പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – 1000 സ്കൂളുകൾ മികവിന്‍റെ സ്ഥാപനങ്ങൾ

0

കേരളത്തിന്റെ തനതായ വിദ്യാഭ്യാസ രീതിയാണ് മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം. നവോത്ഥാനത്തെ തുടര്‍ന്ന് ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് പൊതുവിദ്യാഭ്യാസം എന്ന ആശയം പ്രാവര്‍ത്തികമായത്. അതുകൊണ്ടുതന്നെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം സാമൂഹിക വികസനത്തിൽ പ്രസിദ്ധമായി. അങ്ങനെയാണ് അനന്യമായ കേരളവികസന മാതൃക വളര്‍ന്നു വന്നത്. പക്ഷേ, നവലിബറൽ നയങ്ങളുടെ വരവിനെത്തുടര്‍ന്ന് മേല്‍പ്പറഞ്ഞ തനത് വിദ്യാഭ്യാസ സങ്കല്പത്തിൽ കച്ചവടവല്‍ക്കരണവും വര്‍ഗ്ഗീയവല്‍ക്കരണവും കടന്നുകയറി. തല്‍ഫലമായി പൊതുവിദ്യാഭ്യാസത്തിന് മങ്ങലേല്‍ക്കുവാനും സാമൂഹ്യരംഗത്ത് ചില അപ്രതീക്ഷിത പ്രശ്നങ്ങൾ ഉയര്‍ന്നുവരുന്നതിനും അവസരമുണ്ടായി. പല മേഖലകളിലും കേരളം പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കുവാൻ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. വരുംതലമുറയ്ക്ക് നല്‍കുവാനുള്ള ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാൻ വേണ്ടി സംസ്ഥാന സര്‍ക്കാർ ആരംഭിക്കുന്ന ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ മുഴുവൻ ജനങ്ങളും പങ്കെടുത്തുകൊണ്ട് മറ്റൊരു നവോത്ഥാനത്തിന്റെ കളമൊരുക്കുവാൻ ഈ പരിപാടിയിലൂടെ കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും ചരിത്രത്തോട് നീതിപുലര്‍ത്തിയും മാറ്റിയെടുക്കേണ്ട ചുമതല കക്ഷിരാഷ്ട്രീയത്തിനപ്പുറമായി എല്ലാവര്‍ക്കുമുണ്ട് എന്ന തിരിച്ചറിവാണ് ഈ യജ്ഞത്തിന്റെ വിജയത്തിനാധാരം. ഈ സഹകരണം ഉണ്ടാകണ­മെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. സുസ്ഥിരമായൊരു വിദ്യാഭ്യാസ ശൈലിക്ക് കേരളം കാതോര്‍ക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വിവധ ഭാഗങ്ങളുണ്ട്. 1) ഭൗതികമായ മാറ്റങ്ങൾ 2) അക്കാദമികമായ മാറ്റങ്ങൾ 3) ഭരണപരമായ മാറ്റങ്ങൾ 4) സാംസ്കാരികമായ മാറ്റങ്ങൾ. ഈ മാറ്റങ്ങള്‍ക്കു വേണ്ടി ബജറ്റിൽ രണ്ടായിരം കോടി രൂപയിലധികം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. കേരള ചരിത്രത്തിൽ വിദ്യാഭ്യാസത്തിന് ഇത്രയുമധികം തുക മാറ്റിവയ്ക്കുന്നത് ആദ്യമായിട്ടാണ്.

ജനകീയ സമിതികൾ

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ കൂട്ടായ ശ്രമം തന്നെ ആവശ്യമാണ്. ഇതിനുവേണ്ടി ഓരോ സ്കൂളിലും മൂന്ന് തരത്തിലുള്ള കമ്മിറ്റികൾ ഉണ്ടാകണം. 1) പിടിഎ – പിടിഎ ജനറൽ ബോഡി ചേര്‍ന്നുകൊണ്ടുവേണം പ്രവര്‍ത്തനം ആരംഭിക്കുവാൻ. ഈ സമിതിയിൽ വച്ച് മറ്റ് രണ്ട് കമ്മിറ്റികൾ കൂടി തീരുമാനിക്കണം. ഒന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ. ആ സ്കൂളിലെ മുഴുവൻ പൂര്‍വ്വവിദ്യാര്‍ത്ഥികളേയും അറിയിച്ചുകൊണ്ട് OSA വിപുലീകരിക്കണം. രണ്ട് – ആ വിദ്യാലയത്തിനു ചുറ്റുമുള്ള സഹകരണ സ്ഥാപനങ്ങൾ, വായന ശാലകൾ, ക്ലബ്ബുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തമുള്ള വിദ്യാലയ സംരക്ഷണ സമിതി.

ഈ മൂന്നു സമിതികളുടേയും ആഭിമുഖ്യത്തിൽ കേരള സംസ്ഥാന, തദ്ദേശഭരണകൂടങ്ങളുടേയും എം.എൽ.എ, എം.പിമാരുടേയും അഭ്യുദയ കാംക്ഷികളുടേയും സഹായത്തോടെ വിദ്യാലയം ഏറ്റവും ആകര്‍ഷണീയമാക്കുക എന്നതാണ് യജ്ഞത്തിന്റെ ആദ്യഘട്ടം.

ആദ്യമായി ചെയ്യേണ്ടത് എന്താണ്?

സ്കൂളിന്റെ നിലവിലെ അവസ്ഥ രേഖപ്പെടുത്തുകയും ജൈവ-വൈവിദ്ധ്യ രജിസ്ട്രർ ഉണ്ടാക്കുകയും വേണം. ഇത് മാസ്റ്റർ പ്ലാൻ രൂപീകരിക്കുവാനുള്ള തുടക്കമാണ്. ഈ അടിസ്ഥാന വിവരവും ചിത്രവും സഹിതം ജനകീയ സമിതികൾ ചേര്‍ന്ന് വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിന് രൂപരേഖ – മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. ഈ പ്ലാൻ ഘട്ടങ്ങളായി തിരിക്കുക. ഓരോ ഘട്ടത്തിനും ആവശ്യമായി വരുന്ന തുക എത്രയെന്ന് കണ്ടെത്തുക. ഘട്ടങ്ങളായി തിരിക്കുമ്പോൾ മുന്‍ഗണന നല്‍കേണ്ടത് 1) ടോയ് ലറ്റുകൾ, 2) കുടിവെള്ളം 3) നല്ല ക്ലാസ്സ് മുറികൾ 4) മറ്റാവശ്യങ്ങൾ. മേൽ വിവരിച്ചതു പോലെ തയ്യാറാക്കിയ പ്ലാനുകള്‍ക്കാവശ്യമായ തുക വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തുക. ടോയ്ലറ്റുകളും കുടിവെള്ളവും സ്പോണ്‍സര്‍ഷിപ്പ് വഴിയും മറ്റും കണ്ടെത്തുവാൻ ശ്രമിക്കാം. ഇതിലൂടെ ഒരു വര്‍ഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നല്ല ടോയ്ലറ്റുകളും ശുദ്ധജല ലഭ്യതയും ഉണ്ടായി എന്ന് പ്രഖ്യാപിക്കുവാൻ കഴിയണം.

ആദ്യവര്‍ഷം ഒരു മണ്ഡലത്തിൽ ഒരു സ്കൂൾ എന്ന രീതിയിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മികവിന്റെ സ്ഥാപനങ്ങളാക്കുവാൻ വേണ്ടി 250 കോടി രൂപ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. എം.എൽ.എ, എം.പി, തദ്ദേശ സ്ഥാപനങ്ങൾ, സ്പോണ്‍സര്‍ഷിപ്പുകൾ എന്നിവ കൂടി പ്രയോജനപ്പെടുത്തി ഭൗതിക സാഹചര്യങ്ങൾ വര്‍ദ്ധിപ്പിക്കാം.

ഈ പ്രവര്‍ത്തനം മോണിറ്റർ ചെയ്യുന്നതിന് പഞ്ചായത്ത്, മണ്ഡലം, ജില്ലാതലത്തിൽ ജനകീയ സമിതികൾ ഉണ്ടാകണം. പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷനായും മണ്ഡലം തലത്തിൽ എം.എൽ.എ അദ്ധ്യക്ഷനായും ജില്ലാതലത്തിൽ ഒരു മന്ത്രിക്ക് ചുമതലയുണ്ടാകുന്ന രീതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായും എം.പി-മാർ രക്ഷാധികാരികളായും സമിതികൾ ഉണ്ടാകണം. ജനകീയ മുന്നേറ്റമുണ്ടാകത്തക്ക രീതിയിൽ ബോധവത്കരണ പ്രചരണ കാമ്പേയ്നുകൾ സംഘടിപ്പിക്കും. സാക്ഷരതാ യജ്ഞം ശൈലിയിൽ ജനകീയ നവേത്ഥാന പരിപാടികള്‍ക്ക് വായനശാലകളും ക്ലബ്ബുകളും നേതൃത്വം നല്‍കും.

അക്കാദമിക രംഗം

കാലത്തിനനുസരിച്ചുള്ള കരിക്കുലം പരിഷ്കരണമാണ് അക്കാദമിക് മികവിന്റെ ഭൂമിക. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തകര്‍ന്നു കിടക്കുന്ന കാര്‍ഷിക, പാരിസ്ഥിതിക, സാംസ്കാരിക, ആരോഗ്യ മേഖലകളുടെ ഉണര്‍വിനു വേണ്ടി വരും തലമുറകളെ പ്രാപ്തമാക്കുക എന്നതായിരിക്കും പരിഷ്കരണ രീതി ശാസ്ത്രം.

അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിക്കുക എന്നതാണ് രണ്ടാം ഘട്ടം. ഇതിന്റെ ഒന്നാംഘട്ടം ആരംഭിച്ചു കഴിഞ്ഞു. നാളെ (ആഗസ്റ്റ് 20) കേരളത്തിലെ ഒന്നരലക്ഷം അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ആരംഭിക്കുകയാണ്. തുടര്‍ന്ന് ഇവര്‍ക്കെല്ലാം ആധുനിക രീതിയിലുള്ള ഐടി പരിശീലനം നല്‍കും. കാരണം ക്ലാസ്സുകൾ പൂര്‍ണ്ണമായും ഹൈടെക് ക്ലാസ്സുകളായി മാറുകയാണ്. ഓരോ വിഷയത്തിലും ഐടി എങ്ങിനെ ഉപയോഗിക്കാമെന്ന് അധ്യാപകന് ബോധ്യം വന്നാൽ വിഷയ പഠനത്തിന്റെ സാധ്യത അനന്തമാകും. ക്ലാസ്സുമുറികൾ ആധുനിക പഠനത്തിന്റെ കേന്ദ്രങ്ങളായി മാറണം. ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തിലായിരിക്കും മുഴുവൻ അധ്യാപകര്‍ക്കുമുള്ള ഐടി പരിശീലനം. ഒരു വര്‍ഷത്തിനുള്ളിൽ ഇത് പൂര്‍ത്തീകരിക്കും. ഒന്നു മുതൽ എട്ട് വരെയുള്ള എല്ലാ അധ്യാപകര്‍ക്കും ഇംഗ്ലീഷ് പഠിക്കുന്നതിന്റെ പരിശീലന കളരികളും ഈ വര്‍ഷം ഓണത്തിനു ശേഷം ആരംഭിക്കും. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളിൽ ഓരോ അധ്യാപകന്റേയും വിഷയത്തിൽ പ്രത്യേകമായ പരിശീലനം നല്‍കും. ചുരുക്കത്തിൽ രണ്ട് വര്‍ഷത്തിനുള്ളിൽ ഒന്നു മുതൽ പത്ത് വരെയുള്ള മുഴുവൻ അധ്യാപകര്‍ക്കും ആധുനിക രീതിയിലുള്ള പരിശീലനം നല്‍കും. SCERT ക്കും SSA ക്കും RMSA യ്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ഹയര്‍സെക്കണ്ടറിയിലും വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലും സമാനമായ പരിശീലനങ്ങൾ നടക്കും. ഓരോ വിഷയപഠനത്തിനും ഐടിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.

ഹൈടെക് ക്ലാസ്സുകൾ

മേല്‍പ്പറഞ്ഞ അധ്യാപകര്‍ക്ക് ക്ലാസ്സെടുക്കുവാൻ പറ്റുന്ന സൗകര്യങ്ങൾ ക്ലാസ്സിൽ തന്നെ ഒരുക്കി കൊടുക്കേണ്ട ചുമതല സംസ്ഥാനസര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് 600 കോടി രൂപ ഇതിനു മാത്രമായി ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ച് രണ്ടു വര്‍ഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലേയും 8, 9, 10, 11, 12 ക്ലാസ്സുകൾ ഹൈടെക്കാക്കി മാറ്റും. എല്ലാ ഹൈസ്കൂളുകളിലും ഹയര്‍സെക്കണ്ടറി, വൊക്കേഷണൽ ഹയര്‍സെക്കണ്ടറികളിലും വൈഫൈ സംവിധാനവും ലോക്കൽ നെറ്റ് വര്‍ക്കും ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ടായിരിക്കും. ഭാവിയിൽ UP, LP തലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. സ്കൂളുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു പൊതു സര്‍വർ സംസ്ഥാനതലത്തിൽ ഉണ്ടായിരിക്കും. സ്കൂളുകളെ മൊത്തം സ്കൂളുകൾ ഒരു ക്ലസ്റ്ററായി പ്രവര്‍ത്തിക്കുവാൻ ഇതിലൂടെ കഴിയും.

ഭൌതിക സാഹചര്യ വികസനം

1000 സ്കൂളുകളെ ഉന്നത നിലവാരമുള്ളതാക്കി ഉയര്‍ത്തുക. ഭൌതിക സാഹചര്യങ്ങൾ ആധുനികവല്ക്കരിച്ചുകൊണ്ടും അക്കാദമിക് സൌകര്യങ്ങൾ നവീകരിച്ചുകൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്നതാണ് ഈപദ്ധതിയുടെ മുഖ്യ ലക്‌ഷ്യം. എൽ.പി, യു.പി, ഹൈ സ്കൂൾ, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി എന്നീ വിദ്യാലയങ്ങലാണ് ഈ രീതിയിൽ നവീകരിക്കുക.

ഈ സംവിധാനത്തിന് പകരമായി ലൈബ്രറികളും ലാബറട്ടറികളും ആധുനികവല്‍ക്കരിക്കും. ജൈവ-വൈവിദ്ധ്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാര്‍ത്ഥികളെ മാത്രമല്ല, ബഹുജനങ്ങളെ പഠിപ്പിക്കുവാൻ വേണ്ടി ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ജൈവ-വൈവിദ്ധ്യ ഉദ്യാനങ്ങൾ നിര്‍മ്മിക്കും.

മറ്റ് അനുബന്ധ സൗകര്യങ്ങൾ

അധ്യാപക സമൂഹത്തിന് പിന്‍ബലം നല്‍കുന്ന അധ്യാപക സമൂഹത്തിനും കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാകും. ഉച്ചഭക്ഷണ പരിപാടികള്‍ക്ക് ഉചിതമായ മാറ്റങ്ങൾ ഓണത്തിന് ശേഷം ഉണ്ടാകും. കാമ്പസിനകത്തെ മുഴുവൻ പേര്‍ക്കും ഇന്‍ഷ്വുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ഏഷ്യയിലാദ്യമായി മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും, ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകതൊഴിലാളിക്കും ഇന്‍ഷ്വുറന്‍സ് നടപ്പിലാക്കും. സ്കൂളിനകത്ത് പഠന സുരക്ഷയോടൊപ്പം ജീവിതസുക്ഷിതത്വവും നല്‍കുമെന്നര്‍ത്ഥം. ജൈവ പച്ചക്കറി അതത് സ്കൂളിൽ തന്നെ പരമാവധി ഉല്‍പാദിപ്പിക്കുവാനുള്ള പദ്ധതി കൂടി നടപ്പിലാക്കേണ്ടതുണ്ട്. NCC, NSS, SCOUT, SPC, JRS തുടങ്ങിയവയുടെ ഏതെങ്കിലും ഒരു യൂണിറ്റ് എല്ലാ സ്കൂളുകളിലും ഉണ്ടാകും എന്ന കാര്യം ഉറപ്പുവരുത്തും. എട്ട് വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്യും. നവോത്ഥാന ആശയങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും നിരന്തരമായ ബോധവത്ക്കരണ പരിപാടികൾ ഉണ്ടായിരിക്കും. ഓരോ കാമ്പസിന്റെയും സാധ്യതയ്ക്കനുസരിച്ച് കലാകായിക പരിപാടികളുടെ മാസ്റ്റർ പ്ലാനുകളും തയ്യാറാക്കും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്രവികസനമാണ് എന്നും വിദ്യാഭ്യാസത്തിന്റെ നിര്‍വചനം മനുഷ്യനെ മനുഷ്യനാക്കിമാറ്റുക എന്നതാണെന്നും സമൂഹത്തിനെ മൊത്തം ബോധ്യപ്പെടുത്തുന്ന ബഹുജനബോധവത്ക്കരണ മഹായജ്ഞമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

No comments

Explore More

2017 ലേക്ക് സ്വാഗതം …..

കയ്പ്പും, മധുരവും, ദുഖവും, സന്തോഷവും ഒക്കെയായി പതിവുപോലെ 2016 ഉം അകന്നുപോയി. ഇനി നാം 2017 ലേക്കാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും, ഭാവിയെക്കുറിച്ചുള്ള ആകുലത മുന്‍പെങ്ങുമില്ലാത്തവിധം കനത്തിരിക്കുകയാണ്. ഭരണകൂടത്തെയും, നീതിസംവിധാനത്തെയും ഭയക്കുന്ന ഒരു ജനതയാണ് ഇപ്പോള്‍ ...