പ്രകൃതിയുടെ താളം തെറ്റിച്ച് പ്രകാശമലിനീകരണം

0

“ആനകേറാമല ആട്കേറാമല ആയിരംകാ‍ന്താരി പൂത്തിറങ്ങി” എന്ന കടങ്കഥയുടെ ഉത്തരം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് നക്ഷത്രങ്ങള്‍ പൂത്ത്നില്‍ക്കുന്ന മനോഹര മായ രാത്രിയിലേക്കാണ്.

എന്നാല്‍ നഗരങ്ങളില്‍ രാപ്പാര്‍ക്കുന്നവര്‍ക്ക് ഇങ്ങനെയൊരു രാത്രി ആസ്വദിക്കാ നുള്ള അവസരം പലപ്പോഴും നഷ്ടപ്പെടുന്നു.

നാലുപാടും മുകളിലേക്കുമൊക്കെ പ്രകാശം വാരിവിതറുന്ന പുതുതലമുറവൈദ്യുതവിള ക്കുകള്‍ ഉണ്ടാക്കുന്ന പ്രകാശമലിനീകരണമാണ് വില്ലനാകുന്നത്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവുമൊക്കെ നമുക്ക് ഏറെ പരിചിതമാണ്.

ഫുക്കുഷിമയ്ക്ക് ശേഷം ആണവമലിനീകരണത്തെക്കുറിച്ച് പോലും അവബോധം ശക്ത മാണ്. പക്ഷേ ഏറെയൊന്നും ശ്രദ്ധയില്‍ പെടാതെ പോകുന്ന ഒന്നാണ് പ്രകാശ മലിനീകരണം.

അനിയന്ത്രിതമായ നഗരവത്കരണത്തിന്‍റെ ഫലമാണ് മറ്റുമലിനീകരണങ്ങളെപ്പോലെ പ്രകാശമലിനീകരണവും.

പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്ന ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാത്തതിനാ ല്‍ പ്രകാശമലിനീകരണം  ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ പ്രകാശ മലിനീകരണം ഉണ്ടാക്കുന്ന ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാ ഘാതത്തെപ്പറ്റി പതിമൂന്ന്‍ വര്‍ഷങ്ങള്‍ നീണ്ട,

പൊതുജനത്തിന്റെ സഹായത്തോടെയുള്ള ഒരു പഠനം ഇംഗ്ലണ്ടില്‍ പുറത്തുവന്നിരിക്കു ന്നു.

അത്ര നിസാരമായി കാണേണ്ട ഒന്നല്ല പ്രകാശമലിനീകരണം എന്നും സസ്യങ്ങളുടേ യും അവയെ ആശ്രയിച്ച് ജീവിക്കുന്ന ജീവികളുടെയും ജൈവചക്രത്തെ താളംതെറ്റിച്ച് കുലംതന്നെ മുടിക്കാന്‍ ശേഷിയുള്ളതുമാണത്  എന്നുമാണു പുതിയ കണ് ടെത്തല്‍.

അമിതവും, ശരിയായദിശയില്‍ വിന്യസിക്കപ്പെടാത്തതും സ്വാഭാവിക കാഴ്ച്ചയ്ക്ക് തടസം സൃഷ് ടിക്കുന്നതുമായ കൃത്രിമപ്രകാശമാണ് മലിനീകരണത്തിന് കാരണമാകുന്നത്.

അന്തരീക്ഷത്തിലെ സ്വാഭാവികപ്രകാശത്തിന് തടസം സൃഷ്ടിക്കാനും എന്തിന് ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ വരെ പ്രകാശമ ലിനീകരണം കാരണമാവും. കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തുമുള്ള വിളക്കുകള്‍, പരസ്യപ്പലകകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രകാശം,

സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയെല്ലാം മലിനീകരണത്തിന് കാരണമാകുന്നു. പ്രകാശം മൂലമുള്ള മലിനീകരണത്തെ സ്വഭാവമനുസരിച്ച് പലതായി തിരിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തില്‍ നിന്നുള്ള പ്രകാശം അയല്‍പക്കത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്‍ അതിന് ലൈറ്റ് ട്രെസ്പാസ് (Light trespass) എന്ന്‍ പറയാം. ആവശ്യത്തില്‍ കൂടുതല്‍ കൃത്രിമ വിളക്കുകള്‍ ഉപയോഗിക്കുന്നതിന് ഓവര്‍ ഇല്യൂമിനേഷന്‍ (Over illumination) എന്ന് പറയുന്നു.

കാഴ്ചക്ക് മങ്ങലേല്‍പ്പിക്കുന്ന പെട്ടെന്നുള്ള തീക്ഷ്ണ പ്രകാശമാണ് ഗ്ലെയര്‍(Glare). വൈദ്യുതവിളക്കുകള്‍ തെറ്റായ രീതിയില്‍ കൂട്ടമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമലിനീകരണം ക്ലട്ടര്‍(Clutter) എന്നറിയപ്പെടുന്നു. പാതയോരത്തുള്ള വിളക്കുകള്‍ മൂലമുള്ള ഇത്തരം മലിനീകരണം റോഡപകടങ്ങള്‍ക്ക് കാരണമാകാം. വൈദ്യതവിളക്കുകളില്‍ നിന്നുള്ള പ്രകാശം ആകാശത്തേക്ക് പടരുന്നത് സ്കൈഗ്ലോ(Skyglow) എന്നറിയപ്പെടുന്നു. ഇരുട്ടത്ത് ആകാശകാഴ്ച്ചകള്‍ കാണാനുള്ള അവസരം നഗരവാസികള്‍ക്ക് നഷ്ടപ്പെടാന്‍ കാരണം ഈ മലിനീകരണമാണ്. കൂടാതെ വാനനിരീക്ഷണത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. വാന്‍ഗോഗ് ആധുനികകാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി(The starry night) എന്ന പെയിന്‍റിംഗ് പോലും സാധ്യമാകുമായിരുന്നില്ല.ഇത് കൊണ്ടും തീരുന്നില്ല പ്രകാശമലിനീകരണത്തിന്‍റെ ദോഷങ്ങള്‍. രാത്രിയില്‍ പുറത്തിറങ്ങുന്ന ജീവികളെ ഇത് ദോഷകരമായി ബാധിക്കുന്നു. ചിലജീവികള്‍ക്രമാതീതമായി പെരുകുന്നതിനും മറ്റ് ചിലതിന്‍റെ നാശത്തിനും കാരണമാകുന്നു.ജീവികളുടെ ജൈവഘടികാരം രാത്രിയുടേയും പകലിന്റെയും ആവര്‍ത്തനങ്ങളെ ആശ്രയിച്ചുള്ളതാണ്. രാത്രിയിലെ പ്രകാശം ജൈവഘടികാരത്തിന്‍റെ താളം തെറ്റിച്ച് ഉറക്കക്കുറവ്, തലവേദന, മാനസിക ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് കാരണമാകുന്നു. ഗ്ലെയര്‍ കാഴ്ച്ചക്കുറവിന്, പ്രത്യേകിച്ചും പ്രായമേറിയവരില്‍, കാരണമാകുന്നു. അനാവശ്യമായി വിളക്കുകള്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഊര്‍ജ്ജദുരുപയോഗം വേറെയും.

ബ്രിട്ടണിലെ നഗരങ്ങളില്‍ നടത്തിയ പഠനം കാണിക്കുന്നത് പ്രകാശ മലിനീകരണം സമയത്തിന് മുന്‍പേ വസന്തം എത്തിയതായി ചെടികളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ്. ശൈത്യകാലം അവസാനിക്കുന്നതിന് മുന്‍പേ ചെടികള്‍ തളിരിടാനും പൂവിടാനും ഇത് കാരണമാകുന്നു. ബ്രിട്ടണിലെ വിവിധനഗരങ്ങളില്‍ ഓക്ക്, ആഷ്, ബീച്ച് തുടങ്ങി വിവിധതരം മരങ്ങളില്‍ പതിമൂന്ന് വര്‍ഷം നീണ്ട പഠനം നടത്തിയപ്പോള്‍ പ്രകാശമലിനീകരണം കൂടിയ സ്ഥലങ്ങളില്‍ മരങ്ങള്‍ നേരത്തെ പൂവിടുന്നതായി കണ്ടെത്തി. തളിരിലകള്‍ തിന്ന് ജീവിക്കുന്ന പുഴുക്കള്‍, ശലഭങ്ങള്‍ എന്നിവയേയും ഇവയെ ആഹാരമാക്കുന്ന പക്ഷികളേയും എല്ലാം ഇത് ബാധിക്കും.

പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രകാശമലിനീകരണം ബാധിക്കുന്നതിന്‍റെ ആദ്യ സമഗ്ര തെളിവാണ് ഈ പഠനം. ചുവന്ന പ്രകാശമാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത് എന്നും ഈ പഠനം തെളിയിക്കുന്നു.

മറ്റ് മലിനീകരണങ്ങളെ അപേക്ഷിച്ച് തടയാന്‍ എളുപ്പമാണ് പ്രകാശമലിനീകരണം.

അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ അസോസിയേഷന്‍(International Dark-Sky Association) പ്രകാശമലിനീകരണം തടയാനുള്ള

ശ്രമങ്ങളില്‍ സജീവമായി ഇടപെടുന്നു. ആവശ്യത്തിന് മാത്രം വിളക്കുകള്‍ ഉപയോഗിക്കുക, ആവശ്യമുള്ളിടത്ത് പ്രകാശം കേന്ദ്രീകരിക്കും വിധം പ്രകാശമറകള്‍ ഉപയോഗിക്കുക, ഊര്‍ജ്ജക്ഷമതകൂടിയ വിളക്കുകള്‍ ഉപയോഗിക്കുക, ചലനം തിരിച്ചറിഞ്ഞ് സ്വയം കത്തുകയും കെടുകയും ചെയ്യുന്ന വിളക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ പ്രകാശ മലിനീകരണം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഒഴിവാക്കാം. വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ കൃത്യമായ നിയമങ്ങള്‍ ഉണ്ടാക്കുകയും നഗരങ്ങളില്‍ വിശദമായ ലൈറ്റിംഗ് പദ്ധതികള്‍ തയ്യാറാക്കുകയും വേണം. ഇത്തിരി ശ്രദ്ധകൊണ്ട് ഒഴിവാക്കാവുന്നതേയുള്ളൂ പ്രകാശമലിനീകരണം കൊണ്ടുള്ള ദോഷങ്ങള്‍.

അവലംബം

1. http://rspb.royalsocietypublishing.org/content/283/1833/20160813

2. http://www.sciencealert.com/spring-is- arriving-earlier- than-ever- thanks-to- light-pollution

3. http://darksky.org/light-pollution/

No comments

Explore More

ജീവിതവും മരണവും മാതൃകയാക്കി കണിച്ചേരി മാഷ്.

കേരളത്തിൽ പുരോഗമന പക്ഷത്ത്  നിൽക്കുന്ന അദ്ധ്യാപക സംഘടനയായ KSTAയുടെ സമുന്നത നേതാവും നിരവധി വർഷം സംസ്ഥാന ജനറൽ സെകട്ടറിയും  ആയിരുന്ന റഷീദ് കണിച്ചേരി മാഷ് അന്തരിച്ചു. സംസ്ഥാനത്ത് ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ പ്രവർത്തനം ശക്തമാക്കുന്നതിൽ  ...