെ പൊതുബോധത്തിൽ ദൈവസൽങ്കപത്തിൽ ഒരു അട്ടിമറി നടത്തി കൊണ്ടാണ് ‘ ഈഴവശിവനെ ‘ പ്രതിഷ്ഠിച്ചത് .അപകർഷത ബോധം ഇല്ലാതാക്കി ആത്മവിശ്വാസം വർദ്ധിപ്പിച്ചു കൊണ്ടു മാത്രമേ ഏതൊരു ജനതക്കും സ്വന്തം പ്രശനങ്ങളെ ഉയർന്ന ജനാധിപത്യ പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാനും പരിഹരിക്കാനും കഴിയൂ എന്ന് ഗുരു മനസ്സിലാക്കിയിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാംസ്കാരിക ദൗത്യം അതായിരുന്നു. മുതലാളി വർഗ്ഗം ചൂഷണം നിലനിർത്താൻ ഏറ്റവും ശക്തമായി ആശ്രയിക്കുന്നത് തങ്ങൾക്കനുകൂല പൊതുബോധ- സമ്മതി നിർമ്മിതിയാണ്. കടുത്ത ചൂഷണത്തിനു വിധേയമാവുമ്പോഴും ചൂഷകന്റെ സ്വപ്നങ്ങളും, ആഗ്രങ്ങളും, സങ്കല്പങ്ങളും, വിശ്വാസങ്ങളും തലയിൽ വഹിച്ചു നടക്കുന്നു എന്നതാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ദിശ തെറ്റിക്കുന്നത്.

സ്വന്തം ദുരിതങ്ങളും പ്രയാസങ്ങളും മറച്ചു വെക്കുന്ന കാപട്യം ( ദുരഭിമാനം ) പ്രവാസികൾക്കിടയിൽ ശഞ്ചായി നിലനിൽക്കുന്നു. കടം വാങ്ങിയും സംഭാവന നൽകാനും, മറ്റുള്ളവർക്ക് സഹായമെത്തിച്ചു നൽകുന്നതിനും ബോധ- അബോധ പ്രേരണകൾ ശക്തമായി പ്രവർത്തിക്കുന്നു. അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നത് മോശമാണെന്ന ചിന്ത മൂഡമൂലമാണ്.എല്ലാ ചോദിക്കാതെ  (ഔദാര്യമായി) കിട്ടണമെന്നാണ് പ്രവാസികൾ ആഗ്രഹങ്ങൾക്ക് ദുരിതങ്ങളെല്ലാം വിധിയാണെന്നു ആശ്വസിക്കാൻ ശ്രമിക്കുന്നു. കിട്ടിയതൊക്കെ ഔദാര്യമായി കിട്ടിയ മഹാഭാഗ്യമായി സ്വയം വിശ്വാ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. പൊങ്ങച്ചം, അല്പത്വം, അപകർഷതാബോധം, പ്രകടനത്മകത, എല്ലാറ്റിനോടും സംശയം, വിമർശനം പുച്ഛം, നെഗറ്റീവ് മനോഭാവം, വിശ്വാസമില്ലായ്മ, ഭയം, അമിതഭക്തി, ദുർവ്യയം തുടങ്ങി പല സ്വഭാവവിശേഷങ്ങളും പ്രവാസികളിൽ അധികരിച്ചു കാണുന്നു എന്നു പറയാറുണ്ട്. സ്റ്റീരിയോ ടൈപ് പ്രവാസി ചിത്രീകരിക്കാറുമുണ്ട്. ഭൂരിപക്ഷം പാവപ്പെട്ട പ്രവാസികളും ജോലിക്കപ്പുറം ഒന്നിലും താൽപര്യമില്ല എന്ന മനോഭാവത്തോടെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാനാണ് ശ്രമിക്കുക. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ രക്ഷപ്പെടാനാണ് ഇഷ്ടപ്പെടുത്താങ്ങ് ഇഷ്ടപ്പെടുന്നത്. നാട്ടിൽ വീരശൂര പരാക്രമികൾ ആയ വർ ഇവിടെ വെറും കാഴ്ചക്കാരായി മാറുന്നു.

പ്രവാസി പൊതുബോധത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? അത് രൂപപ്പെടുന്നതും നിലനിൽക്കുന്നതും എങ്ങനെയാണ്? അതിനെ സ്വാധീനിക്കുന്ന സാമ്പത്തികവും, സാമൂഹികവും മാനസികവും ചരിത്രപരവുമായ ഘടകങ്ങൾ എന്തൊക്കെയാണ്? ഗുണകരവും യഥാർത്ഥ പൾ ഗുണകരവും യാധാർഥ്യബോധത്തോടെയുള്ളതുമായ ഒരു പ്രവാസി സാമാന്യ ബോധം എങ്ങനെയാണ് രൂപപ്പെടുത്താൻ കഴിയുക തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ വളരെ പ്രധാനമാണ് പ്രവാസി പ്രശ്നങ്ങളെ ആഴത്തിൽ സമീപിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും വേണ്ടത്ര പഠനങ്ങൾ നടക്കുന്നില്ല. അത് പ്രധാന ഉത്തരവാദിത്തമായ പ്രവാസി സംഘടനകൾ ഏറ്റെടുക്കുന്നുമില്ല. പ്രവാസി പ്രശ്നങ്ങൾ പൊതുവേയും സാംസ്കാരിക പ്രശ്നങ്ങൾ വിശേഷിച്ചും ചർച്ച ചെയ്യുന്ന ഒരു പുസ്തകം പോലും മലയാള ഭാഷയിൽ ലഭ്യമല്ല എന്ന ത് അത്ഭുതം തന്നെ

കേവലം ഒരു ശതമാനത്തിൽ താഴെ വരുന്ന സാമ്പത്തിക ശേഷിയുള്ള ‘ കോർപ്പറേറ്റ് പ്രവാസി കോടീശ്വരന്മാർ ‘ പ്രവാസികളുടെ പേരിൽ സ്ഥാനമാനങ്ങളും, വേദികളും സൗജന്യങ്ങളും എല്ലാം കയ്യടക്കുന്ന സാഹചര്യ ഒരു വിമർശനം പോലുമുയർത്തുന്നില്ല. മിക്കവാറും പ്രവാസി സംഘടനകൾ ലയൺസ് ക്ലബ്ബ്, മാതൃകയാണ് സ്വീകരിക്കുന്നത് അറിഞ്ഞോ അറിയാതെയോ അവരോടു മത്സരിച്ചു ഇടതുപക്ഷം പുരോഗമനമെന്നു അഭിമാനിക്കുന്ന സംഘടനകളും, വലിയ പ്രവാസി നേതാക്കൻമാരു സ്വീകരിക്കുന്നത് ഉള്ളടക്കത്തിൽ അതേ മാതൃക തന്നെയാണ് എന്ന വിമർശനം ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട് മലയാളി ചാനലുകളും മാധ്യമങ്ങളും പ്രവാസി വാർത്തകളുടേയും താൽപര്യങ്ങൾ സൗകര്യപൂർവ്വം തമസ്ക്കരിക്കപ്പെടുന്ന അവസ്ഥയും പരിശോധിക്കപ്പെടേണ്ടതുണ്ട് മഹാഭൂരിപക്ഷം പ്രവാസികളും എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളികളാണെങ്കിലും അവരെ നയിക്കുന്ന സാംസ്കാരിക തലം സമ്പന്ന വർഗ്ഗ താല്പര്യങ്ങളെയാണ് അബോധമായി പ്രതിനിധീകരിക്കുന്നത്. പ്രവാസി പൊതുബോധ നിർമ്മിതിയെക്കുറിച്ചു ആഴത്തിൽ തിരിച്ചറിഞ്ഞു മാറ്റി തീർക്കാൻ പ്രവർത്തന പദ്ധതികൾ മുന്നോട്ടു വെച്ചു കൊണ്ടു മാത്രമേ ഭൂരിപക്ഷം പ്രവാസികൾ അണിനിരക്കുന്ന ഒരു പ്രവാസി മുന്നണി രൂപീകരിക്കാൻ കഴിയുള്ളൂ.

 

ഡോ.മുബാറക്ക് സാനി.

പ്രൊഫസർ, ജിസാൻ മെഡിക്കൽ കോളേജ്

ജിസാൻ യൂണിവേർസിറ്റി സൗദി അറേബിയ

രക്ഷാധികാരി, ജിസാൻ ആർട്ട്സ് ലവേർസ് അസോസിയേഷൻ

No comments

Explore More

നമുക്ക്‌ ജാതിയില്ല വിളംബരവും ഹിന്ദുത്വവാദവും ഹിന്ദു രാഷ്ട്രവും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാനസിക സംസ്കൃതിയിൽ ജാതിമത വികാരങ്ങളോടു കൂടിയുള്ള ഇടപെടലും സമൂഹത്തെ അതിന്റെ അടിസ്ഥാനത്തിൽ വേർത്തിരിക്കുന്നതിനും വലിയ ശ്രമങ്ങൾ നടത്തിയത്‌ ബ്രിട്ടീഷ്‌ കോളനിവാഴ്ച കാലത്താണ്. വിഭജിച്ച്‌ ഭരണം നടത്തുവാനും തങ്ങളുടെ നിർബാധമുള്ള ചൂഷണം തുടരുന്നതിനും ...